Asianet News MalayalamAsianet News Malayalam

കൈവണ്ടിയില്‍ ദോശ വിറ്റ് തുടങ്ങി; ഇന്ന് ആസ്തി 30 കോടി

ബാന്ദ്രയിലെത്തിയ പ്രേമിനെ പക്ഷെ ആരോ പോക്കറ്റടിച്ചു. കയ്യിലുണ്ടായിരുന്ന 200 രൂപയും പോയി. ഭാഷയറിയില്ല, ആരേയും പരിചയമില്ല. അങ്ങനെ ഒരു ഭാഗ്യപരീക്ഷണം നടത്താമെന്ന് കരുതി മാത്രമാണ് പ്രേം ഗണപതി അവിടെത്തന്നെ തുടര്‍ന്നത്. 

success story of prem ganapathy
Author
Mumbai, First Published Nov 30, 2018, 1:07 PM IST

മുംബൈ: 200 രൂപയുമായാണ് 1990-ല്‍ പ്രേം ഗണപതി, മുംബൈ ബാന്ദ്രാ ടെര്‍മിനസിലെത്തിയത്. അന്ന് വയസ് 17. തമിഴ്നാട്ടിലെ വീട്ടില്‍ ഏഴ് സഹോദരങ്ങളായിരുന്നു പ്രേമിന്. തന്‍റെ വിദ്യാഭ്യാസം തുടരാന്‍ പ്രേമിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, വീട്ടിലെ സാമ്പത്തികസ്ഥിതി അനുവദിച്ചിരുന്നില്ല. മാതാപിതാക്കളേയും സഹോദരങ്ങളേയും നോക്കണ്ടത് അയാളുടെ ചുമതലയായിരുന്നു. അതുകൊണ്ട് കോളേജില്‍ പോയില്ല. പല ജോലിയും ചെയ്ത് മാസത്തില്‍ 250 രൂപ വരെയൊക്കെയായിരുന്നു അയാള്‍ നേടിയത്. 

ആ സമയത്താണ് അയാള്‍ക്ക് മുംബൈയില്‍ ഒരു ജോലിക്കുള്ള അവസരം വരുന്നത്. 1200 രൂപ സാലറിയും പറഞ്ഞിരുന്നു. അത് അയാളെ സംബന്ധിച്ച് വലിയ തുക ആയിരുന്നു. അങ്ങനെ മുംബൈക്ക് വണ്ടി കയറി. വീട്ടുകാര്‍ അറിഞ്ഞാല്‍ അത്രയും അകലെ പോകാന്‍ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ട് ആരോടും പറയാതെയാണ് പോയത്. 

ബാന്ദ്രയിലെത്തിയ പ്രേമിനെ പക്ഷെ ആരോ പോക്കറ്റടിച്ചു. കയ്യിലുണ്ടായിരുന്ന 200 രൂപയും പോയി. ഭാഷയറിയില്ല, ആരേയും പരിചയമില്ല. അങ്ങനെ ഒരു ഭാഗ്യപരീക്ഷണം നടത്താമെന്ന് കരുതി മാത്രമാണ് പ്രേം ഗണപതി അവിടെത്തന്നെ തുടര്‍ന്നത്. പിറ്റേന്ന് മുതല്‍ ജോലി തിരഞ്ഞു തുടങ്ങി. ആദ്യമായി ജോലി ചെയ്യുന്നത് ഒരു ബേക്കറിയിലാണ്. പാത്രം കഴുകലാണ് പണി. 150 രൂപ മാത്രമാണ് ശമ്പളം. ബേക്കറിക്കകത്ത് ഉറങ്ങുകയും ചെയ്യാം. അത് വളരെ കുറവായിരുന്നുവെങ്കിലും വേറെ വഴിയില്ലാത്തതിനാല്‍ അവിടെ തുടര്‍ന്നു. 

തുടര്‍ന്നുള്ള രണ്ട് വര്‍ഷം, തന്നെക്കൊണ്ട് കഴിയാവുന്ന ജോലിയെല്ലാം ചെയ്തു. പറ്റാവുന്നത്ര പണം സമ്പാദിച്ചു. 1992 -ല്‍ പ്രേം സ്വന്തം ബിസിനസ് തുടങ്ങി. ഇഡലിയും ദോശയും ഉണ്ടാക്കി നല്‍കുകയായിരുന്നു ബിസിനസ്. ഒരു കൈവണ്ടി വാങ്ങി. സ്റ്റൌവും അത്യാവശ സാധനങ്ങളും വാങ്ങി. 

അതായിരുന്നു ഗണപതിയുടെ യാത്രയുടെ തുടക്കം. 30 കോടി ആണ് ഇന്നത്തെ ആസ്തി. 

ഭക്ഷണം നല്‍കിത്തുടങ്ങി കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുരുഗന്‍, പരമശിവന്‍ എന്നീ രണ്ട് സഹോദരന്മാരെയും ഗണപതി മുംബൈയിലേക്ക് വിളിച്ചു. അവരും സഹോദരനെ സഹായിച്ചു തുടങ്ങി. 

ഗുണനിലവാരവും വൃത്തിയും ഗണപതിയുടെ കടയെ വ്യത്യസ്തമാക്കി. സ്വന്തം നാട്ടിലെ റെസിപ്പി ഉപയോഗിച്ചായിരുന്നു ദോശയും ഇഡലിയും സാമ്പാറുമെല്ലാം ഉണ്ടാക്കിയിരുന്നത്. സത്യസന്ധത വീണ്ടും കൂട്ടുനിന്നു. മാസം, 20,000 രൂപ വരെ കിട്ടിത്തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ കുറച്ച് സ്ഥലം വാടകക്കെടുത്തു. രാവിലെ അത് അടുക്കളയും രാത്രി അവര്‍ക്ക് ഉറങ്ങാനുള്ള ഇടവുമായി. 

പ്രത്യേകം മസാലകളും ദോശക്കും ഇഡലിക്കുമൊപ്പം ഉണ്ടാക്കിത്തുടങ്ങി. പലപ്രശ്നങ്ങളും തുടക്കത്തിലുണ്ടായിരുന്നു. മുനിസിപ്പാലിറ്റി അധികൃതര്‍ പലപ്പോഴും കൈവണ്ടി എടുത്തുമാറ്റിയിരുന്നു. അത് കിട്ടാന്‍ പിഴയടക്കേണ്ടി വന്നു. അവസാനമാണ് ഒരു കടയിലെത്തിച്ചേര്‍ന്നത്. 

1997 -ല്‍ റെസ്റ്റോറന്‍റ് തുടങ്ങി. 50,000 രൂപ സെക്യൂരിറ്റിയും 5000 രൂപ വാടകയും. 'പ്രേം സാഗര്‍ ദോശ പ്ലാസ' എന്നായിരുന്നു പേര്. രണ്ട് പേരെ ജോലിക്കും കൂടെക്കൂട്ടി. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ദോശ ആദ്യം ഫെയ്മസായത്. അവരെല്ലാം പ്രേമിന്‍റെ സുഹൃത്തുക്കളായി. 

പയ്യെപ്പയ്യെ പല വെറൈറ്റി ഡിഷുകളും ഹോട്ടലിലെത്തി. 26 വെറൈറ്റികള്‍ വരെ ആയി അത്. മാളില്‍ ഒരു ഷോപ്പ് തുടങ്ങാനായി അടുത്ത ശ്രമം. പക്ഷെ, പല മാള്‍ അധികൃതരെ കണ്ടുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അനുമതി കിട്ടിയില്ല. അതിനിടെയാണ് സെന്‍റര്‍ വണ്‍ മാള്‍ തുറക്കുന്നത്. അവര്‍ പ്രേമിന്‍റെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവരായിരുന്നു. അവര്‍, പ്രേമിനോട് ഔട്ട് ലെറ്റ് തുടങ്ങിക്കോളാന്‍ പറഞ്ഞു. 

അങ്ങനെ അത് തുടങ്ങി. 2003 ല്‍ താനെയില്‍ വണ്ടര്‍മാളില്‍ ആദ്യത്തെ ദോശ പ്ലാസ ഫ്രാഞ്ചൈസിയും പ്രേം തുടങ്ങി. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല പ്രേം ഗണപതിക്ക്. 

ഇന്ത്യക്ക് അകത്തും പുറത്തുമായി 70 ഔട്ട്ലെറ്റുകളുണ്ട് ഇന്ന്. എല്ലാം തുടങ്ങിയത് അവിടെ നിന്നാണ്. അടുത്ത ട്രെയിനിന് വീട്ടിലേക്ക് തിരികെ പോയേക്കാം എന്ന് കരുതിയിരുന്നുവെങ്കില്‍ ഇന്ന് ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. ആത്മവിശ്വാസവും കഠിന പ്രയത്നവുമാണ് പ്രേമിനെ ഇവിടെ എത്തിച്ചത്. 

Follow Us:
Download App:
  • android
  • ios