Asianet News MalayalamAsianet News Malayalam

പെണ്ണുങ്ങളേ, കാലം മാറി!

  • രജിത മനോജ് എഴുതുന്നു
Rajitha Manoj on womens day

"നിങ്ങളൊരു കല്യാണത്തിന് പോവുകയാണ്. നല്ല ഭംഗിയുള്ള ഒരു പുള്ളിസാരിയാണ് ഉടുക്കാന്‍ ഉദ്ദേശിക്കുന്നത്. അപ്പോള്‍ ഭര്‍ത്താവ് പറയുന്നു, അയ്യേ, ഇത് ഉടുത്തു എന്റെ കൂടെ വരണ്ട. എന്നിട്ടു നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തൊരു സാരി കാണിച്ച്, ദേ, ഇതുടുത്താല്‍ മതിയെന്ന് പറയുന്നു. നിങ്ങള്‍ ഏതു സാരിയാണ് കല്യാണത്തിന് ഉടുക്കുക?"

Rajitha Manoj on womens day

അന്താരാഷ്ട്ര വനിതാദിനം! സ്ത്രീകള്‍ക്കായി ഇങ്ങനെ ഒരു ദിവസം ഉണ്ടെന്നു കൂടി അറിയാത്ത കുറെ സ്ത്രീകള്‍ കൂടി വസിക്കുന്നയിടമാണ് മിക്ക നാട്ടിന്‍പുറങ്ങളും. എല്ലുമുറിയെ പണിയെടുക്കുന്നവര്‍, അന്തസ്സായി കുടുംബം പോറ്റുന്നവര്‍ ഒക്കെയുണ്ടെങ്കിലും സ്ത്രീ എന്നാല്‍ ദുര്‍ബലയാണെന്നും എന്നും ഒരാണിന്റെ കീഴില്‍ തന്നെ കഴിയേണ്ടവളാണെന്നും സ്വയം കണ്ടിഷന്‍ഡ് ആയവര്‍. തലമുറകളായി പകര്‍ന്നു കൊടുക്കുന്ന ഈ കണ്ടിഷനിങ്ങില്‍ നിന്ന് മാറിചിന്തിക്കുന്നവരെ പച്ചപരിഷ്‌ക്കാരികളും അഹങ്കാരികളുമായി ഈ സ്ത്രീകള്‍ തന്നെ മുദ്രകുത്തുന്നു. 

കഴിഞ്ഞ വര്‍ഷം കുടുംബശ്രീ കൂട്ടായ്മ 'കുടുംബശ്രീ സ്‌കൂള്‍' എന്ന ഒരു പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഒരു അദ്ധ്യായം 'കുടുംബശ്രീയും സ്ത്രീ ശാക്തീകരണവും' എന്ന വിഷയമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട്  കുടുംബശ്രീ അംഗങ്ങള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ ടീച്ചര്‍ ചോദിക്കുകയുണ്ടായി.

"എന്താണ് സ്ത്രീശാക്തീകരണം? സ്ത്രീകള്‍ അങ്ങനെ ശാക്തീകരിക്കപ്പെടേണ്ടതുണ്ടോ?"

മുറുമുറുപ്പുകളല്ലാതെ കൃത്യമായ ഒരുത്തരം ആരില്‍ നിന്നും വരുന്നില്ല. ചോദ്യം മനസ്സിലായില്ലേ എന്ന സംശയത്തില്‍ ടീച്ചര്‍ വീണ്ടും കുറെ കാര്യങ്ങള്‍ ചോദിച്ചു.

"പെണ്ണുങ്ങള്‍ പുറത്തു പോയാല്‍ ഏകദേശം എത്ര മണിക്ക് വീട്ടിലെത്തണം?"

"അത് പിന്നെ 6 മണിക്ക് മുന്നേ", "വിളക്കുവെക്കും മുന്നേ", "മഗ്രിബ് ബാങ്ക് വിളിക്കും മുന്നേ" എന്നിങ്ങനെ ഉറച്ച ഉത്തരങ്ങള്‍ വന്നു. ആര്‍ക്കും അതില്‍ ഒരു സംശയവുമില്ല. അവര്‍ക്കറിയാം, ഇരുട്ടിയാല്‍ പിന്നെ പെണ്ണുങ്ങള്‍ തനിച്ചു ഇറങ്ങി നടക്കാന്‍ പാടില്ല.

