Asianet News MalayalamAsianet News Malayalam

സേഫ്റ്റി പിന്‍ എന്ന ആയുധം!

  • സ്ത്രീകള്‍ രാത്രികള്‍
  • സന്ധ്യ എല്‍ ശശിധരന്‍ എഴുതുന്നു
Sandhya L Sasidharan Women nights

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Sandhya L Sasidharan Women nights

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 2004-2006 വര്‍ഷങ്ങളില്‍, കോളേജില്‍ പഠിച്ചിരുന്ന സമയത്ത്, ക്ലാസ് കഴിഞ്ഞു വെള്ളിയാഴ്ചകളില്‍, കോട്ടയത്ത് നിന്നും ട്രിവാന്‍ഡ്രം വരെ കെ എസ് ആര്‍ ടി സിയില്‍ അഞ്ച് മണിക്കൂര്‍ (വൈകിട്ട് നാലുമുതല്‍ രാത്രി ഒമ്പതു വരെ) തനിയെ പലപ്പോഴും യാത്ര ചെയ്തിരുന്നത് ജീവന്‍ കയ്യില്‍ പിടിച്ചു കൊണ്ട് തന്നെ ആയിരുന്നു. പിഎംജിയില്‍ ബസിറങ്ങി കാത്തു നില്‍ക്കുന്ന അച്ഛനെ കാണുമ്പോഴുള്ള ആശ്വാസം ഇതെഴുതുമ്പോഴും അതേ തീവ്രതയോടെ അനുഭവിക്കാന്‍ കഴിയുന്നുണ്ട്, ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് പോലും ഒട്ടും സുരക്ഷിതമല്ലാതിരുന്ന സമയത്ത് ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം അന്നൊട്ടുമില്ലായിരുന്നു.

തുറിച്ചു നോട്ടവും, അശ്ലീല കമന്റ്റുകളും, തൊടലും തലോടലുമൊക്കെ പേടിസ്വപ്നമായിരുന്ന യാത്രകള്‍. ഒരുദാഹരണത്തിന്, ഒരിക്കല്‍ തിരുവനന്തപുരത്തെക്കുള്ള യാത്രാമധ്യേ സീറ്റിനു തൊട്ടടുത്തു നിന്നും അശ്ലീലം കാണിച്ചു നിന്ന ഒരുത്തനെ ആ സീറ്റിലിരുന്ന ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് കണ്ടക്ടറിനെ കൊണ്ട് ബസില്‍ നിന്നും ഇറക്കി വിടുവിച്ചു, പക്ഷേ അയാളെ ഇറക്കി വിട്ട ശേഷം കണ്ടക്ടര്‍ അശ്ലീലചിരിയോട് കൂടി  'അയാളെന്താ നിങ്ങളെ കാണിച്ചേ?'  എന്ന്  ചോദിച്ച ചോദ്യവും അത് കേട്ട് ചിരിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സഹയാത്രികരുടെയും പെരുമാറ്റവും അസഹനീയം തന്നെയായിരുന്നു. 

ആ ചോദ്യം ഇഷ്ടപ്പെടാത്തതു കൊണ്ട് 'അത് നിങ്ങളറിയേണ്ട കാര്യമില്ല' എന്ന് ദേഷ്യത്തില്‍ പറഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞതാണ്, അത്യാവശ്യം പ്രതികരിച്ചാല്‍ നമ്മെ കുറ്റക്കാരാക്കി പരിഹസിക്കുന്ന സമൂഹത്തിന്റെ വികൃതമുഖം, അതില്‍ സ്ത്രീകളും ഉണ്ടെന്നത് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യവും. അന്ന്  മുതല്‍ പിന്നെ സ്വയരക്ഷയ്ക്കായ് വലിയൊരു സേഫ്റ്റി പിന്‍ കയ്യില്‍ കരുതാതെ ബസില്‍ യാത്ര ചെയ്തിട്ടില്ല, കയ്യില്‍ കരുതുക മാത്രമല്ല അത് പ്രയോഗിക്കുകയും ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്.

ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുമ്പോള്‍ ആരുമറിയാതെ ബാഗിനുള്ളില്‍ എപ്പോഴും എടുക്കാന്‍ പാകത്തിന് സൂക്ഷിച്ച മുളക്‌പൊടി, ഒരു കൊച്ചു പേനാക്കത്തി, സേഫ്റ്റി പിന്‍, ഇതൊക്കെ എത്ര മാത്രം അരക്ഷിതാവസ്ഥയിലാണ് അന്ന്  യാത്ര ചെയ്തിരുന്നതെന്ന് വിളിച്ചു പറയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സാഹചര്യങ്ങള്‍ക്ക് തെല്ലും മാറ്റം വന്നിട്ടില്ല എന്നുള്ളതും, അന്നേക്കാള്‍ ഇന്ന് അരക്ഷിതാവസ്ഥ കൂടിയിട്ടേയുള്ളൂ എന്നുള്ളതും ഞെട്ടിപ്പിക്കുന്നതും അതേ സമയം വളരെ ഗൗരവപൂര്‍വം ചിന്തിക്കേണ്ടുന്ന ഒരു വിഷയവുമാണ്.

സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും, പാടത്തെ പണി മുതല്‍ പര്‍വ്വതാരോഹണം വരെ ചെയ്യാന്‍ ഞങ്ങള്‍ പ്രാപ്തരാണെന്ന് സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ പലകുറി തെളിയിച്ചിട്ടും, ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഇത്ര കണ്ട് പുരോഗമിച്ചിട്ടും നമ്മുടെ നാട്ടില്‍ രാത്രിയില്‍ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനാകുന്നില്ല എന്ന് പറയുന്ന അവസ്ഥ ഇന്നും ഉണ്ടെങ്കില്‍, നിര്‍ഭയമാര്‍,സൗമ്യമാര്‍ ഇപ്പോഴും സൃഷ്ടിക്കപ്പെടുന്നെങ്കില്‍ എവിടെയാണ് നമുക്ക് പിഴച്ചു പോയത്, ആരാണ് അതിനുത്തരവാദി? ചിന്തിക്കേണ്ടിയിരിക്കുന്നു...

തുറിച്ചു നോട്ടവും, അശ്ലീല കമന്റ്റുകളും, തൊടലും തലോടലുമൊക്കെ പേടിസ്വപ്നമായിരുന്ന യാത്രകള്‍.

രാത്രി ജോലി പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും, രാത്രി ജോലി ചെയുന്ന പെണ്ണുങ്ങള്‍ എല്ലാം മോശക്കാരാണെന്നു ഇപ്പോഴും ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങളുും, അത്യാവശ്യം പ്രതികരിച്ചാല്‍, ഇരയെന്ന്  മുദ്രകുത്തി നമ്മെ കുറ്റക്കാരാക്കുന്ന, പിഴച്ചവളെന്ന് മുദ്രചാര്‍ത്താന്‍ തിടുക്കപ്പെടുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടും , ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും, നമ്മുടെ സാമൂഹിക വ്യവസ്ഥിതികളില്‍പ്പെട്ട്, കൗമാരം മുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക തൃഷ്ണകളും, സ്ത്രീയോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും, ശക്തമായ സ്ത്രീസുരക്ഷാ നിയമങ്ങളുടെയും, മുഖം നോക്കാതെ നടപടി എടുക്കാന്‍ ചങ്കുറപ്പുള്ള അധികാരവൃന്ദത്തിന്റെ അഭാവവും ഒക്കെ ഒരു പരിധി വരെ ഇപ്പോഴും ഈ അരക്ഷിതാവസ്ഥക്ക്  കാരണമല്ലേ എന്ന് തോന്നാറുണ്ട്, തോന്നാറുണ്ടെന്നല്ല ഒരു പരിധി വരെ അതൊക്കെ സത്യവുമാണ്...

രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്, അല്ലെങ്കില്‍ ഒരു സിനിമ കണ്ടിട്ട്, ബസിലോ, ട്രെയിനിലോ, ടാക്‌സിയിലോ, ഓട്ടോയിലോ, നിര്‍ഭയം യാതൊരു അലട്ടലുമില്ലാതെ, അഭിമാനത്തോടെ ഒറ്റക്കോ, കൂട്ടുകാരുമൊത്തോ യാത്ര ചെയ്യാന്‍ കഴിയണം. സ്വന്തം അച്ഛന്റെയോ, സഹോദരെേന്റയോ, ഭര്‍ത്താവിന്റെയോ കൂടെ, സദാചാരക്കാരുടെ ചോദ്യങ്ങളേയും, അക്രമങ്ങളെയും ഭയക്കാതെ രാത്രിയോ പകലെന്നോ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയണം, ഇതൊക്കെയാണ് രാത്രി ഇറങ്ങിനടക്കാനാകാത്ത എന്റെ നാടിനെപ്പറ്റി  ഈ വനിതാദിനത്തില്‍ എന്റെ രാത്രി സ്വപ്നം...!

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്: കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി
 

Follow Us:
Download App:
  • android
  • ios