Asianet News MalayalamAsianet News Malayalam

ജലത്തിന് പച്ചനിറം: അപകടകരമാണ് ഈ അവസ്ഥ!

  • സുരേഷ് സി പിള്ള എഴുതുന്നു
  • വെള്ളത്തിന്റെ പുറത്തു കാണുന്ന ഈ പച്ചപ്പാട നിസ്സാരക്കാരനല്ല. പല മാരകമായ അസുഖങ്ങള്‍ക്കും ഹേതുവാണ്.
Suresh C Pillai on algal bloom

നാം ആല്‍ഗെല്‍ ബ്ലൂമിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ആല്‍ഗെല്‍ ബ്ലൂം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. അപകടസാദ്ധ്യതയേറിയ ഒന്ന്.  മനുഷ്യരെയും, ജല വിഭവങ്ങളെയും മൃഗങ്ങളെയും മരണത്തിലേക്ക് തള്ളിവിടാന്‍ പ്രാപ്തിയുള്ളതാണ് ഈ ആല്‍ഗകള്‍.

Suresh C Pillai on algal bloom

ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന് പച്ചനിറം വന്നത് വാര്‍ത്തയില്‍ ശ്രദ്ധിച്ചു കാണുമല്ലോ?

ഗെയില്‍ പൈപ്പ് ലൈന്‍ വിവാദവുമായി ബന്ധപ്പെട്ട് ഇത് കൃത്രിമമായി സൃഷ്ടിച്ചത് ആണ് എന്നും വാര്‍ത്ത ഉണ്ടായിരുന്നു.

സത്യത്തില്‍ എന്താണീ പച്ച നിറത്തിന്റെ ഹേതു? 

മിക്കവാറും, ഇത് ആല്‍ഗെല്‍ ബ്ലൂം ആകാനാണ് സാദ്ധ്യത. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ജലത്തിന് പച്ചനിറം നല്‍കിയത് ആല്‍ഗെല്‍ ബ്ലൂം ആണെന്നും ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍, ഇത് മനപ്പൂര്‍വ്വം കൃത്രിമമായി സൃഷ്ടിച്ചതെങ്കില്‍ ഇത് മനുഷ്യനോടും, മറ്റു ജീവജാലങ്ങളോളും ചെയ്ത ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതയാണ്.

ഇത് ശരിയെങ്കില്‍, നാം ആല്‍ഗെല്‍ ബ്ലൂമിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ആല്‍ഗെല്‍ ബ്ലൂം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. അപകടസാദ്ധ്യതയേറിയ ഒന്ന്.  മനുഷ്യരെയും, ജല വിഭവങ്ങളെയും മൃഗങ്ങളെയും മരണത്തിലേക്ക് തള്ളിവിടാന്‍ പ്രാപ്തിയുള്ളതാണ് ഈ ആല്‍ഗകള്‍.

യു.എസ് അയര്‍ലണ്ട് ഗവേഷണ സഹകരണത്തിന്റെ രണ്ടാമത്തെ മീറ്റിങ് 2012 ഏപ്രില്‍ 2, 3 തീയതികളില്‍, അമേരിക്കയിലെ ഫ്‌ലോറിഡ സ്‌റ്റേറ്റിലുള്ള മയാമിയിലെ  ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ആയിരുന്നു.

അയര്‍ലണ്ടില്‍ നിന്ന് ഞാനും, എന്റെ സഹപ്രവര്‍ത്തകന്‍ ഡേമിയനും ഉണ്ട്.

മീറ്റിങ്ങിനു ശേഷം 'കീ-വെസ്റ്റിലൂടെ (ഫ്‌ലോറിഡയുടെ വാലറ്റം) ഒരു ഉല്ലാസ യാത്രയും ഓര്‍ഗനൈസര്‍ പ്രൊഫസര്‍ കെവിന്‍ ഓഷേ  പ്ലാന്‍ ചെയ്തിരുന്നു. കീ-വെസ്റ്റില്‍ നിന്നും 500 കിലോമീറ്ററെ ഉള്ളൂ ക്യൂബയ്ക്ക്.

'മയാമിയില്‍ നിന്നും ഏകദേശം നാലു മണിക്കൂര്‍ ഡ്രൈവുണ്ട്. അവിടെത്തിയാല്‍, അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കൂടെയും ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലൂടെയും മൂന്നു മണിക്കൂര്‍ ബോട്ടിങ്ങുണ്ട്, ഏഴു മണിയോടെ നമുക്കു മടങ്ങണം'-പ്രൊഫസര്‍ കെവിന്‍ ഓഷേ പറഞ്ഞു.

ഫ്‌ലോറിഡയില്‍, ചീങ്കണ്ണികളെ വരെ കൊല്ലാന്‍ ശേഷിയുള്ള പാടയാണിത്

ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഡീനും, പ്രശസ്തനായ ഫോട്ടോ കെമിക്കല്‍ ശാസ്ത്രജ്ഞനും ആണ് കെവിന്‍.

ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയില്‍ കെവിന്‍ 'സൈനോ ബാക്റ്റീരിയകളെക്കുറിച്ചു  (Cyanobacteria)  പറഞ്ഞു കൊണ്ടിരുന്നു.

ഒരു തടാകത്തില്‍ സൈനോ ബാക്റ്റീരിയ കൂട്ടമായിനില്‍ക്കുന്ന നീണ്ട പച്ച നിറത്തിലുള്ള പാട കാണിച്ചു തന്നു.

എന്നിട്ടു പറഞ്ഞു 'ഹരിത നിറത്തിലുള്ള ഈ പാട കാണാന്‍ എത്ര മനോഹരമാണ്? ഫ്‌ലോറിഡയില്‍, ചീങ്കണ്ണികളെ വരെ കൊല്ലാന്‍ ശേഷിയുള്ള പാടയാണിത്, അപ്പോള്‍ മനുഷ്യന്റെ കാര്യം പറയാനില്ലല്ലോ.'

കെവിന്‍ സൈനോ ബാക്റ്റീരിയയുടെ ദോഷ വശങ്ങളെക്കുറിച്ചും, ഞങ്ങള്‍ നാലു യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'സെമികണ്ടക്ടര്‍ Photocatalysis (പ്രകാശ രാസത്വരണം) എന്ന സാങ്കേതിക വിദ്യ ഇതിനെ നശിപ്പിക്കാനായി എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നൊക്കെ സംസാരിച്ചു കൊണ്ടിുന്നു.

അപ്പോളൊക്കെ ഞാന്‍ മനസ്സില്‍ വിചാരിച്ചു കൊണ്ടിരുന്നത് ഇതാണ്: 

'ഈ സാധനം ഞാന്‍ കുട്ടനാട്ടിലെ, കായലുകളിലും, നാട്ടിന്‍പുറത്തെ ചെറു കുളങ്ങളിലും കണ്ടിട്ടുണ്ടല്ലോ. നമ്മളൊക്കെ ഇതിനെ എത്ര നിസ്സാരമായാണ് നോക്കിക്കാണുന്നത്'

വെള്ളത്തിന്റെ പുറത്തു കാണുന്ന ഈ പച്ചപ്പാട നിസ്സാരക്കാരനല്ല.

പല മാരകമായ അസുഖങ്ങള്‍ക്കും ഹേതുവാണ്.

കുട്ടനാട്ടിലെ കായല്‍ മീനുകള്‍ ചിലപ്പോള്‍ ചത്തു പൊങ്ങാനുള്ള കാരണം, ഒരു പക്ഷെ, ചില അവസരങ്ങളില്‍ സൈനോ ബാക്റ്റീരിയ ആയിരിക്കാം.

മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന നാഡീ സംബന്ധമായ ആഘാതം വേറെ.

എന്താണ് സൈനോ-ബാക്റ്റീരിയ?
പ്രകാശസംശ്ലേഷണം (photosynthesis) നടത്താന്‍ ശേഷിയുള്ള ഒരുതരം ബാക്റ്റീരിയകളുടെ (prokaryote) കൂട്ടമാണ് സൈനോ-ബാക്റ്റീരിയ എന്നറിയപ്പെടുന്നത്. ഇവ പച്ചനിറത്തില്‍ വെള്ളത്തിന്റെ പുറത്ത് പാട പോലെ പശമയത്തോടെ (slimy) പൊങ്ങിക്കിടക്കും. (ഇതിനെ blue-green algae എന്നും തെറ്റായി പറയാറുണ്ട്. ശാസ്ത്രീയമായി ഇവ ആല്‍ഗകള്‍ അല്ല). സാധാരണ പായലില്‍ (algal bloom) നിന്നും കാഴ്ചയില്‍ വേര്‍തിരിച്ചറിയാം. 

ഇവ അപകടകാരിയാണോ?
വളരെ അപകടകാരിയാണ്. ചില സൈനോ-ബാക്റ്റീരിയകള്‍ ചീങ്കണ്ണികളെ വരെ കൊല്ലാന്‍ ശേഷിയുള്ളവയാണ്. ഇവയ്ക്ക് മീനുകളെയും, വെള്ളത്തിലുള്ള മറ്റ് ജീവജാലങ്ങളെയും കൊന്നൊടുക്കാന്‍ ശേഷിയുണ്ട് .

എന്താണ് ഇതിനു കാരണം?

ചില സൈനോ-ബാക്റ്റീരിയകള്‍ 'cynotoxin' എന്ന വിഷം (neurotoxins) ഉണ്ടാക്കുന്നവയാണ്. ഇവയ്ക്കു നാഡികളെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. ഉദാഹരണത്തിന് ടോക്‌സിനുകള്‍ ആയ anatoxin-a, anatoxin-as, aplysiatoxin, cyanopeptolin തുടങ്ങിയ വിഷങ്ങള്‍ ഇവയില്‍ ഉണ്ടാവും. കൂടുതലായി ഇവയുമായി സമ്പര്‍ക്കം നടത്തുന്നത്, മനുഷ്യന്റെ നാഡീ വ്യവസ്ഥയെ തകരാറില്‍ ആക്കാം എന്ന് പഠനങ്ങള്‍ കാണിക്കുന്നു.

