Asianet News MalayalamAsianet News Malayalam

ഫലസ്തീനിനും ഇസ്രായേലിനും മധ്യേ ഒരു കൊട്ടാരക്കരക്കാരന്‍!

Shibu Gopala krishnan column Vazhimarangal 2
Author
Thiruvananthapuram, First Published Jan 25, 2018, 8:33 PM IST

പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന രണ്ടു ജനതകളില്‍ നിന്നാണ് അവര്‍ വരുന്നത് എന്നും അതിനു നടുവില്‍ കഴിഞ്ഞ മൂന്നു മണിക്കൂറുകളായി ഞാന്‍ നില്‍ക്കുകയായിരുന്നു എന്നുമുള്ള ബോധ്യം ഉറക്കത്തിന്റെ എല്ലാ നയതന്ത്രങ്ങളില്‍ നിന്നും എന്നെ മോചിപ്പിച്ചു കൊണ്ടിരുന്നു.

Shibu Gopala krishnan column Vazhimarangal 2

കൊട്ടാരക്കരയില്‍ മാത്രമാണ് ഏറ്റവുമധികം കൊട്ടാരക്കരക്കാരെ കണ്ടിട്ടുള്ളത്. പിന്നീട് ഏറ്റവുമധികം കാലം താമസിച്ച ബംഗലൂരുവില്‍ ഏറ്റവും കൂടുതല്‍ കണ്ടത് ബംഗലൂരുകാരെ അല്ല, എന്തിനു കര്‍ണാടകക്കാരെ പോലും അല്ല. അതിനുശേഷം താമസിച്ച തിരുവനന്തപുരത്തും ഏറ്റവുമധികം കണ്ടത് തിരുവനന്തപുരത്തുകാരെ അല്ല. ഇപ്പോള്‍ നാല് വര്‍ഷത്തോളമായി താമസിക്കുന്ന കാലിഫോര്‍ണിയയിലും ഏറ്റവും കൂടുതല്‍ കണ്ടതും പരിചയപ്പെട്ടതും ഇടപഴകിയതും അമേരിക്കക്കാരെ അല്ല. ലോകം വളരുംതോറും മനുഷ്യന്‍ കൂടിക്കലരുകയാണ്. അതിര്‍വരമ്പുകളെ ഭേദിച്ച് അവന്‍ ആഗോളപൗരത്വം ആര്‍ജിക്കുകയാണ്.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് ഇവിടുത്തെ താങ്ക്‌സ്ഗിവിങ് ഡേ. അതിനെ തുടര്‍ന്ന് വരുന്ന വെള്ളിയാഴ്ചയെ വിളിക്കുന്ന ചെല്ലപ്പേരാണ് ബ്ലാക്ക് ഫ്രൈഡേ. ക്രിസ്മസ് ഷോപ്പിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന ദിവസം. സകലമാന റീട്ടെയിലറുകാര്‍ക്കും ചാകര വന്നുമറിയുന്ന കച്ചവടത്തിന്റെ മഹാദിവസം. നാടുമുഴുവന്‍ ഉറക്കമൊഴിച്ചു ഷോപ്പിംഗിനായി തെരുവില്‍ ഇറങ്ങും. പണ്ടൊക്കെ വെള്ളിയാഴ്ച രാവിലെ ആയിരുന്നു കട തുറന്നിരുന്നതെങ്കില്‍, പിന്നീടത് പാതിരാത്രി ആവുകയും, തുടര്‍ന്ന് താങ്ക്‌സ് ഗിവിങ് വ്യാഴാഴ്ചയുടെ വൈകുന്നേരം തന്നെ കച്ചവടം ആരംഭിക്കുകയും ചെയ്തു. എല്ലാ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളുടെ മുന്നിലും ഉച്ച കഴിയുന്നതോടു കൂടി നീണ്ട മനുഷ്യനിരകള്‍ രൂപംകൊള്ളും. ഒരു കടയില്‍ നിന്നും അടുത്ത കടയിലേക്ക് മണ്ടി മണ്ടിയങ്ങനെ മനുഷ്യന്‍ നേരം വെളുക്കുന്നതുവരെ വിലക്കുറവെന്ന നിലാവില്‍ നനഞ്ഞു എന്തെല്ലാമോ വാങ്ങിച്ചുകൂട്ടും.

ലോകം വളരുംതോറും മനുഷ്യന്‍ കൂടിക്കലരുകയാണ്.

കൃത്യമായ പ്ലാനുമായിട്ടായിരിക്കും വൈകുന്നേരം ഇറങ്ങുക. ആദ്യം തന്നെ ക്യൂവിന് മുന്നില്‍ ഇടം പിടിക്കണം. വാതില്‍ തുറക്കുന്ന ഡോര്‍ബസ്റ്റര്‍ മുഹൂര്‍ത്തത്തില്‍ അകത്തേക്ക് ഇടിച്ചു കയറണം. കാത്തുകാത്തിരുന്ന ഐറ്റം ബാക്കിയുള്ളവര്‍ സ്വന്തം കാര്‍ട്ടിലേക്കു എടുത്തിടുന്നതിനു മുമ്പേ കൈക്കലാക്കണം. എത്രയും പെട്ടെന്ന് ബില്ല് ചെയ്തു പുറത്തുകടന്നു ലിസ്റ്റിലെ രണ്ടാമത്തെ കടയിലേക്ക് വച്ചുപിടിക്കണം. ഇത്രയും ചെറിയ മോഹങ്ങളൊക്കെയേ ഉള്ളൂ. പക്ഷെ എല്ലാവരുടെയും മോഹങ്ങള്‍ ഇത്രത്തോളം തന്നെ ചെറുതായിരിക്കുന്നതുകൊണ്ടു ഉദ്ദേശിച്ച കാര്യങ്ങള്‍ ഒന്നും ഘടികാരസൂചിതന്‍ പിടിയില്‍ നില്‍ക്കാതെ പാളും.

ബില്ലിങ്ങിന് എത്തുമ്പോഴത്തേക്കു പുറത്തെ ക്യൂവിനെയും തോല്‍പ്പിക്കുന്ന നിര അകത്തു രൂപംകൊണ്ടു കഴിഞ്ഞിരിക്കും. മണിക്കൂറുകള്‍ നീണ്ട കാത്തുനില്‍പ്പിനു പിന്നിലേക്കായിരിക്കും ചെന്നുനില്‍ക്കുക. ചിലര്‍ വരുന്നതേ ക്യൂവില്‍ നില്‍ക്കാനായിരിക്കും. ഒരാള്‍ ഓടിനടന്നു സാധനങ്ങള്‍ എടുക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ബില്ല് ചെയ്യാന്‍ പാകത്തില്‍ മറ്റേയാള്‍ ക്യൂവിന്റെ ഏറ്റവും മുന്നില്‍ കുറ്റിയടിക്കും. ഓരോരുത്തരും വരുന്നത് അത്രയധികം സാധനങ്ങളുമായിട്ടായിരിക്കും. ഒച്ചിനെയും തോല്‍പ്പിക്കുന്ന അവധാനതയിലായിരിക്കും ക്യൂ അനങ്ങുക.

