Asianet News MalayalamAsianet News Malayalam

കീഴ്‌ക്കോടതികളില്‍നിന്ന് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ സൗമ്യ കേസിന് സംഭവിച്ചത്

Soumya case analysis by Valsan Ramamkulath
Author
Thiruvananthapuram, First Published Sep 16, 2016, 7:41 AM IST

Soumya case analysis by Valsan Ramamkulath

സൗമ്യ ഇന്നും മലയാളികളുടെ നെഞ്ചിലെ വല്ലാത്തൊരു ഭാരമാണ്. സൗമ്യ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ നെഞ്ചുപൊട്ടിയത് അമ്മ സുമതിയുടേതുമാത്രമല്ല, മലയാളികളുടേത് മൊത്തമായാണ്. സുപ്രീം കോടതിയുടെ വിധിന്യായം വൈകിക്കിട്ടിയതിനാല്‍ വാര്‍ത്തകളില്‍ സംഭവിച്ച ആശയക്കുഴപ്പങ്ങള്‍ അതുകൊണ്ടുതന്നെയാണ് മലയാളി സമൂഹത്തെ ആകെ ഉലച്ചതും. തൃശൂരിലെ അതിവേഗ കോടതിയും ഹൈക്കോടതിയും പ്രതി ഗോവിന്ദച്ചാമിക്ക് വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത് കോടതിക്ക് മുന്നിലെത്തിയ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. ഇതേ തെളിവുകളും വാദങ്ങളും കീഴ്‌ക്കോടതികള്‍ക്ക് മുന്നിലും എത്തിയിരുന്നു. എന്നാല്‍, ഇവിടങ്ങളില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശക്തമായിരുന്നു. പ്രതിഭാഗത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കാന്‍ പ്രേസിക്യൂഷന് കഴിഞ്ഞിരുന്നു. അതിവേഗ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസിനെ സമീപിച്ച രീതിയിലുമുണ്ടായിരുന്നു വ്യത്യസ്തത. സൗമ്യ കേസില്‍ പുകയുന്ന ചര്‍ച്ചകളെ ഈ അര്‍ത്ഥത്തില്‍ വേണം സമീപിക്കാനെന്ന് തോന്നുന്നു. 

സൗമ്യയെ ഗോവിന്ദചാമി തള്ളിയിട്ടുവെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ ന്യായാന്യായങ്ങള്‍ ആയിരുന്നു സുപ്രീം കോടതി കാര്യമായി പരിഗണിച്ചത്. കീഴ്‌ക്കോടതി വിസ്താരങ്ങളിലും ഈ വിഷയം പ്രധാന ചര്‍ച്ചയായിരുന്നു. 'ട്രെയിന്‍ യാത്രക്കിടയില്‍ സൗമ്യയെ കടന്നാക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതി ജീവിച്ചിരിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് ഭീഷണിയാണ്' എന്നാണ് വിധിന്യായത്തില്‍ അതിവേഗ കോടതി പറഞ്ഞത്. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ് (ബലാത്സംഗം), 302(കൊലപാതകം), 394, 397 (മോഷണത്തിനിടെ പരുക്കേല്‍പ്പിക്കല്‍), 447 (അതിക്രമിച്ചുകയറല്‍) തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഈ വിധി 2013 ഡിസംബര്‍ 17നാണ് ഹൈക്കൊടതി ശരിവച്ചത്.

കേസില്‍ ഒരു ദൃക്‌സാക്ഷി പോലും ഉണ്ടായിരുന്നില്ലെന്നും സാഹചര്യതെളിവുകളും സമൂഹത്തിന്റെ ഇടപെടലും മാത്രമാണ് തന്നെ കുറ്റക്കാരനാക്കിയതെന്നുമുള്ള ഗോവിന്ദചാമിയുടെ വാഗം ജസ്റ്റിസുമാരായ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, കെമാല്‍ പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി. പ്രതിക്ക് ഒരു കുറ്റബോധവും കാണുന്നില്ലെന്നും നിരീക്ഷിച്ച ഹൈക്കൊടതി, കീഴ്‌കോടതി ഉത്തരവു ശരിവയ്ക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പൂര്‍ണമായും അംഗീകരിച്ചു.

ഹൈക്കോടതി വിധിക്കെതിരെ 2014 ജൂണ്‍ ഒമ്പതിന് അഡ്വ.രാഹുല്‍ ഗുപ്ത, അഡ്വ.ബി എ ആളൂര്‍ എന്നിവര്‍ മുഖാന്തിരമാണ് ഗോവിന്ദചാമി സുപ്രീം കോടതിയില്‍ വധ ശിക്ഷ പുനഃപരിശോധനാ ഹരജി നല്‍കിയത്. അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ്‌സ് പരിശോധനയ്ക്ക് ശേഷം സര്‍ക്കാരിന്റെ സ്‌റ്റേ പെറ്റീഷന്‍ പരിഗണിച്ച സുപ്രീം കോടതി ഇക്കഴിഞ്ഞ എട്ടിനാണ് വിചാരണ വച്ചത്. ആറായിരത്തോളം പേജുകളുള്ള സാക്ഷിമൊഴികളും 174 പേജുള്ള കീഴ്‌കോടതി വിധി ന്യായവും പഠിച്ചവതരിപ്പിക്കുന്നതില്‍ സുപ്രീം കോടതിയില്‍ പ്രോസിക്യൂട്ടര്‍ക്ക് വീഴ്ച സംഭവിച്ചു എന്നുവേണം മനസ്സിലാക്കാന്‍. 

Soumya case analysis by Valsan Ramamkulath

ഈ തെളിവുകള്‍ കണ്ടുനോക്കൂ
മനപൂര്‍വമല്ലാത്ത നരഹത്യക്ക് വധ ശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഒരേടിലും പറയുന്നില്ലെന്ന നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി വാദം നടത്തിയ പ്രതിഭാഗം, സൗമ്യയെ ഗോവിന്ദചാമി ബലാത്സംഗം ചെയ്തുവെന്ന് സമ്മതിച്ചു. മനപൂര്‍വം സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്നും അങ്ങിനെ ചെയ്തുവെന്നതിന് യാതൊരു തെളിവും കേസ് ഡയറിയിലോ സാക്ഷി മൊഴികളിലോ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. ഫോറന്‍സിക് സര്‍ജന്‍ ഡോ.ഷേര്‍ളി വാസു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംഭവസ്ഥലം സന്ദര്‍ശിച്ചത് ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായിരുന്ന ബി എ ആളൂര്‍ അതിവേഗ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതേ ചോദ്യം സുപ്രീം കോടതിയിലും ആവര്‍ത്തിക്കപ്പെട്ടു. വിവാദമായ കേസുകളില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് നിയമപരമായി തെറ്റല്ലെന്നും പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകളും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന പരിക്കുകളും എങ്ങിനെ ഉണ്ടായതെന്ന് നേരിട്ട് പരിശോധിക്കുക എന്നത് തെറ്റല്ലെന്നുമാണ് ഡോ.ഷേര്‍ളി വാസു അതിവേഗ കോടതിയില്‍ മൊഴി കൊടുത്തത്. സുപ്രീം കോടതിയിലെ പ്രോസിക്യൂട്ടര്‍ ഡോ.ഷേര്‍ളി വാസുവിന്റെ മൊഴി പഠിച്ചില്ലെന്നതിന്റെ തെളിവുകളിലൊന്നാണ് പ്രതിഭാഗത്തിന്റെ ഈ ചോദ്യത്തിനും ഉത്തരമില്ലാതെ പോയത്.

