Asianet News MalayalamAsianet News Malayalam

കല്ലു കൊണ്ടൊരു കടല്‍...

ഷെരീഫ് ചുങ്കത്തറ എഴുതുന്നു

 

Shereef Chungathara column on Hampi

കല്ലുകള്‍ തീര്‍ത്ത ഒരു സാഗരമാണ് എന്റെ മുന്‍പില്‍. ശില്‍പ്പമായും ശിലയായും അതിങ്ങനെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. കല്ലുകള്‍ക്ക് പോലും എന്തെല്ലാം   ഭാവങ്ങള്‍, രൂപങ്ങള്‍. കല്ലില്‍ തീര്‍ത്ത ഒരു മഹാകാവ്യം തന്നെയാണ് ഹംപി. ഈ കല്ലുകളിലാണ് ഹംപിയുടെ ചരിത്രം ഒരിക്കല്‍ ഉളികൊണ്ട് എഴുതിയത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരുടെ സ്വപ്നങ്ങള്‍ കേട്ട ശില്‍പ്പികള്‍ ഈ വലിയ നഗരം ഉണ്ടാക്കിയത് കല്ലില്‍ നിന്നാണ്. ദൈവവും വിശ്വകര്‍മ്മാവിന്റെ പിന്‍ഗാമികളായ ശില്‍പ്പികളും തമ്മിലുള്ള ഒരു മത്സരമായിരിക്കണം ഇവി ടെ കാണുന്ന ഈ നിര്‍മ്മി തികള്‍. കല്ലില്‍ നിന്നും അവര്‍ മഹാക്ഷേത്രങ്ങളെ വേര്‍തിരിച്ചെടുത്തു. ആകാശത്തിനു നേരെ ക്ഷേത്രഗോപുരങ്ങള്‍ പണിഞ്ഞു, സപ്തസ്വരങ്ങള്‍ മുഴക്കുന്ന സ്തൂപങ്ങളും നൂറുകാല്‍ മണ്ഡപങ്ങളും ഉണ്ടാക്കി.

Shereef Chungathara column on Hampi

ബാഗ്ലൂര്‍ സെന്‍ട്രലില്‍ ഓടിക്കിതച്ചെത്തുമ്പോള്‍ ഹംപി എക്‌സ്പ്രസ് കിട്ടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഭാഗ്യത്തിനത് നീങ്ങിതുടങ്ങിയിരുന്നില്ല, 'കയറാനുള്ളവര്‍കയറിക്കോ ഞാനിപ്പോ പോകും' എന്ന് പറയുമ്പോലെ ഉച്ചത്തില്‍ കൂകിവിളിക്കുന്നുണ്ടായിരുന്നു ഹംപിയിലേക്കുള്ള ട്രെയിന്‍. വാതിലില്‍ സംഭ്രമിച്ച മുഖത്തോടെ അവള്‍. പതിവിനു വിപരീതമായി കന്നഡയിലെ പിറുക്കലിന് പകരം ഇംഗ്‌ളീഷിലെ ശകാരം. അതേതായാലും നന്നായി. അതാകുമ്പോള്‍ കേള്‍ക്കാനും ഒരു സുഖമുണ്ട്. സത്യം പറഞ്ഞാല്‍ മനപൂര്‍വം വൈകിയതല്ല ഇവിടുത്തെ തിരക്കില്‍ നിന്നും എത്തപ്പെടണ്ടേ, അതും അലസമായി കാര്യങ്ങള്‍ ചെയ്യുന്ന ഞാന്‍. കൂട്ടുകാരിയുമായുള്ള ഒരു വര്‍ഷത്തെ സഹവാസത്തിന്റെ തുടര്‍ച്ചയാണ് ഈ ഹംപി യാത്ര. ഒരു പക്ഷേ ഇത് അവളുടെ നാട്ടിലേക്കുള്ള യാത്രയും കൂടിയാണ്. ഹംപിക്കടുത്ത കമലാപുരയില്‍ നിന്നാണ് അവള്‍ വരുന്നത്. ഈ ഒരു രാത്രിയും കൂടി  എത്തുന്നത്  ഹംപിയിലേക്കാണ്, കൃത്യമായി പറഞ്ഞാല്‍ ഹോസ്‌പേട്ട് സ്‌റ്റേഷനില്‍.

