Asianet News MalayalamAsianet News Malayalam

ഗാന്ധിയിലേക്കുള്ള ദൂരം

Shereef Chungathara column on north east trip part 2
Author
Thiruvananthapuram, First Published May 20, 2017, 6:35 AM IST

Shereef Chungathara column on north east trip part 2

പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തപ്പോഴേക്കും റിംഗ് അവസാനിച്ചിരുന്നു. മൊത്തം 12 മിസ്സ്ഡ് കാളുകള്‍. അതില്‍ അഞ്ചെണ്ണം ഉമ്മച്ചിയുടേതായിരുന്നു. ബാക്കി ഫാസിലിന്റെതും രബിയുടെയും. ആദ്യം തന്നെ ഉമ്മച്ചിയെ വിളിച്ചു ഞാനിവിടെ സുരക്ഷിതനായി എത്തി എന്ന് പറഞ്ഞു. ഇനി ഇടയ്ക്കു അങ്ങോട്ട് വിളിച്ചാല്‍ മതി. ഉമ്മച്ചിയെ കുറിച് ഓര്‍ത്താല്‍ രസമാണ്. എവിടെ ഒരപകടം നടന്നാലും ഉടനെ ഫോണില്‍ വിളിക്കും. നാട്ടിലുള്ള സമയത്താണ് ഉത്തരാഘണ്ഡില്‍ പ്രളയം ഉണ്ടാവുന്നത്. പുള്ളിക്കാരി എന്നെ ഫോണില്‍ വിളിച്ചു ഞാന്‍ സേഫാണെന്ന് ഉറപ്പിച്ചു. വലത്തോട്ടെന്നു പറഞ്ഞു ഇടത്തോട്ടു പോകുന്ന എന്റെ സ്വഭാവം തന്നെയാണിതിനു കാരണം. ഫാസിലിനെ വിളിച്ചു ഞാന്‍ ഹുസൂരില്‍ എത്തിയെന്നും അറിയിച്ചു. രബിയോട് മാത്രമാണ് ഞാന്‍ എന്റെ യാത്രയുടെ വിവരം നല്‍കിയിട്ടുള്ളത്. എന്തായാലും ഒന്ന് ഫ്രഷായിട്ട് രബിയോടു സംസാരിക്കാം.

കുളിച്ചു വന്നപ്പോഴേക്കും ഫാസില്‍ ചോറും ഓംലെറ്റും തക്കാളിക്കറിയും തയ്യാറാക്കിയിരുന്നു. അതെ തക്കാളിക്കറി. തക്കാളി, പരിപ്പ്, കടല എന്നിവ വിട്ടുള്ള ഒരു ഭക്ഷണം ഫാസിലിന്റെ അടുത്തു നിന്ന് പ്രതീക്ഷിക്കരുത്. അല്ലെങ്കിലും ബാച്ചിലേഴ്‌സ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഈ ഐറ്റംസില്‍ ആയിരിക്കും.

ഭക്ഷണത്തിനു ശേഷം രബിയെ വിളിച്ചു. ഒരു കാരണവശാലും നോര്‍ത്ത് ഈസ്റ്റ് യാത്ര തുടരുതെന്ന് അവന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ചെന്നാലും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് കിട്ടില്ലെത്രേ. കാരണം കടുത്ത തീവ്രവാദഭീഷണി. ഒകേ്‌ടോബറില്‍ പോവേണ്ട ബി.എസ്.എഫിന്റെ അഞ്ചോ ആറോ ബറ്റാലിയന്‍ ഇപ്പോള്‍ തന്നെ അവിടെ(അസം) എത്തിയെത്രേ.

ഒരു കാരണവശാലും നോര്‍ത്ത് ഈസ്റ്റ് യാത്ര തുടരുതെന്ന് അവന്‍ പറഞ്ഞു

ഇനി എന്ത് ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണ് സന്തോഷ് ടെന്റും, ഗൗസും മറ്റുമായി വന്നത്. തീവ്രവാദആക്രമണമൊന്നും എന്നെ സംബധിച്ച് ഒരു വിഷയമേ അല്ല. മരണം സാധാരണ എല്ലാവരും ചര്‍ച്ച ചെയ്യാതെ അവഗണിക്കുകയാണ് പതിവ്. എത്ര അവഗണിച്ചാലും അതൊരു യഥാര്‍ത്ഥ്യമാണ്. നാളെ ഒരപകടത്തില്‍ വെച്ചും അത് സംഭവിക്കാം. പിന്നെ എന്തിനു അതോര്‍ത്തു വ്യാകുലപ്പെടണം. എന്നാല്‍, ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് കിട്ടിയില്ലെങ്കില്‍ ഈ യാത്ര കൊണ്ട് ഒരു കാര്യവുമില്ല.

