Asianet News MalayalamAsianet News Malayalam

ഒമ്പത് ദലിതര്‍ കൊല്ലപ്പെട്ടിട്ടും ആ പ്രക്ഷോഭം 'ദലിത് അക്രമ'മാവുന്നതിന് പിന്നിലെന്ത്?

  • ഉത്തരേന്ത്യന്‍ ദലിത് പ്രക്ഷോഭം: മാധ്യമങ്ങള്‍ കാണാതെ പോവുന്നത്
  • ഷിജു ആര്‍ എഴുതുന്നു
Shiju R on Dalit protests

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം ഈ വിഷയത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വിശകലനം ചെയ്‌തോ എന്ന കാര്യം സംശയമാണ്.  കാരണം അവയെ നയിക്കുന്നതും മേല്‍പറഞ്ഞ സവര്‍ണ ഭാവുകത്വമല്ലാതെ മറ്റൊന്നുമല്ല.  ഒരു ജീവല്‍സമരം അവരുടെ ഭാഷയില്‍ 'കലാപ'വും 'സംഘര്‍ഷ'വും 'അക്രമ'വും മാത്രമാണ്.  കോസ്‌മെറ്റിക് കമ്പനിയുടെ ഫാഷന്‍ ഷോയിലെ ശരീരങ്ങളോളം പ്രധാനമല്ല, അവയ്ക്ക് രാഷ്ട്രശരീരം

Shiju R on Dalit protests

Kleptomania എന്ന ഇംഗ്ലീഷ് പദത്തിന് 'മനോ വൈകല്യം കൊണ്ടുള്ള, ചെറുക്കാനാവാത്ത മോഷണ ത്വര' എന്നാണര്‍ത്ഥം.  ഈ പദത്തില്‍  സൂക്ഷിച്ചു ചെവിയോര്‍ത്താല്‍  അതില്‍ ചില സാമൂഹ്യ സങ്കീര്‍ണ്ണതകളുടെ കടലിരമ്പം കേള്‍ക്കാം.  ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത പ്രഭുക്കന്മാരിലും അവരുടെ വിക്‌ടോറിയന്‍ പെണ്ണുങ്ങളിലും ചിലര്‍  എന്തിനാണ് മോഷ്ടിക്കുന്നത് എന്ന ആലോചനയില്‍ നിന്നാണ് ഈ പദത്തിന്റെ സാമൂഹ്യ നിരുക്തി.  സമ്പന്നനായിട്ടും ഒരാള്‍ മോഷ്ടിക്കുന്നതിലെ യുക്തിയില്ലായ്മയെ പൂരിപ്പിക്കുകയായിരുന്നു ഈ പദം.  

കുറ്റവാളിയുടെ നേര്‍ക്കുള്ള  നിരാര്‍ദ്രനോട്ടങ്ങള്‍  നിമിഷങ്ങള്‍ കൊണ്ട്  കരുണാസാഗരം ഒഴുകിയൊലിക്കുന്ന നോട്ടങ്ങളാക്കി മാറ്റി ഈ ഒറ്റപ്പദം. പക്ഷേ സഹോദരങ്ങള്‍ക്ക് വിശപ്പുമാറ്റാന്‍ റൊട്ടി മോഷ്ടിച്ച ജീന്‍ വാല്‍ ജീനെ രക്ഷിക്കാന്‍ ഈ പദത്തിന് ശേഷിയില്ല.  കാരണം ആ മോഷണത്തിനൊരു യുക്തിയുണ്ട്.  ദാരിദ്യത്തിന്റെ,  പട്ടിണിയുടെ യുക്തി.  അത് ശിക്ഷാര്‍ഹവുമാണ്.  പട്ടിണിയും ദാരിദ്ര്യവും സ്വയമേവ ഒരു കുറ്റമായിത്തീരുന്നതാണ് നമ്മുടെ നീതിബോധം.  

ഒരേ കുറ്റം രണ്ടു വര്‍ഗ്ഗത്തില്‍ പെട്ടവര്‍ ചെയ്യുമ്പോള്‍ രണ്ടു നീതി നടപ്പാക്കപ്പെടുന്നു എന്ന് മാത്രമല്ല,  അതിനെ സാധാരണമെന്ന് തോന്നിപ്പിക്കാനുള്ള പ്രത്യയശാസ്ത്ര ദൗത്യം കൂടി നിര്‍വഹിക്കുന്നു ആ വാക്കിന്റെ വിനിമയങ്ങള്‍.  സി എസ് ചന്ദ്രിക ഇതേപേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട്.  