ഷോപ്പിംഗ് മാളുകളും, മെട്രോയും, മള്‍ട്ടിപ്ലക്‌സുകളും നിറഞ്ഞ ഒരു വലിയ നഗരത്തില്‍ നിന്നാണ് സമയം എന്നോ നിശ്ചലമാക്കിയ  മറ്റൊരു മഹാനഗരത്തിന്റെ ശേഷിപ്പുകളിലേക്ക് ഈ ട്രെയിന്‍ നീങ്ങുന്നത്.

ഹോസ്‌പേട്ട് സ്റ്റേഷനില്‍ ഞങ്ങളെയും കാത്ത് ആ പെണ്‍കുട്ടി ഉണ്ടായിരുന്നു. ജീന്‍സും ടോപ്പും ധരിച്ച, എപ്പോഴും ചിരിക്കുന്ന അനു. അവളുടെ അനിയത്തി. പതിമൂന്നു കിലോമീറ്റര്‍ ദൂരെയാണ് ഹംപി. കമലാപുരയില്‍ നിന്നും അവള്‍ വീട്ടിലേക്കും ഞാനും അനുവും  ഹംപിയിലേക്കും പോയി. കമലാപുര വലിയ ഒരു പട്ടണമൊന്നുമല്ല. ചില നല്ല ഹോട്ടലുകള്‍ ഉണ്ടെങ്കിലും കാളവണ്ടികള്‍ നിറഞ്ഞ തെരുവുകള്‍ സൂചിപ്പിക്കുന്നത് വികസനം ഇനിയും എത്തിയിട്ടില്ല എന്നാണ്.

Shereef Chungathara column on Hampi

കല്ലുകള്‍ തീര്‍ത്ത ഒരു സാഗരമാണ് എന്റെ മുന്‍പില്‍. ശില്‍പ്പമായും ശിലയായും അതിങ്ങനെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. കല്ലുകള്‍ക്ക് പോലും എന്തെല്ലാം   ഭാവങ്ങള്‍, രൂപങ്ങള്‍. കല്ലില്‍ തീര്‍ത്ത ഒരു മഹാകാവ്യം തന്നെയാണ് ഹംപി. ഈ കല്ലുകളിലാണ് ഹംപിയുടെ ചരിത്രം ഒരിക്കല്‍ ഉളികൊണ്ട് എഴുതിയത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരുടെ സ്വപ്നങ്ങള്‍ കേട്ട ശില്‍പ്പികള്‍ ഈ വലിയ നഗരം ഉണ്ടാക്കിയത് കല്ലില്‍ നിന്നാണ്. ദൈവവും വിശ്വകര്‍മ്മാവിന്റെ പിന്‍ഗാമികളായ ശില്‍പ്പികളും തമ്മിലുള്ള ഒരു മത്സരമായിരിക്കണം ഇവി ടെ കാണുന്ന ഈ നിര്‍മ്മി തികള്‍. കല്ലില്‍ നിന്നും അവര്‍ മഹാക്ഷേത്രങ്ങളെ വേര്‍തിരിച്ചെടുത്തു. ആകാശത്തിനു നേരെ ക്ഷേത്രഗോപുരങ്ങള്‍ പണിഞ്ഞു, സപ്തസ്വരങ്ങള്‍ മുഴക്കുന്ന സ്തൂപങ്ങളും നൂറുകാല്‍ മണ്ഡപങ്ങളും ഉണ്ടാക്കി.

വിരൂപാക്ഷാ ക്ഷേത്രത്തിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ പോര്‍ച്ചുഗീസ് സഞ്ചാരി ഡോമിണോ പയസ്സിന്റെ കുറിപ്പ് ഞാന്‍ ഓര്‍ത്തെടുത്തു.

'ഇതാ ഒരു നഗരം, പാരീസിനേക്കാളും റോമിനേക്കാളും, ലിസ്ബനെക്കാളും വലുത്. ലോകത്തിലെ ഏറ്റവും ജീവിതയോഗ്യാമായ നഗരം'

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഇരുപതില്‍ താഴെ മാത്രമേ ഒള്ളൂ.

