Asianet News MalayalamAsianet News Malayalam

അത് അവളുടെ കൈകള്‍ തന്നെ!

Shereef Chungathara Motor Cycle Diaries part 6
Author
Thiruvananthapuram, First Published Jun 27, 2017, 3:53 PM IST

Shereef Chungathara Motor Cycle Diaries part 6

ആദ്യ ഭാഗം: നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!

രണ്ടാം ഭാഗം: ഗാന്ധിയിലേക്കുള്ള ദൂരം

മൂന്നാം ഭാഗം: നാഗ്പൂരിലെ ചുവന്ന തെരുവ്!​

നാലാം ഭാഗം:  നിലമ്പൂര്‍ രാജ്യത്തുനിന്നും അക്ബറിന്റെ രാജധാനിയിലേക്ക് ഒരു സഞ്ചാരി!​

അഞ്ചാം ഭാഗം: അറിയാത്ത താജ്മഹല്‍!

ഉറക്കത്തില്‍ അതിമനോഹരമായ ഒരു സ്വപ്നം കണ്ടിരുന്നു. പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമയ ഒരു താഴ്‌വരയില്‍ ഒരു കൊച്ചു വീട്. കുന്നിന്‍മുകളിലെ മരത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ വീടിന്റെ മുറ്റത്തുതന്നെ എത്തുന്നു. രാത്രികളില്‍ നാടന്‍ വാറ്റിനോട് സാദ്യശ്യമുള്ള കുപ്പിയിലെ പാനീയം കുടിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ പൂത്ത ആകാശം കണ്ടുകൊണ്ട് ഉറങ്ങുന്നു. താഴ്‌വരയില്‍ ഉരുകുന്ന മഞ്ഞു കണ്ടുകൊണ്ട് ഇഷ്ടിക പാകിയ അടുക്കളയില്‍ രണ്ടു കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൈകള്‍ മാത്രം. മുഖം കാണുന്നതിനു മുമ്പ്് റഫീക്ക് എന്നെ വിളിച്ചുണര്‍ത്തി.

കഠിനമായ ദേഷ്യം വന്നെങ്കിലും, റഫീക്ക് ആയതുകൊണ്ട് മാത്രം തൊണ്ടയില്‍ എത്തിയ മുട്ടന്‍ തെറി ഉമിനീരിന്റെ കൂടെ വിഴുങ്ങി. എണീക്കുന്നില്ലേ എന്ന് ചോദിച്ചു അവന്‍ പോവുകയും ചെയ്തു. ഞാന്‍ വീണ്ടും കണ്ണടച്ച് ആ സ്വപ്നത്തിന്റെ ബാക്കി കാണാന്‍ കഴിയുമോ എന്ന് നോക്കി.

ആരായിരിക്കും അത്?

വീണ്ടും സ്വപ്നം റീവൈന്റ് ചെയ്ത് കൈകള്‍ മാത്രം പൌസ് ചെയ്തു നോക്കി. വിരലിലെ മോതിരം കണ്ടാലറിയാം അതവള്‍ തന്നെ, അല്ലെങ്കില്‍ ഞാനങ്ങനെ കരുതി ആശ്വസിച്ചു എന്നും പറയാം.

വീണ്ടും റഫീക്ക് വന്നു 'പഞ്ചാബി ഹൗസ്' സിനിമയെ അനുസ്മരിപ്പിച്ചുകൊണ്ട് 'ഘാനാ ഘാനാ' എന്ന് പറഞ്ഞു. ഞാന്‍ മൊബൈല്‍ എടുത്തുനോക്കിയപ്പോള്‍ സമയം നാല് പതിനഞ്ച്. ഇവനിതെന്തു പറ്റി ? അടുക്കളയില്‍ എത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. നോമ്പ് പിടിക്കാനുള്ള അത്താഴം കഴിക്കുകയാണ്.

ആരായിരിക്കും അത്?