"നിങ്ങള്‍ക്ക് പെട്ടെന്ന് ഒരിടം വരെ പോകേണ്ടി വന്നു. ഭര്‍ത്താവിനെ അറിയിക്കാന്‍ കഴിഞ്ഞില്ല. എന്ത് ചെയ്യും?"

നിശബ്ദത! അതെ, ഇങ്ങനൊരു കടുത്ത നിമിഷത്തെ കുറിച്ച് ആരും ചിന്തിച്ചിട്ട് പോലുമില്ല. ഭര്‍ത്താവിനെ അറിയിക്കാതെ പോകേണ്ടി വരുന്ന അത്യാവശ്യമോ! ഹേയ്, ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലേ, ഇല്ലെങ്കില്‍ ആള് വന്നിട്ട് പോയാല്‍ മതി എന്ന ലൈന്‍.

"നിങ്ങളൊരു കല്യാണത്തിന് പോവുകയാണ്. നല്ല ഭംഗിയുള്ള ഒരു പുള്ളിസാരിയാണ് ഉടുക്കാന്‍ ഉദ്ദേശിക്കുന്നത്. അപ്പോള്‍ ഭര്‍ത്താവ് പറയുന്നു, അയ്യേ, ഇത് ഉടുത്തു എന്റെ കൂടെ വരണ്ട. എന്നിട്ടു നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തൊരു സാരി കാണിച്ച്, ദേ, ഇതുടുത്താല്‍ മതിയെന്ന് പറയുന്നു. നിങ്ങള്‍ ഏതു സാരിയാണ് കല്യാണത്തിന് ഉടുക്കുക?"

"അയ്യോ, ഇതിലെന്താ ഇത്ര സംശയിക്കാന്‍ പുള്ളിക്കാരന്‍ പറയുന്ന സാരി ഉടുക്കണം. പുള്ളിക്കാരന്‍ പറയുന്നത് അനുസരിച്ചു ജീവിക്കാനല്ലേ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നിരിക്കുന്നെ."

"അപ്പൊ നിങ്ങള്‍ക്ക് സ്വന്തമായി ഇഷ്ടങ്ങളും അഭിപ്രായങ്ങളുമില്ലേ?"

"ഉണ്ടല്ലോ. പിന്നെ കുടുംബമാവുമ്പോ കെട്ട്യോന്റേം കുട്ട്യോള്‍ടേം ഇഷ്ടത്തിനല്ലേ വില കൊടുക്കണ്ടേ. അങ്ങനെയാണ് നല്ല പെണ്ണുങ്ങള്‍."

"അടുത്ത ജന്മത്തില്‍ നിങ്ങള്‍ക്ക് ആണായി ജനിക്കണോ അതോ പെണ്ണായിത്തന്നെ ജനിക്കണോ?"

മിക്കവര്‍ക്കും ആണായാല്‍ മതി. കാരണമെന്താ, ആണുങ്ങളായാല്‍ ഇഷ്ടമുള്ളിടത്തൊക്കെ പോകാം, ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ആരേം പേടിക്കണ്ട. 

"ചുരുക്കി പറഞ്ഞാല്‍ സ്വാതന്ത്ര്യമുണ്ടെന്നല്ലേ നിങ്ങള്‍ പറഞ്ഞു വരുന്നത്. സ്ത്രീകള്‍ ഇതൊക്കെ ചെയ്താല്‍ എന്താ കുഴപ്പം?"

"അയ്യോ, പെണ്ണുങ്ങള്‍ക്ക് എല്ലാറ്റിനും പരിമിതിയില്ലേ, വീട്ടിലുള്ളവരുടെ സമ്മതം കിട്ടിയാലല്ലേ നമുക്കെന്തെങ്കിലും ചെയ്യാനൊക്കൂ. ആണുങ്ങളെ പോലെ അല്ലല്ലോ നമ്മള്‍. നമ്മള്‍ പെണ്ണുങ്ങളല്ലേ, അവര്‍ ആണുങ്ങളും. അതിന്റെ വ്യത്യാസമില്ലേ?"

"അതെന്തു വ്യത്യാസമാ?"

"അതൊക്കെ ഉണ്ട്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ അതിനനുസരിച്ചേ ജീവിക്കാവൂ!"

