Asianet News MalayalamAsianet News Malayalam

നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!

Shereef Chungathara column on north east trip
Author
Thiruvananthapuram, First Published May 10, 2017, 8:10 AM IST

Shereef Chungathara column on north east trip

യാത്രകളെ എന്ന് മുതലാണ് പ്രണയിച്ചു തുടങ്ങിയതെന്ന് ഓര്‍മ്മയില്ല. യാത്ര എന്ന് തന്നെ വേണം പറയാന്‍, കാരണം ഞാനൊരിക്കലും ഒരു ടൂറിസ്റ്റ് ആയിരുന്നില്ല..എവിടെ ചെന്നാലും പൊതുഗതാഗതവും തെരുവുകളും ആയിരുന്നു ഞാനിഷ്ടപ്പെട്ടിരുന്നത്. പരമ്പരാഗത ഭക്ഷണം കഴിക്കുന്നതിനോടൊപ്പം പോക്കറ്റ് കാലിയാവില്ല എന്നൊരു മെച്ചം കൂടിയുണ്ടതിന്.

ഒരു ജോലിയിലും ഉറച്ചുനില്‍ക്കില്ല എന്നൊരു കുഴപ്പം എനിക്കുണ്ടായിരുന്നു. മട്ടാഞ്ചേരിക്കാരന്‍ ദിലീപ് പറഞ്ഞത് പോലെ അതൊരു 'കഴപ്പാ'യിരുന്നു. എന്നാല്‍ പുതുമകള്‍ തേടുന്നതാണ് എന്റെ പ്രശ്‌നം എന്ന് മനസ്സിലാക്കിയ ഞാന്‍ ഒരു ജോലി ഉപേക്ഷിക്കുന്നതിന് മുന്‍പ് അടുത്ത ജോലി കണ്ടെത്തുമായിരുന്നു. വിപുലമായ സൗഹൃദവലയം തന്നെയാണ് അതിനെന്നെ സഹായിച്ചിരുന്നത്. നിസ്സാരമായ പ്രശ്‌നങ്ങളുടെ പേരില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഞാനെവിടെയും നിന്നില്ല. പക്ഷേ ഈ കാലയളവില്‍ ജോലി ചെയ്യുന്ന പരിസരവും, അടുത്തുള്ള സ്ഥലങ്ങളും പോയി കാണുമായിരുന്നു. കൂട്ടിനു ഹീറോ ഹോണ്ടയുടെ സ്‌പ്ലെന്റര്‍ പ്ലസും.  ഞായറും, കിട്ടാവുന്ന മറ്റു ലീവുകളും ഒരുമിച്ചെടുത്ത് ദീര്‍ഘമായ യാത്രകളും നടത്തിയിരുന്നു. ദീര്‍ഘം എന്ന് പറയുമ്പോള്‍ അഞ്ചോ ആറോ ദിവസം നീണ്ടുനില്‍ക്കുന്ന യാത്രകള്‍. ഹീറോ സൈക്കിള്‍സില്‍ നിന്നും റിസൈന്‍ ചെയ്യുമ്പോള്‍ ഇന്ത്യാ മഹാരാജ്യം ഏകദേശം കണ്ടുതീര്‍ന്നിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല.

ഞാനൊരിക്കലും ഒരു ടൂറിസ്റ്റ് ആയിരുന്നില്ല.

ഹീറോയില്‍ നിന്നും അടുത്ത ജോലിയിലേക്കുള്ള ദൂരം രണ്ടു മാസത്തില്‍ അധികമായിരുന്നു. ഇത്ര കാലം വീട്ടില്‍ ചടഞ്ഞിരിക്കുക എന്നത് എന്നെ പോലെ ഒരു 'വിമതന്' അസാധ്യമായിരുന്നു. വീട്ടുകാരുടെ ഭാഷയില്‍ 'മുടിയനായ പുത്രനെ' സഹിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ കഴിയാതെ ജീവിക്കുന്നത് എങ്ങനെയാണ്?.