രാത്രിയിലെ ബിരിയാണി തന്നെ. ബാങ്ക് വിളിക്കാറായോ എന്നൊക്കെ ചോദിച്ചു ഫാസിലും കഴിക്കുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അവന്‍ മുഖം തിരിച്ചു. പെട്ടെന്ന് കുളിച്ചു ഫ്രെഷായി വന്നു ഞാനും കഴിച്ചു. പ്രാതല്‍ ലഭിക്കാം എന്നതിലപ്പുറം അലിഗഡില്‍ ഭക്ഷണം കിട്ടാനുള്ള സാധ്യത വിരളമാണ്. രാവിലെ റഫീക്കിനോടും അഷ്‌റഫിനോടും യാത്ര പറഞ്ഞിറങ്ങി. അലിഗഡ് യുണിവേഴ്‌സിറ്റി മുഴുവനായി കാണണം എന്നുണ്ടായിരുന്നു. പുനത്തിലിനെ വായിച്ചു തുടങ്ങിയതില്‍ പിന്നെ അതൊരു ആഗ്രഹം ആയിരുന്നു. എന്നാല്‍ ഒമ്പതു മണി വരെയെങ്കിലും നില്‍ക്കേണ്ടി വരുമെന്നതിനാല്‍ അടുത്ത തവണ വരാം എന്നുറപ്പിച്ചു. ഫാസില്‍ തന്നെയാണ് ബൈക്ക് ഓടിച്ചത്.

ഡല്‍ഹി വഴി പോയാല്‍ പെട്ടെന്ന് എത്താമായിരുന്നെങ്കിലും മീററ്റ് വഴി പോകാനാണു ഫാസിലിനോട് ഞാന്‍ നിര്‍ദേശിച്ചത്. പുതിയ വഴികള്‍ തേടുന്നതിലും ഒരു കിറുക്കുണ്ട്. ഇടക്ക് വഴി തെറ്റി ആരോടെങ്കിലും ചോദിച്ചു പോകണം. സംസ്ഥാനപാതയിലൂടെയുള്ള യാത്ര രസകരം തന്നെയാണ്. ഉണര്‍ന്നു തുടങ്ങുന്ന ഗ്രാമങ്ങളില്‍ വഴിയരികില്‍ പച്ചക്കറി വില്‍ക്കുന്നവരും റിക്ഷക്കാരും സജീവമാവുന്നു. വഴിവാണിഭം തന്നെ കൂടുതല്‍. ഇടക്ക് വീണ്ടും ഞാനാ സ്വപ്നം ആലോചിച്ചു ഗതകാലസ്മരണകള്‍ നുണഞ്ഞു.

പെട്ടെന്ന് ബൈക്കിന് ഒരു മിസ്സിംഗ്. ഞാന്‍ ഫാസിലിനോട് പെട്രോളിന്റെ റിസര്‍വ് മാറ്റാന്‍ പറഞ്ഞു. പക്ഷേ അതിനു മുമ്പ് തന്നെ ബൈക്ക് ഓഫായി. ഒന്ന് രണ്ടു തവണ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരു വിഫലശ്രമം നടത്തി ഫാസില്‍ ബൈക്ക് അരികിലേക്ക് ഒതുക്കി നിര്‍ത്തി. ഇന്നലെ എപ്പോഴോ ഫാസില്‍ പെട്രോള്‍ മെയിനിലേക്ക് മാറ്റിയിരുന്നു. പിന്നീട് പെട്രോള്‍ അടിക്കാന്‍ വിട്ടുപോവുകയും ചെയ്തു. പെട്രോളിന് ഇന്‍ഡിക്കേറ്റര്‍ ഇല്ലെന്നത് ഈ ബൈക്കിന്റെ ഒരു പോരായ്മ തന്നെയാണ്. കര്‍ജ് എന്നൊരു ഗ്രാമപ്രദേശത്താണ് നില്‍ക്കുന്നത്. ഒരു മനുഷ്യജീവിയേയും കാണാനില്ല. ആരെങ്കിലും കണ്ടാല്‍ മാത്രമേ പെട്രോള്‍ എവിടെ കിട്ടും എന്നറിയാന്‍ കഴിയൂ.

