Asianet News MalayalamAsianet News Malayalam

വടയമ്പാടിയിലടക്കം ജാതിമതില്‍ അദൃശ്യമാണ്, അത് പൊളിക്കാന്‍ ദൃശ്യമായ ശ്രമങ്ങള്‍ തന്നെ വേണം

Sindu sooryakumar about Vadayampady  cast issue
Author
First Published Feb 11, 2018, 12:36 PM IST

നമുക്ക് ജാതിയുണ്ട്, കറുപ്പ് നിറം ഒരു കുറവായി നമ്മളിൽ ഭൂരിപക്ഷവും കരുതുന്നുണ്ട്. ചെറുപ്പം മുതലേ കണ്ടും കേട്ടും അനുഭവിച്ചും നമ്മൾ വരുന്നത് അങ്ങനെതന്നെയാണ്. ദളിതരെന്നാൽ തരംതാഴ്ന്നവർ, കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവർ, അനർഹമായി വാരിക്കോരി ആനുകൂല്യം കിട്ടുന്നവർ അങ്ങനെ പോകുന്നു നമ്മളിൽ ഭൂരിപക്ഷത്തിന്റെയും ചിന്തകൾ. പക്ഷെ ഞാനും നിങ്ങളും മറ്റുള്ളവരുടെ കണ്ണിൽ പുരോഗമനവാദികളാണ്, തുല്യതയിൽ വിശ്വസിക്കുന്നവരാണ്, ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ്, മറ്റുള്ളവരെ ബഹുമാനിക്കുന്നവരാണ്. ഉള്ളിന്റെ ഉള്ളിൽ നിറം, ജാതി എല്ലാം നമുക്ക് വലിയ പ്രശ്നമാണ്. അങ്ങനെ ശീലിച്ചുപോയി. 

പക്ഷേ ഭരണവർഗമടക്കം പുറംതിരിഞ്ഞുനിൽക്കുന്നു, മാധ്യമങ്ങൾ കുറ്റകരമായ നിസംഗത കാണിക്കുന്നു

നമ്മുടെ , ഭൂരിപക്ഷത്തിന്റെ ഈ മേധാവിത്ത ചിന്തയിലേക്കാണ് ഉണർന്നെണീറ്റ ദലിത് ആത്മാഭിമാനം ഇപ്പോൾ വിരൽചൂണ്ടുന്നത്. ഇതുവരെ പറ്റിയ തെറ്റ് മനസ്സിലാക്കി തലകുനിച്ച് തിരുത്തൽ നടത്താൻ ബാധ്യതപ്പെട്ടവരാണ് ദളിതരല്ലാത്ത മറ്റെല്ലാവരും അടങ്ങുന്ന പ്രിവിലേജ്ഡ് സമൂഹം അഥവാ സവർണസമൂഹം.  അതിനൊരവസരം വന്നപ്പോൾ പക്ഷേ ഭരണവർഗമടക്കം പുറംതിരിഞ്ഞുനിൽക്കുന്നു. പുരോഗമന യുവജന, വിദ്യാർത്ഥി സംഘടനകളൊക്കെ മൗനം പാലിക്കുന്നു. മാധ്യമങ്ങൾ കുറ്റകരമായ നിസംഗത കാണിക്കുന്നു. നമുക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

സവർണപ്രീണനമെന്നാൽ സമീപകാല സംഭവങ്ങളിൽ എൻഎസ്എസ് പ്രീണനമെന്ന് തിരുത്തി വായിക്കണം

നാരായണഗുരുവിന്‍റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്‍റെ ശതാബ്ദി കെങ്കേമമായി നടത്തിയ സർക്കാരാണ് പിണറായി വിജയന്‍റേത്. ശതാബ്ദി സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ ജാതിവിരുദ്ധ പ്രസംഗവും കേരളത്തിന് ഓർമ്മയുണ്ട്. പ്രസംഗം നടത്താൻ വളരെ എളുപ്പമാണ്. പ്രവൃത്തിയിലേക്കെത്തിക്കാനാണ് പ്രയാസം. വിജയൻ സർക്കാർ നടത്തുന്നത് സവർണപ്രീണനമാണെന്ന് ചിന്തിക്കാൻ ദളിത് അവകാശ പ്രവർത്തകർക്ക് മുന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. സവർണപ്രീണനമെന്നാൽ സമീപകാല സംഭവങ്ങളിൽ എൻഎസ്എസ് പ്രീണനമെന്ന് തിരുത്തി വായിക്കണം. എൻഎസ്എസ് എന്ന സമുദായ സംഘടനയോട് അടുത്തിടെയായി സിപിഎമ്മിനും പിണറായി വിജയനും വലിയ സ്നേഹമാണ്. 

താക്കോൽസ്ഥാനം ചോദിച്ചുനടന്ന സമയത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോട് കടുത്ത ഭാഷയിൽ മറുപടി പറഞ്ഞയാളാണ് പിണറായി. പരസ്യപ്രസ്താവനകൾ നിർത്തിവച്ച സുകുമാരൻ നായർ , എൻഎസ്എസിന്റെ ജാതി ശക്തി കൂട്ടാനുള്ള പണി തുടർന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖല, ദേവസ്വം ബോർഡ് തുടങ്ങിയ താത്പര്യ മേഖലകളിൽ എൻഎസ്എസിന്റെ ആവശ്യം പിണറായി വിജയൻ സാധിച്ചുകൊടുത്തു. എൻഎസ്എസും വിജയൻ സർക്കാരും തമ്മിൽ ഇന്നുള്ളത് സജീവമായ അന്തർധാര.

ചുറ്റുമുള്ളവരുടെ വഴി തടഞ്ഞ് ഒരു സംഘം തന്‍റെ പേരിൽ മതിൽ പണിതാൽ ഏത് ദൈവമാണ് സന്തോഷിച്ചനുഗ്രഹിക്കുക?

ദൈവത്തിന് എല്ലാ ഭക്തൻമാരും തുല്യരാണ് എന്നാണ് വിശ്വാസികൾ കരുതുന്നത്. തൂണിലും തുരുമ്പിലുമൊക്കെ ദൈവമുണ്ടെന്ന് ഹിന്ദുമതം. എങ്കിൽപ്പിന്നെ ദൈവത്തിന് വേണ്ടി എന്തിനാണ് മനുഷ്യരെ കഷ്ടപ്പെടുത്തുന്നത് എന്ന് ചോദ്യം? ചുറ്റുമുള്ള സ്ഥലമെല്ലാം കെട്ടിയടച്ചെടുത്ത് മൂന്ന് സെന്റ് കോളനികളിൽ ചുറ്റും താമസിക്കുന്ന ദളിതരെ കാണുന്പോൾ ഏത് ദൈവത്തിനാണ് നല്ല സുഖകരമായി വിസ്തരിച്ചിരിക്കാൻ കഴിയുക. ചുറ്റുമുള്ളവരുടെ വഴി തടഞ്ഞ് ഒരു സംഘം തന്‍റെ പേരിൽ മതിൽ പണിതാൽ ഏത് ദൈവമാണ് സന്തോഷിച്ചനുഗ്രഹിക്കുക?

എറണാകുളം ജില്ലയിലെ പുത്തൻകുരിശിന് അടുത്താണ് വടയന്പാടി. ഇവിടുത്തെ ഭജനമഠം ക്ഷേത്രം , ചുറ്റുമുള്ള മൈതാനം, അതിന്റെ ചുറ്റുവട്ടത്തുള്ള ദളിത് കോളനികൾ ഇവിടെയാണ്. ആധുനിക കേരളത്തിലെ ജാതിമതിൽ ദൃശ്യമാകുന്നത്. ക്ഷേത്രപരിസരത്തുള്ള മൈതനാനത്തിന്‍റെ ഉടമസ്ഥത സിവിൽ കേസിലാണ്. ക്ഷേത്രത്തിന്റെ പേരിൽ, മൈതാനമായി ഉപയോഗിച്ചിരുന്ന റവന്യൂ പുറമ്പോക്ക് കൂടി എൻഎസ്എസിന് പതിച്ചുനൽകിയതിൽ കോളനിക്കാർ കാണുന്നത് പ്രീണനം മാത്രമല്ല, അവകാശലംഘനം കൂടിയാണ്.

വിജയൻ സർക്കാർ സ്വാഭിമാന കൺവെൻഷനിലെത്തിയവരെ മാത്രം തല്ലിയോടിച്ചു

സിവിൽ കേസ് കോടതി തീരുമാനിക്കും. പക്ഷേ പ്രതിഷേധിക്കാനുള്ള ദളിതരുടെ അവകാശം നിഷേധിക്കാൻ ഒരു സർക്കാരിനും അവകാശമില്ല. വിജയൻ സർക്കാർ എൻഎസ്എസിനും ആർഎസ്എസിനും ഉപദ്രവമില്ലാതെ, ദളിത് സ്വാഭിമാന കൺവെൻഷനിലെത്തിയവരെ മാത്രം തല്ലിയോടിച്ചു. പൊലീസ് അതിക്രമം കാണിച്ചു, എൻഎസ്എസ് പൊതുസ്ഥലം കയ്യേറി എന്നിങ്ങനെ പോകുന്നു പട്ടികജാതി കമ്മീഷനംഗം എസ് അജയകുമാറിന്റെ കണ്ടെത്തലുകൾ.
 
വടയമ്പാടിയിൽ നാനാജാതി മതസ്ഥരുണ്ട്. എല്ലാവരുമായി ഒന്നിച്ചുപോകാനാഗ്രഹിക്കുന്നവരുണ്ട്. ഇവരുടെ ഇടയിൽ വേർതിരിവുണ്ടാക്കുന്നവർക്ക് ലക്ഷ്യങ്ങളുമുണ്ടാകാം. മൈതാനത്തിന്റെ ഉടമസ്ഥാവകാശം എന്നത് ക്ഷേത്രപ്രവേശനത്തിനുള്ള വിലക്ക് എന്ന രീതിയിലേക്ക് ചർച്ച മാറ്റുന്നവരുണ്ട്. സമൂഹത്തിൽ ജാത്യാഭിമാനം ശക്തമാണ്. അതിൽ ഒരു കാര്യവുമില്ലെന്ന് ബോധവത്കരിക്കേണ്ടത് ഭരണകൂടമാണ്. പൊലീസിനെയും റവന്യൂ അധികാരികളെയും പ്രീണനത്തിനുള്ള ഉപാധികളാക്കിയാൽ സ്വാഭാവികമായും അപമാനിതർക്ക് പ്രതിഷേധിക്കേണ്ടിവരും. 

ഒരു പ്രതിഷേധത്തിൽ ദൂരെ നിന്നാരും പങ്കെടുക്കരുതെന്ന് പറയുന്നത് ഇടതുനയമല്ല. ജനകീയ പ്രശ്നങ്ങളിൽ ചെറുഗ്രൂപ്പുകൾ സമരമുഖത്തെത്തുന്പോൾ അവരെ മാവോവാദികളായി മുദ്രകുത്തുന്നതും ശരിയല്ല. സ്വന്തം രാഷ്ട്രീയം ശരിയായ വഴിയിലാണോയെന്ന് സിപിഎമ്മും കോൺഗ്രസും ആലോചിക്കണം. അനാചാരത്തിനും അനീതിക്കുമെതിരെ പൊതുസമൂഹത്തെ അണിനിരത്തനായില്ലെങ്കിൽ എന്ത് പ്രസക്തിയാണ് ഈ രാഷ്ട്രീയത്തിനുള്ളതെന്നും ആലോചിക്കണം. എൻഎസ്എസ് ആയാലും ആർഎസ്എസ് ആയാലും നീതിയും നിയമവും ലംഘിച്ചാൽ അടിച്ചമർത്തുമെന്ന് പറയുന്നിടത്താണ് യഥാർത്ഥ ഭരണകൂടശക്തി.

ദളിത് അവകാശങ്ങളെ ഇല്ലാതാക്കിയാണോ നിങ്ങൾ എല്ലാം ശരിയാക്കാനൊരുങ്ങുന്നത്?

ജാതിചിന്തയും അന്ധവിശ്വാസവും അനാചാരങ്ങളും അതിശക്തമായി തിരിച്ചുവരുന്ന കാലമാണിത്. ഭരണകൂടം കരുതലോടെ ഛിദ്രശക്തികളെ ചെറുക്കേണ്ട കാലം. അപ്പോഴും നമ്മുടെ ഭരണകൂടം ജാതിമതിലുയർത്താൻ കാവൽ നിൽക്കും. കറുത്ത നിറമുള്ള കലാകാരന്റെ മൃതദേഹത്തെപ്പോലും ആട്ടിപ്പായിക്കുന്നത് കണ്ണടച്ച് കണ്ടുനിൽക്കും. അനാചാരണങ്ങൾക്ക് കുടപിടിക്കലാണോ ഇടതുസർക്കാരിന്റെ നയം? ദളിത് അവകാശങ്ങളെ ഇല്ലാതാക്കിയാണോ നിങ്ങൾ എല്ലാം ശരിയാക്കാനൊരുങ്ങുന്നത്?

കൊച്ചി ദർബാർ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കണമെങ്കിൽ അടുത്തുള്ള എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഭാരവാഹികൾ കനിയണം. ദളിതനായ അശാന്തന്റെ മൃതദേഹം , എറണാകുളത്തപ്പൻ ക്ഷേത്രവഴിയോട് ചേർന്ന ദർബാർ ഹാളിൽ കിടത്താനാവില്ലെന്ന് മുദ്രാവാക്യം വിളികൾ, പ്രതിഷേധം. എറണാകുളത്തപ്പന്റെ ഭക്തരിൽ ചിലർ ജാതിഹിന്ദുക്കളായി , സവർണരായി സാമാന്യബോധം മറന്ന് പെരുമാറി. ക്ഷേത്രസമിതി പ്രസിഡന്റ് രാജേന്ദ്ര പ്രസാദും വാർഡ് കൗൺസിലർ കെവിപി കൃഷ്ണകുമാർ എന്ന കോൺഗ്രസ് നേതാവും ജാതിഹിന്ദുക്കൾക്കൊപ്പം നിന്നുവെന്ന് ആക്ഷേപം.

ക്ഷേത്രത്തിന്റെ മതിലിനിപ്പുറം ദർബാർ ഹാൾ ഗ്രൗണ്ട്. അതിലൊരു ഭാഗം ലളിതകലാ അക്കാദമി. ചിത്രകാരനായ , അശാന്തനെന്ന മഹേഷിന്റെ ഒരുപാട് ചിത്രപ്രദർശനങ്ങൾ നടന്നയിടം. അവസാന യാത്രക്ക് മുന്പുള്ള കിടപ്പ് അവിടെയാക്കാൻ സുഹൃത്തുക്കളാഗ്രഹിച്ചു. ജാതിഹിന്ദുക്കൾ തടഞ്ഞു, ജില്ലാ ഭരണകൂടം കണ്ണടച്ചു. പിൻവശത്ത് മറ്റൊരു വഴിയിലൂടെയെത്തിച്ചുകിടത്തി. അതേ കോംപൗണ്ടിൽ അന്പതടിയപ്പുറത്ത് പൊതുദർശനം. അപ്പോൾ എറണാകുളത്തപ്പൻ കോപിച്ചില്ലെന്ന് ഭക്തർ.

ദർബാർ ഹാൾ സർക്കാർ വകയാണ്. അവിടെ എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കണം. ചുറ്റുപാടുമുള്ളവരെ ഉപദ്രവിക്കരുതെന്ന് പറയാം. അതിനപ്പുറം ഒരു കൂട്ടരുടെ മാത്രം ആഗ്രഹങ്ങൾ സർക്കാർ സാധ്യമാക്കിക്കൊടുക്കണോ?  നാളെയൊരു ദിനം അവിടെ മത്സ്യമാംസങ്ങൾ വിളന്പുന്നൊരു പരിപാടി പാടില്ലെന്ന് ക്ഷേത്രസമിതി നിശ്ചയിച്ചാൽ സർക്കാർ വഴങ്ങുമോ? എറണാകുളത്തപ്പൻ എന്നാൽ പരമശിവൻ. സംഹാരമൂർത്തിയെന്ന് വിശ്വാസം. ചുടലഭസ്മം വാരി ദേഹത്തണിയുന്നവൻ. 

എറണാകുളത്തപ്പൻ ദളിതനായ അശാന്തനെ കണ്ടാൽ കോപിക്കുമെന്നാണോ ക്ഷേത്രഭാരവാഹികൾ പറയുന്നത്?

ഒരു മൃതദേഹം അടുത്ത പറന്പിൽ കിടത്തിയാൽ അനിഷ്ടമുണ്ടാകുന്ന ദുർബലനല്ല സൃഷ്ടി, സ്ഥിതി, സംഹാരം എല്ലാത്തിനുമധിപനായ പരമശിവൻ. സുഭാഷ് പാർക്കിന് അഭിമുഖമായി നിൽക്കുന്ന ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ എത്രയോ ആംബുലൻസുകൾ പോകുന്നു. 2014ൽ ഇതേ ദർബാർ ഹാളിലാണ് നമ്മുടെ പ്രിയസംവിധായകനായിരുന്ന ശശികുമാറിന്റെ മൃതദേഹം ആദരാഞ്ജലിക്കായി കിടത്തിയത്.  അന്ന് കോപിക്കാത്ത എറണാകുളത്തപ്പൻ ദളിതനായ അശാന്തനെ കണ്ടാൽ കോപിക്കുമെന്നാണോ ക്ഷേത്രഭാരവാഹികൾ പറയുന്നത്? ഇത് ജാതീയതല്ലതെ മറ്റെന്താണ്? മെട്രോനഗരത്തിലെ ജാതിഹിന്ദുവിന് ഭരണകൂടം കുടപിടിച്ച് സാമൂഹ്യനീതി മറന്നത് കുറ്റകരമായി. എന്ത് നടപടിയെടുത്തു വിജയൻ സർക്കാർ.

കാലം മാറി. സ്വന്തം അവകാശങ്ങൾ തിരിച്ചറിയുന്നവരായി ദളിത് ജനത മാറിവരികയാണ്

ജാതി അദൃശ്യമതിലാണ്. അത് പൊളിച്ചുനീക്കാൻ വേണ്ടത് ദൃശ്യമാകുന്ന, പരസ്യമായ, ബോധപൂർവമായ പരിശ്രമങ്ങളാണ്. അത് പാഠഭാഗങ്ങളിൽ തുടങ്ങേണ്ടതാണ്. അംബേദ്കറിനെയും അയ്യങ്കാളിയെയും വേണ്ടവിധം പഠിക്കാത്തവരാണ് നമ്മൾ. നമ്മൾ പഠിച്ച ചരിത്രത്തിൽ കറുത്ത നിറമുള്ളവരും, ദളിതരും കുറവാണ്. കാലം മാറി. സ്വന്തം അവകാശങ്ങൾ തിരിച്ചറിയുന്നവരായി ദളിത് ജനത മാറിവരികയാണ്. തുല്യത അവകാശമാണെന്ന് അവർക്ക് അറിയാം, അത് വെറുതെയിരുന്നാൽ കിട്ടില്ല എന്നറിയാം. അതുകൊണ്ട് അവകാശങ്ങൾ അവർ ചോദിച്ചുവാങ്ങും. അതുവരെ അമിതാവകാശം അനുഭവിച്ചവർക്ക് അപ്പോൾ കല്ലുകടിക്കും. 

ജീവിച്ചുപോന്ന, പഠിച്ചുവച്ച രീതികൾ ശരിയല്ലെന്നംഗീകരിക്കാൻ പ്രയാസം തോന്നും. കടുത്ത രീതിയിൽ ജാതിവാദം പറയാൻ തോന്നും. ആ പരീക്ഷണഘട്ടം അറിവുനേടി മറികടന്നാൽ നല്ലത്. ദളിതർ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. അടിച്ചമർത്തപ്പെട്ടവരുടെ , അപമാനിക്കപ്പെട്ടവരുടെ തിരിച്ചടിക്ക് കരുത്ത് കൂടും. അതു തടയാൻ വിജയൻ സർക്കാരിനെന്നല്ല, മോദി സർക്കാരിനെന്നല്ല ഒരു ഭരണകൂടത്തിനുമാകില്ല.
 

Follow Us:
Download App:
  • android
  • ios