അണ്ണോ, ഉങ്കള്‍ക്ക് ലേ ട്രൈ പണ്ണ കൂടാതാ?

സന്തോഷിന്റെ ഈ ഒരു ചോദ്യം സത്യത്തില്‍ ഞാനും ആലോചിച്ചിരുന്നതാണ്. ലേ മണാലി ഹൈവേ ജൂണ്‍ 13 ന് തുറന്നു എന്ന് ജോര്‍ജ് പറഞ്ഞറിയാം. എന്തയാലും നാളെ കാലത്ത് ഹൈദരാബാദിലേക്ക് തിരിക്കാം, അവിടെ നിന്ന് ബാക്കി പ്ലാന്‍ ചെയ്യാം എന്നും കരുതി കിടന്നു.

അതിരാവിലെ എണീറ്റു കുളിച്ചു റെഡി ആയതും, ഒരു ജാക്കറ്റും ഹെല്‍മെറ്റും ഇട്ടു ഫാസില്‍ വരുന്നു. അവനും ഉണ്ടത്രെ. ആദ്യം എനിക്ക് തമാശയായി തോന്നിയെങ്കിലും സീരിയസ് ആണെന്ന് മനസ്സിലായപ്പോള്‍ ആദ്യം യാത്രയുടെ റിസ്‌ക്കും, ബൈക്കില്‍ ഇരിക്കാനുള്ള ബുദ്ധിമുട്ടും അവനെ പറഞ്ഞു മനസ്സിലാക്കി. കൂട്ടത്തില്‍ ഒരു കാരണവശാലും അവനെ ഡ്രൈവ് ചെയ്യാന്‍ സമ്മതിക്കില്ല എന്നൊരു വാണിംഗും. കാരണം മറ്റൊന്നുമല്ല അവന്റെ ഡ്രൈവിംഗ് എനിക്കത്ര പഥ്യമില്ല. തന്നെ കടന്ന് ഒരാളും പോകരുതെന്ന ഒരു മലയാളിയുടെ എല്ലാ സ്വഭാവവും അവനിലും ഉണ്ട്.

ബാംഗ്ലൂര്‍ ഹൈദരാബാദ് ഹൈവേ ഒരു രാജകീയ പാത തന്നെയാണ്. 570 കിലോമീറ്റര്‍ ദൂരമുണ്ട്. ആഞ്ഞുപിടിച്ചാല്‍ ഏകദേശം ഉച്ചക്ക് രണ്ടു മണിയോട് കൂടി ഹൈദരാബാദ് എത്തും. നാഷണല്‍ ഹൈവേ 7 ല്‍ കൂടിയാണ് ഞാന്‍ പോയികൊണ്ടിരിക്കുന്നത് .NH 7 കന്യാകുമാരിയെയും വാരാണസിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ആറു സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോകുന്ന ഈ ഹൈവേ 2363 km ദൂരമുണ്ട്. ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തി. അപ്പോഴേക്കും ഫാസിലിനു വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ബാക്കില്‍ ഒന്നും ചെയ്യാനില്ലാതെ മണിക്കൂറുകള്‍ ഇരിക്കുന്ന ഒരാള്‍ക്ക് മറ്റെന്ത് തോന്നാനാണ്?

4 മണിയോട് കൂടി ഹൈദരാബാദില്‍ എത്തി. ഇത്രേം ദൂരത്തെ ഡ്രൈവിംഗില്‍ ഞാന്‍ ബുള്ളറ്റുമായി അടുത്തത് ഇപ്പോഴാണ്.

തന്നെ കടന്ന് ഒരാളും പോകരുതെന്ന ഒരു മലയാളിയുടെ എല്ലാ സ്വഭാവവും അവനിലും ഉണ്ട്.

ഹൈദരാബാദില്‍ തെറ്റില്ലാത്ത ചൂടുണ്ട്. മണ്‍സൂണ്‍ ഇവിടെ എത്തി നോക്കിയിട്ടില്ല എന്ന് തോന്നുന്നു. ബൈക്കിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ച് ചൂട് അസഹ്യമാവാന്‍ തുടങ്ങി. ഇടയ്ക്കു ബൈക്ക് നിര്‍ത്തി വിശ്രമിക്കുന്നുന്മുണ്ട്. ആന്ധ്രയും കഴിഞ്ഞു ഇപ്പോള്‍ തെലുങ്കാനയില്‍ ആണുള്ളത്. തെലുങ്കാനക്ക് വേണ്ടിയുള്ള വാദത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ അടുത്താണ് 'ഇന്ത്യയുടെ അരിപ്പാത്രം' വിഭജിച്ച് ആന്ധ്രാപ്രദേശ് എന്നും തെലുങ്കാന എന്നും മാറ്റിയത്.
വലിയ യാത്രാക്ഷീണം ഒന്നുമില്ല. വേണമെങ്കില്‍ കുറച്ചു ദൂരം കൂടി പോകാം എന്ന് തീരുമാനിച്ചു. നെല്ലും, ചോളവുമൊക്കെ ഉള്ള കൃഷിയിടങ്ങള്‍ കണ്ടാണ് യാത്ര. കേരളീയര്‍ കഴിക്കുന്ന ഭൂരിഭാഗം അരിയും വരുന്നത് ഇവിടെ നിന്നൊക്കെയാണ്.

ആദില്‍ബാദില്‍ എത്തിയപ്പോള്‍ റോഡ് മോശമായി തുടങ്ങി. നാഷണല്‍ ഹൈവേ പൊട്ടി പൊളിഞ്ഞു ആകെ പൊടിയില്‍ മുങ്ങിയിരിക്കുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ വീണ്ടും ഹൈവേ അതിന്റെ പ്രതാപം വീണ്ടെടുത്തു. ഇരുള്‍ വീണു തുടങ്ങിയിരിക്കുന്നു. സമയം എഴു മണി കഴിഞ്ഞു. രാത്രി യാത്ര കഴിയുന്നതും ഒഴിവാക്കും എന്നാണ് യാത്രയുടെ തുടക്കം തന്നെ തീരുമാനിച്ചത്. ഇനി ഒരു റൂം ശരിയാക്കണം. ഓരോ ഓവര്‍ബ്രിഡ്ജ് വരുമ്പോയും അതിന്റെ താഴേക്ക് ബൈക്ക് ഓടിക്കും. നിരാശ മാത്രമാണ് ഫലം. കുറച്ചു വൃത്തിയുള്ള ഒരു ലോഡ്‌ജോ, ഹോട്ടലോ കണ്ടെത്താന്‍ ആയില്ല. അതിനു കാരണം ആദില്‍ബാദും പരിസരപ്രദേശങ്ങളും ലോറിത്താവളമാണ്.

വീണ്ടും മുന്നോട്ടു പോയി ഏകദേശം വാര്‍ധ എത്തുന്നതിനു മുന്‍പ് ഒരു ലോഡ്ജു കിട്ടി. തെറ്റില്ല വൃത്തിയുള്ള ബാത്ത്‌റൂമും.

ഞാനവിടെ മനുഷ്യന്‍ എന്നെഴുതി വെച്ച് ലെഡ്ജര്‍ അയാള്‍ക്ക് കൊടുത്തു.

റിസപ്ഷനില്‍പ്രായമുള്ള ഒരാള്‍ ആയിരുന്നു. നരച്ച താടി ഒതുക്കി വെക്കാതെ മലയാളികളുടെ ക്യൂ പോലെ കൂട്ടമായിരിക്കുന്നു. ഒന്ന് കുളിപ്പിച്ചെടുത്താല്‍ ഏഷ്യാനെറ്റിലെ പഴയ ശശികുമാറിനെ പോലെ ഉണ്ടാവും. അയാളുടെ കണ്ണില്‍ എപ്പോഴും എന്തൊക്കെയോ സംശയങ്ങള്‍ നിഴലിച്ചിരുന്നു. കുറഞ്ഞ വാടകയേ ഒള്ളൂ. രണ്ടുപേര്‍ക്ക് നാനൂറ് രൂപ. അത് വളരെ ലാഭകരം തന്നെയാണ്. ലെഡ്ജര്‍ എന്റെ മുന്‍പിലേക്കിട്ട് എന്റെ അഡ്രസ്സും മറ്റും എഴുതാന്‍ പറഞ്ഞു. ഒരു കോളം മാത്രം എന്റെ മുമ്പില്‍ ചോദ്യചിഹ്നം പോലെ നിന്നു. 'നിങ്ങളുടെ മതം' എത്രയോ നഗരങ്ങളില്‍ റൂം എടുത്തിരിക്കുന്നു. ഇങ്ങനെ ഒരു കോളം ആദ്യമായാണ് കാണുന്നത്. ഞാനവിടെ മനുഷ്യന്‍ എന്നെഴുതി വെച്ച് ലെഡ്ജര്‍ അയാള്‍ക്ക് കൊടുത്തു. അയാളത് നോക്കുകപോലും ചെയ്യാതെ അടച്ചുവെച്ചു. പെട്ടെന്ന് കുളിച്ചു, പുറത്തു പോയി ഭക്ഷണവും കഴിച്ചു കിടന്നു.ഒരു ദിവസത്തെ ക്ഷീണം മുഴുവന്‍ പരുത്തിയുടെ കിടക്ക ഏറ്റുവാങ്ങി.

രാവിലെ ഉമ്മച്ചിയെ വിളിച്ചു സംസാരിച്ചു. എത്ര വൈകി കിടന്നാലും ബ്രഹ്മമൂഹൂര്‍ത്തത്തില്‍ ഞാന്‍ എണീക്കും. മതപഠനകാലത്തെ ശീലങ്ങളില്‍ ഭാഗമായതാണത്. എട്ടുമണി ആയിട്ടും ഫാസില്‍ എണീക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഏതയാലും ഒരു വിധേന അവനെയും കുത്തിപൊക്കി റൂം വെക്കേറ്റ് ചെയ്തു.

വാര്‍ധയില്‍ വെച്ചാണ് ഭക്ഷണം കഴിച്ചത്. ഒരു സൗത്ത് ഇന്ത്യന്‍ ഹോട്ടല്‍. ഇന്നലെ കാര്യമായൊന്നും കഴിച്ചിരുന്നില്ല. ഉച്ചക്ക് ചിലപ്പോള്‍ കഴിക്കാന്‍ കഴിയില്ല അത് കൊണ്ട് ഇപ്പോള്‍ നന്നായി കഴിക്കാന്‍ ഞാന്‍ ഫാസിലിനെ ഓര്‍മ്മപ്പെടുത്തി. ഞങ്ങളുടെ യാത്രാ ഉദ്ദേശ്യം അറിഞ്ഞ ഹോട്ടല്‍ ഉടമയെന്ന് തോന്നിച്ചയാള്‍ ഞങ്ങള്‍ക്ക് ആശംസകള്‍ പറഞ്ഞു.

വാര്‍ധ നദിക്കരികിലെ നഗരം ആയതിനാല്‍ ആണ് ഇതിനു വാര്‍ധ എന്ന് പേര് വരാന്‍ കാരണം. പരുത്തി ഫാക്ടറികളും ഐടി സെക്ടറും കൂടിയാണ് വാര്‍ധ നഗരത്തെ മുന്നോട്ടു കൊണ്ട്‌പോകുന്നത്. മൗര്യരും രജപുത്രരും മുഗളരും പിന്നീട് ബ്രിടീഷു്കാരുടെയും ചരിത്രമാണ് വാര്‍ധക്കുള്ളത്.

ഗാന്ധിയുടെ ആശ്രമമായ സേവാഗ്രാമം വാര്‍ധയില്‍ ആണ്. അങ്ങോട്ടാണ് ഇനിയുള്ള യാത്ര. വാര്‍ധയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ ദൂരത്താണ് സേവാഗ്രാം സ്ഥിതി ചെയുന്നത്. മരഗേറ്റ് കഴിഞ്ഞു ആദ്യം തന്നെ കാണുന്നത് ഗാന്ധിയെയും ഗാന്ധിസത്തെയും പരിചയപ്പെടുത്തുന്ന ഒരു പുസ്തകശാലയുണ്ട്. അവിടെ നിന്നും നേരെ ചെല്ലുന്നത് മുളയും മണ്‍കട്ടയും കൊണ്ട് നിര്‍മിച്ച കുടിലുകള്‍ നില്‍ക്കുന്നിടത്താണ്. ഓരോ കുടിലിനും പേരുമുണ്ട്. മഹാദേവാകുടി, പാര്‍ചുരെ കുടി, കിഷോര്‍ കുടി എന്നൊക്കെയാണ് പേരുകള്‍. തണല്‍ മരങ്ങളും പക്ഷികളുടെ കളകളരവം കൊണ്ട് ശാന്തമായ ഒരിടമായി സേവാഗ്രാം അനുഭവപ്പെടും.

ഗാന്ധിയും ഭാര്യ കസ്തൂര്‍ബയും താമസിച്ചിരുന്ന കുടിലും കാണാന്‍ സാധിച്ചു. ഏറെക്കുറെ സ്വതന്ത്രത്തിനു മുമ്പുള്ള അന്തരീഷം നിലനിര്‍ത്തുന്നതില്‍ സേവാഗ്രാം അധികാരികള്‍ വിജയിച്ചിരിക്കുന്നു. കുറച്ചു മാറി പ്രാര്‍ത്ഥനാ ഗ്രൗണ്ട് ഉണ്ട്. ഇത് പോലെ ശാന്തമായ ഒരന്തരീക്ഷത്തില്‍ എന്തിനാണു ഒരു പ്രാര്‍ത്ഥനയുടെ ആവശ്യം?

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് NH 7 ലക്ഷ്യമാക്കി പോകുമ്പോള്‍ സേവാഗ്രാം പിന്നില്‍ മറയുന്നത് മിറ്ററില്‍ കൂടി എനിക്ക് കാണാമായിരുന്നു.

(മൂന്നാം ഭാഗം ആടുത്ത ആഴ്ച)

Follow Us:
Download App:
  • android
  • ios