ഇടയ്ക്കു ഒന്നുരണ്ടു വാഹനങ്ങള്‍ കടന്നു പോയി. കൈ കാണിച്ചെങ്കിലും അവ നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്കില്‍ വന്നൊരാള്‍ വേഗത കുറച്ചു ഒരു പുച്ഛ ചിരിയോടെ കടന്നു പോയി. ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായ ഞങ്ങള്‍ ബൈക്കും തള്ളികൊണ്ട് മുന്നോട്ടു പോയി. രണ്ടു കിലോമീറ്റര്‍ തള്ളികാണും. സമതലം ആയതു കൊണ്ട് വല്ലാതെ കഷ്ടപ്പെടാതെ ചെറിയ ഒരു ടൗണില്‍ എത്തി. ഒരു ചായക്കടയില്‍ കയറി ഞങ്ങളുടെ അവസ്ഥ പറഞ്ഞു. അടുത്ത പമ്പ് കിട്ടാന്‍ ഇനിയും അഞ്ചു കിലോമീറ്റര്‍ പോകണം എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി. ഇത്രയും ദൂരം ബൈക്ക് തള്ളുക സാധ്യമല്ല.

ഒരു മനുഷ്യജീവിയേയും കാണാനില്ല. ആരെങ്കിലും കണ്ടാല്‍ മാത്രമേ പെട്രോള്‍ എവിടെ കിട്ടും എന്നറിയാന്‍ കഴിയൂ.

ഒരു ഓട്ടോയോ മറ്റോ കിട്ടാനും പ്രയാസം. എന്തായാലും ഒരു ചായ കുടിച്ചു പോവാം എന്ന് കരുതി. അതിനിടക്ക് അവിടേക്ക് ഒരു പയ്യന്‍ കയറി വന്നു. അപരിചിതരായ ഞങ്ങളെ കണ്ടത് കൊണ്ടാവണം കടക്കാരനോട് ഞങ്ങളെ കുറിച്ച് ചോദിച്ചു. ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ ആ പയ്യന്‍ ആരെയോ ഫോണില്‍ വിളിച്ചു , എന്നെ നോക്കി ചോദിച്ചു, ഒരു ലിറ്റര്‍ മതിയാകുമോ. ഞാന്‍ മതിയെന്ന് തലയനക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു പയ്യന്‍ ഒരു കുപ്പിയില്‍ പെട്രോളുമായി വന്നു. എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ലയിരുന്നു. മുന്നോട്ടു പോവുമ്പോള്‍ വലതു വശത്താണ് പമ്പ് എന്ന് പറഞ്ഞു അവര്‍ ഞങ്ങളെ യാത്രയാക്കി. പെട്രോളിന്റെ ബാക്കി തന്നെങ്കിലും അത് വാങ്ങാന്‍ കൂട്ടാക്കിയില്ല.

ഞങ്ങളുടെ യാത്രായെകുറിച്ച് ചെറിയ ഒരു സൂചന ആ പയ്യന് ഞാന്‍ കൊടുത്തിരുന്നു. അങ്ങനെയെങ്കില്‍ കുറച്ചു പോയാല്‍ ബുലന്ദശഹര്‍ എന്നൊരു സ്ഥലം എത്തുമെന്നും അവിടെ ഒന്ന് രണ്ടു ഗ്രാമങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. മാത്രമല്ല, മീററ്റില്‍ നിന്നും ഹസ്തനപുരിയോ, ഹരിദ്വാറോ പോകരുതെന്നും നേരെ ചണ്ഡിഗഡ് പോവാനും പറഞ്ഞു. കാരണം ഇതിനിടക്ക് എവിടെയോ രണ്ടു ജാതികള്‍ തമ്മിലുള്ള പ്രശ്‌നം ഒരു കൊലപാതകത്തില്‍ കലാശിച്ചു എന്നും അതിന്റെ ബാക്കി എന്നോണം അക്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും ഉപദേശിച്ചു.

