Asianet News MalayalamAsianet News Malayalam

ചെറിയ ഒരു വാരാണസി!

Shereef Chungathara column Motor Cycle Diaries part 7
Author
Thiruvananthapuram, First Published Jul 17, 2017, 3:30 PM IST

Shereef Chungathara column Motor Cycle Diaries part 7

കാലത്ത് തന്നെ നീണ്ട ബെല്‍ കേട്ടാണ് ഉണര്‍ന്നത്. സമയം എഴുമണി ആകുന്നതെ ഉള്ളൂ. മുന്നില്‍, വെളുക്കനെ ചിരിച്ചു കൊണ്ട് റിസപ്ഷനില്‍ ഇരുന്നയാള്‍. കയ്യില്‍ രണ്ടു കാപ്പി കപ്പും. നല്ലൊരു പ്രഭാതം ആശംസിച്ചു അയാള്‍ പോയി. അയാളുടെ ബുദ്ധികൂര്‍മ്മതയില്‍ എനിക്ക് മതിപ്പ് തോന്നി. ഞങ്ങളെ ഉണര്‍ത്തി എത്രയും വേഗം റൂം വെക്കേറ്റ് ചെയ്യിപ്പിക്കുക എന്നതാണ് ഈ ചായയുടെ ഉദേശം, ഞങ്ങളുടെ മുഷിച്ചില്‍ ഈ ചായയില്‍ ഇല്ലാതാവും എന്ന് കരുതിക്കാണും. ഈ സ്ഥാപനത്തിന്റെ ഉടമസ്ഥനോ പകല്‍ ജോലി ചെയ്യുന്ന ആളോ വരാനായി കാണണം. അയാളുടെ ടെന്‍ഷന്‍ കൂട്ടണ്ട എന്ന് കരുതി എത്രയും പെട്ടെന്ന് തന്നെ അവിടിന്നിറങ്ങി.

പ്രഭാതഭക്ഷണം കഴിച്ച കടയുടെ എതിര്‍വശത്തായി ഒരു കടയില്‍ വെളുത്ത കാന്‍ കണ്ടു. രണ്ടു കാനും മേടിച്ചു. ഒന്നിന് എഴുപത് രൂപ. നഗരങ്ങളിലെ വ്യാപാരികള്‍ക്കു കൂടുതല്‍ ലാഭം എന്ന മന്ത്രം മാത്രമേ കാണൂ, അത് ഇന്ത്യയില്‍ എവിടെ ആണെങ്കിലും. ഉയര്‍ന്ന വാടകയും മറ്റും മാത്രമല്ല അതിനവരെ പ്രേരിപ്പിക്കുന്നത്. ഉപഭോകതാവ് സമ്പന്നന്‍ ആണെന്ന ധാരണയും ഇവനല്ലെങ്കില്‍ വേറൊരുത്തന്‍ വരും എന്ന ശുഭാപ്തി വിശ്വാസവും. വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്നൊരു ഭാവം അയാളുടെ മുഖത്തു എഴുതിവെച്ചിരുന്നു. കാനുകള്‍ കുറച്ചു ബുദ്ധിമുട്ടിയാണ് കാരിയറില്‍ പിടിപ്പിച്ചത്. കാരിയറില്‍ കാന്‍ വെക്കാനുള്ള ഭാഗം ചെറുതായി പോയിരിക്കുന്നു. ടൈറ്റായി ഇരിക്കുന്നത് കാരണം ഇനി കെട്ടിവെക്കേണ്ട കാര്യമില്ല.

ഫാസിലിനെ റെയില്‍വേ സ്‌റ്റേഷനില്‍ വിട്ടു ഞാന്‍ മുന്നോട്ടു പോയി. ചണ്ഡിഗഡില്‍ നിന്നും പുറത്തു കടക്കാന്‍ വളരെ എളുപ്പമാണ്. ഓരോ കിലോമീറ്റര്‍ ദൂരം പിന്നിട്ടാലും ലാന്‍ഡ്മാര്‍ക്ക് അടയാളപ്പെടുത്തിയ ബോര്‍ഡ് കാണാം. ചെറിയ ഒരു മാപ്പ്. ചുവന്ന അടയാളത്തില്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലം കാണിക്കും. ഗൂഗിള്‍ മാപ്പിനോട് കിടപിടിക്കുന്ന സംവിധാനം. അതില്‍ നോക്കി ഹൈവേ പിടിച്ചു. റോഡ് രണ്ടായി മുറിയുന്നു, ഷിംലയിലേക്കും മനാലിയിലേക്കും. മനാലി റോഡില്‍ കുറച്ചു ദൂരം പിന്നിട്ടതും മുന്നോട്ടുള്ള പ്രയാണം ദുര്‍ഘടം ആവും എന്ന് വിളിച്ചു പറയും പോലെ റോഡ് പൊട്ടി പൊളിഞ്ഞിരിക്കുന്നു..

