Asianet News MalayalamAsianet News Malayalam

അരുത് സര്‍ക്കാറേ, കെ.എസ്ആര്‍ടിസിയെ  കൊല്ലരുത്!

S Biju on KSRTC pension crisis
Author
Thiruvananthapuram, First Published Jan 17, 2018, 6:15 PM IST

നമ്മളെയൊക്കെ സേവിച്ച് ജീവിതം ഹോമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കാനാവില്ലെന്ന് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് എങ്ങനെ പറയാനാകും ? അതോ കഴിഞ്ഞ ആഴ്ച ജീവിതം വഴിമുട്ടി കടുംകൈ ചെയ്ത കെ.എസ്.ആര്‍.ടി സി പെന്‍ഷനറുടെ വിധവ തങ്കമ്മയെ പോലെ കൂടുതല്‍ രക്തസാക്ഷികള്‍ വേണോ വിപ്ലവ സര്‍ക്കാറിന് ഉണരാന്‍ ? 

S Biju on KSRTC pension crisis

10 സെന്റ് വില്‍ക്കാന്‍ രാഗിണി ചേച്ചി തീരുമാനിച്ചത് വളരെ വിഷമത്തോടെയാണ്. ചേച്ചിയും, നാരായണന്‍ കുട്ടി ചേട്ടനും കൂടി അരിമണിപെറുക്കിയെടുത്തത് പോലെ ചില്ലറ നീക്കിയിരുപ്പുകളില്‍ നിന്നാണ് ആ തുണ്ടു ഭൂമി വാങ്ങിയത്. ഏതാനും കൊല്ലം മുന്‍പ് നാരായണന്‍കുട്ടി ചേട്ടന്‍ മരിച്ചതിന് ശേഷമാണ് രണ്ടാമത്തെ മോളുടെ വിവാഹം.  പലരില്‍ നിന്ന് കടം വാങ്ങിയാണ് അത് നടത്തിയത്. കടം ഏറെക്കൂറെ അങ്ങനെ നിലനില്‍ക്കുമ്പോഴാണ് കൂനിന്‍ മേല്‍ കുരുവെന്ന പോലെ പെന്‍ഷനും കുടുംബ പെന്‍ഷനും  കൂടി മുടങ്ങിയത്. ആണ്‍ തുണ കൂടിയില്ലാതായതോടെ വസ്തുവില്‍ കൂടി കൈയേറ്റമായി. അതിന്റെ കേസ് നടത്തിപ്പിനും കൈക്കൂലിക്കും കോടതി ചെലവിനും പണം കണ്ടെത്തണം. എത്ര മാസം പിടിച്ചു നില്‍ക്കും. വേറെ നിവൃത്തിയൊന്നുമില്ല. നോട്ട് നിരോധനം കൂടി വന്നതോടെ ന്യായ വിലയും കിട്ടിയില്ല. എന്നാലും ഭൂമി വിറ്റ് പോയത് തന്നെ വലിയ കാര്യം. കഥയൊന്നുമല്ലിത്. എന്റെ അടുത്ത ബന്ധുവാണ് രാഗിണി  ചേച്ചി. അസമയത്ത് അസുഖകരമായ സാഹചര്യങ്ങളില്‍ പണിയെടുത്ത് ആരോഗ്യം തകര്‍ന്ന് അകാലത്ത് മരിച്ചു പോയ കെ.എസ്.ആര്‍.ടി പെന്‍ഷനറാണ് നാരായണന്‍ കുട്ടി ചേട്ടന്‍.

