Asianet News MalayalamAsianet News Malayalam

കമ്മട്ടിപ്പാടത്തിനു മുമ്പുള്ള കൊച്ചി ഇങ്ങനെയായിരുന്നു

Shereef Chungathara on Kochi
Author
Thiruvananthapuram, First Published Feb 23, 2018, 3:27 PM IST

എന്തായാലും സായിപ്പിനിത് ഗുണമായി. പരസ്പരമുള്ള വഴക്കുകള്‍ക്കിടയില്‍ പോര്‍ച്ചുഗീസുകാരനും ഡച്ചുകാരനും ബ്രിട്ടീഷുകാരനും അവര്‍ക്ക് വേണ്ടതൊക്കെ നേടി. 

Shereef Chungathara on Kochi

പണ്ട് പണ്ട്...പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, ഒരു നൂറു നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ്്. അതോ അതിനും മുമ്പോ.നൂറ്റാണ്ടുകള്‍ക്കു മുമ്പെന്നു പറയാം.

നേഹയുടെ കാലത്തുണ്ടായ പോലെ ഒരു പ്രളയം ഇവിടേം ഉണ്ടായി. നിര്‍ത്താതെ പെയ്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകി. വെള്ളം, എല്ലായിടത്തും വെള്ളം മാത്രം. ദേശമായ ദേശത്തെയെല്ലാം മണ്ണെല്ലാം കുത്തിയൊലിച്ച് ഇവിടെ കൊണ്ടിട്ടു. അന്നത്തെ പ്രാധാന തുറമുഖമായ കൊടുങ്ങല്ലൂരിലെ മുസരിസ് എക്കലും അഴുക്കും നിറഞ്ഞ് ഉപയോഗശൂന്യമായി കാണണം. അന്നൊക്കെ വിദേശ വ്യാപാരികള്‍ വന്നത് കൊല്ലത്തും കൊടുങ്ങലൂരും കോഴിക്കോടും മാത്രമാണ്. അന്നത്തെ ആ മഹാപ്രളയം സമ്മാനിച്ചതാണ് കൊച്ചിതുറമുഖം.

പൊന്നാനിക്കടുത്തെ വന്നേരിയിലെ പെരുമ്പടപ്പ് ഇല്ലത്തെ ഒരു നമ്പൂരിച്ഛന്‍ കുലശേഖരപെരുമാളിന്റെ സഹോദരിയെ വേളികഴിച്ചവകയില്‍ കിട്ടിയ 52 കാതം ഭൂമിയാണ് കൊച്ചി രാജകുടുംബത്തിന്റെ തുടക്കം എന്ന് കരുതുന്നു. അന്ന് ചിത്രകൂടം ആസ്ഥാനമാക്കി ഭരിച്ച പെരുമ്പടപ്പ് സ്വരൂപം കോഴിക്കോട് സാമൂതിരിയുടെ ഭീഷണിയെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ മഹോദയപുരത്തെക്കും പിന്നീട് കൊച്ചിയിലേക്കും ആസ്ഥാനം മാറ്റി, അവിടെ നിന്നും പിന്നീട് തൃപ്പൂണിത്തുറയിലേക്കും. അന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് നിസ്സാരകാരണങ്ങള്‍ മതിയല്ലോ പരസ്പരം യുദ്ധം ചെയ്യാന്‍. അത് വഴിപോയപ്പോള്‍ വേണ്ടവിധം ബഹുമാനിച്ചില്ല, കൊട്ടാരം വൈദ്യന്‍ കൊടുത്ത മരുന്ന് കാരണം വയറിളക്കംബാധിച്ചു. അങ്ങനെ അങ്ങനെയങ്ങനെ. 

ബസിന്റെ പിറകില്‍ എരിയുന്ന ഒരു തീയടുപ്പ് പാത്രം. ഇതില്‍ തീ കത്തിച്ച് ആവിയുണ്ടാക്കിയാണ് എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കുക. 

എന്തായാലും സായിപ്പിനിത് ഗുണമായി. പരസ്പരമുള്ള വഴക്കുകള്‍ക്കിടയില്‍ പോര്‍ച്ചുഗീസുകാരനും ഡച്ചുകാരനും ബ്രിട്ടീഷുകാരനും അവര്‍ക്ക് വേണ്ടതൊക്കെ നേടി. 