ഇതിനിടക്കാണ് മുഖപുസ്തകത്തിലെ സുഹ്ര്യത്തുക്കളായ ഹുസൈന്‍ നെല്ലിക്കലും, ജോര്‍ജു ആന്‍േറാണിയോവും നടത്തിയ ബൈക്ക് യാത്രകള്‍ ഓര്‍മ്മയിലെത്തിയത്. എങ്കില്‍ എന്ത് കൊണ്ട് എനിക്കും ഒരു ബൈക്ക് റൈഡ് നടത്തിക്കൂടാ?. അങ്ങനെ എങ്കില്‍ എന്റെ ബൈക്ക് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുന്നതിന് പകരം ഒരു പ്ലാന്‍ തയ്യാറാക്കി നാട്ടിലേക്കു ഓടിച്ചുപോകാം. എന്നാല്‍ ഇതിനെക്കുറിച്ച് 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന ട്രാവല്‍ ഗ്രൂപ്പില്‍ ഉന്നയിച്ച ചോദ്യത്തിന്നു സ്‌പ്ലെന്റര്‍ പ്ലസിലുള്ള യാത്ര ഒഴിവാക്കാനും കഴിയുമെങ്കില്‍ നൂറ്റമ്പത് സി.സി എങ്കിലുമുള്ള ബൈക്ക് ഉപയോഗിക്കാനും നിര്‍ദേശം കിട്ടി.

നാട്ടിലെത്തി കൂട്ടുകാരന്റെ 'റോയല്‍ എന്‍ഫീല്‍ഡ്' ഇലക്ട്ര സംഘടിപ്പിച്ച് അതിന്റെ എല്ലാ പേപ്പര്‍ വര്‍ക്കും ചെയ്തു. പെരിന്തല്‍മണ്ണ ഷോറൂമില്‍ കൊണ്ടുപോയി അവസാന ചെക്കപ്പും ചെയ്തു. ലോങ് ഡ്രൈവ് ആണെന്നറിഞ്ഞപ്പോള്‍ എന്‍ഫീല്‍ഡുമായി സഹകരിച്ചു ഒരു യാത്ര ചെയ്താല്‍ നന്നാവും എന്നൊരഭിപ്രായം എന്‍ഫീല്‍ഡ് സ്റ്റാഫ് പറഞ്ഞെങ്കിലും ഞാനത് നിരാകരിച്ചു. സാമ്പത്തികമായി ആ ഓഫര്‍ എന്നെ സഹായിക്കുമെങ്കിലും പിന്നീട് അവരുടെ പ്ലാനിന് അനുസരിച്ച് എന്റെ യാത്ര മാറ്റം വരുത്തേണ്ടിവരും. മാത്രമല്ല എന്റെ യാത്രയുടെ റൂട്ട്, എത്ര ദിവസം, ഉദ്ദേശിക്കുന്ന ദൂരം ഒന്നും പ്ലാന്‍ഡ് ആയിരുന്നില്ല. 

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് എന്ത് കൊണ്ട് നോര്‍ത്ത് ഈസ്റ്റ് ഒരിക്കല്‍ കൂടി പോയിക്കൂടാ എന്ന ചിന്ത ഉണ്ടായത്.