കാണുന്ന വിദേശികളെയെല്ലാം വിഷ് ചെയ്താണ് അനു നടക്കുന്നത്. വീരൂപാക്ഷാ ക്ഷേത്രത്തില്‍ മാത്രമാണ് പൂജയും പ്രതിഷ്ഠയും ഉള്ളത്. ക്ഷേത്ര ചുവരുകളില്‍  നര്‍ത്തകിമാരുടെ ചിത്രങ്ങളുണ്ട്, സംഗീതജ്ഞരുടെ, മറ്റു വിനോദങ്ങളുടെ എല്ലാം രൂപങ്ങള്‍. കൂട്ടത്തില്‍ തെന്നാലിരാമന്‍േറത് എന്ന് തോന്നിക്കുന്ന ഒരു രൂപവും. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അനു പറഞ്ഞു,

'ഹംപിയിലെ സ്ത്രീകള്‍ക്ക് ഒരു വിശ്വാസമുണ്ട്. വിരൂപാക്ഷ ക്ഷേത്രത്തില്‍ വരുന്നുണ്ടെങ്കില്‍ അത് വിവാഹത്തിനു മുന്‍പാകണം. വിവാഹത്തിനു ശേഷം വന്നാല്‍ വിവാഹമോചനം ഉണ്ടാകും'

ഡല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് കാംപില രാജ്യവും തൊട്ടടുത്ത രാജ്യമായ അനെഗുണ്ടയും ആക്രമിച്ചു കീഴടക്കി. തുടര്‍ന്ന് ഈ രാജ്യം കാംപിലയിലെ സൈന്യാധിപനായ സംഗമനും അഞ്ചുമക്കള്‍ക്കും വിട്ടുകൊടുത്തു. ഈ പരമ്പരയിലെ ഹരിഹര ഒന്നാമനും ബുക്കരായനുമാണ് വിജയനഗരസാമ്രാജ്യത്തിന്  അടിത്തറ പാകിയത്. ഹംപി നാടോടിക്കഥകളില്‍ പറയുന്ന ഹക്കയും ബുക്കയും ഇവര്‍ തന്നെയാണ്. ഒരിക്കല്‍ തുംഗഭദ്രയുടെ തീരത്ത് വേട്ടക്കിറങ്ങിയ ഹക്കയും ബുക്കയും ഒരു കാഴ്ച കണ്ടു. വേട്ടപ്പട്ടികള്‍ ഓടിച്ച ഒരു മുയല്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ തിരിച്ചു വേട്ടപട്ടികളെ നേരിട്ടു, ഇത് കണ്ട സഹോദരങ്ങള്‍ രാജഗുരുവുമായി ആലോചിച്ച് രാജ്യ ആസ്ഥാനം ഹംപി ആക്കുകയായിരുന്നു. ഒരു ഭാഗത്ത് തുംഗഭദ്ര നദിയാലും  മറ്റു മൂന്നു ഭാഗം വന്‍ മലനിരകളാലും ചുറ്റപ്പെട്ടതിനാല്‍ അന്യശക്തികളുടെ ആക്രമണം ഉണ്ടാവില്ല എന്നും ഉറപ്പിച്ചു.അവിടുന്ന് തുടങ്ങിയ വിജയനഗരസാമ്രാജ്യത്തന്റെ പടയോട്ടം തെക്കേ ഇന്ത്യയും കടന്നു ഡല്‍ഹി വരെയെത്തി.

ഇരുന്നൂറ്റി മുപ്പതുവര്‍ഷം ഭരിച്ച വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്നു കൃഷണദേവരായര്‍. 45 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന അദ്ദേഹമാണ് ഹംപിയെ ഒരു ലോകോത്തര നഗരമാക്കി മാറ്റിയത്. വിജയനഗര സാമ്രാജ്യം യുദ്ധങ്ങള്‍ക്കപ്പുറം കലകള്‍ക്ക് കൂടി പ്രാധാന്യം കൊടുത്തിരുന്നു. തെന്നാലിരാമനെ പോലെയുള്ള പണ്ഡിതരും, സംഗീത-നാട്യ പ്രാവീണ്യമുള്ളവരുമായിരുന്നു കൃഷണദേവരായരുടെ കൊട്ടാരസദസ്സിനെ അലങ്കരിച്ചിരുന്നിരുന്നത് .  രാജ്യത്തിന്റെ വാതിലുകള്‍ അദ്ദേഹം വിദേശ സഞ്ചാരികള്‍ക്കായി തുറന്നു വെച്ചു, പോര്‍ച്ചുഗീസ് സഞ്ചാരികളുമായുള്ള ബന്ധം രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഉപയോഗിച്ചു.

