Asianet News MalayalamAsianet News Malayalam

മുടി മുറിച്ചതിന് ആറ് മാസം മുറിയിൽ പൂട്ടിയിട്ടു; കുടുംബത്തിൽനിന്നുള്ള പീഡനം സഹിക്കാനാവാതെ നാടുവിട്ട യുവതിയെ തായ്ലൻഡിൽ തടഞ്ഞുവച്ചു

കുടുംബത്തിൽനിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിൽനിന്ന് രക്ഷപ്പെടുന്നതിനായാണ് നാട് വിടാൻ തീരുമാനിച്ചതെന്ന് റഹാഫ് വ്യക്തമാക്കി. തായ്ലൻഡ് ഇമിഗ്രേഷൻ അധികൃതർ തന്നെ സ്വദേശത്തേക്ക് മടക്കി അയച്ചാൽ താൻ കൊല്ലപ്പെടുമെന്നും റഹാഫ് പറഞ്ഞു.

Saudi Woman Stopped From Entering Thailand
Author
Saudi Arabia, First Published Jan 7, 2019, 12:06 PM IST

ബാങ്കോക്ക്: സൗദിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി തായലൻഡ് അധികൃതർ. റഹാഫ് മുഹമ്മദ് എം അൽക്വുനന് എന്ന പതിനെട്ടുകാരിയെയാണ് തടഞ്ഞുവച്ചത്.  തായ്‍ലൻഡ് വഴി ഓസ്ട്രേലിയയിലേക്ക് പോകാനായിരുന്നു റഹാഫിന്റെ തീരുമാനം.

കുടുംബത്തിൽനിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിൽനിന്ന് രക്ഷപ്പെടുന്നതിനായാണ് നാട് വിടാൻ തീരുമാനിച്ചതെന്ന് റഹാഫ് വ്യക്തമാക്കി. തായ്ലൻഡ് ഇമിഗ്രേഷൻ അധികൃതർ തന്നെ സ്വദേശത്തേക്ക് മടക്കി അയച്ചാൽ താൻ കൊല്ലപ്പെടുമെന്നും റഹാഫ് പറഞ്ഞു. ബാങ്കോക്കിലെ  സുവർണഭൂമി വിമാനത്താവളത്തിൽ എത്തിയപ്പോൾ സൗദി, കുവൈത്ത് അധികൃതർ തടഞ്ഞുവെക്കുകയും തന്റെ യാത്ര സംബന്ധമായ രേഖകൾ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. അനുവാദമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് രക്ഷിതാവ് പരാതി നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും യുവതി കൂട്ടിച്ചേർത്തു.  

രക്ഷിതാക്കൾ വളരെ കർക്കശ സ്വഭാവമുള്ളവരാണ്. മുടി മുറിച്ചതിന്റെ പേരിൽ അവർ ആറുമാസം തന്നെ മുറിയിൽ പൂട്ടിയിട്ടിരുന്നു. സൗദിയിലേക്ക് തിരിച്ച് പോകുകയാണെങ്കിൽ ജയിൽ ശിക്ഷ ഉറപ്പാണ്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ അവർ എന്നെ കൊന്നുകളയുമെന്ന കാര്യത്തിൽ തനിക്ക് 100 ശതമാനം ഉറപ്പുണ്ട്. തനിക്ക് പേടിയാണെന്നും പ്രതീക്ഷയൊക്കെ നശിച്ചിരിക്കുകയാണെന്നും റഹാഫ് പറഞ്ഞു. 

കുവൈത്തിൽനിന്ന് തായ്ലൻഡിലെത്തിയ റഹാഫിനെ ബാങ്കോങ്ക് വിമാനത്താവളത്തിൽവച്ച് തടയുകയായിരുന്നു. ഞായറാഴചയായിരുന്നു സംഭവം. യാത്രക്കാവശ്യമായ ടിക്കറ്റുകളോ പണമോ യുവതിയുടെ കൈയിൽ ഉണ്ടായിരുന്നില്ല. വിവാഹാലോചനകളിൽനിന്ന് രക്ഷപ്പെടുന്നതിനായാണ് യുവതി നാട് വിട്ടതെന്നും റഹാഫ് ഇപ്പോൾ വിമാനത്താവളത്തിലെ ഹോട്ടലിലാണുള്ളതെന്നും തായലൻഡ് ഇമിഗ്രേഷൻ തലവൻ സൂരാച്ചത് ഹക്പൺ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. 

സൗദി എംബസിയുമായി തായ് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലയോടെ റഹാഫിനെ സൗദി അറേബ്യയിലേക്ക് തിരിച്ച് അയക്കും. ഇത് തികച്ചും ഒരു കുടുംബ പ്രശ്നമാണെന്നും സൂരാച്ചത് കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios