Asianet News MalayalamAsianet News Malayalam

യാത്രയുടെ ജിന്നുകള്‍!

ഉടുപ്പ് മാറും പോലെ മാറാമോ ഈ കായകവചം! ഓരോ പെണ്ണും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ തീര്‍ച്ചയായും സ്വയം ചോദിച്ചിട്ടുണ്ടാകാവുന്ന ചോദ്യം.

travel column by Yasmin NK
Author
Thiruvananthapuram, First Published Jan 27, 2017, 12:05 PM IST

travel column by Yasmin NK

ജീനുകളില്‍ എവിടെയോ ഒരു നാടോടിയുടെ രക്തം കലര്‍ന്നിട്ടുണ്ട്. അതാരായിരുന്നെന്നൊ എങ്ങനെ വന്നെന്നോ അറിയില്ല. എന്നാലും തീര്‍ച്ചയാണത്. അല്ലെങ്കില്‍, ഞാനെന്തിനാണിങ്ങനെ, അലഞ്ഞു തിരിയുന്ന സ്വപ്‌നങ്ങളിലേക്ക് തന്നെ പറന്നുവീണു കൊണ്ടേയിരിക്കുന്നത്?  പോകാന്‍, പോയിക്കൊണ്ടെയിരിക്കാന്‍ നിരന്തരം കൊതിക്കുന്നത്? കാടും മേടും കടന്ന്, അരുവികളും പുഴകളും മുറിച്ച് കടന്ന്, കാറ്റിനെയും മഴയേയും കണ്ട് മനുഷ്യരെ അറിഞ്ഞ് , കിട്ടുന്നത് പുഴുങ്ങി തിന്ന്, ചെല്ലുന്നിടത്ത് വീണു കിടന്നുറങ്ങി, ഒന്നുമേ  ഓര്‍ക്കാതെ, ഭൂതവും ഭാവിയും അലട്ടാതെ, ഇന്നിനെ പറ്റി മാത്രം ഓര്‍ത്ത് കൊണ്ട് അങ്ങനെ നടന്ന് പോകുന്നത്? 

രക്തത്തില്‍ ഈവിധം ഉന്മാദത്തിന്റെയും അലച്ചിലിന്റെയും നിറങ്ങള്‍ തട്ടിത്തൂവിയത് എങ്ങിനെയെന്ന് ഒരു പിടിയുമില്ല. പെണ്ണുടലിന്റെ അപകടങ്ങളില്‍ നിന്നും കുതറി മാറി, മനസ്സ് പായുന്ന വഴികളിലൂടെ അന്തം വിട്ട് നടക്കാന്‍ മാത്രമുള്ള ഈ ഭ്രാന്ത് എവിടെനിന്ന് വന്നതാണ്? 

രണ്ടു പേരുണ്ട് ഉള്ളിലെന്ന് ഇടയ്‌ക്കൊക്കെ തോന്നാറുണ്ട്. ഒരാള്‍, സാധാരണ ജീവിതത്തിന്റെ സുരക്ഷിതത്വങ്ങള്‍ കൊതിക്കുന്നു. മറ്റേയാള്‍ നില്‍പ്പുറക്കാത്ത യാത്രകളുടെ ഉന്‍മാദം കിനാകാണുന്നു. വിദൂരങ്ങളുടെ വിളികള്‍ സദാ പിടിച്ചെടുക്കുന്ന മനസ്സിനെ അകത്തൊളിപ്പിച്ച് സാധാരണപോലെ നടക്കുക ഒട്ടുമെളുപ്പമല്ല. ഉള്ളിലുള്ള ആ മറ്റേയാളില്‍നിന്നുള്ള കുതറിമാറല്‍ അതികഠിനം. മനസ് രണ്ടായി പകുത്ത് പോകുന്നത്ര സങ്കീര്‍ണ്ണം. 