പിന്നീട് ബൈക്ക് എടുത്തത് ഞാനാണ്. മുന്നോട്ടു പോവുമ്പോഴാണ് ആ പയ്യന്റെ പേര് പോലും ഞാന്‍ ചോദിച്ചില്ല എന്നോര്‍ത്തത്. അവനെ 'സഖാ' എന്നൊരു പേര് ഞാന്‍ മനസ്സില്‍ വിളിച്ചു. പെട്രോള്‍ പമ്പ് ശ്രദ്ധിച്ചാല്‍ മാത്രമേ മനസ്സിലാകൂ. കുറച്ചു അകത്തേക്ക് മാറിയാണ് പമ്പ്. 'കുര്‍ജ്ജ' എന്നാണ് ഈ ചെറിയ പട്ടണത്തിന്റെ പേര്. വീണ്ടും മുന്നോട്ടു പോയി. ബുലന്ദശഹര്‍ കുറച്ചു വലിയ പട്ടണമാണ്. ഇവിടെ എവിടെയോ ആണ് ആ പയ്യന്‍ പറഞ്ഞ ഗ്രാമം. ചിലരോട് അന്വേഷിച്ചെങ്കിലും അവര്‍ക്കൊന്നും അറിയില്ലായിരുന്നു. പിന്നീടു ഒരു ടാക്‌സി ഡ്രൈവര്‍ ആണ് ചോള എന്നൊരു ഗ്രാമം ഉണ്ടെന്നും ഇവിടെ നിന്നും പതിനാല് കിലോമീറ്റര്‍ ദൂരത്താണെന്നും പറഞ്ഞു. കുറച്ചു സമയം കറങ്ങിയെങ്കിലും ചോളഗ്രാമം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടക്ക് ഗംഗാനദിക്കരികെയുള്ള അനൂപ്ശഹര്‍ എന്ന ഗ്രാമവും പിന്നിട്ട് വീണ്ടും ബുലന്ദശഹറില്‍ എത്തി മീററ്റ് ലക്ഷ്യമാക്കി ബൈക്ക് ഓടിച്ചു.

ഒരു മണിക്കൂര്‍ കൊണ്ട് മീററ്റില്‍ എത്തി. വലിയ ഒരു നഗരം തന്നെയാണ് മീററ്റ്. അതിവേഗമാണ് ഈ നഗരം വികസിക്കുന്നത്. ഒരു ഫുട്‌ബോളിന്റെ രൂപമുള്ള റൗണ്ട് എബൌട്ട് കഴിഞ്ഞു ആദ്യം തന്നെ കണ്ടത് ഒരു ക്ലോക്ക് ടവര്‍ ആണ്. ഇതൊരു പഴയ നിര്‍മിതി ആവാന്‍ സാധ്യതയുണ്ട്. ഒരു കടയുടെ ഓരത്തു നിര്‍ത്തി ഞാനൊരു ചായയും ഫാസിലിനു ഒരു ജ്യൂസും പറഞ്ഞു. കൂട്ടത്തില്‍ ഞങ്ങള്‍ മീററ്റു കാണാന്‍ വന്നതാണെന്നും എന്തൊക്കെയാണ് ഇവിടെ കാണാനുള്ളതെന്നും ചോദിച്ചു. പ്രധാന ചില സ്ഥലങ്ങളും അങ്ങോട്ട്‌പോവാനുള്ള വഴിയും ഞാന്‍ മനസ്സില്‍ ഓര്‍ത്ത്‌വെച്ചു.

ചെങ്കല്ലില്‍ തീര്‍ത്ത ഈ ടവറും സായിപ്പ് തന്നെയാണ് നിര്‍മ്മിച്ചത്. മുമ്പ് ശംഭു ദര്‍വാസ എന്നൊരു നഗരകവാടം ഇവിടെ ഉണ്ടായിരുന്നു ഇത് വിപുലീകരിച്ചാണ് ക്ലോക്ക് ടവര്‍ രൂപാന്തരപെടുത്തിയത്. 'ഗന്‍ഡ ഘര്‍' എന്നാണ് ഇവിടുത്തുകാര്‍ ഇതിനെ പറയുന്നത്. അത്ര പ്രാധാന്യമുള്ള കാഴ്ചകള്‍ ഒന്നും മീററ്റില്‍ ഇല്ല, ഒരു യുദ്ധ സ്മാരകം ഒഴികെ. കഴിയുന്നതും നേരത്തെ ചണ്ഡിഗ-് എത്തണമെന്നും സുഗുണ തടാകത്തിന്റെ കരയില്‍ കുറച്ചു സമയം ഇരിക്കണം എന്നുമുള്ളതിനാല്‍ മീററ്റിനെ അവഗണിക്കേണ്ടി വന്നു.

വഴിയില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഉണ്ടെങ്കിലും തിരിച്ചു ഇത് വഴി തന്നെ വരികയാണെങ്കില്‍ ഇറങ്ങാം എന്ന് കരുതി മുന്നോട്ട് പോയി.