കൃഷണദേവരായര്‍ക്ക് ശേഷം ഭരണം ഏറ്റെടുത്ത ആച്യുതരായര്‍ക്കു മുന്‍ഗാമികളെ പോലെ മികച്ച രീതിയില്‍ ഭരിക്കാന്‍ കഴിഞ്ഞില്ല. രാജകുടുബത്തിലെ അന്ത:ഛിദ്രങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള ആക്രമണങ്ങളും വിജയനഗരസാമ്രാജ്യത്തെ ക്ഷയിപ്പിച്ചുകൊണ്ടിരുന്നു. തന്ത്രപ്രധാന കാരണങ്ങളാല്‍ ഹംപിയെ തലസ്ഥാനം ആക്കിയപ്പോള്‍, കോട്ടമതില്‍ പോലെ പ്രവര്‍ത്തിച്ച കുന്നുകള്‍ താണ്ടി ശത്രുക്കള്‍ വരില്ലെന്ന് കരുതിയെങ്കിലും വിജയനഗര സാമ്രാജ്യത്തിലെ സമ്പന്നത ആഗ്രഹിച്ചവര്‍ ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്തിന്റെ വേരുകള്‍ ഇളകി. ഹംപിക്കടുത്ത്  തളിക്കോട്ടയില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ വിജയനഗരസാമ്രാജ്യം അപ്പാടെ തുടച്ചു നീക്കപ്പെട്ടു.

അതുകൊണ്ടാണ് തോറ്റുകൊടുക്കാന്‍ കൂട്ടാക്കാത്ത കരിങ്കല്ലുകള്‍ ദേഹി നഷ്ടമായിട്ടും  ദേഹത്തോടെ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.

ഹംപിയിലേക്ക് ഇരച്ചു കയറിയ ഡക്കാന്‍ സുല്‍ത്താനെറ്റിലെ സൈനികര്‍ കണ്ണില്‍ കണ്ടെതല്ലാം മോഷ്ടിച്ചു. നിധി ഉണ്ടാവും എന്ന ധാരണയില്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. രത്‌നങ്ങള്‍ കോര്‍ത്ത മാലകള്‍ കൊണ്ട് അലങ്കരിച്ച ക്ഷേത്രങ്ങള്‍ തകര്‍ത്തു. ശില്‍പങ്ങളില്‍ എഴുന്നേറ്റു നിന്ന സകലതും തവിട് പൊടിയാക്കി. സാലഭഞ്ജി കമാരുടെ സ്തനങ്ങളും ആനകളുടെ തുമ്പികൈകളും നശിപ്പിച്ചു വികൃതമാക്കി. ആറുമാസത്തോളം ശ്രമിച്ചിട്ടും ഹംപിയെ പൂര്‍ണമായും തകര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കല്ലില്‍ നിര്‍മ്മിക്കാനെടുത്ത അത്ര തന്നെ സമയവും നശിപ്പിക്കാനും എടുക്കുമല്ലോ. അതുകൊണ്ടാണ് തോറ്റുകൊടുക്കാന്‍ കൂട്ടാക്കാത്ത കരിങ്കല്ലുകള്‍ ദേഹി നഷ്ടമായിട്ടും  ദേഹത്തോടെ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.

'അപ്പോള്‍ ഇവിടെയുള്ള ജനങ്ങളോ?' എന്ന എന്റെ ചോദ്യത്തിന് 'കുറേപ്പേരെ കൊന്നുകളഞ്ഞു, ബാക്കിവന്നവര്‍ രക്ഷപെട്ടു' എന്നായിരുന്നു അനുവിന്റെ മറുപടി. ഹംപി എന്നത് പൂര്‍ണമായും അറിയുന്ന ഒരാളാണ് അനു. പതിവ് കൃത്രിമത്വത്തിനും,കേവല നിര്‍വികാരതയ്ക്കുമപ്പുറം  ഹംപിയെക്കുറിച്ച് പറയാന്‍ അനുവിന് സാധിക്കുന്നതിന്റെ കാരണം ഹംപി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥി ആയതുകൊണ്ടാണ്.

ആറുമാസം കൊണ്ടാണോ ഹംപിയെ തകര്‍ത്തത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് അനു മറുപടി പറഞ്ഞത്.

നാശത്തിനു രേഖകളില്ല, അടയാളങ്ങളെ ഉള്ളൂ. നമ്മള്‍ ഈ കാണുന്ന അടയാളങ്ങള്‍.

ഓരോ ക്ഷേത്രത്തിനു ചുറ്റുമായാണ് ബാസാറുകള്‍ രൂപപ്പെട്ടിരുന്നത്. വിരൂപാക്ഷാ ക്ഷേത്രത്തിനോട്  ചേര്‍ന്ന് ഒരു ബാസാര്‍ ഉണ്ട്. അത് അവസാനിക്കുന്നത് മാതംഗമലയുടെ താഴ് വാരത്താണ്. അവിടെ നന്ദിയുടെ കൂറ്റന്‍ ഒരു ശില്പമുണ്ട്. മിത്തുകളുടെ, ഐതിഹ്യങ്ങളുടെ, നാടോടിക്കഥകളുടെ ഒരു കേന്ദ്രം കൂടിയാണ് ഹംപി. ഹംപി എന്ന പേരിന്റെ ഉത്ഭവം പമ്പ എന്ന പുണ്യനദിയുമായി ബന്ധപ്പെട്ടാണെന്ന് കരുതുന്നു. തുംഗഭദ്രയുടെ പൗരാണികനാമ മാണ് പമ്പ. ദക്ഷപുത്രിയായ സതീദേവിയുടെ മരണത്തില്‍ കോപിഷ്ഠനായ ശിവന്‍ ഹംപിയിലെ ഹേമഗുടാ കുന്നില്‍ കഠിന തപസ്സാരംഭിച്ചു. തപസ്സിളക്കാന്‍ ശ്രമിച്ച കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കുകയും ബ്രഹ്മാവിന്റെ മാനസപുത്രിയായ പമ്പാദേവിയെ വിവാഹം കഴിച്ചു ഇവിടെ ജീവിക്കുകയും ചെയ്തു എന്നുമാണ്  ഐതിഹ്യം. ശിവവാഹനമായ നന്ദി ഒരു പക്ഷേ ആ ഐതിഹ്യത്തിനു ബലം നല്‍കുമായിരിക്കും. നന്ദിക്ക് ഇവിടെ പറയുന്ന പേര് യെദരു ബസവണ്ണ എന്നാണ്.

ഇവിടെ നിന്നും കുത്തനെ മലകയറിയാല്‍ മാതംഗമലയിലെത്താം. അനുവിന്റെ ടുവീലറില്‍ പിന്നീട് അവിടെ പോകാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ വിട്ഠല ക്ഷേത്രത്തിലെത്തി. മേയ് മാസത്തിലെ ചൂട്മുഴുവന്‍  കണ്ണിലും കാലിലും കത്തുന്നുണ്ട്. ഒരു പക്ഷേ ഇങ്ങനെ വിഷമകരമായ ഒരു ചരിത്രനിര്‍മ്മിതി കാണേണ്ടത് ദയാവായ്പില്ലാത്ത ചൂടില്‍തന്നെയാവണം. ഹംപിയിലെ  ശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് വിട്ഠലക്ഷേത്രം.  വിജയനഗര സാമ്രാജ്യത്തിന്റെ ആരംഭത്തില്‍ത്തന്നെ നിര്‍മ്മാണം ആരംഭിച്ചിരുന്നുവെങ്കിലും കൃഷണദേവരായരുടെ കാലത്താണ് ഇതൊരു പൂര്‍ണ ശില്‍പനിര്‍മ്മിതിയായി മാറിയത്. തളിക്കോട്ടയുദ്ധാനന്തരം നിധിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഗോപുരത്തിലെ അലങ്കാരപണികള്‍ മാത്രമാണ് നശിച്ചത്.

Shereef Chungathara column on Hampi

ക്ഷേത്രത്തിനകത്തു ചെന്നാല്‍ ശില്‍പചാരുതയുടെ അപാരത കാണാം. വലുതായി സങ്കല്‍പ്പിക്കുന്ന ഒരു രാജാവിന്റെയും ആ സങ്കല്‍പങ്ങളെ ഒരു പ്രാര്‍ത്ഥന പോലെ കരിങ്കല്ലില്‍ നിന്നും ഇങ്ങനെയൊരു ക്ഷേത്രം കൊത്തിയുണ്ടാക്കിയ ശില്‍പ്പികളുടെയും ധ്യാനമാണ് വിട്ഠലക്ഷേത്രം. പക്ഷേ ജീവനില്ല. ജീവനുണ്ടാകണമെങ്കില്‍ പ്രതിഷ്ഠയും പൂജയും വേണം. ജീവനില്ലാത്ത ക്ഷേത്രം എന്തൊരു ദയനീയ കാഴ്ചയാണ്. ക്ഷേത്രത്തിലെ വിസ്മയകരമായ കാഴ്ച 22 അടിയുള്ള കല്‍രഥമാണ്. ഒറ്റക്ക ല്ലില്‍ തീര്‍ത്ത ഈ രഥം തന്നെയാണ് ഇന്ന് കര്‍ണാടക ടൂറിസത്തിന്റെ മുഖമുദ്ര. വാസ്തുശില്‍പവിദ്യയുടെ അവസാനവാക്കെന്നു വേണമെങ്കില്‍ ഈ ക്ഷേത്രസമുച്ചയത്തെ വിളിക്കാം. സംഗീതം പൊഴിക്കുന്ന കല്‍തൂണ്‍, ആയിരംകല്‍ മണ്ഡ പം എല്ലാം ഇവിടെയാണ്. തൂണില്‍ നിന്നും സപ്തസ്വരങ്ങള്‍ കേള്‍ക്കുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ കത്തുന്ന ചൂടില്‍ അങ്ങനെയൊരു ശ്രമത്തിനു ഞാന്‍ മുതിര്‍ന്നില്ല.

വിട്ഠല ക്ഷേത്രത്തിനു ചുറ്റും ഒരു മാര്‍ക്കറ്റ് രൂപപ്പെ ട്ടിട്ടുണ്ട്. വിശാലമായ തെരുവുപാതകള്‍. ഒരിക്കല്‍ ഇവിടം ലോകത്തിന്റെ മുന്നില്‍ സമ്പന്നതയില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നിരുന്നു. അക്കാലത്തെ സഞ്ചാരികളെ അന്ധാളിപ്പിക്കാന്‍ മാത്രം മികച്ച രൂപകല്പനയില്‍ അഞ്ചുലക്ഷം വരുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു.ഈ തെരുവുകളില്‍ ലഭിക്കാത്തതായി ഒന്നും തന്നെ  ഉണ്ടായിരുന്നില്ല. രത്‌നങ്ങളും, വജ്രങ്ങളും തുടങ്ങി ഇറക്കുമതി ചെയ്ത കുതിരകള്‍ വരെ ഇവിടെ ലഭ്യമായിരുന്നു.ഇതൊക്കെ കണ്ടിട്ടാണ് പേര്‍ഷ്യന്‍ വ്യാപാരിയായ അബ്ദുല്‍ റസാക്ക് ഇങ്ങനെ കുറിച്ചത്,

'ഈ നഗരം പോലെ മറ്റൊന്ന് നിങ്ങളുടെ കണ്ണില്‍ കാണാന്‍ കഴിയില്ല, കാതുകൊണ്ട് കേള്‍ക്കാനും'

ആ തെരുവുകളാണ് ആളറ്റ്  ആശയറ്റ്  നില്‍ക്കുന്നത്. പണ്ടെന്നോ ഇവടെ അനേകം  കടകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുവാന്‍കഴിയുന്നത് കുറെ കല്ലതിരുകള്‍ ഉണ്ടെന്നത് കൊണ്ടാണ്.

ജീവവായൂ നിഷേധിക്കപെട്ട് ഹംപി പതിറ്റാണ്ടുകള്‍ ആളൊഴിഞ്ഞു കിടന്നു. പിന്നീടു വന്ന ഒരു ഭരണാധികാരിയും ഹംപിയുടെ ഭൂതകാലശോഭ തിരയാന്‍ മെനക്കെ ട്ടില്ല, അവരതില്‍ ഒരു ലാഭവും കണ്ടില്ല. കല്‍കൂമ്പാരത്തില്‍ മൂടപ്പെട്ട ഒരു ജനതയുടെ ആത്മസാക്ഷാത്കാരത്തെ  അവര്‍ക്ക് മനസിലാകുമായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോളിന്‍ മെക്കന്‍സിയാണ് ഹംപിയുടെ സര്‍വേ മാപ്പ് ഉണ്ടാക്കുന്നത്. പിന്നീടു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ലോക ആര്‍ക്കിയോലജിസ്്റ്റുകള്‍ ഹംപിയെ ശ്രദ്ധിക്കുന്നത്. പക്ഷേ ഒരു ഗവേഷണം നടക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. നമ്മുടെ മുന്‍പില്‍ ഉള്ള ചരിത്രനിര്‍മിതികള്‍ മണ്ണടരുകളില്‍ നിന്നും മുഖംനീക്കിയിട്ട് കഷ്ടിച്ച് അര നൂറ്റാണ്ട് ആകുന്നതെ ഉള്ളൂ. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഹംപിയിലെ 121പ്രധാന ശേഷിപ്പുകള്‍ ഉള്ളത്.