ഒരേ കുറ്റം ചെയ്ത ബ്രാഹ്മണനും ശൂദ്രനും ഒരേ ശിക്ഷയല്ല വര്‍ണ്ണാശ്രമത്തിന്റെ നീതി. ബ്രാഹ്മണന്‍ സദ്യ നടത്തിയാല്‍ തീരുന്ന പാപം, ചെയ്തത് ശൂദ്രനെങ്കില്‍, വധശിക്ഷയാവും കിട്ടുക.  നീതിയുടെ വിതരണത്തിലെ വിവേചനവും അസമത്വവും സൈദ്ധാന്തികമായി അവസാനിച്ചുവെങ്കിലും പ്രയോഗത്തില്‍ തുല്യനീതി ഇന്നും യാഥാര്‍ഥ്യമായിട്ടില്ല.  

നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ വളരെ പണച്ചെലവുള്ള കാര്യമാണ്.  ഉയരങ്ങളിലേക്ക് പോവും തോറും സ്വാദു കൂടുന്ന ചായ പോലെ ഈ ചെലവും ഏറിവരും.  സാധാരണ മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കാത്ത നീതിപീഠങ്ങള്‍ ആ നീതിയുടെ വഴി നികുതിദായകര്‍ക്ക് മുന്നില്‍ നിഗൂഢമാക്കുകയാണ് ചെയ്യുന്നത്. 

പറഞ്ഞു ദൈവം പണ്ടേ തമ്മില്‍, 
പിരിഞ്ഞുവല്ലോ നമ്മള്‍. 
നമ്മുടെയിടയില്‍ പുരോഹിതന്മാര്‍ 
കന്മതില്‍ കെട്ടിയുയര്‍ത്തി '   

എന്ന് പരിതപിക്കുന്ന ദൈവമുണ്ട് വയലാറിന്റെ കവിതയില്‍.  സംസ്‌കൃതവും ബ്രാഹ്മണ്യ പൗരോഹിത്യവുമാണ് പഴയ കന്മതില്‍ എങ്കില്‍,  ആധുനിക ലോകത്ത് ഇംഗ്ലീഷും ബ്യുറോക്രസിയും പുതിയൊരു കന്മതില്‍ കൂടി തീര്‍ക്കുന്നു.  ( അബോധത്തിലെ ജാതി മതിലുകള്‍ ഇന്നും ശക്തമായിത്തുടരുന്നുണ്ട്,  അതിനു പുറമേ ) ഇങ്ങനെ അധികാരത്തിന്റെ പല കന്മതിലുകള്‍ക്കകത്ത്  തടവില്‍ കഴിയുന്ന ദൈവമാണ് നീതി.  

കോളജിന്റെ കൂറ്റന്‍ കെട്ടിടവും ഗോവണിയും കണ്ടു പകച്ചുപോവുന്ന ഒരു പെണ്‍കുട്ടിയുണ്ട് സാറാജോസഫിന്റെ 'വിയര്‍പ്പടയാളങ്ങള്‍' എന്ന കഥയില്‍. 'ഇതൊന്നും എന്‍േറതല്ല. ഞങ്ങളുടെ കോളനിയില്‍ നിന്നാരും ഇവിടെ പഠിച്ചിട്ടില്ല' എന്ന് അന്യതാബോധവുമായി നില്‍ക്കുന്ന ഈ പെണ്‍കുട്ടി നമ്മുടെ നീതി നിര്‍വഹണത്തിന്റെ സൃഷ്ടിയാണ്.  

നീതിപാലകരുടെ വര്‍ഗ്ഗ / വംശ പ്രതിനിധാനവും വളരെ പ്രധാനമാണ്.  ആധുനിക മതേതര ജനാധിപത്യ മൂല്യങ്ങളെക്കാള്‍ ശക്തമാണ് നാം കുടുംബത്തില്‍ നിന്നും സ്വജാതിയില്‍ നിന്നും സ്വാംശീകരിക്കുന്ന അവബോധങ്ങള്‍.  അതാണ് നമ്മുടെ ഈഗോയെ നിര്‍ണ്ണയിക്കുന്നത്.  സ്വാഭാവികമായും സാംസ്‌കാരിക മൂലധനം കൂടുതലുള്ള,  ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് എളുപ്പം കയറിവരാവുന്നവരുടെ വംശ / വര്‍ഗ മുന്‍വിധികള്‍ നീതിയും നിയമവുമായിത്തീരാനുള്ള സാധ്യത ഏറെയാണ്.  

