Asianet News MalayalamAsianet News Malayalam

ആ കുരിശ് വനഭൂമിയിൽ വേണ്ട വിശ്വാസികളേ...

Sindhu sooryakumar write up on Bonacaud issue
Author
First Published Jan 8, 2018, 3:42 PM IST

Sindhu sooryakumar write up on Bonacaud issue

സ്വർഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതിൽ ഇടുങ്ങിയതുമാണെന്ന് വിശ്വാസികൾക്കറിയാം. പക്ഷേ ആ വഴിയിൽ വനഭൂമി കയ്യേറ്റവും പൊലീസ് വക ലാത്തിച്ചാർജ്ജും കല്ലേറുമൊക്കെ പീഡാനുഭവങ്ങളാകുമെന്ന് തിരുവനന്തപുരം ബോണക്കാട്ടെ ലത്തീൻ സഭാ വിശ്വാസികൾ പറയുന്നു. കുരിശ് വിശ്വാസത്തിന്‍റെ പ്രതീകമാണ്. ‘ഇത് വലിയ കുരിശായല്ലോ’ എന്ന് ചില ഭാരങ്ങളെ, ബാധ്യതകളെ നമ്മൾ ജാതിമത ഭേദമില്ലാതെ പറയാറുണ്ട്. ആ അർത്ഥത്തിൽ ബോണക്കാട് നടക്കുന്ന പ്രതിഷേധം പലർക്കും വലിയൊരു കുരിശാകും.

വിശ്വാസം എന്ന പുകമറയിൽ അന്ധരായിപ്പോയ ജനത കേട്ടപാതി കേൾക്കാത്ത പാതി അത് ചെയ്യാൻ ഓടുകയും ചെയ്യുന്നു.

‘എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ സ്വയം പരിത്യജിച്ച് തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ പിന്നാലെ വരട്ടെ’ എന്നാണ് കർത്താവ് അരുൾച്ചെയ്തത്. കർത്താവിനെ അനുഗമിക്കേണ്ടവർ അന്യന്‍റെയോ സർക്കാരിന്‍റെയോ ഭൂമിയിൽ ഒരു കോൺക്രീറ്റ് കുരിശ് സ്ഥാപിച്ച് അതൊരു പ്രാർത്ഥനാലയമാക്കട്ടെ എന്ന് ഒരുപാട് പുരോഹിതൻമാർ ഇന്ന് അരുളിച്ചെയ്യുന്നു. വിശ്വാസം എന്ന പുകമറയിൽ അന്ധരായിപ്പോയ ജനത കേട്ടപാതി കേൾക്കാത്ത പാതി അത് ചെയ്യാൻ ഓടുകയും ചെയ്യുന്നു.

കുരിശുകൃഷി 

സർക്കാർ ഭൂമിയിലോ  വനഭൂമിയിലോ ആദ്യം കുരിശ് ചെറുതൊന്ന് വയ്ക്കുക. പിന്നീട് വലുത് വയ്ക്കുക. മരക്കുരിശ് കോൺക്രീറ്റാക്കുക. വിശ്വാസത്തിന്‍റെ ഭാഗവും വിശ്വാസികളുടെ ആചാരവുമായ പീഡാസഹന യാത്രകൾ സ്ഥാപിത താൽപ്പര്യങ്ങളുടെ പേരിൽ ഇവിടേക്ക് നടപ്പാക്കുക. പിന്നെ ഒരു ചുറ്റുമതിലുണ്ടാക്കുക. അങ്ങനെയങ്ങനെ പറ്റുന്നിടത്തോളം വളച്ചുകെട്ടി സ്വന്തമാക്കുക. ഈ പദ്ധതിക്കാണ് കുരിശുകൃഷി എന്നുപറയുന്നത്. പല കാലങ്ങളിൽ പല ഭാവങ്ങളിൽ പല സഭകൾ പല മലകളിൽ ഈ കൃഷി തുടരുന്നു.

തിരുവനന്തപുരത്തെ ബോണക്കാട് ഇപ്പോൾ ഈ ആചാരം സത്യവിശ്വാസ പ്രഖ്യാപനമല്ല, നിയമലംഘനമാണ്

മനുഷ്യരാശിയുടെ രക്ഷയ്ക്കുവേണ്ടിയുള്ള ഇഹലോകത്ത് ദൈവപുത്രന്‍റെ അവസാനയാത്രയാണ് കുരിശിന്‍റെ വഴിയെന്ന് വിശ്വാസം. പീലാത്തോസിന്‍റെ അരമനയിൽ നിന്ന് ഗാഗുൽത്താ വരെയുള്ള വേദനാജനകമായ പീഡാസഹനം. എന്നാൽ ഇപ്പോഴത്തെ കുരിശിന്‍റെ വഴി യാത്രകൾ മലമുകളിൽ ഒരു കുരിശ് വയ്ക്കുക, അങ്ങോട്ട് തീർത്ഥയാത്ര നടത്തുക എന്നായി. മല കിട്ടിയില്ലെങ്കിൽ അതാതിടത്തെ സൗകര്യം പോലെ നിരപ്പിലും വയ്ക്കും. തിരുവനന്തപുരത്തെ ബോണക്കാട് ഇപ്പോൾ ഈ ആചാരം സത്യവിശ്വാസ പ്രഖ്യാപനമല്ല, നിയമലംഘനമാണ്. ഇന്ത്യാ മഹാരാജ്യത്തെ പൗരൻമാരെല്ലാം, ഏത് മതത്തിൽപ്പെട്ടവരും, നിർബന്ധമായും ഇന്ത്യൻ നിയമവ്യവസ്ഥയെ അംഗീകരിക്കണം. ലത്തീൻ സഭയ്ക്കും വിശ്വാസികൾക്കും ഇത് ബാധകമാണ്. വിശ്വാസം എന്ന പേരിൽ നടക്കുന്ന മുതലെടുപ്പ് ആരുടേതായാലും സ‍ർക്കാർ അതിന് കൂട്ടുനിൽക്കരുത്. റോഡ് വീതി കൂട്ടാൻ ആരാധനാലയങ്ങൾ പൊളിച്ചുകൊടുക്കുന്ന കാലമാണ് ഇതെന്ന് ആരും മറക്കരുത്.

റോഡരികത്തെ എത്രയോ ആരാധനാലയങ്ങൾ പൊതു ആവശ്യങ്ങൾക്കായി ഇതുപോലെ വഴിമാറിക്കൊടുത്തു

റോഡിന് വീതി കൂട്ടാൻ സെമിത്തേരിയുടെ ഒരു ഭാഗം മാറ്റിക്കൊടുത്തത് തിരുവനന്തപുരത്തെ പാറ്റൂർ പള്ളിയാണ്. ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരമായി എന്നും ഓർമ്മിക്കപ്പെടുന്ന സദ്പ്രവൃത്തി. ഒരാളുടെയും വിശ്വാസത്തിന് ഒരു കോട്ടവും ഉണ്ടായില്ല. ഒരാത്മാവും ശപിച്ചില്ല. റോഡരികത്തെ എത്രയോ ആരാധനാലയങ്ങൾ പൊതു ആവശ്യങ്ങൾക്കായി ഇതുപോലെ വഴിമാറിക്കൊടുത്തു. വിശ്വാസം കോൺക്രീറ്റ് കെട്ടിടത്തിൽ അല്ല, മനസ്സിൽ ആണ് ശക്തമാകുന്നത് എന്ന അടിസ്ഥാന പാഠം പോലും കുരിശുകൃഷിക്കിടയിൽ വിശ്വാസികൾക്ക് ആരും പറഞ്ഞുകൊടുക്കുന്നില്ല. കുരിശ് വരയ്ക്കുമ്പോഴും വഹിക്കുമ്പോഴും അതിന്‍റെ അർത്ഥം മനസ്സിലാക്കിയാലേ അനുഗ്രഹമുണ്ടാകൂ എന്നൊക്കെയല്ലേ പുരോഹിതൻമാർ പഠിപ്പിക്കേണ്ടത്?