ദൂരെ വട്ടത്തോണിയില്‍ തുംഗഭദ്ര മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ഒരു സംഘം ഉണ്ട്.  ഹംപിയില്‍ താമസസൗകര്യം വളരെ കുറവാണ്. എന്നാല്‍ തുംഗഭദ്ര കടന്ന് അക്കരെ പോയാല്‍ കോട്ടേജുകള്‍ ഉണ്ട്. വിദേശികള്‍ കൂടുതലും അവിടെയാണ് താമസിക്കുക 

ഹംപിയുടെ ശേഷിപ്പുകളില്‍ സഞ്ചാരികള്‍ ഏറ്റവും കുറഞ്ഞു കണ്ടത് അച്യുതരായ ക്ഷേത്രത്തിലാണ്. വിസ്തൃതിയുടെ ഏകാന്തതയില്‍ ഞാനും അനുവും മാത്രം. ദൈവവും കാലവുമൊഴിയുമ്പോള്‍ ആളുകളൊഴിയാതെങ്ങനെ? അതിഗംഭീരമായ ക്ഷേത്രഗോപുരങ്ങളും, നൂറുകല്‍മണ്ഡപവും ഉണ്ടിവിടെ. ചുമരുകളില്‍ നിറയെ ആനകളാണ്. മരംപിടിക്കുന്ന, മദംകൊള്ളുന്ന, ആളെകൊല്ലുന്ന ആനകള്‍. തൂണുകളില്‍ ദീപാവാഹകരായ സാലഭഞ്ജി കമാര്‍ കണ്‍ചിമ്മിയുറങ്ങുന്നു. ചിത്രങ്ങളാല്‍  അലംകൃതമാകാത്ത ഒരു ചുമരോ, തൂണോ ഉണ്ടാവരുതെന്ന ഏതോ ശില്‍പിയുടെ കരവിരുത്.

റോയല്‍ എന്‍ക്ലോഷര്‍ എന്ന് വിളിക്കുന്ന രാജകീയ ചത്വരത്തിലെ  മഹാനവമി ദിബ്ബയില്‍ കയറി ഞാനൊന്നു ചുറ്റും നോക്കി. ഇവിടെ നിന്നാണ് വിജയനഗരസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ദാസറ കണ്ടിരുന്നത്. കൃഷണദേവരായര്‍ ഉദയഗിരി കീഴടക്കിയതിന്റെ സ്മാരകമായാണ് മഹാനവമി ദിബ്ബ പണിതുയര്‍ത്തിയത്. നാല് തട്ടുകളിലായി ഏകദേശം മുപ്പതടി ഉയരത്തിലാണ് ഇത് നില്‍ക്കുന്നത്. മഹാനവമി ദിബ്ബയില്‍ നിറയെ ശില്‍പങ്ങളാണ്. സ്വദേശ ശില്പങ്ങള്‍ മാത്രമല്ല വിദേശ രാജ്യങ്ങളുടെ ശില്പങ്ങള്‍ വരെ. ഒട്ടകപ്പുറത്ത് നീങ്ങുന്ന അറബികളുടെ ചിത്രങ്ങളൊക്കെ വിജയനഗരസാമ്രാജ്യവിദേശബന്ധങ്ങളുടെ തെളിവാണ്.