ഇതിനൊരു മറുവശമുള്ളത് അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്പികള്‍ ഇത് മുന്‍കൂട്ടി കാണുകയും പരമാവധി അത്തരം വിവേചനങ്ങള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്തു എന്നതാണ്.  'ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമല്ല ജനാധിപത്യം.  അത് ഭൂരിപക്ഷത്തിന് ന്യൂനപക്ഷങ്ങളുടെ അവകാശത്തെക്കുറിച്ചും നീതിയെക്കുറിച്ചുമുള്ള നിതാന്ത ജാഗ്രതയാണ്.  അവ ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയാണ്.  ഈ ജനപക്ഷേച്ഛയും നേരത്തെ സൂചിപ്പിച്ച ഹിംസാത്മക വര്‍ണ്ണരാഷ്ട്രീയവും തമ്മിലുളള സംഘര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യ ബലതന്ത്രമാണ്.  

ദളിത് വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക നിയമ പരിരക്ഷ ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അത് ദുര്‍ബലപ്പെടുത്തനുള്ള ഈ നീക്കമുണ്ടായത്

ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ടതും അതുകൊണ്ടു തന്നെ അനുഭവിക്കുന്നവര്‍ക്ക് പോലും സ്വാഭാവികമായിത്തോന്നുന്നതുമായ  മര്‍ദ്ദനങ്ങള്‍ അവസാനിപ്പിക്കാന്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക നിയമ പരിരക്ഷ ആവശ്യമാണ്.  സ്ത്രീകള്‍ക്ക്,  ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക്,  വംശ / ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്, പിന്നാക്ക ജാതിക്കാര്‍ക്ക്, പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂഭാഗങ്ങള്‍ക്ക്  ഈ പ്രത്യേക പരിരക്ഷ അനിവാര്യമായ ചരിത്ര സന്ദര്‍ഭമാണിത്.  മേല്‍വിലാസം', എന്ന മലയാള ചലച്ചിത്രം കൂടുതല്‍ പറഞ്ഞു തരും 

അത്തരം പരിഗണനകള്‍ പ്രീണനമെന്നാണെന്ന തോന്നല്‍ പൊതുബോധത്തില്‍ വളരെ ശക്തമാണ്.  ആ തോന്നലാണ് ഇപ്പോള്‍ ദളിത് സംഘടനകളുടെ സമരത്തിന് ഹേതുവായ  കോടതി ഉത്തരവിലേക്കു നയിച്ചത്. ദളിത് വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക നിയമ പരിരക്ഷ ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അത് ദുര്‍ബലപ്പെടുത്തനുള്ള ഈ നീക്കമുണ്ടായത്.  
 
വിജാതീയ വിവാഹങ്ങളുടെ പേരിലും  ന്യായമായ കൂലിചോദിച്ചതിനുമൊക്കെ ദളിതര്‍ കൊല ചെയ്യപ്പെടുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ ഈ നീക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.  ആ തിരിച്ചറിവാണ് ദളിത് സംഘടനകളെ വ്യാപകമായി തെരുവിലെത്തിച്ചത്.  

സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരിക്കുന്നിടങ്ങളില്‍  ബഹുജന പ്രക്ഷോഭങ്ങളെ പോലീസ് മാത്രമല്ല ആ പാര്‍ട്ടിക്കാരും നേരിടും.  കാരണം ഭരണകൂടത്തോടുള്ള സമരത്തെ അവര്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കും. പൊതുവെ സവര്‍ണ്ണ ഭാവുകത്വം സൂക്ഷിക്കുന്നവയാണ് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍. സംഘ പരിവാറിനെ സംബന്ധിച്ച് അതവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ ആധാരശിലയാണ്.  ദളിത് / ബഹുജന / കര്‍ഷക സമരങ്ങളെ നേരിടാന്‍ സവര്‍ണ്ണ ജന്മിമാര്‍ രൂപീകരിക്കുന്ന ഗുണ്ടാസംഘങ്ങള്‍ക്ക് ( സാല്‍വ ജുദും,  കര്‍ണി സേന തുടങ്ങിയവ ) അധികാരത്തിലുള്ള പാര്‍ട്ടികളുടെ പിന്തുണയുണ്ട്.  കേരളത്തില്‍ ജന്മി നാടുവാഴിത്ത സമരം നടക്കുമ്പോള്‍ കുറുമ്പ്രനാട് താലൂക്കില്‍ ചെറുപയര്‍ പട്ടാളം എന്ന പേരില്‍ ജന്മിമാരുടെ ഗുണ്ടാസംഘങ്ങള്‍ ഉണ്ടായിരുന്നു.  