ഒരു യാത്രയുടെ  താളമേളം കൊണ്ട് മാത്രമേ   മനസ്സിനെ ശാന്തമാക്കാനാകൂ എന്നറിഞ്ഞിട്ടും അറിയാത്തവണ്ണം പെരുമാറേണ്ടി വരും പലപ്പോഴും. ഒരു പെണ്ണെന്ന നിലയില്‍ യാത്രകള്‍ക്ക് പരിമിതികള്‍ ഏറെയാണ്. പല കാര്യങ്ങളും ഒത്തു വരേണ്ടതുണ്ട് . വീട്, കുടുംബം, കുട്ടികള്‍, ജോലി, ഇവയ്‌ക്കെല്ലാം അപ്പുറത്ത്  പെണ്ണിന്റെ ഈ കുപ്പായം.

പണ്ടേക്കുപണ്ടേ വായിക്കാനിഷ്ടമാണ് വിക്രമാദിത്യന്‍ കഥകള്‍. വിക്രമാദിത്യന്റെ കൂട് വിട്ട് കൂട് മാറ്റം എന്ന വിദ്യയാണ് അതില്‍ ഏറ്റവും ഭ്രമിപ്പിക്കുന്നത്. എന്തെളുപ്പമായേനെ, പെണ്ണിന്റെ ഈ കുപ്പായം ഊരി വെച്ച് ആണ്‍ ശരീരത്തില്‍ കയറി നാടായ നാടെല്ലാം ചുറ്റി, തിരിച്ച് പെണ്ണിന്റെ കുപ്പായത്തില്‍...!

ഉടുപ്പ് മാറും പോലെ മാറാമോ ഈ കായകവചം! ഓരോ പെണ്ണും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ തീര്‍ച്ചയായും  സ്വയം ചോദിച്ചിട്ടുണ്ടാകാവുന്ന ചോദ്യം.

travel column by Yasmin NK

പെണ്ണുടലിന്റെ അപകടങ്ങളില്‍ നിന്നും കുതറി മാറി, മനസ്സ് പായുന്ന വഴികളിലൂടെ അന്തം വിട്ട് നടക്കാന്‍ മാത്രമുള്ള ഈ ഭ്രാന്ത് എവിടെനിന്ന് വന്നതാണ്? 

സാന്തിയാഗോയും ജിന്നും
തുടക്കം ആ ജിന്നില്‍ നിന്നാവണം. കുട്ടിക്കാലത്ത് വല്യുമ്മ പറഞ്ഞുതന്ന കഥയില്‍നിന്ന് ഉള്ളിലേക്ക് കയറിപ്പോയൊരു ജിന്ന്. കാണാന്‍ മൊഞ്ചുള്ള വാല്യക്കാരി കുട്ട്യോള് മോന്തി നേരത്ത് ഇങ്ങനെ തൂങ്ങിപ്പിടിച്ചിരുന്നാല്‍, ജിന്ന് കൂടും എന്നായിരുന്നു വല്ല്യുമ്മയുടെ പക്ഷം. അത് സംഭവിച്ചു. എന്നാല്‍, ആ ജിന്ന് ചെന്ന് നങ്കൂരമിട്ടത് സ്വപ്‌നങ്ങളിലായിരുന്നു. കുടിയിറങ്ങി പോവാതെ സ്വപ്‌നങ്ങളുടെ വിത്തുകള്‍ വിതച്ച് അതിന്നും ഉള്ളിലുണ്ടാവണം.  

പിന്നെയാണ്, പൗലോ കൊയ്‌ലോ വന്നത്. സ്വപ്‌നങ്ങളുടെ പ്രവാചകന്‍. ആല്‍കെമിസ്റ്റില്‍, സാന്തിയാഗോ കണ്ട സ്വപ്നങ്ങള്‍ വായിച്ച് പോകെ, അയാള്‍ക്ക് പിന്നാലെ നടക്കാതെ വഴിയില്ലായിരുന്നു. ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും പിന്നാലെയുള്ള അലച്ചില്‍ ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല. മനുഷ്യരുടെ സ്വപനങ്ങള്‍ക്ക് നൈരന്തര്യ സ്വഭാവമുണ്ടെന്ന് കണ്ട് പിടിച്ചത് ആ അലച്ചിലുകള്‍ക്കിടയില്‍ എവിടെയൊ വെച്ചായിരുന്നു. 

ഏതൊരു കാര്യം നിങ്ങള്‍ അതി തീവ്രമായി ആഗ്രഹിക്കുന്നുവോ, ആ സ്വപ്‌ന സാഫല്യത്തിനായി ലോകം മുഴുവന്‍ ഗൂഢാലോചന ചെയ്യുമെന്ന് പൗലോ കൊയ്‌ലോ പറഞ്ഞ് വെച്ചപ്പോഴും വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

കേള്‍ക്കുന്നതും കാണുന്നതും മുഴുവന്‍ വിശ്വസിക്കരുതെന്ന പാഠം, ബോധത്തിനും അബോധത്തിനും ഇടയിലെ അതിര്‍ വരമ്പ്, സ്വപനത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ ആ കാണാച്ചരട്, തിരിഞ്ഞ് നിന്ന് നോക്കുമ്പോള്‍ അപ്രത്യക്ഷമാകുന്ന മായികത. ജീവിതം എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അന്തം വിട്ട് നില്‍ക്കേണ്ടി വരുന്ന ഒരുവളുടെ കുഴമറച്ചിലുകള്‍. 

travel column by Yasmin NK

കാണാന്‍ മൊഞ്ചുള്ള വാല്യക്കാരി കുട്ട്യോള് മോന്തി നേരത്ത് ഇങ്ങനെ തൂങ്ങിപ്പിടിച്ചിരുന്നാല്‍, ജിന്ന് കൂടും എന്നായിരുന്നു വല്ല്യുമ്മയുടെ പക്ഷം. അത് സംഭവിച്ചു.

ദേ, ദേജാവൂ!
ദേശങ്ങള്‍ക്കപ്പുറം, ഏതോ ഒരു മലമ്പാതയിലെ ഇടുങ്ങിയ തെരുവില്‍ പൊടുന്നനെ ആ ലാട വൈദ്യന്‍ പ്രത്യക്ഷപ്പെടുന്നു. പ്രാചീന ഗോത്ര ഭാഷയില്‍ അയാള്‍ വിളിച്ച് പറയുന്ന വാചകങ്ങള്‍ കേട്ടതും ഞെട്ടി. അത്രയ്ക്ക് സുപരിചിതമാണ് ആ വാക്കുകള്‍. എവിടെവെച്ച്, എങ്ങനെ, എപ്പോഴാണത് കേട്ടതെന്ന് തെരുവില്‍ അന്തംവിട്ടു നിന്നുപോയി. 

സൈക്കിള്‍ റിക്ഷയില്‍ ഏതോ വിദൂര നഗരത്തിലൂടെ സഞ്ചരിക്കുകയാണ്. മുഖത്തേക്ക് വലിച്ചിട്ട സാരിക്കിടയിലൂടെ കാണുന്നു, ഒരു പെണ്‍കുട്ടിയുടെ കത്തുന്ന മുഖം.  അവളുടെ കഴുത്തില്‍ എഴുന്ന് നില്‍ക്കുന്ന നീല ഞരമ്പില്‍ മുഖം മുട്ടിക്കുന്ന ചെറുപ്പക്കാരന്‍. ചിരപരിചിതരെപ്പോലെ തോന്നി. എവിടെ, ആരായിരുന്നു അതെന്ന് ആലോചിക്കുന്നതിനിടെ സൈക്കിള്‍ റിക്ഷ തെരുവിന്റെ മൂല കടന്ന് തിരിഞ്ഞ് പോയി.