അന്ന് രാത്രിയില്‍ 'മേരികോം' സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് എന്ത് കൊണ്ട് നോര്‍ത്ത് ഈസ്റ്റ് ഒരിക്കല്‍ കൂടി പോയിക്കൂടാ എന്ന ചിന്ത ഉണ്ടായത്. ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സമയത്താണ് ഒറീസ, ബംഗാള്‍, തെസ്പ്പൂര്‍, തവാങ്ങ് യാത്ര നടത്തിയത്. സിക്കിമില്‍ അടക്കം നഷ്ടമായ പല കാഴ്ചകളും ഈ ട്രിപ്പില്‍ തിരിച്ചുപിടിക്കുകയും ചെയ്യാം. അന്ന് കുത്തിയിരുന്നു ഒരു യാത്രാ പ്ലാന്‍ തയ്യാറക്കി. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമായ മിസോറം, അരുണാചല്‍ പ്രദേശ്, നാഗാലാന്റ് എന്നിവിടങ്ങളിലേക്കുള്ള പെര്‍മിറ്റിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. മണിപ്പൂരില്‍ നടക്കുന്ന ചില അക്രമസംഭവങ്ങള്‍ കാരണമായിരിക്കും കിട്ടാത്തത് എന്ന് കരുതി ആശ്വസിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. കൊല്‍ക്കത്തയിലെ നാഗാലാന്റ് ഹൗസില്‍ വെച്ച് സംഘടിപ്പിക്കാം.

ബംഗ്ലൂരില്‍ വെച്ച് ടെന്റും, ബൈക്ക് യാത്രികര്‍ ഉപയോഗിക്കുന്ന ഗ്ലൗസും മറ്റും വാങ്ങിക്കാന്‍ ഉറച്ചു. ഇനി വേണ്ടത് ഒരു കാരിയര്‍ ആണ്. ഡല്‍ഹിയിലും മറ്റും കാരിയര്‍ കിട്ടുമെങ്കിലും സൗത്തിന്ത്യയില്‍ ബൈക്ക് യാത്രികര്‍ക്കാവശ്യമായ സാധനങ്ങള്‍ കിട്ടുന്ന ഒരു ഷോപ്പിന്റെ ലഭ്യത ഇല്ലെന്നു തോന്നുന്നു, അല്ലെങ്കില്‍ എന്റെ അജ്ഞതയായിരിക്കാം. എന്തയാലും ഇന്റര്‍നെറ്റില്‍ നിന്നും ലഡാക്ക് കാരിയറിന്റെ കുറച്ചു ഫോട്ടോസ് എടുത്തു. അടുത്തുള്ള ഒരു ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ഷോപ്പിലേക്ക് വെച്ച് പിടിച്ചു.

Shereef Chungathara column on north east trip

ജാക്കറ്റും രണ്ടു ബാഗിലെ മറ്റു സാധനങ്ങളും കണ്ടപ്പോള്‍ ഉമ്മച്ചിക്ക് ഒരു സംശയം. 

വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള പുള്ളി ലഡാക്ക് എന്ന് മാത്രമേ കേട്ടിട്ടുള്ളൂ, വിശദീകരിക്കാന്‍ നിന്നാല്‍ 'നിനക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ?' എന്ന ചോദ്യം കേള്‍ക്കേണ്ടി വരും. പുള്ളിയുടെ കൂടെ ഒരു ദിവസം മുഴുവന്‍ ഇരുന്നു കാരിയര്‍ ചെയ്തു. ആദ്യമായത് കൊണ്ടാണ് ഇങ്ങനെ എന്നൊരു ചമ്മിയ ഡയലോഗും ആശാന്‍ അടിച്ചു. സംഗതി ക്ലാസ് ആയി. പുള്ളി ബൈക്കില്‍ പിടിപ്പിച്ചതിനു ശേഷമുള്ള ഒരു ഫോട്ടോയും എടുത്തു. മൊത്തത്തില്‍ 900 രൂപ ആയി.

പാവം മനുഷ്യന്‍,

പണിക്കൂലി വേണ്ടെന്നു പറഞ്ഞു,. കാരണം സിംപിള്‍. ഞാന്‍ കാരണം പുള്ളി പുതിയ ഒരു സംഗതി പഠിച്ചു! അയാളോട് ട്രിപ്പിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ മര്യാദകേടാകും. പുള്ളിയോട് പറഞ്ഞു പോരുമ്പോള്‍ ഞാനെന്തോ അരുതാത്തത് പറഞ്ഞത് പോലെ അയാളുടെ കണ്ണുകള്‍ തുറിച്ചുവന്നു. .

