Asianet News MalayalamAsianet News Malayalam

ടൂ വീലറില്‍ കുതിക്കുന്നവരേ,  നിങ്ങളറിയണം ഈ സത്യം

Sunil Jaleel on safe driving
Author
Thiruvananthapuram, First Published Sep 25, 2017, 12:03 PM IST

അമിത വേഗതയും അശ്രദ്ധയുമാണ് റോഡുകളില്‍ ചോര വീഴ്ത്തുന്ന പ്രധാന ഘടകങ്ങള്‍. എന്നിട്ടും, ഇരു ച്രകവാഹനങ്ങളില്‍ അതിവേഗം കുതിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. തേവര പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ്. യാത്രികനും എഴുത്തുകാരനും കൂടിയായ സുനില്‍ ജലീല്‍ എഴുതുന്നു
 

Sunil Jaleel on safe driving

ടൂ വീലറില്‍ എണ്‍പതിനു മേലെ പിടിപ്പിക്കുമ്പോള്‍ ഹാന്‍ഡില്‍ വിറക്കുന്നു. കത്തിച്ചുവിട്ട് മലമ്പാതയില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് നൂറ്റിയിരുപത് കിലോമീറ്റര്‍ ഓടിയെത്തി.എന്നൊക്കെ ചില യാത്രാനുഭവങ്ങളില്‍ വായിക്കാറുണ്ട്.

വേറെ ചില ഫോറങ്ങളിലെ ക്രാഷ് ടെസ്റ്റ് ചര്‍ച്ചകളില്‍ പലരും മാരുതി കാറുകളെ കളിയാക്കുന്നതും കണ്ടിട്ടുണ്ട്. നമുക്ക് രണ്ടും ചേര്‍ത്തുവെച്ച് വായിക്കേണ്ടതാണ്.

ക്രാഷ് ടെസ്റ്റില്‍ തരിപ്പണമാകുന്ന ഒരു കാറിനെക്കാള്‍ വളരെ താഴെയാണ് സുരക്ഷയില്‍ മോട്ടോര്‍ സൈക്കിളുകള്‍. എന്നിട്ടും സ്വന്തം ജീവനെപ്പറ്റിയോ മറ്റുള്ളവരുടെ സുരക്ഷയോ ചിന്തിക്കാതെ ബൈക്ക് പറപ്പിക്കുന്നവരെ എമ്പാടും കാണാം.

പലപ്പോഴും കൂടെ റോഡ് പങ്കിടുന്നവരുടെ ഡ്രൈവിംഗ് മര്യാദയും ദയയും റിഫ്‌ലക്‌സും കാരണമാണ് ഇവരൊക്കെ കുടുംബത്ത് തിരിച്ചെത്തുന്നത്. എന്നാലും പിറ്റേദിവസം വീണ്ടും റോഡിന് ബാധ്യതയായി ഇത്തരക്കാര്‍ പിന്നെയും ഇറങ്ങും. മറ്റുള്ളവര്‍ നല്‍കുന്ന ഭിക്ഷയാണ് തന്റെ ജീവനെന്ന് അവന്‍ അറിയുന്നില്ല. ആ വിഡ്ഢിയുടെ വിചാരം അത് അവന്റെ കഴിവാണെന്നാണ്.

കേരളത്തിലെ നാലുവരിപ്പാതകളില്‍ മണിക്കൂറില്‍ 70 കിലോമീറ്ററാണ് മോട്ടോര്‍ സൈക്കിളുകളുടെ പരമാവധി വേഗത. രണ്ടുവരിയുള്ള ദേശീയപാതകളില്‍ 60 കിലോമീറ്റര്‍, സംസ്ഥാന പാതകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയും മറ്റു റോഡുകളില്‍ അതിലും താഴെയുമാണ് അനുവദനീയമായ വേഗത.

അപകടസ്ഥലങ്ങളില്‍ പലതവണ ഓടിയെത്തുകയും ഇന്‍ക്വസ്റ്റുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങളില്‍ ചിലത് പറയട്ടെ. ഒന്നാമതായി, നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ടാല്‍ ഓടിക്കൂടുന്നവരില്‍ 95 ശതമാനം പേരും കാഴ്ചക്കാരായിരിക്കും. അത് നമ്മുടെ ഒരു ആചാരമാണ്.

അപകടം സീരിയസാണെങ്കില്‍ നിങ്ങള്‍ പിടയുന്നതും ചോര വാര്‍ന്ന് ബോധക്ഷയത്തിലേക്ക് പോവുന്നതും അനക്കം നിലച്ച് മരിക്കുന്നതും അവര്‍ കാണുകയും പറ്റിയാല്‍ ചിത്രീകരിക്കുകയും ചെയ്യും. ഇവിടെ ആരെയാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? എത്ര വേഗതയില്‍ വരെയുള്ള ഇടി നമുക്ക് അതിജീവിക്കാനാവുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

ഇടപ്പളളി ഒബറോണ്‍മാളിന് സമീപം കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് ഒരു സൂപ്പര്‍ ബൈക്ക് അപകടത്തില്‍ പെട്ടിരുന്നു. 200 കിലോമീറ്ററോളം വേഗതയില്‍ മീഡിയനിലെ കൊന്നമരത്തില്‍ ഇടിച്ചുകയറിയ ആ ചെറുപ്പക്കാരന്റെ തല മരത്തില്‍ തന്നെ അടിച്ച് ചിതറിപ്പോയിരുന്നു.

ഒരു കൈ പറിഞ്ഞുപോയി തട്ടിയിട്ട് റോഡിന്റെ അപ്പുറത്തെ വശത്തെ മരത്തിന്റെ കൊമ്പടക്കം ഒടിച്ചാണ് താഴെയെത്തിയത്. തലയില്ലാത്ത കഴുത്തിലൂടെ ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവന്നിരുന്നു. ആ മരം ഇപ്പോള്‍ കാണുമ്പോഴും ആ രാത്രി ഞാന്‍ ഓര്‍ക്കാറുണ്ട്.

ദേശാഭിമാനി ജംഗ്ഷനില്‍ വര്‍ഷങ്ങള്‍ മുമ്പുണ്ടായ ആക്‌സിഡന്റില്‍ ഒരാള്‍ മരിച്ചത് ട്രാഫിക് ഐലന്റിലിടിച്ച് വലംകാല്‍ അരയില്‍ നിന്ന് പറിഞ്ഞു പോയി ചോര വാര്‍ന്നായിരുന്നു. ആ വിജനമായ അര്‍ധരാത്രിയില്‍ എത്ര വേഗതയിലാവും ആ ചെറുപ്പക്കാരന്‍ ഓടിച്ചിരിക്കുക.

ഓര്‍മയില്‍ വരുന്ന ബൈക്കപകടങ്ങളില്‍ മറ്റൊന്ന് കുണ്ടന്നൂര്‍  ഐലന്റ് റോഡില്‍ കൊങ്കണ്‍ ടാങ്കിനടുത്ത് നടന്ന ഒന്നാണ്. വിവാഹവീട്ടിലേക്ക് അനുജനെയും കൂട്ടി മട്ടാഞ്ചേരിയില്‍ നിന്ന് ഓടിച്ചുവന്ന ചെറുപ്പക്കാരന്‍ മറ്റൊരു വാഹനത്തെ അതിവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു.

എതിരെ വന്ന കാര്‍ ബ്രേക്കിട്ട് നിര്‍ത്തിക്കൊടുത്തെങ്കിലും അതിലിടിച്ച് മുകളിലൂടെ തെറിച്ച് റോഡില്‍ വീണ ഇരുവരും തല തകര്‍ന്നാണ് മരിച്ചത്. അന്ന് ഞങ്ങള്‍ ഒരുപാട് മണ്ണുവാരിയിട്ടിട്ടും ചോരയില്‍ നനഞ്ഞുകിടന്ന റോഡ് ഫയര്‍ഫോഴ്‌സ് എത്തിയാണ് ക്ലീന്‍ ചെയ്തത്.

കോമ അവസ്ഥയില്‍ ശപിക്കപ്പെട്ട ജീവിതം നയിക്കുന്ന എത്രയോ പേരുടെ കാര്യമോര്‍ക്കുമ്പോള്‍ ദ്രുതമരണങ്ങള്‍ ഒരു കണക്കിന് അനുഗ്രഹമാണെന്നു പറയാം. എനിക്കിത് സംഭവിക്കില്ലെന്നും ഞാന്‍ പുലിയാണെന്നും കരുതരുത്. വീണുപോയവരും സ്വയം പുലികള്‍ തന്നെയായിരുന്നു.

കൂട്ടുകാരെ, ഇന്‍ക്വസ്റ്റിനു വേണ്ടി മരിച്ചവന്റെ ശരീരത്തിന്റെ അളവെടുക്കലും മുറിവുകളുടെ ആഴവും സ്വഭാവവും എഴുതലും തിരിച്ചറിയല്‍ അടയാളം രേഖപ്പെടുത്തലും ഞങ്ങള്‍ വളരെ യാന്ത്രികമായി ചെയ്യാറുണ്ട്. ഒരു മൃതദേഹത്തെ തൊട്ടിട്ടുണ്ടോ? ആദ്യ സ്പര്‍ശം മുതല്‍ മനസ്സിലാവും. അത് ഒരു മനുഷ്യനേയല്ല. ഇപ്പോള്‍ ജഡം മാത്രമായിരിക്കുന്ന, ഭൂതകാലത്തില്‍ ജീവിച്ചിരുന്ന പ്രിയപ്പെട്ടവര്‍.

എങ്കിലും പ്രായത്തില്‍ ഇളയവരെ ചേതനയില്ലാതെ കാണുമ്പോള്‍  വേദനയുടെ ഒരു വേലിയേറ്റമുണ്ടാവാറുണ്ട്. ഏതാനും നാഴിക മുമ്പുവരെ സ്വപ്നങ്ങള്‍ കണ്ടിരുന്ന തുറന്ന കണ്ണുകള്‍ അടക്കുമ്പോള്‍ കണ്ണുകള്‍ നിറയാറുണ്ട്...

അനുഭവങ്ങള്‍ നിരവധിയുണ്ട്. യാത്രകള്‍ അകാലത്തില്‍ ഇടക്കുവെച്ച് നിലച്ചു പോകേണ്ടവയല്ല. വേഗത നിയന്ത്രിക്കൂ. അശ്രദ്ധയും അതിവേഗവും നമ്മെ ആഹ്ലാദത്തിന്റെ പ്രകാശിതമായ കൊടുമുടികളില്‍ നിന്നും ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് തള്ളിയിടാതിരിക്കട്ടെ.
 

Follow Us:
Download App:
  • android
  • ios