ബോണക്കാട് കുരിശുമലയിൽ ആദ്യം കുരിശ് വന്നത് 1956ലാണ്, 62 കൊല്ലം മുന്പ്. ആ കുരിശ് മാറ്റി, കഴിഞ്ഞ കൊല്ലം കോൺക്രീറ്റ് കുരിശ് വന്നു, അൾത്താരയും. വനഭൂമിയിൽ അനുവാദമില്ലാതെ സ്ഥാപിച്ച കോൺക്രീറ്റ് കുരിശും അൾത്താരയും ആരോ തകർത്തു. സഭയുടെ 14 കുരിശുകളിൽ അഞ്ചെണ്ണവും സർക്കാർ വക വനഭൂമിയിലായിരുന്നു. ഇതിൽ മൂന്നെണ്ണം പിന്നീട് മാറ്റിയിരുന്നു. അന്നേ തുടങ്ങിയതാണ് നെയ്യാറ്റിൻകര രൂപതയുടെ സമരവും പ്രതിഷേധവും ഇടയലേഖനം വായിക്കലും. 

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ പ്രതിപക്ഷം, സർക്കാരിന് ക്രിസ്ത്യൻ പ്രീണനം പാടില്ലെന്ന ഗോളടിക്കാൻ തയ്യാറായ ബിജെപി

പ്രതിഷേധത്തിന് വഴങ്ങി ഒത്തുതീർപ്പിലെത്തിയ സർക്കാർ പത്തടിയുള്ള ഒരു മരക്കുരിശ് സ്ഥാപിക്കാൻ അനുമതി നൽകി. ഈ കുരിശ് തകർന്നുപോയി, മിന്നലേറ്റ് തകർന്നെന്ന് ഫോറൻസിക് ഫലം. ഈ കുരിശ് നിന്ന സ്ഥലത്തേക്കുള്ള പ്രതിഷേധയാത്രയാണ് കല്ലേറും ലാത്തിച്ചാർജുമടക്കം ഇക്കണ്ട സംഘർഷത്തിലെല്ലാം കലാശിച്ചത്. ഇനി പലതരം പ്രതികരണങ്ങൾ കേൾക്കണം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ പ്രതിപക്ഷം, സർക്കാരിന് ക്രിസ്ത്യൻ പ്രീണനം പാടില്ലെന്ന ഗോളടിക്കാൻ തയ്യാറായ ബിജെപി, സർക്കാർ ഭൂമിയിൽ കുരിശും അൾത്താരയും വന്നാലേ കർത്താവ് അനുഗ്രഹിക്കൂ എന്ന് പ്രഖ്യാപിച്ച് ലത്തീൻ സഭ, അത്രക്കൊന്നും പറ്റില്ലെന്ന് മയത്തിൽ പറഞ്ഞ് സർക്കാരും!

ഒരു പഴയ കുരിശ് കഥ, എന്നാൽ അത്ര പഴയതല്ല

ഇനി മറ്റൊരു കുരിശുകഥ ഓർത്തെടുക്കാം. അധികം പഴയതല്ല, കഴിഞ്ഞ കൊല്ലതേത് തന്നെ. സ്ഥലം പാപ്പാത്തിച്ചോല, മൂന്നാർ. പാപ്പാത്തിച്ചോലയിലെ കയ്യേറ്റഭൂമിയിൽ ഒരു പ്രാർത്ഥനാഗ്രൂപ്പ് സ്ഥാപിച്ച കുരിശ് ബിഷപ്പുമാർക്ക് വിശ്വാസപ്രതീകം ആയില്ലെങ്കിലും പിണറായി വിജയന് വലിയ സംഭവമായിരുന്നു. ആ ന്യായം കുരിശുമലയ്ക്ക് ബാധകമാകുമോ? പാപ്പാത്തിച്ചോലയിലെ ന്യായം ബിഷപ്പുമാർ കുരിശുമലയിൽ പറയുമോ? അവിടെ ചെറിയൊരു പ്രാർത്ഥനാ ഗ്രൂപ്പ്, ഇവിടെ ലത്തീൻ സഭ. അതുകൊണ്ട് ആ രാഷ്ട്രീയം, വോട്ടുബാങ്ക്, എല്ലാം പരിഗണിക്കണം. അത് കഴിഞ്ഞ് മതി നിയമം.

