Asianet News MalayalamAsianet News Malayalam

ജിഷയ്ക്ക് നീതി കിട്ടുക എന്നാല്‍...

return to jisha
Author
Thiruvananthapuram, First Published May 20, 2016, 12:07 PM IST

ജിഷ ഇനിയില്ല. നീതിയോ ശിക്ഷയോ ഏശാത്ത അകലത്തിലേക്ക് ജിഷ ഇല്ലാതായിക്കഴിഞ്ഞു. ആ അര്‍ത്ഥത്തില്‍,  ജസ്റ്റിസ് ഫോര്‍ ജിഷ (#JusticeforJisha) എന്ന ഹാഷ് ടാഗിനര്‍ത്ഥം മറ്റുള്ള അനേകം ജിഷമാര്‍ക്ക് നീതി കിട്ടുക എന്നതാണ്. ജിഷയുടെ സമാനമായ വിധിയിലേക്ക് ഇനിയും പെണ്‍കുട്ടികള്‍  എത്തിപ്പെടാതിരിക്കാനുള്ള സാമൂഹ്യ അവസ്ഥയും ഭരണകൂട ജാഗ്രതയും ഉണ്ടാവുക എന്നതാണ്. അതിനാവണം ഇനി നമ്മുടെ മുഖ്യപരിഗണന. ജിഷയ്ക്കു നീതി ലഭിക്കാനുള്ള നമ്മുടെ സമരം ഇനി മുന്നോട്ടേക്ക് പോവേണ്ടത് ആ ദിശയിലേക്കാണ്.  

return to jisha

'ഇനി ജിഷമാര്‍ ഉണ്ടാവരുത്'
(തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്)

ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട ശേഷം അതിലും ക്രൂരമായി കൊല്ലപ്പെട്ട ഒരു കുറ്റകൃതത്തിലെ ഇര മാത്രമല്ല കേരളത്തിന് ജിഷ. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ നിസ്സംഗതയുടെയും കുറ്റകരമായ അനാസ്ഥയുടെയും നേര്‍സാക്ഷ്യമാണ് അവള്‍. തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി. സര്‍ക്കാറിന് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ  മുഖ്യ കാരണങ്ങളില്‍ ഒന്ന്. സോഷ്യല്‍ മീഡിയയില്‍നിന്ന് തെരുവിലേക്കിറങ്ങിയ, കേരളം ഇന്നേ വരെ കാണാത്ത,  പ്രതിഷേധത്തിന്റെ ഫോക്കസ്. 

അതിനുമപ്പുറം ജിഷയുടെ അരുംകൊല കേരളത്തോട് പറഞ്ഞ പൊള്ളിക്കുന്ന അനേകം സത്യങ്ങളുണ്ട്. പുറമ്പോക്ക് ഭൂമികളില്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍, തലയിണയ്ക്കു താഴെ വെട്ടു കത്തിയുമായി ഉറങ്ങുന്ന അനേകം പെണ്‍കുട്ടികളുടേതു കൂടിയാണ് കേരളം എന്ന ഞെട്ടിക്കുന്ന തിരിച്ചറിവ് അതിലൊന്നാണ്. ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിലെ ഭൂ പരിഷ്‌കരണത്തെക്കുറിച്ച് വിമര്‍ശനാത്കമായ ചോദ്യങ്ങള്‍ അതുന്നയിക്കുന്നു. കോളനികളിലേക്ക് വലിച്ചെറിയപ്പെട്ട ദലിതരുടെ ദുരിത ജീവിതങ്ങളെ അതു തുറന്നു കാണിക്കുന്നു. ഇത്രകാലം ഇടതു വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും മാറാത്ത ദലിത്, അവസ്ഥകളെ ഇനിയെങ്കിലും അതീവ ഗൗരവമായി കാണണമെന്ന് അതോര്‍മ്മിപ്പിക്കുന്നു. 

 

 

ദലിത് വിഷയങ്ങളെ വര്‍ഗപ്രശ്‌നങ്ങള്‍ മാത്രമായി കാണുന്ന, ജാതിയെന്ന  ഘടകത്തെ ഇനിയും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാത്ത സാമ്പ്രദായിക ഇടതുരാഷ്ട്രീയം മാറേണ്ട കാലം അനിവാര്യമായെന്ന് 'നീല്‍ ലാല്‍സലാമി'ലൂടെയും അംബേദ്കര്‍ ചിന്തകളിലൂടെയും ഓര്‍മ്മിപ്പിച്ച കനയ്യ കുമാറിന്റെയും ജെ.എന്‍.യു പോരാട്ടങ്ങളുടെയും കാലത്ത് ഒരു ജനകീയ ഇടതു നേതാവ് എടുക്കേണ്ട നിലപാടിന്റെ വ്യക്തമായ സൂചനയുണ്ടായിരുന്നു മുകളില്‍ ഉദ്ധരിച്ച പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ആ അഭിപ്രായ പ്രകടനത്തിന്.  തെരഞ്ഞെടുപ്പ് ഗോദയിലെ വെറും വിഷയം മാത്രമല്ല തനിക്ക് ജിഷയെന്ന് ഓര്‍മ്മിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുകളുമുണ്ടായിരുന്നു പിണറായിയുടേതായി. ജിഷയ്ക്ക് നീതി ഉറപ്പു വരുത്തും എന്നു മാത്രമല്ല, ജിഷ തുറന്നു കാട്ടിയ കേരളത്തിലെ സ്ത്രീ പ്രശ്‌നങ്ങളെ പ്രാധാന്യത്തോടെ പരിഗണിക്കും എന്നും അദ്ദേഹം അതില്‍ ഉറപ്പു തന്നു. പിണറായിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലെ ഈ വാചകങ്ങള്‍ കാണുക: 'ജിഷയുടെ വീടിന്റെ പോലെ തന്നെ ഉളള ഒരുപാട് വീടുകളാണ് ഇന്ന് കേരളത്തിന് ഒരു വലിയ ശാപം... നാല് ലക്ഷം കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ വീടില്ലാത്തവരാണ്. ഇത് ഒറ്റപ്പെട്ട അനുഭവമായി കാണുന്നില്ല. നാമെല്ലാം പരിശോധിച്ച് തിരുത്തേണ്ട പലതും ഇതില്‍ ഉണ്ട്. ഇതു പോലെ ഉള്ള ദുരന്തം, സുരക്ഷിതമല്ലാത്ത വീടുകള്‍ അത് നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൂടാ.'

 

 

ഇത് കൃത്യമായ തിരിച്ചറിവായിരുന്നു. തെരഞ്ഞെടുപ്പ് വിഷയം എന്നതിനപ്പുറം അടച്ചുറപ്പില്ലാത്ത വീടുകളിലും അടച്ചുറപ്പുള്ള വീടുകള്‍ക്കകത്തും പുറത്തും കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിര്‍ണായകമാണ് എന്ന് ഒരു പ്രമുഖ നേതാവ് കൃത്യമായി തിരിച്ചറിഞ്ഞെന്ന് ആ പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമങ്ങള്‍ പാലിക്കപ്പെടാത്ത സര്‍ക്കാര്‍ മെഷിനറികളുടെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥയുടെ ഇരകളാവുന്ന ദലിത് ജീവിതങ്ങള്‍ക്ക് മാറ്റമുണ്ടാവണമെന്നും ഭൂമി, പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും  പൊലീസ് അടക്കമുള്ള ഏജന്‍സികള്‍ നടത്തുന്ന ദലിത്, സ്ത്രീ വിരുദ്ധതയ്ക്ക് കടിഞ്ഞാണിടണമെന്നും ആ പോസ്റ്റുകള്‍ വിളിച്ചു പറഞ്ഞു. യുഡിഎഫും എന്‍ഡിഎയും മുന്നോട്ട് വെച്ച വികസന മുദ്രാവാക്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, വികസനത്തിന്റെ ഗുണഫലങ്ങള്‍ താഴേത്തട്ടില്‍ എത്തണമെന്നും എല്ലാ മനുഷ്യര്‍ക്കും അതില്‍  ഇടം ഉണ്ടാവണമെന്നും പരിസ്ഥിതിയെ തകര്‍ത്തു കൊണ്ടുള്ള വികസനമല്ല വരേണ്ടത് എന്നും പിണറായി എഴുതുമ്പോള്‍ അത് ഭാവി കേരളത്തിന്റെ നിര്‍ണായക സന്ധികള്‍ തിരിച്ചറിഞ്ഞ ഒരു നേതാവിന്റെ വ്യത്യസ്തമായ അഭിപ്രായ പ്രകടനം തന്നെയാണ്. 

 

 

ആ അഭിപ്രായ പ്രകടനം നടത്തുന്ന സമയത്തെ പിണറായി വിജയനല്ല ഇപ്പോള്‍. കേരളം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ഇടതു മുന്നണിയുടെ ഭരണ സാരഥ്യം അദ്ദേഹത്തിനാണ്. അദ്ദേഹമിനി മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ എന്തൊക്കെ കാര്യങ്ങള്‍ക്കാവും മുഖ്യ പരിഗണന നല്‍കുക? തീര്‍ച്ചയായും അത് എന്തായിരിക്കണമെന്ന് വ്യക്തമായ സൂചനകള്‍ തരുന്നുണ്ട് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ആ നിലയ്ക്ക് നമ്മള്‍ ജിഷയിലേക്ക് തിരിച്ചു വരേണ്ടതുണ്ട്. ഇനിയും ജിഷമാര്‍ ഉണ്ടാവാതിരിക്കാന്‍ പുതിയ സര്‍ക്കാറിന് എന്താണ് ചെയ്യാന്‍ കഴിയുക എന്ന കാര്യത്തിലേക്ക് ചര്‍ച്ചാദിശകള്‍ മാറേണ്ടതുണ്ട്. 

ഇനിയെങ്കിലും ജിഷയ്ക്ക് നിര്‍ബന്ധമായി നീതി കിട്ടണം. അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം. ജിഷയുടെ സമാനമായ അവസ്ഥയില്‍ ജീവിക്കുന്ന പെണ്‍ജീവിതങ്ങളുടെ അവസ്ഥ . ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച  ഏറ്റവും ദരിദ്രരും നിസ്വരുമായ മനുഷ്യരുടെ ജീവിത സാഹചര്യങ്ങള്‍ മാറ്റാനുള്ള സമഗ്ര നടപടികള്‍ ഉണ്ടാവണം. അത്തരം ഒരു നിലപാടിലേക്ക് ചെല്ലാന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സര്‍ക്കാറിനു കഴിയുമെങ്കില്‍, അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതാവില്ല. അങ്ങിനെയാണെങ്കില്‍, പിണറായി വിജയനും ഇടതു പക്ഷവും മുഖ്യപരിഗണന നല്‍കേണ്ട ചില വിഷയങ്ങള്‍ ഇവയാണ്:

1. കേരളത്തില്‍ നിലവില്‍ നാം കാണുന്ന പുതു സമരങ്ങളുടെ സ്വഭാവം അംഗീകരിക്കാന്‍ പാര്‍ട്ടിക്ക് എന്നും ബുദ്ധിമുട്ടുണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് ജ്ഞാനശാസ്ത്രത്തിനും, പ്രായോഗിക രാഷ്ട്രീയത്തിനും അപ്പുറത്ത് അനുഭവങ്ങളുടെ രാഷ്ട്രീയമാണ് ഇവിടുത്തെ ദലിത് ജീവിതങ്ങള്‍ തുറന്നത്. അതിനോട് 'നിങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ഞങ്ങളുണ്ടല്ലോ' എന്ന് മറുപടി പറയന്ന പ്രത്യയശാസ്ത്ര മേല്‍ക്കോയ്മയില്‍നിന്ന് പാര്‍ട്ടി മാറേണ്ടതുണ്ട്. ഇവിടുത്തെ ദലിത് ബുദ്ധിജീവികള്‍ക്ക് പാര്‍ട്ടിയെക്കൊണ്ട് ചെയ്യിക്കാന്‍ സാധിക്കാത്തത് ഒരു പക്ഷേ ജിഷയുടെ മരണാനന്തര സാന്നിധ്യത്തിന് കഴിഞ്ഞേക്കും. 

2. ലിംഗനീതിയെക്കുറിച്ച്, പാര്‍ട്ടിക്കുള്ളിലും, പൊതുസമൂഹ ഇടങ്ങളിലും ചര്‍ച്ചകള്‍ക്ക് സാധ്യത ഏറെയാണ്. ജിഷയുടെ വര്‍ഗം, വര്‍ണം, ജാതി, എന്നിവ ചര്‍ച്ച ചെയ്യപ്പെടണം. ദില്ലിയില്‍ നിര്‍ഭയ സംഭവത്തിനുശേഷം ഒരു ഫണ്ട് ഉണ്ടാക്കിയതല്ലാതെ, ആ ചര്‍ച്ച എങ്ങോട്ടും പോയില്ല. അത് ജിഷയുടെ കാര്യത്തില്‍ സംഭവിക്കരുത്. ജിഷ വിഷയത്തെ ഒരു മനുഷ്യപ്പറ്റിന്റെ, ദലിതരോടുള്ള കരുണയുടെ വിഷയം ആയി ചുരുക്കാതെ, രാഷ്ട്രീയ വല്‍ക്കരിക്കുക തന്നെ വേണം. പുതിയ കാലത്തിന്റെ രാഷ്ട്രീയമാണത്. 

3. ഇവിടെ ജിഷമാര്‍ ഉണ്ടാവരുത് എന്ന പിണറായി വിജയന്‍ പറയുമ്പോള്‍ താന്‍ നയിക്കുന്ന സര്‍ക്കാറിന് ഒരു അജണ്ട സെറ്റ് ചെയ്യുക കൂടിയാണ് അദ്ദേഹം ചെയ്തത്. അത്തരത്തില്‍ ഈ കാലം ആവശ്യപ്പെടുന്ന നവോത്ഥാന മുന്നേറ്റം നയിക്കാന്‍ പാര്‍ട്ടിക്ക് ശക്തിയുണ്ട്, സര്‍ക്കാറിനും ശക്തിയുണ്ട്. സഹകരണ പ്രസ്ഥാനം പോലെ, ഭൂപരിഷ്‌കരണം പോലെ, ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പുതിയ ഒരു ഭൂ പരിഷ്‌കരണ മുന്നേറ്റം സാധ്യമാക്കാന്‍ പിണറായിക്ക് കഴിയും.  

4.  ജിഷയുടെ മരണത്തെ, അതിനോടുള്ള പ്രതികരണങ്ങളെ ഒരു പ്രത്യയശാസ്ത്ര വിഷയമായി കാണാന്‍ സി പി എമ്മിന് കഴിഞ്ഞിരുന്നെങ്കില്‍, അത് പാര്‍ട്ടിക്കാര്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ വടകരയില്‍ കെ കെ രമയുടെ കോലം കെട്ടി അതിനുചുറ്റും യുവപാര്‍ട്ടിക്കാര്‍ നൃത്തം ചെയ്യുകയില്ലായിരുന്നു. ബോധമുള്ള ഒരു ഡി വൈ എഫ് ഐക്കാരനും അത് ചെയ്യില്ല. അത്തരത്തില്‍ ലിംഗനീതിയെക്കുറിച്ചുള്ള വിദ്യാഭ്യാസം പാര്‍ട്ടിയില്‍ തന്നെ തുടങ്ങാനും ഒരു അവസരമായി ഈ തെരഞ്ഞെടുപ്പ് വിജയം കാണണം.

5. ദലിത്, ആദിവാസി, സ്ത്രീ പീഡനങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണസംവിധാനം ശക്തമാക്കണം. പൊലീസ് സംവിധാനത്തെ ജനകീയവല്‍കരിക്കാന്‍ കോടിയേരി കൊണ്ടുവന്ന ജനമൈത്രി പൊലീസ് സ്റ്റേഷനുകളുടെ ഇന്നത്തെ പ്രവര്‍ത്തനരീതി പുനപരിശോധിക്കണം. എന്തുകൊണ്ടാണ് 28 തവണ ജിഷയും അമ്മയും പൊലീസില്‍ പരാതിപെട്ടിട്ടും നടപടിയുണ്ടായില്ല എന്ന കാര്യം അന്വേഷിക്കണം. എല്ലാ ജില്ലകളിലെയും എസ് സി/ എസ് ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് പ്രകാരമുള്ള മോണിറ്ററിംഗ് കമ്മിറ്റി 
കൃത്യമായി കൂടുന്നുണ്ടോ എന്ന് അന്വേഷിക്കണം. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ കുറ്റ കൃത്യങ്ങളില്‍ എസ്‌സി എസ് ടി ആക്ട് പ്രകാരം  കേസ് എടുക്കാനുള്ള സാഹചര്യം ഉണ്ടാവണം. ഇത്തരത്തില്‍ ഭരണ സംവിധാനത്തിന് അക്കൗണ്ടബിലിറ്റി നിര്‍ബന്ധമാക്കണം.


ജിഷ ഇനിയില്ല. നീതിയോ ശിക്ഷയോ ഏശാത്ത അകലത്തിലേക്ക് ജിഷ ഇല്ലാതായിക്കഴിഞ്ഞു. ആ അര്‍ത്ഥത്തില്‍,  ജസ്റ്റിസ് ഫോര്‍ ജിഷ (#JusticeforJisha) എന്ന ഹാഷ് ടാഗിനര്‍ത്ഥം മറ്റുള്ള അനേകം ജിഷമാര്‍ക്ക് നീതി കിട്ടുക എന്നതാണ്. ജിഷയുടെ സമാനമായ വിധിയിലേക്ക് ഇനിയും പെണ്‍കുട്ടികള്‍  എത്തിപ്പെടാതിരിക്കാനുള്ള സാമൂഹ്യ അവസ്ഥയും ഭരണകൂട ജാഗ്രതയും ഉണ്ടാവുക എന്നതാണ്. അതിനാവണം ഇനി നമ്മുടെ മുഖ്യപരിഗണന. ജിഷയ്ക്കു നീതി ലഭിക്കാനുള്ള നമ്മുടെ സമരം ഇനി മുന്നോട്ടേക്ക് പോവേണ്ടത് ആ ദിശയിലേക്കാണ്.  ജിഷയുടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, പുറമ്പോക്കുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാറിനും അക്കാര്യം മനസ്സിലാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

ജിഷ: ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ഷാഹിന കെ.കെ​ എഴുതുന്നു

ജിഷയുടെ അരുംകൊല: പൊലീസ് മറുപടിപറയേണ്ട ചോദ്യങ്ങള്‍

അനില്‍ കുമാര്‍ പിവി എഴുതുന്നു

ജിഷ: മലയാളി വിലാപങ്ങളുടെ പൊള്ളത്തരം


വോക്‌സ് പോപ്

വാവിട്ടു കരഞ്ഞ കേരളം ജിഷയ്ക്കു വേണ്ടിയുള്ള ഹര്‍ത്താല്‍ പരാജയപ്പെടുത്തിയത് എന്തുകൊണ്ട്?​

കെ.പി റഷീദ് എഴുതുന്നു

ജിഷയോടും പ്രതിഷേധക്കാരോടും ചെയ്തത്; അതെ,  അത്ര മോശമൊന്നുമല്ല നമ്മുടെ പൊലീസ്!

പ്രഭാ സക്കറിയാസ് എഴുതുന്നു

ആണായത് വല്യ മിടുക്കൊന്നുമല്ല സാര്‍​

രശ്മി സതീഷ് എഴുതുന്നു
ഈ നാട്ടില്‍ ജീവിക്കാന്‍ എനിക്ക് പേടിയാകുന്നു!

Follow Us:
Download App:
  • android
  • ios