ട്രക്കുകളുടെ അതിബാഹുല്യം കാരണം വല്ലാതെ പ്രയാസപ്പെട്ടു. ഓരോ തവണ ട്രക്കിനെ മറികടന്നു പോവാന്‍ ശ്രമിക്കുമ്പോഴും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ കാരണം പരാജിതനായി പോവും. പൊട്ടി പൊളിഞ്ഞ റോഡിലെ പൊടി തിന്നു കൊണ്ട് ഒരു വിധേന മുന്നോട്ടു പോയി. ബൈക്കിനു എന്തോ ഒരു പ്രശ്‌നം അനുഭവപ്പെടുന്നുണ്ട്. എന്താണെന്നു മാത്രം മനസ്സിലാകുന്നില്ല. ഇങ്ങനെയുള്ള സമയങ്ങളിലാണ് രബിയുടെ അസാന്നിധ്യം അനുഭവപ്പെടുക. ചുരം കയറിതുടങ്ങിയപ്പോയാണ് ചെയിനിന് പഴയ മുറുക്കമില്ല എന്ന് മനസ്സിലായത്. മാണ്ഡിയില്‍ എത്തിയതിനു ശേഷം എന്‍ഫീല്‍ഡിന്റെ വര്‍ക്ക് ഷോപ്പില്‍ ബൈക്ക് കാണിച്ചു. പ്രശനമൊന്നുമില്ല. മെക്കാനിക്ക് രത്തന്‍ ഭായ് കാശൊന്നും വാങ്ങാന്‍ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചപ്പോള്‍ ഒരു ചായ കുടിക്കാം എന്ന് പറഞ്ഞു. സംസാരത്തിനിടക്ക് മാണ്ഡിയെക്കുറിച്ച് ചെറുതായി സൂചിപ്പിക്കുകയും ചെയ്തു.

വളരെ ചെറിയ ഒരു പട്ടണമാണ് മാണ്ഡി. പക്ഷേ ഹൈന്ദവവിശ്വാസികള്‍ക്ക് മാണ്ഡി ഒരു പ്രധാന സ്ഥലം കൂടിയാണ്. കരിങ്കല്ലില്‍ തീര്‍ത്ത മൂന്നുറിലധികം ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ട്. ചെറിയ ഒരു വാരാണസി എന്ന് പറഞ്ഞാലും തെറ്റില്ല. എത്രയോ തവണ ഇത് വഴി പോയിരിക്കുന്നു. എന്നാലും ഒരിക്കല്‍ പോലും ഇവിടെ ഇറങ്ങാത്തതില്‍ നഷ്ടബോധം തോന്നി. രത്തന്‍ ഭായിയുടെ മൊബൈലില്‍ പുള്ളി ഓരോ ക്ഷേത്രങ്ങളും കാണിച്ചു തന്നു. മനോഹരചിത്രങ്ങള്‍. സ്‌ക്രോള്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്കിടയില്‍ പെട്ടെന്നൊരു ചിത്രം കണ്ണിലുടക്കി. ഒരു മനോഹരമായ തടാകം.

'രത്തന്‍ ഭായ് ഇതെവിടെയാണ് ?'

'ഓ.... അത് പ്രഷാര്‍ തടാകമാണ്. എന്റെ വീടിന്റെ അടുത്ത്. കുറച്ചു ദൂരമുണ്ട്'.

'എത്ര?'

'നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍. എന്താ പോവാന്‍ താല്‍പര്യം ഉണ്ടോ ?'

'താല്‍പ്പര്യമൊക്കെയുണ്ട് ഭായ്. പക്ഷേ ഇത്ര ദൂരമില്ലേ. ഇനി അടുത്ത വരവില്‍ ആവട്ടെ.'

എന്തൊരു കാഴ്ചയാണ്, ചെമ്പ്ര പീക്കിനോട് സാമ്യമുള്ള തടാകം!