കുരിശടയാളം വരയ്ക്കുമ്പോൾ കുരിശിൽ അടങ്ങിയിട്ടുള്ള എല്ലാ രഹസ്യങ്ങളും ഓർക്കുക

കാട്ടിൽ, സർക്കാർ സ്ഥലത്ത് കുരിശ് മാത്രം പോരാ, ഒരു കൽവിളക്കും ശ്രീകോവിലും കൂടി വേണം. അതാണ് മതസമത്വം എന്ന് പറയുന്ന ഒരു വലിയ വിഭാഗം ഇവിടെ കാത്തിരിപ്പുണ്ട്. ഏറ്റുമുട്ടാൻ തയ്യാറായി നിൽക്കുന്ന മതഭ്രാന്തിനിടയിലാണ് സർക്കാർ എന്ന് പിണറായി വിജയനും കെ.രാജുവും ഓർമിക്കുന്നുണ്ടാകും. അവിടെ വേണ്ടത് നിയമവ്യസ്ഥയുടെ ബലമാണ്, നിതി നടപ്പാക്കലാണ്. കുരിശടയാളം വരയ്ക്കുമ്പോൾ കുരിശിൽ അടങ്ങിയിട്ടുള്ള എല്ലാ രഹസ്യങ്ങളും ഓർക്കുക, നിങ്ങളുടെ നെറ്റിയും നെഞ്ചും ഓരോ അവയവും കുരിശിനാൽ മുദ്രവയ്ക്കപ്പെടുമ്പോൾ നിങ്ങളെത്തന്നെ ക്രിസ്തുവിന്‍റെ ദാസനും ദാസിയുമായി സമർപ്പിക്കണം. ഹൃദയവും മനസും പങ്കുചേരാതെ കൈ കൊണ്ട് മാത്രമുള്ള കുരിശുവര അർത്ഥരഹിതമാണ്.

‘കർത്താവേ, അങ്ങയുടെ കുരിശ് എല്ലാ അനുഗ്രഹങ്ങളുടേയും ഉറവയാണ്. എല്ലാ വരങ്ങളുടേയും കാരണമാണ്. അതുവഴി വിശ്വാസികൾ ബലഹീനതയിൽ ശക്തിയും, ലജ്ജയിൽ മഹത്വവും മരണത്തിൽ നിന്ന് ജീവനും കണ്ടെത്തുന്നു.’ സിറോ മലബാർ സഭയുടെ കുർബാനയിൽ ഈ പ്രാർത്ഥനയുണ്ടെന്ന് വനഭൂമിയിൽ അനുവാദമില്ലാതെ കടക്കാൻ നോക്കി തല്ലുകൊള്ളുന്ന പ്രതിഷേധക്കാരായ വിശ്വാസികൾ ഓർക്കുക. ഈ പറയുന്ന കുരിശ് മനസിലും ആകാം. അന്യന്‍റെ മുതൽ ആഗ്രഹിക്കരുതെന്നല്ലേ കൽപ്പന. ആ കുരിശ് വനഭൂമിയിൽ വേണ്ട വിശ്വാസികളേ.

 (ഏഷ്യാനെറ്റ് കഴിഞ്ഞ വാരം സംപ്രേക്ഷണം ചെയ്ത കവർ സ്റ്റോറി എപ്പിസോഡിൽ നിന്ന്)

Follow Us:
Download App:
  • android
  • ios