ബിരുദധാരിയായിരുന്നു ചേട്ടന്‍. രാജഭരണകാലത്ത് തിരുവിതാംകൂറില്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് രൂപീകരിച്ചപ്പോള്‍ കണ്ടക്ടറായി ബിരുദധാരികളെയാണ് നിയമിച്ചിരുന്നത്. വളരെ ഉത്തരവാദിത്വത്തോടെ പൊതുഗതാഗത സംവിധാനം നടപ്പാക്കിയിരുന്നയിടമായിരുന്നു തിരുവിതാംകൂര്‍. ജനങ്ങള്‍ക്ക് കൃത്യമായ സേവനം, നടത്തിപ്പില്‍ കാര്യക്ഷമത.  ഐക്യ കേരളം വന്നു. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ നിന്ന്  കോര്‍പ്പറേഷനായി. സേവനത്തിലും നടത്തിപ്പിലും കാര്യക്ഷമതയില്ലാതായി. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും  ഉദ്യോഗസ്ഥരുടെയും കറവപ്പശുവായി അത് മാറി.

എന്നിട്ടും സമൂഹത്തില്‍ കെ.എസ്.ആര്‍.ടിയുടെ സേവനം ചെറുതൊന്നുമല്ല. നമ്മില്‍ മഹാഭൂരിഭാഗവും വിദ്യാഭ്യാസം നേടിയതും, തൊഴില്‍ എടുക്കാന്‍ പോകുന്നതും, ആശുപത്രിയില്‍ ചികിത്സ നേടാന്‍ യാത്രയാകുന്നതുമെല്ലാം മെച്ചപ്പെട്ട (അതെ പരാതിക്കിടയിലും) പൊതു ഗതാഗത സംവിധാനമുള്ളതിനാലാണ്. പുലര്‍ച്ചേ നാല് മണിക്ക് പണിക്ക് പോകാന്‍ സ്തികള്‍ക്ക് സാധിക്കുന്നുവെങ്കില്‍  കെ.എസ്.ആര്‍.ടി പോലുള്ള പൊതുഗതാഗത സംവിധാനം ഉള്ളതു കൊണ്ടാണെന്നു തിരുവനന്തപുരത്തുകാര്‍ക്കറിയാം. അപ്പോള്‍ കെ.എസ്.ആര്‍.ടി നിര്‍വഹിക്കുന്നത് കേവലം ഗതാഗത സേവനമല്ല മറിച്ച്  വിദ്യാഭ്യാസ,ആരോഗ്യ, ക്രസമാധാന, വനിതാ-സാമൂഹ്യ സുരക്ഷ...  അങ്ങനെ വിപുലമായ സേവനമാണ്. പൊതുഗതാഗതം കാര്യക്ഷമമല്ലാത്തതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയുടെ ഒരു പ്രധാന കാരണം.  

വിവിധ വകുപ്പുകളുടെ വിഹിതം പൊതുഗതാഗതത്തിന് നല്‍കാന്‍ തയ്യാറാകണം

ആ നിലയ്ക്ക് വിവിധ വകുപ്പുകളുടെ വിഹിതം പൊതുഗതാഗതത്തിന് നല്‍കാന്‍ തയ്യാറാകണം. പല രാജ്യങ്ങളിലും തദ്ദേശ സ്ഥാപനങ്ങളും, പരിസ്ഥിതി  വകുപ്പുമൊക്കെയാണ് പൊതു ഗതാഗതത്തിന് വേണ്ട പിന്തുണയും ധനവിഹിതവും നല്‍കുന്നത്. മെച്ചപ്പെട്ട പൊതുഗതാഗതമില്ലെങ്കില്‍  സ്വകാര്യ വാഹനങ്ങള്‍ നമ്മുടെ പട്ടണങ്ങളെ ശ്വാസം മുട്ടിക്കുമെന്നറിയാമല്ലൊ. മെട്രോ തീവണ്ടികള്‍ ഓടിക്കുന്നതില്‍ ലാഭം നോക്കരുതെന്ന്  ഇ. ശ്രീധരന്‍ പറയാന്‍ കാരണമിതാണല്ലോ. ഒരാള്‍ക്ക് അന്തസ്സോടെ, സൗകര്യപ്രദമായി പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയണം. നമ്മുടെ നികുതി എടുത്തല്ലേ നരേന്ദ്ര മോദിയും   പിണറായി വിജയനും  ചാര്‍ട്ടര്‍ വിമാനത്തിലും, ഹെലികോപ്ടറിലും തെക്ക് വടക്ക് സ്വകാര്യ ആവശ്യത്തിനും, പാര്‍ട്ടി പരിപാടികള്‍ക്കും പായുന്നത്. ആ സമയത്ത്  വഴിയില്‍ നില്‍ക്കുന്നവരെ പോലും പോലീസ് പുളിച്ച തെറി വിളിക്കും. അതു കൊണ്ട് പൊതു ഖജനാവില്‍ നിന്ന് പൊതു ഗതാഗതത്തിന് ആവശ്യത്തിനുള്ള വിഹിതം നല്‍കണം. അവിടത്തെ ധൂര്‍ത്തും വെട്ടിപ്പും നിറുത്തണം. അനാവശ്യ തസ്തികകള്‍ ഒഴിവാക്കണം. പല രാജ്യങ്ങളിലും യന്ത്രവത്കരിച്ചതിലൂടെ പൊതു ബസ്സുകളില്‍ കണ്ടക്ടറില്ല. ആ പണിയും ഡ്രൈവര്‍ ചെയ്യും. പല മെട്രോ തീവണ്ടികളിലും ഡ്രൈവര്‍ പോലുമില്ല. ആരെങ്കിലും ഇതൊക്കെ നന്നാക്കാന്‍ ശ്രമിച്ചാല്‍ അയാളെ പറപ്പിക്കും. കാര്യക്ഷമമായി പ്രശ്‌നപരിഹാരം നടത്താന്‍ കഴിവില്ലാത്ത പിണറായി വിജയനെയാണോ, പൊതുഗതാഗതത്തെ രക്ഷപ്പെടുത്താന്‍ തുനിഞ്ഞ   രാജാമാണിക്യത്തെയാണോ പറഞ്ഞു വിടേണ്ടതെന്ന് നാം പരിശോധിക്കണം. കഴിവില്ലാത്തവനൊക്കെ എന്തിന് നമ്മുടെ നികുതി പണം നല്‍കി മന്ത്രിമാരായി വാഴിക്കണം. 
 
കാര്യമായി പണിയൊന്നുമെടുക്കാതെ സൗകര്യപ്രദമായി സര്‍വ്വീസ് പൂര്‍ത്തിയാക്കിയ എത്രയോ സര്‍ക്കാര്‍  ജീവനക്കാര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട ശമ്പള വര്‍ദ്ധനയും മുടങ്ങാത്ത പെന്‍ഷനുമെല്ലാം നല്‍കുന്നുണ്ടല്ലോ. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടിയ ശമ്പള വര്‍ദ്ധന ശതമാനം കേന്ദ്ര ജീവനക്കാരുടേതിന്റെ ഇരട്ടിയെന്ന് പറഞ്ഞത് പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥാണ്. ഈ കോളത്തിലെ കണക്ക് ഒന്ന്  നോക്കുക

S Biju on KSRTC pension crisis

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നമ്മുടെ നികുതി എടുത്ത് ഇതെല്ലാം നല്‍കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. പാര്‍ട്ടി സില്‍ബന്ധികളെ പി.എസി.സി അംഗങ്ങളാക്കി വന്‍ പെന്‍ഷനും മുന്തിയ കാറും അടക്കം നല്‍കാന്‍ ഒരു  പ്രയാസവുമില്ലേ? ജീവിതം നിരത്തുകളില്‍ ഹോമിച്ച കെ.എസ്.ആര്‍.ടിക്കാര്‍ക്ക് മാത്രം അതൊന്നും പറ്റില്ലെന്ന് എങ്ങനെ പറയാം. താഴത്തെ കണക്കുകളും നോക്കുക

 

കെ.എസ്.ആര്‍.ടി.സി 

(13-11-17 റിപ്പോര്‍ട്ട് പ്രകാരം)