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഒമ്പത് ദളിത് പ്രക്ഷോഭകരാണ് ദാരുണമായി കൊല്ലപ്പെട്ടത്.  സാമൂഹ്യ വിഭാഗങ്ങള്‍ക്ക് സംഘടിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ ഭരണകൂടത്തിനു മുന്നില്‍ സമര്‍പ്പിച്ചു സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായി അനുവദിക്കപ്പെട്ട ഒരു രാജ്യത്താണ് ഇത്രയും ഗുരുതരമായ കൊലപാതക പരമ്പര അരങ്ങേറിയത്.  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം ഈ വിഷയത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വിശകലനം ചെയ്‌തോ എന്ന കാര്യം സംശയമാണ്.  കാരണം അവയെ നയിക്കുന്നതും മേല്‍പറഞ്ഞ സവര്‍ണ ഭാവുകത്വമല്ലാതെ മറ്റൊന്നുമല്ല.  ഒരു ജീവല്‍സമരം അവരുടെ ഭാഷയില്‍ 'കലാപ'വും 'സംഘര്‍ഷ'വും 'അക്രമ'വും മാത്രമാണ്.  കോസ്‌മെറ്റിക് കമ്പനിയുടെ ഫാഷന്‍ ഷോയിലെ ശരീരങ്ങളോളം പ്രധാനമല്ല, അവയ്ക്ക് രാഷ്ട്രശരീരം. (ലാക്‌മെ ഫാഷന്‍ഷോയും വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകളും മാധ്യമങ്ങള്‍ പരിചരിച്ച രീതി മുന്‍നിര്‍ത്തി പി സായ്‌നാഥ് നടത്തിയ നിരീക്ഷണങ്ങള്‍ ഓര്‍ക്കുക ). 

കര്‍ഷക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സിപിഎം നേതൃത്വത്തില്‍ നടന്ന  പ്രക്ഷോഭത്തിനു  നേരെ  രാജസ്ഥാനിലും വെടിവെപ്പും ആക്രമണമുണ്ടായി.  വെടിയേറ്റു വീഴുമ്പോഴും   ചെങ്കടലായ് മുന്നോട്ടു നീങ്ങിയ പ്രക്ഷോഭകര്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നു.  നവലിബറല്‍ വികസനത്തിനു വേണ്ടി കൃഷിഭൂമി കയ്യേറുന്നതിനും  പൊതുവഴികള്‍ ബിഒടി അടിസ്ഥാനത്തില്‍  ചുങ്കപ്പാതകള്‍ ആക്കുന്നതിനുമെതിരായ മുദ്രാവാക്യങ്ങളാണ് ഈ പ്രക്ഷോഭങ്ങളുടെ കേന്ദ്രമെന്നത് ശ്രദ്ധേയമാണ്.  

വര്‍ഗരാഷ്ട്രീയവും വര്‍ണ്ണരാഷ്ട്രീയവും തമ്മിലുള്ള സൈദ്ധാന്തിക സംവാദങ്ങള്‍ തുടരുമ്പോള്‍ തന്നെ, ഇടതുപക്ഷവും ദലിത്പ്രസ്ഥാനങ്ങളും  പരിസ്ഥിതി പ്രസ്ഥാനങ്ങളും തമ്മില്‍ ജൈവിക പ്രക്ഷോഭങ്ങളുടെ ഐക്യമുന്നണി തെരുവില്‍ വികസിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു നീക്കുപോക്കുകള്‍ക്ക് ഒപ്പമോ,  ഒരുവേള,  അതിനെക്കാള്‍ പ്രധാനമോ ആണ് ഈ സമരൈക്യം. അത് സാധ്യമാവുമോ എന്നതാണ് ജനാധിപത്യ വാദികളാകെയും  ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios