Asianet News MalayalamAsianet News Malayalam

രാത്രി മാത്രമല്ല, പകലും കേരളത്തില്‍ സ്ത്രീകള്‍ക്ക് ഹാനികരം!

  • സ്വാതി ശശിധരന്‍ എഴുതുന്നു
Swathi Sasidharan on women life in kerala

സ്ത്രീകളുടെ രാത്രികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിക്കുന്ന കുറിപ്പിന് ഒരനുബന്ധം. രാത്രികള്‍ മാത്രമല്ല, പകലും സ്ത്രീകള്‍ക്ക് എന്താണെന്ന് പറയുന്ന രണ്ട് അനുഭവങ്ങള്‍.

Swathi Sasidharan on women life in kerala

1994. ടി. കെ.എം  എഞ്ചിനീയറിംഗ്  കോളേജില്‍ മൂന്നാം സെമസ്റ്റര്‍. 18  വയസ്സ്  തികയാന്‍ മാസങ്ങള്‍ മാത്രം. കൊല്ലം നഗരവുമായി പരിചയമായി വരുന്നതേ ഉള്ളൂ . ആഴ്ചയിലൊരിക്കല്‍ ഹോസ്റ്റലിലെ വിഴുപ്പു ഭാണ്ഡവും എടുത്തു വീട്ടിലിലേക്കൊരു യാത്ര നിര്‍ബന്ധം. 

അങ്ങനെ ഒരു ദിവസം. ഉച്ചക്ക് ശേഷം  ക്ലാസ്സില്ല. കരിക്കോടില്‍ നിന്ന് ചിന്നക്കട എത്തി. ഇനി  അവിടന്നു വേണം. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍. അവിടെ നിന്ന് തിരുവനന്തപുരംഫാസ്‌റ്റോ സൂപ്പര്‍ ഫാസ്‌റ്റോ കിട്ടിയാല്‍, വേഗം വീട് എത്താം.

ചിന്നക്കട ജംഗ്ഷനില്‍, റോഡ് ക്രോസ്  ചെയ്യുന്നത് അന്നും ഇന്നും അഭ്യാസം ആണ്. അങ്ങനെ ഞാന്‍ റോഡ് ക്രോസ്  ചെയ്തു, നടുവിലായി  അല്‍പനേരം നില്‍ക്കേണ്ടി വന്നു . സിഗ്‌നല്‍ ലൈറ്റ് മാറിയതാണെന്നു തോന്നുന്നു .

പെട്ടെന്ന് ഒരു ഓട്ടോ സ്പീഡില്‍ വന്നു. എന്റെ  അടുത്ത് സ്ലോ ചെയ്തു നിര്‍ത്തി. എന്താ സംഭവം, ആരാ അതിനകത്തു , എന്നൊക്കെ കാണുന്നതിന് മുമ്പ് തന്നെ , അകത്തെ പാസഞ്ചര്‍  സീറ്റില്‍  ഇരുന്ന ആള്‍, എന്നെ കൈയ്യില്‍ പിടിച്ചു വലിച്ചു, അകത്തു കേറാന്‍ പറഞ്ഞു. 

എന്റെ മറ്റേ കൈയ്യില്‍ ബാഗ് ആണ്. ഞാന്‍ അയാളെ നോക്കിയപ്പോള്‍, ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മധ്യവയസ്‌കന്‍ .

സര്‍വശക്തിയും ഉപയോഗിച്ച്  കൈ വിടുവിച്ചു, ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി .

പെട്ടെന്ന് ഓട്ടോ ഡ്രൈവര്‍  വണ്ടി മുന്നോട്ടെടുത്തു. ഇത് വരെ ഒരു ഓട്ടോയും പോകുന്നത്  കണ്ടിട്ടില്ലാത്തത്ര സ്പീഡില്‍ കുതിച്ചു .

നോക്കൂ. സമയം രാത്രിയല്ല. നട്ടുച്ച. വിജനമായ സ്ഥലമല്ല. ചുറ്റും നിറയെ ആള്‍ക്കാര്‍.  

ഞാനും  'സംശയകരമായ  സാഹചര്യത്തില്‍' അല്ല. റോഡ് ക്രോസ് ചെയ്യുന്നത്  സംശയകരമായി പരിഗണിക്കില്ലെങ്കില്‍. 

ഇത്രയേ ഉള്ളൂ. കേരളത്തിലെ സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയാത്തത് രാത്രികളില്‍ മാത്രമല്ല. പകലും അവര്‍ക്ക് ഹാനികരം. വിജനമായ ഇടങ്ങള്‍ മാത്രമല്ല, ആള്‍ത്തിരക്കുള്ള നഗരമധ്യം പോലും അപകടകരം. തീര്‍ന്നില്ല, ഒരനുഭവം കൂടിയുണ്ട് പറയാന്‍. 

അതും പഠനകാലത്താണ്. നാലാം സെമസ്റ്ററിലെ രണ്ടു മാത്‌സ് പേപ്പര്‍  ഇംപ്രൂവ് ചെയ്യുന്നതിനിടെ. ഇംപ്രൂവ്മെന്റ്  പരീക്ഷ  കഴിഞ്ഞു  ഞാന്‍ കൊല്ലം  കെ എസ് ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസ് കത്ത് നില്‍ക്കുന്നു. സമയം നട്ടുച്ച. ഏറെ കാത്തിട്ടും ഒരൊറ്റ തിരുവനന്തപുരം ഫാസ്റ്റും കാണുന്നില്ല .

ലോക്കലില്‍ കയറിയാല്‍ വീട്ടിലെത്താന്‍ യുഗങ്ങള്‍ എടുക്കും എന്നറിയാവുന്നത്  കൊണ്ട് ഞാന്‍ അവിടെ ഇരുന്നു . 

ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ഒരു സ്ത്രീ ഉണ്ടായിരുന്നത് എന്റെ കണ്ണില്‍ പെട്ടില്ല എന്തോ എനിക്ക് സംശയം തോന്നി ഞാന്‍ 'മീര' എന്ന് പറഞ്ഞു . സ്ഥലം ചോദിച്ചു . പിന്നെയും കള്ളം പറഞ്ഞു 'നെയ്യാറ്റിന്‍കര'.

അപ്പോള്‍ അവര്‍ പറയുകയാ 'മോള്  ഇവിടെ തന്നെ ഇരിക്കണേ. ഞാന്‍ ഇപ്പോ വരാം. നമുക്ക് ഒന്നിച്ചു പോകാം. എന്റെ നാട്ടിലുള്ള ചിലര്‍ ഇവിടെയുണ്ട് . അവര്‍ എന്നെ പറ്റി പലതും വന്ന്  പറയും. മോള്  പോവരുത്. എന്റെ കൂടെ മാത്രമേ വരാവൂ. ഞാന്‍ ടോയ്ലെറ്റില്‍  പോയിട്ട്, ഇപ്പോള്‍ വരാം. പോവല്ലേ .'-
ഇങ്ങനെ ഒക്കെ പറഞ്ഞു .

എനിക്ക് ആകെ മൊത്തം വശക്കേട്  തോന്നി . 

അവര്‍ പോയി കഴിഞ്ഞപ്പോള്‍  അത് വരെ അവിടെയും ഇവിടെയും  കറങ്ങി  നിന്നിരുന്ന  ചില ആണുങ്ങള്‍ എന്റെ അടുത്ത്  വന്നിട്ട് പറഞ്ഞു  'കുട്ടീ, ആ സ്ത്രീ ഒരു ചീത്ത സ്ത്രീ ആണ്. വേഗം ഏതെങ്കിലും ബസില്‍ കേറി വീട്ടില്‍ പൊക്കോ '.  

അടുത്തയാള്‍,  'കുട്ടീ , അവള്‍ക്കു നിന്നെ കൊണ്ട് പോവാനാണ് ഉദ്ദേശം , വേഗം രക്ഷപ്പെട് , അവര്‍ തിരിച്ചു വരുന്നതിനു മുമ്പേ ഏതെങ്കിലും ബസില്‍  കേറി രക്ഷപ്പെട്'

ഇത്തവണ ഞാന്‍  ശരിക്കും വിറച്ചു. ദൈവമേ ഞാന്‍ എന്ത് ചെയ്യും. ശ്രദ്ധിക്കൂ: അസമയം അല്ല -നട്ടുച്ച. 

'സംശയകരമായ' അല്ല, ബസ് കാത്തു  നില്‍ക്കുന്ന, നിറയെ ആളുകള്‍ ഉള്ള KSRTC  സ്റ്റാന്‍ഡ്.

ഞാന്‍ വല്ലാതെ ഭയന്നു. ഓടി ചെന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളുടെ ബോര്‍ഡ് എല്ലാം വായിച്ചു. ഒരു 'കല്ലമ്പലം' ലോക്കല്‍ മാത്രം ഉണ്ട്- തിരുവനന്തപുരം ഭാഗത്തേക്ക്. 

എനിക്കറിയാം അതില്‍ കയറി കല്ലമ്പലത്തു ഇറങ്ങി, പിന്നെ അടുത്ത ബസ് പിടിച്ചു  ആറ്റിങ്ങലില്‍. അവിടന്നും  ബസ് പിടിച്ചു വീട്ടില്‍ എത്തുമ്പോള്‍ വൈകിട്ടാവും.

ഞാന്‍ ഓടി അതില്‍  കയറി. പെട്ടെന്ന് തന്നെ ഡ്രൈവര്‍ വന്നു സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി നീങ്ങി തുടങ്ങി. ഞാന്‍ ഈശ്വരന് നന്ദി പറഞ്ഞു .

അമ്മ അന്നൊരു സര്‍ജറി കഴിഞ്ഞു  ആശുപത്രിയില്‍. അച്ഛനും ഇല്ല. എനിക്ക് ആരോടും ഇത് പറയാന്‍ വയ്യ . ഉള്ളില്‍ വെച്ച് എരിഞ്ഞു .

പിന്നെ അമ്മ തിരിച്ചു വന്നു, ആരോഗ്യം വീണ്ടെടുത്തപ്പോള്‍  ആണ് ഞാനിതു വീട്ടില്‍ പറഞ്ഞത്. അമ്മയുടെയും അച്ഛന്റെയും പുണ്യം കൊണ്ടാണ്  ഞാന്‍ രക്ഷപ്പെട്ടത് . 

ഇല്ലെങ്കില്‍ കേരളത്തില്‍ ഓരോ പെണ്‍കുട്ടിയും, നട്ടുച്ചക്കും, നിറയെ ആളുകളുള്ള സ്ഥലത്തും, ഒട്ടും സുരക്ഷിതയല്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും .

പി.എസ്: 'ക്വീന്‍' എന്ന  സിനിമയില്‍,  സലിംകുമാറിന്റെ 'ഏതാണ് പെണ്‍കുട്ടികള്‍ക്ക് അസമയം? ' - എന്ന ചോദ്യം ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ - 'എല്ലാ  സമയവും  കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക്  അസമയം  ആണ് ' എന്ന് എനിക്ക്  പറയേണ്ടി  വരും .

Follow Us:
Download App:
  • android
  • ios