ട്രെയിനില്‍ നിന്ന് ചാടുകയോ അറിഞ്ഞുകൊണ്ട് വീഴുകയോ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പരിക്കുകള്‍ സൗമ്യയുടെ ശരീരത്തിലില്ലെന്ന രേഖകളും ഡോക്ടര്‍മാരുടെ സാക്ഷിമൊഴികളും കോടതിക്ക് മുന്നിലുണ്ട്. ട്രെയിനില്‍ നിന്ന് ചാടുന്ന ഒരാള്‍ കൈകാല്‍ മുട്ടുകുത്തിയാണ് വീഴാന്‍ സാധ്യതയുള്ളത്. സൗമ്യയുടെ മുറിവുകള്‍ അത്തരത്തിലുള്ളതല്ലെന്നും സൗമ്യ ഇടത് കവിള്‍ ഭാഗം നിലത്തടിച്ചാണ് വീണിരിക്കുന്നതെന്നും ഡോ.ഷേര്‍ളി വാസു ആവര്‍ത്തിക്കുന്നുണ്ട്. നിലത്ത് വീഴും മുമ്പേ സൗമ്യയുടെ തലയിലെ പിറ്റിയൂറ്ററി ഗ്ലാന്‍ഡ് പൊട്ടിയിരുന്നുവെന്നത് ഡോ.ഷേര്‍ളി വാസുവിന്റെ മൊഴിയില്‍ പറയുന്നു. തലമുടിയില്‍ പിടിച്ച് അഞ്ചാവര്‍ത്തിയെങ്കിലും ശക്തിയോടെ മറ്റെവിടെയെങ്കിലും അടിച്ചാല്‍ മാത്രമെ, നെറ്റിയുടെ മുകളില്‍ ഇടത് ഭാഗത്തുള്ള പിറ്റി്യൂറ്ററി ഗ്ലാന്‍ഡ് പൊട്ടുക. ചാടുകയോ വീഴുകയോ ചെയ്യുന്ന ഒരാളുടെ തല തൊട്ടപ്പുറത്തെ റെയില്‍ പാളത്തില്‍ പതിക്കുക എളുപ്പമല്ലെന്നും രേഖകളിലുണ്ട്. സൗമ്യയുടെ കൈകള്‍ രണ്ടും കൈപ്പത്തികളും സന്ധിയുടെ ഭാഗവും വലിയ വാതിലിനിടയില്‍ വച്ച് അടച്ച രീതിയില്‍ എല്ലുകള്‍ക്കും മാംസങ്ങള്‍ക്കും ക്ഷതമേറ്റിരിക്കുകയാണെന്നതും മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഡോക്ടര്‍മാരുടെ മൊഴികളിലും വ്യക്തമാണ്. വീഴുന്നതിന് മുമ്പ് പരിക്കേറ്റ കൈകള്‍കൊണ്ട് ട്രെയിനിന്റെ കമ്പിയില്‍ മുറുകെ പിടിച്ചിരുന്നതിന്റെ തെളിവുകള്‍ കൈപ്പത്തിക്കുള്ളിലും വിരലിലും ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ വാതില്‍ കമ്പിയിലും ഉണ്ടെന്നതും കോടതി രേഖയിലുണ്ട്. സൗമ്യയുടെ പരിക്കുകള്‍ അധികവും ഇടത് ഭാഗത്തായിരുന്നു. താടിയെല്ലുകള്‍ പൊടിഞ്ഞും 13 പല്ലുകള്‍ ഇളകി മാറിയ നിലയിലുമായിരുന്നു. അഞ്ചര അടിയെങ്കിലും ഉയരവും വലത് കൈ മാത്രം ഉപയോഗിക്കുന്ന ആളുമായിരിക്കും കൃത്യം ചെയ്തതെന്നും കീഴ്‌കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിയിച്ചിരുന്നു. 

സൗമ്യയുടെ ഗുഹ്യഭാഗത്തുനിന്നും ഗോവിന്ദചാമിയുടെ ലുങ്കിമുണ്ടില്‍ നിന്നും കണ്ടെത്തിയ പുരുഷബീജം ഇയാളില്‍ നിന്ന് ശേഖരിച്ച ബീജസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞിരുന്നു. ഗോവിന്ദചാമിയുടെ മുടിയിലും വസ്ത്രങ്ങളിലും സൗമ്യയെ കണ്ടെത്തിയ സ്ഥലത്തെ മെറ്റലിലും കണ്ട രക്തം സൗമ്യയുടേത് തന്നെയായിരുന്നു.