മാസ വരുമാനം   - 170 കോടി

ചെലവ്         - 323 കോടി

വരവ്-ചെലവ് അന്തരം  - 153 കോടി

ശമ്പളം, ആനുകൂല്യങ്ങള്‍ - 86 കോടി

ഡീസല്‍                 - 90 കോടി

വായ്പ തിരിച്ചടവ്       - 87 കോടി

പെന്‍ഷന്‍               - 60 കോടി 

 

08-01-17 ലെ റിപ്പോര്‍ട്ട് പ്രകാരം

ദിവസ വരുമാനം

ജനുവരി 3 - 6.46 കോടി രൂപ

ഡിസംമ്പര്‍ 3 - 5.84 കോടി രൂപ

ആസ്തി - 1284.62 കോടി രൂപ

ബാധ്യത - 7718.39 കോടി രൂപ

പെന്‍ഷന്‍കാര്‍ എണ്ണം - 38000

പെന്‍ഷന്‍ 5 മാസ കുടിശ്ശിക തീര്‍ക്കാന്‍ 224 കോടി രൂപ വേണം

75 ശതമാനം പെന്‍ഷന്‍കാരും 25,000 രൂപയ്ക്കുതാഴെ വാങ്ങുന്നവരാണ്.

ഹൈക്കോടതിവിധി പ്രകാരം ദിവസവരുമാനത്തിന്റെ 10 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം

നാല് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ സമുച്ചയങ്ങള്‍ ശരിയായി ഉപയോഗിക്കാത്തതുമൂലമുള്ള പ്രതിമാസ വരുമാന നഷ്ടം - 91,78,644 രൂപ (ഏകദേശം 1 കോടി രൂപ). 200 കോടിയിലേറെ രൂപയാണ്. നാല് സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനായി കെടിഡിഎഫ്‌സി ചെലവഴിച്ചത്.

വാടകയിനത്തില്‍ പ്രതിമാസം 50 ലക്ഷം രൂപ ഓരോ സമുച്ചയത്തില്‍നിന്നും ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.

S Biju on KSRTC pension crisis
 

കാലാകാലങ്ങളായി  നടപ്പാക്കിയ നയ വൈകല്യങ്ങളുടെ കെടുതി പേറാന്‍ കെ.എസ്.ആര്‍.ടി സി പെന്‍ഷന്‍കാര്‍ മാത്രം മതിയോ?

ഇന്ത്യയിലെ 53 പൊതു ഗതാഗത സംവിധാനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ലാഭത്തില്‍ പോകുന്നത്. ലോകത്തെങ്ങും അവസ്ഥ ഇതു തന്നെ. ലണ്ടനും, ന്യൂയോര്‍ക്കുമെല്ലാം ലാഭത്തിനു വേണ്ടിയല്ല പൊതുഗതാഗത സംവിധാനം നടത്തുന്നത്. ചെലവിന്റെ  ശരാശരി 60 ശതമാനം  മാത്രമേ പൊതുഗതാഗത സംവിധാനങ്ങള്‍ വണ്ടി കൂലിയിലൂടെ ലോകമാകെ നേടുന്നുള്ളു. അതിന് പരിഹാരമായി നിരക്ക് കൂട്ടിയാല്‍ നല്ലൊരു പങ്ക് താഴ്ന്ന വരുമാനക്കാര്‍ക്ക് അത് ആശ്രയിക്കാനാകില്ല. മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനമുള്ളയിടങ്ങളില്‍  കൂടുതല്‍ നിക്ഷേകര്‍ വരുകയും അത് മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും, സാമൂഹ്യ സുരക്ഷിതത്വം കൈവരിക്കാനും അത് സഹായിക്കും.

ലോകത്ത് പൊതുഗതാഗത സംവിധാനങ്ങളില്‍ ചെറിയ നിരക്ക് ഈടാക്കിയിട്ടും നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോങ്‌കോങിനെ കണ്ട് പഠിക്കണം. പ്രവര്‍ത്തന ചെലവിന്റെ 185 ശതമാനം നിരക്കിലൂടെ തന്നെ അവര്‍ കണ്ടെത്തുന്നു. ഇതിനെ പുറമേ അവിടത്തെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും അവര്‍ ലാഭം പങ്ക് പറ്റുന്നു. പല മാളുകളും അവരാണ് നടത്തുന്നത്. 125 ശതമാനം നിരക്കിലൂടെ കണ്ടെത്തുന്ന സിംഗപ്പൂര്‍ കഴിഞ്ഞാല്‍, ലോകത്ത് ഇത്തരം മാതൃകകള്‍ കുറവാണ്. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തന ചെലവിന്റെ 45 ശതമാനം മാത്രമേ നിരക്കില്‍ നിന്ന് കിട്ടുന്നുള്ളു. മൂലധന നിക്ഷേപ ചെലവ് വേറെ.  ഇതൊക്കെ ആര് മനസ്സിലാക്കാന്‍. മക്കാവൂവില്‍ സുഖവാസത്തിന് പോകുമ്പോഴെങ്കിലും, ഹോങ്‌കോങിലെ പൊതു ഗതാഗതം പഠിക്കാന്‍ മധുര മനോജ്ഞ ചൈനയുടെ പ്രകീര്‍ത്തകര്‍ തയ്യാറാകണം.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍  കെ.എസ്.ആര്‍.ടി സി ബസില്‍ ഗൗരവമേറിയ  പീഡനങ്ങളോ അക്രമങ്ങളോ നടക്കാറില്ലല്ലോ. രാവിലെ 4 മണിക്ക് ഞാന്‍ താമസിക്കുന്ന വിളപ്പില്‍ശാലയില്‍ നിന്ന് നഗരത്തിലെ ചാല ചന്തയിലേക്കും വീട്ടുപണിക്കുമൊക്കെ സ്ത്രീകള്‍ ഒറ്റയ്ക്ക് പോകുന്നത് കെ.എസ്.ആര്‍.ടി സി ബസുള്ളതിനാലാണ്. എന്റെ മകന് 5 മണിക്ക് പഠിക്കാന്‍ നഗരത്തിലേക്ക്  പോകാനാകുന്നതും കെ.എസ്.ആര്‍.ടി സി ഉള്ളതിനാലാണ്. ആവശ്യത്തിന് കെ.എസ്.ആര്‍.ടി സി  ബസില്ലാത്ത മറ്റ് ജില്ലകളില്‍ ഇതൊക്കെ ആവുമെന്ന് കരുതുന്നില്ല. അപ്പോള്‍ നമ്മളെയൊക്കെ സേവിച്ച് ജീവിതം ഹോമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കാനാവില്ലെന്ന് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് എങ്ങനെ പറയാനാകും ? അതോ കഴിഞ്ഞ ആഴ്ച ജീവിതം വഴിമുട്ടി കടുംകൈ ചെയ്ത കെ.എസ്.ആര്‍.ടി സി പെന്‍ഷനറുടെ വിധവ തങ്കമ്മയെ പോലെ കൂടുതല്‍ രക്തസാക്ഷികള്‍ വേണോ വിപ്ലവ സര്‍ക്കാറിന് ഉണരാന്‍ ? 

വാല്‍കഷ്ണം
കഴിഞ്ഞ ആഴ്ച ശമ്പള വര്‍ദ്ധനവിന് പണിമുടക്കിയ തമിഴ്‌നാട്ടിലെ ബസ് തൊഴിലാളികള്‍ക്ക് കൊടുത്തത് 3 ശതമാനത്തില്‍ താഴെ വര്‍ദ്ധന .അതേ സമയം അവിടത്തെ എം.എല്‍.എമാര്‍ സ്വയം  പാസാക്കിയെടുത്ത വേതന വര്‍ദ്ധന 100 ശതമാനത്തിലേറെ! 

Follow Us:
Download App:
  • android
  • ios