അന്നത്തെ കൊച്ചീന്ന് വെച്ചാല്‍ പോഞ്ഞിക്കരമുതല്‍ വെണ്ടുരുത്തി വരെ വെള്ളമാണ്. ബോട്ടും ചെറിയ വള്ളങ്ങളുമാണ് പ്രധാന യാത്രാമാര്‍ഗം. ബോട്ടെന്നു പറഞ്ഞാല്‍ പ്രൊപ്പല്ലര്‍ ഒന്നും ഉണ്ടാവില്ല. പകരം പാടത്ത് വെള്ളംതിരിക്കാന്‍ ഉപയോഗിക്കുന്ന ചക്രം പോലെയുള്ള ചക്രം ബോട്ടിന്റെ രണ്ടുവശത്തും നടുവിലും വച്ചു ചവിട്ടിയാണ് ബോട്ട് നീങ്ങുക. അന്ന് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തു പഠിക്കാന്‍ വരുന്നവര്‍ക്ക് ബോട്ട് യാത്ര രാജാവ് സൗജന്യം ആക്കിയിരുന്നു. മട്ടാഞ്ചേരീന്നു പള്ളുരുത്തി വരെ ബസിലും വരാം. ബസെന്നു പറഞ്ഞാല്‍ കരിവണ്ടിയാണ്. എട്ടു സീറ്റേ കാണൂ, ബസിന്റെ പിറകില്‍ എരിയുന്ന ഒരു തീയടുപ്പ് പാത്രം. ഇതില്‍ തീ കത്തിച്ച് ആവിയുണ്ടാക്കിയാണ് എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കുക. 

മദ്രാസ് മുതല്‍ ഷൊര്‍ണൂര്‍ വരെ ആയിരുന്നു പ്രധാന റെയില്‍വേ സര്‍വീസ് ഉണ്ടായിരുന്നത്. കൊച്ചിയിലേക്ക് ട്രെയിന്‍ കൊണ്ടുവരാന്‍ രാജാവിനു ഒത്തിരി ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നു. റെയില്‍പാളം നിര്‍മിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു പ്രധാന പ്രശ്‌നം. അവസാനം തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശക്ഷേത്രത്തിലെ പതിനഞ്ചു തങ്കനെറ്റിപട്ടങ്ങളില്‍ പതിനാലും മറ്റു ക്ഷേത്രങ്ങളിലെ ആഭരണങ്ങളും കൊട്ടാരം ഖജനാവില്‍ നിന്നുള്ള പണവും എടുത്താണ് രാജാവ് ആദ്യത്തെ ട്രെയിന്‍ കൊച്ചിയില്‍ എത്തിച്ചത്. ഇന്നത്തെ ഹൈക്കോടതി കെട്ടിടത്തിനും ടാറ്റ ഓയില്‍ മില്ലിനും ഇടയിലായിരുന്നു ആദ്യത്തെ റെയില്‍വേ സ്‌റ്റേഷന്‍. 

കലൂരായിരുന്നു മലംഡിപ്പോ. ഇത്രയും വൃത്തികെട്ട സ്ഥലത്തെ ചെറുപ്പകാര്‍ക്ക് ആരും പെണ്ണ് കൊടുക്കുമായിരുന്നില്ല.

എല്ലാം മുക്കായിരുന്നു, പള്ളിമുക്ക് മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. വളഞ്ഞമ്പലം കാവില്‍മുക്കും, ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് കോലോത്തുംപറമ്പ്, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ രാംമോഹന്‍ പാലസ് മുക്ക്, കോളേജ് ഗ്രൗണ്ട് ഈയാട്ട്മുക്ക്, കലൂര്‍ ബസ് സ്റ്റാന്‍ഡ് തീട്ടപ്പറമ്പ് മുക്ക്. കലൂരായിരുന്നു മലംഡിപ്പോ. ഇത്രയും വൃത്തികെട്ട സ്ഥലത്തെ ചെറുപ്പകാര്‍ക്ക് ആരും പെണ്ണ് കൊടുക്കുമായിരുന്നില്ല. കലൂര് വെച്ചുണ്ടാകുന്ന ഒരു ഭക്ഷണപരിപാടിക്കും ആരും പോകില്ല, ഈച്ച തന്നെ കാരണം. പിന്നിട് നാട്ടുകാരുടെ പ്രക്ഷോഭത്തില്‍ എളംകുളത്ത് സീവേജ് പ്ലാന്റ് സ്ഥാപിച്ചു. 

ബ്രിസ്‌റ്റോ സായിപ്പിന്റെ വരവോടെയാണ് പട്ടിണികൊണ്ട് പൊറുതിമുട്ടിയ കൊച്ചിക്കാര്‍ക്ക് ആശ്വാസമായത്. ഐലന്റ് ഉണ്ടാക്കാന്‍ ബ്രിട്ടോ മണ്ണ് അടിച്ചിടാന്‍ പണിക്കാരെ കൂട്ടിയത് ചാപ്പ കൊടുത്തായിരുന്നു. കണ്ടക്കടവ്, കണ്ണമാലി,നസ്രത്ത്,മൂലങ്കുഴി എന്നിവിടന്നൊക്കെ ആളുകള്‍ അര്‍ദ്ധരാത്രി വന്നു ചാപ്പകിട്ടാന്‍ കാത്തിരിക്കും. ചാപ്പ എറിഞ്ഞുകൊടുക്കുന്ന രീതിയായിരുന്നു, ഇങ്ങനെ എറിഞ്ഞുകൊടുക്കുമ്പോള്‍ പണിക്കാര്‍ ചാപ്പക്ക് വേണ്ടി അടികൂടും. ഇതാണ് യൂണിയന്‍ തുടങ്ങാനുള്ള കാരണം. കമ്യൂണിസ്റ്റ് പ്രസ്ഥാനം ബലപ്പെട്ടു വരുന്നതേ ഉള്ളൂ. ചാപ്പകൊടുക്കുന്ന പ്രാകൃതസമ്പ്രദായത്തിനു എതിരെ നടന്ന മട്ടാഞ്ചേരി സമരം അന്ന് കുറച്ചു രക്തസാക്ഷികളെ സൃഷ്ടിച്ചു. 

ഷോ തുടങ്ങിയാല്‍ എല്ലാ വാതിലുകളും തുറന്നിടും. കായലില്‍ നിന്നുള്ള തണുത്ത കാറ്റും കൊണ്ടാണ് പിന്നീടു സിനിമ കാണല്‍.

പോഞ്ഞിക്കരക്കും വെണ്ടുരുത്തിക്കും ഇടയില്‍ ബ്രിട്ടോ പണിതുയര്‍ത്തിയ ഐലന്‍ഡ് വഴി കൊച്ചിയെ മികച്ചൊരു തുറമുഖമാക്കി മാറ്റി. പണിക്കാരുടെ കയ്യിലൊക്കെ നിറയെ കാശ്. അന്ന് മറൈന്‍ ഡ്രൈവുണ്ടായിരുന്നില്ല. ഷണ്മുഖം റോഡിനു അവസാനം മേനക തിയേറ്റര്‍. ആകെയുള്ള തിയേറ്ററും മേനകയായിരുന്നു. ഷോ തുടങ്ങിയാല്‍ എല്ലാ വാതിലുകളും തുറന്നിടും. കായലില്‍ നിന്നുള്ള തണുത്ത കാറ്റും കൊണ്ടാണ് പിന്നീടു സിനിമ കാണല്‍. 

കൊച്ചി വലിയൊരു വാണിജ്യകേന്ദ്രമായി മാറി. കപ്പല്‍കല്യാണങ്ങള്‍ വഴി മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൊച്ചിയില്‍ ചേക്കേറി.  കച്ച് മുസ്ലികളും, കൊങ്കിണികളും, ഗുജറാത്തികളും, തെലുങ്കരും കൊച്ചിയെ ഒരു കൂടിക്കലര്‍ന്ന സംസ്‌കാരമാക്കി മാറ്റി. 

ഷിപ്പ് യാാര്‍ഡിന് വേണ്ടി തേവരക്കും പള്ളിമുക്കിനും ഇടയിലുള്ള ഒത്തിരിപേര്‍ കുടിയോഴിഞ്ഞു. നാടിനു ഒരു കപ്പല്‍നിര്‍മാണശാല കിട്ടുമെങ്കില്‍ വീട് മാത്രമല്ല കുരിശുപള്ളിയും സെമിത്തേരിയും വരെ വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായി. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുരോഗതി ഒന്നും ഉണ്ടായില്ല. അതെ ജനങ്ങള്‍ ഒരു മരക്കപ്പല്‍ നിര്‍മ്മിച്ച്  റോഡ് വഴി കൊണ്ട്‌പോയി കടലില്‍ ഒഴുക്കി. ഇതൊരു വാര്‍ത്ത ആയപ്പോഴാണ് ഷിപ് യാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. 

ഇനിയുമൊരുപാടുണ്ട് പറയാന്‍. കൊച്ചിയുടെ വളര്‍ച്ച. മാറ്റം. 
 

Follow Us:
Download App:
  • android
  • ios