രത്തന്‍ ഭായിയോട് യാത്ര പറഞ്ഞിറങ്ങി. പന്ത്രണ്ടു മണി ആവുന്നതെ ഉള്ളൂ. ആ തടാകം മനസ്സില്‍ തന്നെ കിടന്നു അസ്വസ്ഥതപ്പെടുത്തുന്നു. തിരിച്ചു പോയി അതൊന്നു കണ്ടാലോ. എത്ര വൈകി മനാലിയില്‍ എത്തിയാലും ബില്‍ബന്ദര്‍ ഉള്ളത് കൊണ്ട് താമസം പ്രശ്‌നമാവില്ല. ഞാന്‍ ബൈക്ക് തിരിച്ചു. എന്നെ കണ്ടതും രത്തന്‍ ഭായി ചിരിച്ചു. എന്നിട്ടെന്നോട് പറഞ്ഞു

'എനിക്കറിയാമായിരുന്നു നീങ്ങള്‍ തിരിച്ചുവരുമെന്ന്'.

വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കുന്നിടക്ക് അദേഹം ഒരു ഫോണ്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു 'ഇതെന്റെ മകന്റെ നമ്പര്‍ ആണ്. അവന്‍ നിങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തു തരും'. 

എനിക്കിതില്‍ പരം സന്തോഷം ഇല്ല. ഭായ് പറഞ്ഞ വഴിയില്‍ കൂടി മുന്നോട്ടു പോയി.

കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ ആ പയ്യന്‍ എന്നെ ഫോണില്‍ വിളിച്ചു എവിടെ എത്തി എന്ന് ചോദിച്ചു. സ്ഥലം കൃത്യമായി അറിയാത്തതിനാല്‍ ചില അടയാളങ്ങള്‍ പറഞ്ഞു കൊടുത്തു.

എന്നോട് അവിടെ നില്‍ക്കാന്‍ പറഞ്ഞു. അഞ്ചു മിനിറ്റില്‍ അവന്‍ വന്നു. എന്നോട് ബൈക്ക് ഒതുക്കി വെച്ചിട്ട് അവന്റെ പുറകില്‍ കയറാന്‍ പറഞ്ഞു. ഞാനൊന്നു സംശയിച്ചു നിന്നെങ്കിലും 'പേടിക്കണ്ട ഭയ്യാ നമ്മുടെ സ്ഥലം തന്നെയാണ' എന്ന് പറഞ്ഞു.

എതൊക്കെയോ വഴിയില്‍ കൂടി പോയി ഒരിടത്ത് ബൈക്ക് നിര്‍ത്തി. ഇനി കുറച്ചു നടക്കണം-അവന്‍ പറഞ്ഞു. 

കുറച്ചൊന്നുമല്ല നടന്നത്. ഇടക്ക് ഞാന്‍ നിന്ന് കിതച്ചു. മറ്റൊരു ഭാഗത്ത് കൂടി ട്രെക്കിംഗ് നടത്തുന്നവര്‍ കയറി വരുന്നുണ്ടായിരുന്നു. കിതച്ചും നിന്നും ഒരു വിധം കുന്നിന്റെ മുകളില്‍ എത്തി. എന്തൊരു കാഴ്ചയാണ്, ചെമ്പ്ര പീക്കിനോട് സാമ്യമുള്ള തടാകം!

ആ കാഴ്ചയെ വര്‍ണ്ണിക്കാന്‍ ആവില്ല. ഒട്ടും സമയം കളയാതെ ഞങ്ങള്‍ തിരിച്ചിറങ്ങി. ഇറങ്ങുന്ന വഴിക്ക് ആ പയ്യന്‍ നിര്‍ത്താതെ സംസാരിക്കുന്നുണ്ട്. സന്യാസി ആയിരുന്ന പ്രഷാര്‍ ഇവിടെ തപസ്സിരുന്നു എന്നാണ് വിശ്വാസം. ശൈത്യകാലത്ത് ഈ തടാകം മുഴുവന്‍ മഞ്ഞുമൂടും, തിരിച്ചിറങ്ങുമ്പോള്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തെ കുറിച്ചും ഭൂധനക്ഷേത്രത്തെ കുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നു. ബൈക്ക് അവിടെ തന്നെ കാണുമോ എന്ന ചിന്തയിലുള്ള ഞാന്‍ അതിനെല്ലാം വെറുതെ മൂളി.