ഏകദേശം കാര്യങ്ങള്‍ ശരിയാക്കി. ഇനി വീട്ടില്‍ പറയണം. ബാംഗ്ലൂരില്‍ പഴയ കൂട്ടുകാരെ കാണാന്‍ പോവുകയാണെന്നും ഒരാഴ്്ച്ച കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. എന്നാല്‍ ജാക്കറ്റും രണ്ടു ബാഗിലെ മറ്റു സാധനങ്ങളും കണ്ടപ്പോള്‍ ഉമ്മച്ചിക്ക് ഒരു സംശയം. 

'എന്തിനാണു ഇത്ര സാധനങ്ങള്‍ ?'

പെട്ടു. ഒരു വിധം പറഞ്ഞു മനസ്സിലാക്കി ഉറങ്ങാന്‍ കിടന്നു. പുറത്തു മഴ തകര്‍ക്കുന്നുണ്ട്. ഏകദേശം ഹൈദരബാദ് വരെ മണ്‍സൂണ്‍ പിന്തുടരാന്‍ സാധ്യത ഉണ്ട്. കാലത്ത് മൂന്ന് മണിക്ക് തന്നെ പുറപ്പെട്ടു. ചെറിയ ചാറ്റല്‍ മഴയെ ഉള്ളൂ. ആദ്യത്തെ ലക്ഷ്യസ്ഥാനം ബംഗ്ലൂര്‍ ആണ്. വന്യജീവികളുടെ സ്വാഭാവിക വനജീവിതത്തിനു വാഹനഗതാഗതം തടസ്സമാവുന്നു എന്ന കാരണം കൊണ്ട് ബന്ദിപ്പൂരില്‍ രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്. രാത്രി ഒമ്പതു മണിക്ക് അടക്കുന്ന ചെക്ക്‌പോയന്റ് കാലത്ത് ആറുമണിക്കാണ് തുറക്കുക. ഏകദേശം എഴുപതു കിലോമീറ്റര്‍ ഉണ്ട് ചെക്ക്‌പോയന്റിലേക്ക്. വഴിക്കടവും ആനമറിയും കടന്നു നാടുകാണി ചുരത്തിലെത്തി.

ഗൂഡല്ലൂര്‍ ആരംഭിക്കുന്നിടത്ത് നല്ല അടിപൊളി ചായ കിട്ടും

മണിമൂളി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മിക്കവാറും എല്ലാ ഞായറാഴ്ചയും സൈക്കിളും തള്ളി ചുരം കയറുമായിരുന്നു, കൂടെ എല്ലാത്തിലും കൂടെ നില്‍ക്കുന്ന കൂട്ടുകാരും. ചുരത്തില്‍ ഒരു ശവകൂടീരമുണ്ട്. ഏതോ പുണ്യാത്മാവിന്റേതാണ് എന്നാണ് വിശ്വാസം. ചുരം കയറുന്നവരും ഇറങ്ങുന്നവരും ഇവിടം നിര്‍ത്തി കാശു ഭണ്ഡാരത്തില്‍ ഇടാറുണ്ട്. ഈ ചുരത്തിന്റെ പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്. ബ്രിട്ടീഷ് പൗരനായ വില്യം കംബാല്‍ പണിയ വിഭാഗത്തില്‍ പെട്ട ഒരു ആദിവാസിക്കൊപ്പം ചുരം കയറി. അവിടെ വെച്ച് ഇത് ഏതു നാടാണെന്നും ചോദിച്ചു. അതിനു മറുപടിയായി 'നാട് കാണില്ല' തമ്പ്രാ എന്ന് പറഞ്ഞ പണിയനെ സായിപ്പ് വെടിവെച്ച് കൊന്നു എന്നാണ് കഥ.