സഹയാത്രികരുടെ മൊഴികള്‍
സ്ത്രീയുടെ നിലവിളി കേട്ടിരുന്നതായും അതേ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ഗോവിന്ദചാമി പുറത്തേക്ക് ചാടുന്നത് കണ്ടതായും തൃശൂരിലെ ഇലക്ട്രോണിക് സ്ഥാനപത്തിലെ ജീവനക്കാരനും പാസഞ്ചര്‍ ട്രെയിനിലെ യാത്രികനുമായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെ മൊഴി നിര്‍ണായകമാണ്. ഒരു സ്ത്രീ പുറത്തേക്ക് വീഴുന്നതായും അവര്‍ ചത്തിട്ടില്ലെന്നും വലത് ഭാഗത്തെ വാതിലില്‍ നിന്ന അമ്പത് വയസുകാരന്‍ വിളിച്ചുപറയുന്നത് കേട്ടതായും ഷുക്കൂര്‍ പറഞ്ഞിരുന്നു. ഈ അമ്പതുവയസുകാരനെ പ്രോസിക്യൂഷന് കണ്ടെത്താനായില്ലെന്നത് മറ്റൊരു വസ്തുത. വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ കുറച്ചുനേരം പിടിച്ചിട്ടിരുന്നു. ഈ സമയം അബ്ദുള്‍ ഷുക്കൂര്‍ ഉണ്ടായിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഗോവിന്ദചാമി വാതിലിനടുത്ത് നിന്നിരുന്ന ഒരാളോട് വഴി തരണമെന്ന് ആവശ്യപ്പെട്ട് പുറത്തിറങ്ങി. ട്രെയിനിന്റെ പിറക് ഭാഗത്തേക്ക് നടന്ന ഇയാള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിനുള്ളിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ടതായും ട്രെയിന്‍ മുന്നോട്ട് നീങ്ങി അല്പം കഴിഞ്ഞപ്പോഴാണ് ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ നിന്ന് സ്ത്രീയുടെ അലമുറയിട്ടുള്ള കരച്ചല്‍ കേട്ടതെന്നും അബ്ദുള്‍ ഷുക്കൂര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. നേരത്തെ ഗോവിന്ദചാമി വഴി വിട്ടുകൊടുക്കാന്‍ പറഞ്ഞ ആള്‍ ടോണി ദേവസി ആണെന്നും ഇയാള്‍ പിറകിലേക്ക് നോക്കി ആരെയൊ ശാസിക്കുന്നത് കേട്ടെന്നും ഈസമയം ലേഡീസ് കമ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ അവിടെ വാതിലിനരികില്‍ ഗോവിന്ദചാമി നില്‍ക്കുന്നതായി കണ്ടെന്നുമുള്ളഅബ്ദുള്‍ ഷുക്കൂറിന്റെ മൊഴി അതി നിര്‍ണായകമാണ്. മുന്നിലെ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ശബ്ദം വച്ചയുടന്‍ ഗോവിന്ദചാമി പുറത്തേക്ക് ചാടുകയും എഴുന്നേറ്റ് പിറകിലേക്ക് വേഗത്തില്‍ നടക്കുന്നതും കണ്ടതായും താനും ടോണി ദേവസിയും ചേര്‍ന്നാണ് ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഗാര്‍ഡിനോടും ആര്‍പിഎഫിനോടും സംഭവം വിവരിച്ചതന്നും ഷുക്കൂറിന്റെ മൊഴിയിലുണ്ട്. 

ഇത്രയും തെളിവുകള്‍ വനിതാ കമ്പാര്‍ട്ടുമെന്റിലേതും വീണു കിടന്ന ഭാഗത്തേതും മാത്രമാണ്. അതായത് സുപ്രീം കോടതി ചോദിച്ച തെളിവുകള്‍. കേസ് ഡയറിയില്‍ നിന്ന് ഇത്രയും ഭാഗം വിചാരണ വേളയില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍ഗ്യുമെന്റ് നോട്ടായി പിറ്റേന്നെങ്കിലും കൊടുക്കാന്‍ സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന് അവകാശമുണ്ട്. ഇത്രയും ചുമതല സര്‍ക്കാരിനും ഇല്ലാതില്ല.

അതിക്രൂരമായാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നതിന് തെളിവുകളുണ്ട്. ലൈംഗിക ചേഷ്ടക്ക് ശേഷം മുറിഞ്ഞുപോയ തന്റെ കയ്യിലെ ശേഷിക്കുന്ന ഭാഗം ഗുഹ്യഭാഗത്തേക്ക് കയറ്റുന്ന വൈകൃതവും കാണിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ സംശയിച്ചിരുന്നു.

ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി
സംഭവത്തെ മനപ്പൂര്‍വമല്ലാത്ത നരഹത്യയായി കാണണമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ ശക്തിയുക്തം എതിര്‍ക്കാവുന്ന തെളിവുകളും സാക്ഷി മൊഴികളും കേസില്‍ ധാരാളമുണ്ട്. മരണം സംഭവിക്കട്ടെ എന്ന മനോനിലയോടെയാണ് പ്രതി സൗമ്യയെ കമ്പാര്‍ട്ട്‌മെന്റിനകത്തു തള്ളിയിട്ടശേഷം പുറത്ത് രണ്ടിടങ്ങളില്‍ വച്ചും ആക്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ട്രെയിനിനകത്തുവച്ച് തല വാതിലില്‍ ആവര്‍ത്തിച്ചടിച്ചതും ശക്തിയോടെ പുറത്തേക്ക് തള്ളിയിട്ടതും തല റെയിലില്‍ അടിച്ച് അബോധാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ഉയര്‍ത്തിയെടുത്ത് ഏകദേശം രണ്ടടി ഉയരത്തില്‍ നിന്ന് കരിങ്കല്ലിലേക്ക് ഇട്ടതിന്റെയും പരിക്കുകളും പാടുകളും ഇതിന് തെളിവായുണ്ട്.  ഇടത് നെഞ്ചില്‍ വസ്ത്രം വലിച്ചൂരുമ്പോള്‍ ഉണ്ടാവുന്ന വിധത്തില്‍ പുരുഷന്റെ വലതുകൈ നഖപ്പാടുകള്‍ ഉണ്ടായിരുന്നു. ഇടത് തുടയിലും സമാനമായ പാടുകള്‍ കണ്ടു. പാന്റ്‌സ് വലിച്ചൂരിയതിന്റെ പോറലും വസ്ത്രം മുറുകിയതിന്റെ പാടുകളും തുടയിലുണ്ട്. സൗമ്യയുടെ ഗുഹ്യഭാഗത്തുനിന്നും ഗോവിന്ദചാമിയുടെ ലുങ്കിമുണ്ടില്‍ നിന്നും കണ്ടെത്തിയ പുരുഷബീജം ഇയാളില്‍ നിന്ന് ശേഖരിച്ച ബീജസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞിരുന്നു. ഗോവിന്ദചാമിയുടെ മുടിയിലും വസ്ത്രങ്ങളിലും സൗമ്യയെ കണ്ടെത്തിയ സ്ഥലത്തെ മെറ്റലിലും കണ്ട രക്തം സൗമ്യയുടേത് തന്നെയായിരുന്നു. റെയില്‍വെ ട്രാക്കില്‍ രക്തമൊലിച്ച് നഗ്‌നയായാണ് സൗമ്യയെ കണ്ടെത്തിയതെന്ന് സാക്ഷിയായ റെയില്‍വെ ഗാങ് മേസ്തിരി കൃഷ്ണന്റെ മൊഴിയുണ്ട്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരിക്കാം എന്ന സംശയം ആദ്യനോട്ടത്തില്‍ തന്നെ തോന്നിയിരുന്നു. സമീപത്തെ വീട്ടില്‍ നിന്ന് തുണി കൊണ്ട് വന്നാണ് കൃഷ്ണനും സമീപവാസിയായ ഷാജഹാനും ചേര്‍ന്ന് സൗമ്യയെ പുതപ്പിച്ചത്.

അതിക്രൂരമായാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നതിന് തെളിവുകളുണ്ട്. ലൈംഗിക ചേഷ്ടക്ക് ശേഷം മുറിഞ്ഞുപോയ തന്റെ കയ്യിലെ ശേഷിക്കുന്ന ഭാഗം ഗുഹ്യഭാഗത്തേക്ക് കയറ്റുന്ന വൈകൃതവും കാണിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ സംശയിച്ചിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുവാന്‍ താല്‍പര്യമുണ്ടെന്നും സൗമ്യയെ താന്‍ ബലാത്സംഗം ചെയ്തതായും ഗോവിന്ദചാമി കുറ്റസമ്മതം നടത്തിയത് ഡോ.ഹിതേഷ് ശങ്കറിന്റെ മുന്നിലാണ്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷ് ശങ്കര്‍ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴി എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷനായി അതിവേഗകോടതി കണക്കിലെടുക്കുകയും ചെയ്തു. എന്താണു യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നു വൈദ്യപരിശോധനയ്ക്കു ശേഷം ഡോക്ടര്‍ ഗോവിന്ദച്ചാമിയോടു ചോദിച്ചപ്പോഴായിരുന്നു നിര്‍ണായകമായ കുറ്റസമ്മതം. ബാഗിനുവേണ്ടിയായിരുന്നു പെണ്‍കുട്ടിയെ കയറി പിടിച്ചത്. എതിര്‍ത്തപ്പോള്‍ അവളുടെ ദേഹത്തു പലയിടത്തും സ്പര്‍ശിച്ചു. അതോടെ മോഷണത്തിന് അപ്പുറത്തേക്കു കാര്യം പോവുകയാണു ചെയ്തത്. ട്രെയിനില്‍ നിന്ന് ആ കുട്ടിയെ പുറത്തേക്ക് തള്ളിയിട്ട് എതിര്‍ഭാഗത്തെ വാതിലിലൂടെ താഴേക്ക് ചാടിയിറങ്ങിയെന്നും പിന്നീട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു മൊഴി. ഡോ.ഹിതേഷ് ഇത് ഫയലില്‍ രേഖപ്പെടുത്തി. ഇത് വിചാരണ വേളയില്‍ കോടതിയെ ഡോക്ടര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് മൊഴി കോടതി എക്‌സ്ട്രാ ജുഡീഷ്യറി കണ്‍ഫഷനായി അംഗീകരിക്കുകയായിരുന്നു.