ചണ്ഡിഗഡ് എത്തുമ്പോള്‍ വൈകുന്നേരം അഞ്ചു മണിയോട് അടുത്തിരുന്നു. നേരെ സുഗുണ തടാകത്തിലേക്ക് തന്നെയാണ് പോയത്. നല്ല വെയിലുണ്ട്. എന്നാല്‍ പിന്നെ റോസ് ഗാര്‍ഡനില്‍ പോയി ഇങ്ങോട്ട് വരാം എന്ന് തീരുമാനിച്ചു.

തടാകത്തിന്റെ അടുത്തു തന്നെയാണ് ഗാര്‍ഡനും നില്‍ക്കുന്നതു. സക്കീര്‍ ഹുസൈന്റെ പേരിലാണു റോസ് ഗാര്‍ഡന്‍ അറിയപ്പെടുന്നത്. പതിനേഴ് ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഗാര്‍ഡന്‍ ഏഷ്യയിലെ തന്നെ വലിയ ഗാര്‍ഡന്‍ ആണ്. പതിനാറായിരം തരം റോസുകള്‍ ഇവിടെ ഉണ്ടെന്നാണ് കരുതുന്നത്.

വര്‍ഷത്തില്‍ ഇവിടെ റോസ് ഫെസ്റ്റിവല്‍ ഉണ്ടാവാറുണ്ട്. ജലധാരകള്‍ കൊണ്ട് വിശ്രമസത്രങ്ങളാലും സമ്പന്നമാണ് ഗാര്‍ഡന്‍. ഇണകള്‍ പരസ്പരം കൈകള്‍ പിടിച്ചു നടക്കുന്നു. ചിലര്‍ പരസ്പരം ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുന്നു. ഇത് സുഭാഷ് പാര്‍ക്കോ, കേരളത്തിലെ ഏതെങ്കിലും ബീച്ചോ ആണെങ്കില്‍ 'സദാചാരത്തിന്റെ കാവല്‍ഭടന്മാര്‍'  ജാഗരൂഗരായേനെ. ഇവന്മാര്‍ തന്നെ ലാല്‍ ബാഗില്‍ പോയി ഊറിച്ചിരിക്കുകയും ചെയ്യും. ഫൗണ്ടനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. സൂര്യവെളിച്ചത്തില്‍ ചിലഭാഗത്ത് മഴവില്‍ പ്രത്യക്ഷമാവുന്നുണ്ട്.

സുഭാഷ് പാര്‍ക്കോ, കേരളത്തിലെ ഏതെങ്കിലും ബീച്ചോ ആണെങ്കില്‍ 'സദാചാരത്തിന്റെ കാവല്‍ഭടന്മാര്‍'  ജാഗരൂഗരായേനെ.

തടാകതീരത്ത് എത്തുമ്പോള്‍ അവിടം തിരക്കായി തുടങ്ങിയിരുന്നു. ചിലര്‍ ബോട്ടിങ്ങിന്റെ തിരക്കിലാണ്. ചിലര്‍ പെയിന്റിംഗ് ചെയ്യുന്നു. മറ്റുചിലര്‍ വായനയിലാണ്.ഞങ്ങള്‍ ഒഴിഞ്ഞ ഒരു ബെഞ്ചില്‍ ഇരുന്നു.

ഒരു കൃത്രിമ തടാകം എന്നതാണ് സുഗുണ തടാകത്തിന്റെ പ്രതേകത. മുന്‍പ് ഈ തടാകത്തില്‍ നിറയെ അരയന്നങ്ങള്‍ ഉണ്ടായിരുന്നു.

എവിടെ പോയോ എന്തോ ?

തടാകം നില്‍ക്കുന്ന സെക്റ്റര്‍ 16 ഇല്‍ നിന്നും സെക്റ്റര്‍ 17 വഴി ഞങ്ങള്‍ മുന്നോട്ട് പോയി.

വീതി കൂടിയ റോഡ്. പേരിനു പോലും ഒരു കുഴിയും ഇല്ല. സീബ്രാ ലൈനും ട്രാഫിക് സിഗ്‌നലുകളും പാലിക്കുന്ന യാത്രക്കാര്‍. മനോഹരമായ നടപ്പാതകള്‍. റോഡിന്റെ നടുവില്‍ കൂടി കൃത്യമായ അകലം സുക്ഷിക്കുന്ന തണല്‍ മരങ്ങള്‍. കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകത്തക്ക രീതിയിലുളള ഉദ്യാനങ്ങള്‍. ഓരോ റൗണ്ടുകളും ജലധാര കൊണ്ട് മനോഹരമാണ്. പഞ്ചാബിന്റെയും ഹരിയാനയുടെയും ഏകീകൃത തലസ്ഥാനം, കേന്ദ്ര ഭരണ പ്രദേശം. ഷിംലയിലേക്കും മണാലിയിലേക്കും പോകുമ്പോയുള്ള ഒരിടത്താവളം എന്നതില്‍ കവിഞ്ഞു അധികമാരും ഉപയോഗിക്കാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ചണ്ഡിഗഡ്.

എന്റെ യാത്രകളില്‍ കണ്ട, ചേരിയില്ലാത്ത, ദുര്‍ഗന്ധം വമിക്കാത്ത ഒരേയൊരു പട്ടണം. എല്ലാ പ്രധാന പട്ടണങ്ങളിലും കാണുന്ന CNG ഓട്ടോ തന്നെയാണ് ചണ്ഡിഗഡിലും ഉള്ളത്. അലക്ഷ്യമായി പാര്‍ക്ക് ചെയ്യാത്ത വാഹനങ്ങളും ഒരേ നിര്‍മ്മാണ പ്രക്രിയയിലുള്ള വ്യാപാര സമുച്ചയങ്ങളും. ഇന്ത്യയിലെ ആദ്യത്തെ ആസുത്രിത നഗരമാണ് ചണ്ഡിഗഡ്. ഒരു ഫ്രഞ്ചുകാരനായ എഞ്ചിനീയര്‍ ആണ് ചണ്ഡിഗഡിന്റെ നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിച്ചത്.

സെക്റ്റര്‍ 22 ഇല്‍ ആണ് റൂം എടുത്തത്. പൊതുവേ റെന്റ് കൂടുതലാണെങ്കിലും വിലപേശി അവസാനം നാനൂറു രൂപക്ക് സമ്മതിച്ചു, ചില നിബന്ധനകള്‍ക്ക് മുകളില്‍. ഒന്നാമതായി ബില്ല് തരില്ല. രണ്ടു കാലത്ത് ഒന്‍പതു മണിക്ക് മുമ്പ് റൂം വെക്കേറ്റ് ചെയ്യണം. രാത്രി ഭക്ഷണം കുറച്ചു പഴങ്ങളില്‍ ഒതുക്കാം എന്ന് കരുതി.

കുറച്ചു ആപ്പിളും കുറച്ചു മുന്തിരിയും വാങ്ങി. പൊള്ളുന്ന വില എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. കിലോക്കല്ല അരക്കിലോക്കാണ് വില പറയുക. അതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല. ആപ്പിളിന് അരക്കിലോ നൂറു രൂപ. അപ്പിള്‍ കൃഷി ചെയ്യുന്ന ഷിംലയും മനാലിയും വളരെ അടുത്താണെന്ന് ഓര്‍ക്കണം. കേരളത്തില്‍ പോലും കിലോക്ക് നൂറ്റി നാല്‍പ്പതു രൂപയെ ഒള്ളൂ.

യാത്രയുടെ ഒന്നാം ഘട്ടം അവസാനിച്ചിരിക്കുന്നു. നിര്‍ണ്ണായകവും കോരിത്തരിപ്പിക്കുന്നതുമായ രണ്ടാം ഘട്ടം നാളെ തുടങ്ങും.

(അടുത്ത ഭാഗം അടുത്ത ആഴ്ച)
 

ആദ്യ ഭാഗം: നോര്‍ത്ത് ഈസ്റ്റിലേക്ക്  ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്!

രണ്ടാം ഭാഗം: ഗാന്ധിയിലേക്കുള്ള ദൂരം

മൂന്നാം ഭാഗം: നാഗ്പൂരിലെ ചുവന്ന തെരുവ്!​

നാലാം ഭാഗം:  നിലമ്പൂര്‍ രാജ്യത്തുനിന്നും അക്ബറിന്റെ രാജധാനിയിലേക്ക് ഒരു സഞ്ചാരി!​

അഞ്ചാം ഭാഗം: അറിയാത്ത താജ്മഹല്‍!

Follow Us:
Download App:
  • android
  • ios