മുളങ്കുട്ടങ്ങള്‍ കടന്നുള്ള യാത്ര ഒരാള്‍ക്കും ആസ്വദിക്കാതിരിക്കാന്‍ കഴിയില്ല. വഴിയിലുടനീളം 'ആന ക്രോസ്' ചെയ്യും' എന്ന് ബോര്‍ഡ് വെച്ചിട്ടുണ്ട്. ഹെയര്‍പിന്നുകള്‍ കടന്നുള്ള യാത്ര ഗൂഡല്ലൂര്‍ എത്താറായിരിക്കുന്നു. പകല്‍ സമയത്ത്, ഞങ്ങള്‍ 'ബബ്ലിമൂസ' എന്ന് വിളിക്കുന്ന വലിയ നാരങ്ങ വില്‍ക്കുന്ന കുട്ടികച്ചവടക്കാരെ കാണാം. ഗൂഡല്ലൂര്‍ ആരംഭിക്കുന്നിടത്ത് നല്ല അടിപൊളി ചായ കിട്ടും. നാടുകാണി മുതല്‍ ഗൂഡല്ലൂര്‍ വരെയുള്ള യാത്രക്കിടയില്‍ നിരവധി കൊച്ചു കൊച്ചു ചായക്കടകള്‍ ഉണ്ട്. അസാധ്യ രുചിയാണ് ഇവിടത്തെ ചായക്ക്. ഇതിലൂടെ കടന്നു പോകുന്ന സഞ്ചാരികള്‍ ഈ ചായകുടി നഷ്ടപ്പെടുത്താറില്ല. ഒരു ചായ കുടിച്ചു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും അപ്രതീക്ഷിതമായി മഴ പെയ്തു. ഞാന്‍ ഓടി കടയില്‍ കയറി. സമയം ഇനിയും ഉണ്ട്. കുറച്ചു സമയം കാത്തിരിക്കാം. ഒരു സിഗരറ്റിനു തീ കൊടുത്ത് വീണ്ടും ഒരു ചായ കുടിച്ചു. മഴ കുറയുന്ന ലക്ഷണമൊന്നും ഇല്ല. അല്ലെങ്കില്‍ തന്നെ ഈ മഴ കുറയുമെന്ന് കരുതുന്ന ഞാനെന്തൊരു വിഡ്ഢിയാണ്.

ബൈക്കില്‍ കയറി വീണ്ടും യാത്ര തുടര്‍ന്നു. ബന്ദിപ്പൂര്‍ എത്തുമ്പോള്‍ തന്നെ ചരക്കുലോറികളുടെയും, മറ്റു വാഹനങ്ങളുടെയും നീണ്ട നിര കണ്ടു തുടങ്ങി. ബൈക്ക് ആയതു കൊണ്ട് മുന്‍പിലേക്ക് എത്തിക്കാം. ചിലരൊക്കെ എന്റെ ബൈക്കിലേക്ക് കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. ചെക്ക്‌പോയന്റ് തുറന്നതും വണ്ടി മുന്നോട്ടെടുത്തു. ഗുണ്ടല്‍പേട്ട കഴിഞ്ഞപ്പോള്‍ ആണ് ബൈക്കിനു ഞാന്‍ കരുതിയതിനെക്കളും വീതി ഉണ്ടെന്നു മനസ്സിലായത്. അതായത് കാരിയര്‍ തള്ളി നില്‍ക്കും. ചെറിയ ഗ്യാപ്പിലൂടെയുള്ള കട്ടിംഗ് അപകടം വിളിച്ചു വരുത്തും. ഒന്ന് രണ്ടു ഓട്ടോയില്‍ കാരിയര്‍ ഉരസിയെങ്കിലും ഞാന്‍ നിര്‍ത്താതെ ഓടിച്ചു പോയി. വൈകിട്ടോടെ ബാംഗ്ലൂരിലെ ഹുസൂരില്‍ എത്തുമ്പോള്‍ മൊബൈലില്‍ തുടരെത്തുടരെ കോള്‍ വരുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.

( തുടരും)

Follow Us:
Download App:
  • android
  • ios