"അത് ശരി, പക്ഷേ ആരാണീ നിയമങ്ങള്‍ ഒക്കെ ഉണ്ടാക്കിയത്?"
 
"അതൊക്കെ പണ്ടേക്കും പണ്ടേ ഉള്ളതാ. അതൊന്നും മാറ്റാന്‍ പറ്റില്ല."

ശാക്തീകരിക്കാന്‍ വന്ന ടീച്ചര്‍ ഉള്ള ശക്തികൂടി പോയി തിരിച്ചു പോകേണ്ട അവസ്ഥയിലായി. ഇടക്കൊക്കെ കള്ളുകുടിച്ചു വരുന്ന കെട്ട്യോന്മാരുടെ തല്ലു കൊള്ളുന്നതും കുലീനത്വമുള്ള പെണ്ണുങ്ങള്‍ എതിര്‍ക്കില്ല എന്നുകൂടി കേട്ടതോടെ ടീച്ചര്‍ അന്തംവിട്ടു നിന്ന് പോയി. 

പറഞ്ഞു വന്നത് ഇതാണ്. ഇന്നും ഉമ്മറത്തു നാലാണുങ്ങള്‍ ഇരിക്കുമ്പോള്‍ ചായ കൊടുക്കാനല്ലാതെ ആ വഴിക്ക് വരാന്‍ പാടില്ലാത്ത, അടുക്കളയില്‍ നിന്ന് പുറത്തേക്ക് ശബ്ദം കേട്ടുകൂടാത്ത, പെണ്‍കുട്ടികളോട് ഉറക്കെ  ചിരിക്കരുതെന്നു പറയുന്ന, പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ ഉള്ള വസ്തു മാത്രമാണെന്ന് അവരുടെ ഉള്ളില്‍ ഊട്ടിയുറപ്പിക്കുന്ന, ആണ്‍കുട്ടിയാണെങ്കില്‍ തന്‍കുഞ്ഞാണെന്നും പെണ്‍കുട്ടിയാണെങ്കില്‍ ആരാന്റെ കുഞ്ഞാണെന്നും പഴമൊഴി പറയുന്ന വീടുകള്‍ ഇപ്പോഴുമുണ്ട്. കാലം മാറിയത് അവിടുത്തെ പെണ്ണുങ്ങള്‍ അറിയുന്നുമില്ല, ആണുങ്ങള്‍ അറിയിക്കുന്നുമില്ല. നേരം പുലരുമ്പോള്‍ മുതല്‍ സന്ധ്യയാകും വരെ  വീട്ടുപണിയോ കൂലിപ്പണിയോ ചെയ്ത്, അന്തിയാകുമ്പോള്‍ സീരിയലും കണ്ടു കണ്ണീര്‍വാര്‍ത്തു കഴിയുന്നതാണ് അവരുടെ ദിനങ്ങള്‍. ലോകത്തു നടക്കുന്നതൊന്നും അറിയാതെ, ഒരു പത്രത്താളോ ന്യൂസ് ചാനലോ കൂടി കാണാത്തവര്‍! അത് ആണുങ്ങളുടെ ലോകമാണെന്നു തെറ്റിദ്ധരിച്ചവര്‍! 

ഇവരെ തിരുത്തി കൊണ്ടു വരേണ്ടത് ഏതറ്റത്തു നിന്നാണ്? ചുരുങ്ങിയത് സ്ത്രീ എന്താണെന്നെങ്കിലും മനസ്സിലാക്കിയാലല്ലേ ശാക്തീകരണമെന്തെന്നു വിശദീകരിക്കാന്‍ കഴിയൂ. സ്വന്തം കഴിവുകള്‍ തിരിച്ചറിയാനാകാതെ അടുക്കള പാത്രങ്ങളോട് കലമ്പുന്ന, കുറുഞ്ഞിപൂച്ചയോടു വിഷമങ്ങള്‍ പങ്കു വെക്കുന്ന, എന്നും താഴ്ന്നു മാത്രം ജീവിച്ചു ശീലിച്ച ഇത്തരം പെണ്ണുങ്ങളെക്കൂടി ഓര്‍മയില്‍ കൊണ്ടുവരുന്നതാകട്ടെ ഈ വനിതാദിനം!

Follow Us:
Download App:
  • android
  • ios