സൗമ്യ കേസില്‍ പ്രതികൂലമായി ഭവിച്ച ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുകയും പാളിച്ചകളും അപാകതകളും തിരുത്തുകയും വേണം. അത്തരമൊരു പരിണാമത്തിന് പക്ഷേ, സാമൂഹ്യമായ നിരന്തര ജാഗ്രത ആവശ്യമാണ്. 

പ്രോസിക്യൂഷന് സംഭവിച്ചത്
കീഴ്‌കോടതിയില്‍ കേസ് വാദിച്ചിരുന്ന പബ്‌ളിക് പ്രോസിക്യൂട്ടര്‍ സുരേശനെ മാറ്റിയതാണ് ഇതിന് കാരണമായതെന്നും വാദങ്ങളുണ്ട്. സുപ്രീം കോടതിയില്‍ ഹാജരാവുന്ന രജിസ്‌ട്രേര്‍ഡ് അഭിഭാഷകര്‍ക്കേ അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ്‌സ് നടപടിപൂര്‍ത്തിയാക്കി ഹാജരാവുന്നതിന് സാധ്യമാകൂ. അഡ്വ.എ സുരേശന് ഇത് അസാധ്യമാകുമെന്നതിനാലാണത്രെ ഹൈകോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി ജോസഫ്, സ്റ്റാന്റിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ചത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ ഫയലില്‍നിന്ന് കണ്ടെത്തി സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ലെന്നതാണ് വിനയായത്. അതേസമയം, അഡ്വ.എ സുരേശനെ സുപ്രീംകോടതിയില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ നിയോഗിച്ചിരുന്നുവെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും അതിന് തയാറായില്ലെന്നുമാണ് നിയമമന്ത്രിയുടെ വിശദീകരണം. സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന് മാത്രമേ വാദിക്കാന്‍ കഴിയുകയുള്ളുവെന്നതുകൊണ്ടാണ് കേരള ഹൈകോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജസ്റ്റിസിനെ കേസ് കൈകാര്യം ചെയ്യുന്നതിനുവേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കുന്നുണ്ട്. സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന സുരേശനെ കേസില്‍ സഹായിക്കുന്നതിന് പ്രത്യേക അഡ്വക്കറ്റായി നിയമിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി വിശദമാക്കുന്നുണ്ട്. 

കാര്യങ്ങള്‍ എന്തായാലും സൗമ്യ കേസിന് സുപ്രീം കോടതിയില്‍ സംഭവിച്ചത് പോസിറ്റീവായ കാര്യമേയല്ല. അതിനിടയാക്കിയത് പല ഘടകങ്ങളാണ്. ആ ഘടകങ്ങള്‍ ഇനിയെങ്കിലും ഗൗരവകരമായി സര്‍ക്കാറും പൊതു സമൂഹവും പരിഗണിക്കേണ്ടതുണ്ട്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം അടക്കമുള്ള സമാനമായ കേസുകളില്‍ ഈ അവസ്ഥ വരാതിരിക്കണമെങ്കില്‍ അത് അനിവാര്യമാണ്. സൗമ്യ കേസില്‍ പ്രതികൂലമായി ഭവിച്ച ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുകയും പാളിച്ചകളും അപാകതകളും തിരുത്തുകയും വേണം. അത്തരമൊരു പരിണാമത്തിന് പക്ഷേ, സാമൂഹ്യമായ നിരന്തര ജാഗ്രത ആവശ്യമാണ്. 


 

Follow Us:
Download App:
  • android
  • ios