ഹംപിയിലെ എല്ലാം തികഞ്ഞ ഇടമാണ് രാജകീയ ചത്വരം. 43 ശേഷിപ്പുകള്‍ ഇന്ന് ഈ ചത്വരത്തിന്റെ ഭാഗമാണ്. മഹാനവമി ദിബ്ബക്ക് രണ്ടു പടികെട്ടുകള്‍ ഉണ്ട്. പിറകിലെ പടികള്‍ വഴിയാണ് അന്തപുരവാസികള്‍ വന്നിരുന്നത് , യുദ്ധം കഴിഞ്ഞോ ദൂരയാത്ര കഴിഞ്ഞോ വരുന്ന രാജാവ് ദിബ്ബയില്‍ കയറുന്നത് മുന്‍പിലെ പടികള്‍ വഴിയും.

തിരിച്ചു പോകുമ്പോള്‍ കല്ലില്‍ ഉരയുന്ന ആയിരം ഉളികളുടെ ശബ്ദത്തിനു ഞാന്‍ കാതോര്‍ത്തു

ദിബ്ബയില്‍ നിന്നിറങ്ങി മുന്നോട്ടു നടക്കുന്ന ഭാഗത്താണ് ജലസംഭരണികളും അന്തപ്പുരവാസികള്‍ക്കുള്ള സ്‌നാനഘട്ടവും ഉള്ളത്. മനോഹരമായ ഒരു പടികിണറും ഇവിടെയുണ്ട്. പുഷ്‌കരണി എന്ന് വിളിക്കുന്ന പടികിണര്‍ പൂജകളുമായി ബന്ധപ്പെട്ട ആവിശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ഹംപിയിലെ ജലസംവിധാനങ്ങള്‍ മികച്ചതായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. കാരണം തുംഗഭദ്രയില്‍ നിന്നും കനാലുകള്‍ വഴി എല്ലായിടത്തേക്കും ജലം എത്തിച്ചിരുന്നു. നഗരത്തില്‍ ഉണ്ടായിരുന്ന നിരവധി കുളങ്ങളില്‍ ഇങ്ങനെ വെള്ളം ശേഖരിച്ചിരുന്നു. ഒരു പക്ഷേ തുംഗഭദ്രയില്‍ എല്ലായ്‌പ്പോയും വെള്ളം ഉണ്ടായികൊള്ളണ മെന്നില്ല.

കൊട്ടാരകെട്ടുകള്‍ക്കപ്പുറത്ത് ആനപ്പന്തിയുടെ ശേഷിപ്പുകള്‍. വിജയനഗരസാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പതിനാലു ആനപ്പന്തികള്‍ ഉണ്ടായിരുന്നു എന്നാണു കരുതുന്നത്. ആനകളുടെ ശില്പങ്ങള്‍ തുമ്പികൈ നശിപ്പിച്ചു വികൃതമാക്കിയിരിക്കുന്നു. തളിക്കോട്ടയുദ്ധത്തില്‍ പരാജയം മണത്ത രാജാവ്  1500 ആനകളില്‍ വിലപിടിച്ച ധനങ്ങള്‍ കൊണ്ട്‌പോയി എന്നാണ് കരുതുന്നത്.

ഇരുള്‍വീണു തുടങ്ങിയിരിക്കുന്നു. ഹംപിയെന്ന വിജയനഗരസാമ്രജ്യത്തിന്റെ ശേഷിപ്പുകളുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് കണ്ടത്. രാമായണത്തില്‍ പരാമര്‍ശിക്കുന്ന കിഷ്‌കിന്ധ ഇവിടെയാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അതെല്ലാം കണ്ടു തീരണമെങ്കില്‍ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണം. അതിനിനി മറ്റൊരു ദിവസം വന്നെ തീരൂ.

അനുവിന്റെ  കൂടെ തിരിച്ചു പോകുമ്പോള്‍ കല്ലില്‍ ഉരയുന്ന ആയിരം ഉളികളുടെ ശബ്ദത്തിനു ഞാന്‍ കാതോര്‍ത്തു, ഈ ശേഷിപ്പുകളില്‍ നിന്നും കൊട്ടാരങ്ങളുണ്ടാക്കാന്‍, ക്ഷേത്രങ്ങളുണ്ടാക്കാന്‍, തെരുവുകളും ജനപഥങ്ങളുമുണ്ടാക്കാന്‍, ആരവങ്ങളും ആള്‍തിരക്കും ഉണ്ടാക്കാന്‍, ഒരു മഹാനഗരം തന്നെയുണ്ടാകാന്‍ നമുക്ക് സാധിക്കുമോ ?

Follow Us:
Download App:
  • android
  • ios