ഭാഗ്യം, ബൈക്ക് അവിടെത്തന്നെ ഉണ്ട്. ഭായിയുടെ മകന് അഞ്ഞൂറ് രൂപ കൊടുത്ത് അച്ഛന്‍ അറിയണ്ട എന്നും പറഞ്ഞു ഞാന്‍ കുളുവിലേക്ക് യാത്ര തിരിച്ചു. ഇനിയൊരിക്കല്‍ മാണ്ഡിയില്‍ വരണം എന്നും മനസ്സില്‍ കരുതിയിരുന്നു.

മനോഹരമായ സ്ഥലങ്ങള്‍ കടന്നാണ് റോഡ് പോവുന്നത്. ഇടയ്ക്കു ഒരു നീര്‍ച്ചാലും കാണുന്നുണ്ട്. അതാണ് ബിയാസ് നദി. ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ വലിയ ശക്തിയൊന്നുമില്ലതെയാണ് ഒഴുക്ക്. എന്നാല്‍ കുറെ ദൂരം പിന്നിട്ടപ്പോള്‍ വലിയ ഒരു ഡാം കണ്ടു. ബിയാസ് നദിയുടെ ഒഴുക്കിനെ തടസ്സപെടുത്തുന്നത് ഈ ഡാം ആണ്. ബിയാസിനെ മാറ്റി നിര്‍ത്തിയുള്ള ഒരു ചരിത്രവും ഹിമാലയത്തിനു പറയാന്‍ ഉണ്ടാവില്ല. രോഹിത്താങ്ങ് മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ബിയാസ് സിന്ധുനദിയുടെ പ്രധാന പോഷകനദികളില്‍ ഒന്നാണ്. ഏകദേശം 470 കിലോമീറ്റര്‍ ദൂരമാണ് ബിയാസ് ഒഴുകുന്നത്. മഹാഭാരതത്തില്‍ 'വിപാശ' എന്ന പേരിലറിയപെടുന്നതു ബിയാസ് തന്നെയാണ്.

വസിഷ്ഠ മുനി മിത്രസഹനെ ശപിച്ചു. ഇതിനു പകരം വീട്ടാന്‍ വേണ്ടി രാക്ഷസരൂപത്തില്‍ വന്ന മിത്രസഹന്‍ വസിഷ്ഠന്റെ നൂറ്റിയൊന്ന് മക്കളെ കൊന്നു ഭക്ഷിച്ചു. ഇതില്‍ ദുഃഖാര്‍ത്തനായ മുനി സ്വന്തം ശരീരം കയറിനാല്‍ ബന്ധിച്ചു നദിയില്‍ ചാടി. എന്നാല്‍ നദി ജലതരംഗങ്ങള്‍ കൊണ്ട് കയറു തകര്‍ത്തു വസിഷ്ഠനെ രക്ഷിച്ചു എന്നാണ് മഹാഭാരത കഥ. 'പാശം' എന്നതിന് കയര്‍ എന്നാണ് അര്‍ഥം.

ഡാമിന്റെ അടുത്തു ബൈക്ക് ഒതുക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഒരു പട്ടാളക്കാരന്‍ അവിടെ നിര്‍ത്തരുതെന്നു പറഞ്ഞു. ഒരു രണ്ടു മിനിറ്റ് എന്ന് പറഞ്ഞപ്പോഴേക്കും എനിക്ക് അറിയാത്ത ഒരു ഭാഷയില്‍ എന്തോ പറഞ്ഞു. തെറി തന്നെ ആവണം, തെറി ഏതു ഭാഷയില്‍ കേട്ടാലും മനസ്സിലാകുമല്ലോ. ഡാമിനെ ക്രോസ് ചെയ്തു പോകുമ്പോള്‍ കാറില്‍ നിന്നിറങ്ങിയ ഒരു സ്ത്രീ പട്ടാളക്കാരനോട് എന്തോ ചോദിക്കുകയും, ആ സ്ത്രീ ക്യാമറ എടുത്തു ഡാമിന്റെ അടുത്തു പോവുകയും ചെയ്തു. അപ്പോള്‍ അതാണ് കാര്യം. ബൈക്ക് മാത്രമാണ് പ്രശ്‌നം. ഡാമിന്റെ അപ്പുറത്ത് പോയി കുറച്ചു സമയം ഇരുന്നു. ഈ ഡാമാണ് ഹിമാചലിന്റെ റിമോട്ട് വില്ലേജില്‍ വരെ വൈദ്യുതി എത്തിക്കുന്നത്.

മുന്നോട്ടു പോകുന്തോറും ചെങ്കുത്തായ പാറകള്‍ക്കിടയിലൂടെ വെട്ടിയ റോഡിലൂടെയാണ് യാത്ര. താഴെ ബിയാസ് ഒഴുകുന്നു. അപകട സാധ്യത വളരെ കൂടുതല്‍ ആണെങ്കിലും പറയത്തക്ക അപകടങ്ങള്‍ ഇവിടെ നടക്കാറില്ല. ഗ്ലൗസിട്ടതു കാരണം കൈക്ക് വല്ലാത്ത അസ്വസ്ഥത. ഒരു കടയില്‍ കയറി ചായകുടിച്ചു സിഗരറ്റും വലിച്ചിരിക്കുമ്പോയാണ് ആരോ ഡ്രമ്മില്‍ അടിക്കുന്ന ശബ്ദം കേള്‍ക്കുന്നത്. ബിയാസ്സിന്റെ മറുകരയില്‍ ഉള്ള അമ്പലത്തില്‍ നിന്നുള്ള സംഘമാണ്. ഹനുമാന്‍ ആണെന്ന് തോന്നുന്നു പ്രതിഷ്ഠ. അല്ലെങ്കില്‍ എനിക്ക് പരിചയമില്ലാത്ത മറ്റൊരു കഥാപാത്രം. സംഭാവനാപിരിവും ഉണ്ട്. അമ്പലവുമായി യോജിപ്പിച്ച് കൊണ്ട് ഒരു മനോഹരമയ തൂക്കുപാലവും ഉണ്ട്. ഇത്രയും വലിയ ഒരു സംഘം നടക്കുന്നത് കാരണം പാലം ഉലയുന്നുണ്ട്. എന്നാല്‍ അതിന്റെ ഒരു പ്രശ്‌നവും ആര്‍ക്കുമില്ല.

യാത്രാമദ്ധ്യേ ഇടക്കും തലക്കും കൊടികള്‍ പാറിച്ചുകൊണ്ടു ബൈക്കുകള്‍ പോവുന്നുണ്ട്. ആദ്യം കരുതിയത് ലേയിലേക്കുള്ളവര്‍ ആണെന്നാണ്. എന്നാല്‍ പിന്നീട് വഴിവക്കില്‍ നിര്‍ത്തിയിട്ട ചില ബൈക്കുകാര്‍ ആണ് പറഞ്ഞതു ഞങ്ങള്‍ തീര്‍ത്ഥാടകര്‍ ആണെന്നും മണിക്കിരണിലേക്ക് പോവുകയാണെന്നും.' മണിക്കിരണ്‍' ഈ പേര് ആദ്യമായി കേള്‍ക്കുന്നത് രബിയുടെ നാവില്‍ നിന്നാണ്.

പല കുറി രബി എന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഗുരുദ്വാരയില്‍ പ്രത്യേകിച്ചു എന്തുണ്ടാവാനാ എന്ന ധാരണയില്‍ അതൊക്കെ വേണ്ടെന്നു വെക്കുകയായിരുന്നു. ഈ മണിക്കിരണ്‍ ഇത്ര വലിയ സംഗതിയാണോ ?. മണിക്കിരണെക്കുറിച്ചാലോചിച്ച ഞാന്‍ മുമ്പിലുള്ള തുരങ്കം ഒരു നിമിഷത്തില്‍ വിട്ടുപോയി.പെട്ടെന്ന് ബ്രേക്ക് ചെയ്തത് കാരണം പുറകിലുള്ള കാര്‍ ടയര്‍ ഉരച്ചുകൊണ്ട് നിര്‍ത്തി. എന്നെ രൂക്ഷമായി നോക്കികൊണ്ട് അതിന്റെ ഡ്രൈവര്‍ തുരങ്കത്തിലേക്ക് കയറി.

തുടരും)

 

ആദ്യ ഭാഗം: നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!

രണ്ടാം ഭാഗം: ഗാന്ധിയിലേക്കുള്ള ദൂരം

മൂന്നാം ഭാഗം: നാഗ്പൂരിലെ ചുവന്ന തെരുവ്!​

നാലാം ഭാഗം:  നിലമ്പൂര്‍ രാജ്യത്തുനിന്നും അക്ബറിന്റെ രാജധാനിയിലേക്ക് ഒരു സഞ്ചാരി!​

അഞ്ചാം ഭാഗം: അറിയാത്ത താജ്മഹല്‍!

ആറാം ഭാഗം: അത് അവളുടെ കൈകള്‍ തന്നെ!

 
Follow Us:
Download App:
  • android
  • ios