നൂറെണ്ണം ബില്ലു ചെയ്യാനുള്ളവനും ഒരെണ്ണം ബില്ലു ചെയ്യാനുള്ളവനും ഒരേ സ്വാതന്ത്ര്യവും സമത്വവും സോഷ്യലിസവും അനുഭവിക്കുന്ന ഒരു നീളന്‍ റിപ്പബ്ലിക്കായി ക്യൂ വളര്‍ന്നു കൊണ്ടേയിരിക്കും. ഏകദേശം രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ആരോടെങ്കിലും ഒന്ന് മിണ്ടിയേ മതിയാവൂ എന്നായി. ഇതുവരെ ഉണ്ടായ മുന്നേറ്റം വച്ചു നോക്കുകയാണെങ്കില്‍ ഇനിയും ഒരു മണിക്കൂര്‍ കൂടി വേണ്ടി വന്നേക്കാം എന്നോര്‍ത്തപ്പോള്‍ ഉറക്കം വന്നു കണ്ണുപൊത്താന്‍ തുടങ്ങി. ഏത് അപരിചിതനോടും ഏറ്റവും ഹൃദ്യമായി പുഞ്ചിരിക്കാനും, ഒരു ഹായ് കൊണ്ട് അഭിവാദ്യം ചെയ്യാനുമാകുമെന്നു പഠിപ്പിച്ച, ഇവിടുത്തെ നടപ്പാതകളെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് പിന്നില്‍ നിന്ന മധ്യവയസ്‌കനോട് രണ്ടുകവിള്‍ മിണ്ടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ഇന്ത്യയില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ കേട്ടിട്ടുണ്ട്, ഒരു വലിയ രാജ്യമല്ലേ എന്ന് ചോദിച്ചു.

ഇസ്രായേലില്‍ ആണ് വേരുകള്‍. അവിടെ എവിടെ എന്നു ഞാന്‍ ചോദിച്ചില്ല. ഇവിടെ വന്നിട്ട് പത്തുവര്‍ഷം ആകുന്നു. അധികം സാധനങ്ങള്‍ ഒന്നും കൈയിലില്ല. വരാനിരിക്കുന്ന മഞ്ഞുകാലത്തിന്റെ എല്ലാ അധിനിവേശങ്ങളോടുമുള്ള ചെറുത്തുനില്‍പിനെ ഓര്‍മിപ്പിച്ചുകൊണ്ട് ഒരു കറുത്ത ജാക്കറ്റ് മാത്രം. കഴിഞ്ഞ വര്‍ഷത്തെ ഇതിലും വലിയ തിരക്കിനെക്കുറിച്ച് എന്നോട് മേനി പറഞ്ഞു. അന്നത്തെ ബ്ലാക്ക് ഫ്രൈഡേ ആയിരുന്നു ബ്ലാക്ക് ഫ്രൈഡേ എന്നമട്ടിലുള്ള പൊലിപ്പിക്കലിനെ ചോദ്യം ചെയ്യാതെ ഞാന്‍ വെറുതെ വിട്ടു. ഇന്ത്യയില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ കേട്ടിട്ടുണ്ട്, ഒരു വലിയ രാജ്യമല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ ക്യൂ ഞങ്ങളെ രണ്ടു ചുവടുകൂടി മുന്നോട്ടു വലിച്ചു നീക്കി നിര്‍ത്തി.

തൊട്ടുമുന്നില്‍ ഒരു അമ്മയും മകളും ആയിരുന്നു. അമ്മ ഹിജാബ് ധരിച്ചിരുന്നു. എന്തിനോ വേണ്ടി പിന്നെയും വാശി പിടിച്ചുകൊണ്ടിരുന്ന മകളെ അവര്‍ എനിക്ക് മനസിലാവാത്ത ഏതോ ഭാഷയില്‍ ശകാരിക്കുന്നുണ്ടായിരുന്നു. എത്രയൊക്കെ മനസിലാക്കാന്‍ ശ്രമിച്ചിട്ടും അവള്‍ എന്തിനു വേണ്ടിയാണ് ചിണുങ്ങുന്നതെന്നു എനിക്ക് മനസിലായില്ല. അവര്‍ ഷോപ്പിംഗ് അപ്പോഴും തുടരുകയായിരുന്നു. മുന്നിലെ കാര്‍ട്ട് എന്നെ ഏല്‍പ്പിച്ചു അവര്‍ എന്തൊക്കെയോ എടുത്തുകൊണ്ടുവരികയും തിരിച്ചുകൊണ്ടുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനിടയ്ക്ക് അതിനെ മുന്നോട്ടു നീക്കുക എന്നത് എന്റെ ചുമതല ആയിരുന്നു. അതിനു തിരിച്ചു വരുമ്പോഴെല്ലാം അവര്‍ എന്നോട് പുഞ്ചിരിച്ചു. അപ്പോഴും മകള്‍ കരഞ്ഞുകൊണ്ടിരുന്നു. 

അവളുടെ കണ്ണുകളില്‍ അപ്പോള്‍ പേരറിയാത്ത നക്ഷത്രങ്ങള്‍ പൂത്തുനില്‍പ്പുണ്ടായിരുന്നു. 

ബില്ലിംഗ് കൗണ്ടറില്‍ എത്തുന്നതിനു തൊട്ടുമുന്‍പു അവര്‍ ഫലസ്തീനില്‍ നിന്നാണെന്നു മാത്രം മനസിലാക്കാന്‍ സാധിക്കുന്ന ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ അവസാനിച്ച ഒരു ചെറിയ സംഭാഷണം ഉണ്ടായി. പിടിവാശികള്‍ എല്ലാം പരാജയപ്പെട്ട മകള്‍ തോറ്റിട്ടും തോല്‍ക്കാതെ തുടരുന്ന പോരാട്ടം പോലെ അവരുടെ വസ്ത്രത്തില്‍ മുഖമമര്‍ത്തി വഴിതടഞ്ഞു നിന്നു. പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന രണ്ടു ജനതകളില്‍ നിന്നാണ് അവര്‍ വരുന്നത് എന്നും അതിനു നടുവില്‍ കഴിഞ്ഞ മൂന്നു മണിക്കൂറുകളായി ഞാന്‍ നില്‍ക്കുകയായിരുന്നു എന്നുമുള്ള ബോധ്യം ഉറക്കത്തിന്റെ എല്ലാ നയതന്ത്രങ്ങളില്‍ നിന്നും എന്നെ മോചിപ്പിച്ചു കൊണ്ടിരുന്നു.

ബില്ലിംഗ് കഴിഞ്ഞു പുറത്തേക്കു നടക്കുമ്പോഴും അവരെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പിണക്കം മാറാതെ വാരിക്കെട്ടിയ മുഖവുമായി മകള്‍. സാധനങ്ങള്‍ നിറച്ച കവറുകള്‍ തൂക്കിയ അമ്മയ്ക്കു പിന്നില്‍ അവസാനിക്കാത്ത പ്രതിഷേധവുമായി അവള്‍ നടന്നു. അവര്‍ക്കു പിന്നാലെ വേഗത്തില്‍ നടന്നു വന്ന ആ മധ്യവയസ്‌കന്‍ അവളുടെ പിടിവാശിക്കു നേരെ ഒരു പാവക്കുട്ടിയെ നീട്ടി. മഞ്ഞ നിറമുള്ള ഒരു പാവക്കുട്ടി. ആര്‍ക്കെങ്കിലും തടയാന്‍ കഴിയുന്നതിനു മുന്‍പേ അവള്‍ അതുമേടിച്ചു നെഞ്ചോടു ചേര്‍ത്ത് അമ്മയുടെ നേര്‍ക്ക് മുഖമുയര്‍ത്തി. അവളുടെ കണ്ണുകളില്‍ അപ്പോള്‍ പേരറിയാത്ത നക്ഷത്രങ്ങള്‍ പൂത്തുനില്‍പ്പുണ്ടായിരുന്നു. 

വാത്സല്യത്തോടെ അവളുടെ തലയില്‍ ഒന്നു തൊട്ടു ആ കറുത്ത ജാക്കറ്റിനകത്തു കയറി അയാള്‍ അവരെയും കടന്നു പോയി.

വഴിമരങ്ങള്‍ ഇതുവരെ

കടലിനേക്കാള്‍ ആഴമേറിയ ഒരുവള്‍!

Follow Us:
Download App:
  • android
  • ios