സൈനോ-ബാക്റ്റീരിയകള്‍ ഉണ്ടാക്കുന്ന ഒരു വിഷമായ Methylamino-L-alanine, (BMAA) നാഡീ സംബദ്ധമായ (Amyotrophic lateral sclerosis (ALS) എന്ന രോഗാവസ്ഥ ഉണ്ടാക്കാം എന്നും പഠനങ്ങള്‍ കാണിക്കുന്നു.

നമ്മുടെ നാട്ടില്‍ ഇതേ പറ്റി വിശദമായി ആരും പഠനം നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. അതേക്കുറിച്ചു തിരഞ്ഞപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും കാണാന്‍ പറ്റിയില്ല.

നമുക്ക് എന്ത് ചെയ്യാന്‍ പറ്റും?
കേരളത്തില്‍ ശുദ്ധജലത്തില്‍ കാണുന്ന പച്ച നിറമുള്ള പാട പലതും സൈനോ-ബാക്റ്റീരിയക്കൂട്ടങ്ങള്‍ ആകാനുള്ള സാദ്ധ്യത വളരെ ആണ്. ഇങ്ങനെ പാട കാണുന്ന ജലാശയങ്ങളില്‍ കഴിവതും കുളിക്കാതെയും, ഇവയില്‍ നിന്നെടുക്കുന്ന വെള്ളം ആഹാരം പാകം ചെയ്യാന്‍ ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യുക. മീനുകളും, ജല ജീവികളും ചത്തു പൊങ്ങുന്നുണ്ടെകില്‍ സൈനോ-ബാക്റ്റീരിയക്കൂട്ടങ്ങള്‍ ആകാനുള്ള സാദ്ധ്യത വളരെ വലുതാണ്. ഇങ്ങനെ ശ്രദ്ധയില്‍ പ്പെട്ടാല്‍ വേണ്ടപ്പെട്ട അടുത്തുള്ള ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക. കേരളത്തിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്ക് (ഉദാഹരണത്തിന് NIIST/CSIR -Trivandrum, രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ etc.), വേണ്ട രീതിയിലുള്ള ടെസ്റ്റുകള്‍ നടത്തി ഇവ സ്ഥിരീകരിക്കാന്‍ പറ്റും.

ചൈനീസ് ഒളിമ്പിക്‌സ് സമയത്ത്, നീന്തല്‍ വേദി മാറ്റി വച്ചത്, ചിലരുടെ എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാവും. വെള്ളത്തില്‍ സൈനോ-ബാക്റ്റീരിയക്കൂട്ടങ്ങളെ കണ്ടെത്തിയതിനാലാണിത് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


കൂടുതല്‍ വായനയ്ക്ക്

1) Toxins produced in cyanobacterial water blooms - toxicity and risks Ludലk Bláha, Interdiscip Toxicol. 2009 Jun; 2(2): 36-41.
Published online 2009 Jun. doi: 10.2478/v10102-009-0006-2)

2) Toxic Cyanobacteria in Water: A guide to their public health consequences, monitoring and management. Edited by Ingrid Chorus and Jamie Bartram.
(http://www.plannacer.msal.gov.ar/.../cia.../toxcyanobacteria.pdf)

3) Lethal ingestion: Blue-green algae a danger for people and pets (https://www.k-state.edu/today/announcement.php?id=1165)

4) Water warning after more dog deaths as toxic blue-green algae found (http://www.express.co.uk/.../Dogs-death-blue-green-algae-Kent...).

5) Vet says dog likely killed by blue-green algae in Mississippi River (http://www.fox9.com/news/173815471-story)

6) Frequently Asked Questions (Cyanobacteria in Water) http://www.dep.state.fl.us/water/bgalgae/faq.htm

7) IT Sligo Partnership Puts Spotlight on Pollution Threats (https://www.itsligo.ie/.../it-sligo-partnership-puts-spotlig.../)

8) Eutrophication, toxic cyanobacteria and cyanotoxins: when ecosystems cry for help, Limnetica, 25(1-2): 425-432 (2006)
The ecology of the Iberian inland waters: Homage to Ramon Margalef, Asociación Española de Limnología, Madrid. Spain. ISSN: 0213-8409

9) The occurrence and response to toxic cyanobacteria in the Pacific Northwest, North AmericaJ. M. Jacoby & J. Kann (2007) The occurrence and response to toxic cyanobacteria in the Pacific Northwest, North America, Lake and Reservoir Management, 23:2,
123-143, DOI: 10.1080/07438140709353916; http://dx.doi.org/10.1080/07438140709353916

Follow Us:
Download App:
  • android
  • ios