ഉഷ്ണം കനത്ത് തീയാളുന്ന ഒരു തീവണ്ടി മുറിയില്‍ വെച്ച് , മുന്നിലേക്ക് നീട്ടിപിടിച്ച കൈപ്പടത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞ് പോകുന്ന കൈരേഖകളെ നോക്കി, മടിക്കുത്തില്‍ നിന്നും അല്പം മുമ്പ് ഞാന്‍ കൊടുത്ത അഞ്ച് രൂപ മടക്കുപോലും നിവര്‍ത്താതെ കൈയിലേക്കിട്ട് തന്ന് ഒന്നും പറയാതെ എണീറ്റ് പോയ കൈനോട്ടക്കാരി. പകച്ച അതേ മുഖത്തോടെ തിരൂരിനും പരപ്പനങ്ങാടിക്കുമിടയിലെ ഏതോ സ്റ്റേഷനില്‍ അവരിറങ്ങിപ്പോയി. വെറുമൊരു നേരമ്പോക്കിനു വേണ്ടി കുറത്തിക്ക് മുമ്പില്‍ നീട്ടിയ കൈ, മനസ്സിലേല്‍പ്പിച്ച ആഘാതം കാലം മായ്ച്ച് കളഞ്ഞിരുന്നു. വളരെ കാലങ്ങള്‍ക്കിപ്പുറം ഒരു നോവല്‍ വായനക്കിടയില്‍ അതേ സംഭവം അതേ രീതിയില്‍ ആവര്‍ത്തിച്ച് കണ്ടപ്പോള്‍ തോന്നിയ അമ്പരപ്പ്, സ്വപങ്ങള്‍ക്കുള്ളിലെ സ്വപനങ്ങളാണോ ജീവിതത്തിലും ആവര്‍ത്തിക്കപ്പെടുന്നത്.

മുമ്പ് കഴിഞ്ഞ് പോയതാണോ, ഇപ്പോ നടക്കുന്നതാണൊ, അതോ സ്വപ്നമായിരുന്നോ എന്നൊന്നും വേര്‍തിരിച്ചറിയാനാകാത്തവണ്ണം ഒരു കുഴമറിച്ചില്‍. ദേജാവു..! 

നുള്ളി നുള്ളി കൈ തണ്ട മുഴുവന്‍ കറുത്ത പാടുകള്‍. 

ചില വഴികളും ചില ഇടങ്ങളും അങ്ങനെ ആലോചിച്ചാലോചിച്ച് ഊട്ടിയുറപ്പിച്ചിട്ടുണ്ട്. വഴികളും ആളുകളും ഒക്കെ നല്ല നിശ്ചയം. അവയൊക്കെയും ഇനി അങ്ങനെത്തന്നെ ആയേ പറ്റൂ. അതാണ് അതിന്റെ മായികതയും. 

travel column by Yasmin NK

സഞ്ചിയിലെ പഴങ്ങള്‍ തിന്ന്, ആവി പറക്കുന്ന ചായ ഊതിക്കുടിച്ച് തണുപ്പിനെ അകറ്റി, പഞ്ചതരണി കടന്ന് ഗുഹാ ദര്‍ശനം. ശംഭോ മഹാദേവ!

ഓയിലിന്റെയും ഗ്രീസിന്റെയും മണം!
ഒരു പാണ്ടി ലോറിയുണ്ടായിരുന്നു സ്വപ്നങ്ങളില്‍ നിറയെ. പോകെ പോകെ പാണ്ടി ലോറി സ്‌റ്റൈല്‍ പോരാന്ന് തോന്നിയപ്പോഴാണു അലുക്കും മുത്തും പിടിപ്പിച്ച് അലങ്കരിച്ച പഞ്ചാബി ലോറിയുടെ അടിമ ആയിപ്പോയത്. ജാക്കി വെച്ച് ടയര്‍ ഊരി മാറ്റുന്നതിനിടെ മുഖത്ത് പറ്റിയ ഓയിലിന്റെയും ഗ്രീസിന്റെയും വരെ മണം വരും ഉറക്കത്തിനിടയില്‍!

ഉറക്കത്തിന്റെയും ഉണര്‍വ്വിന്റെയും ഇടയില്‍ ഓടിക്കൊണ്ടേയിരിക്കുന്ന ഒരു ട്രക്ക്. ഇതെന്റെ ബന്ധുവിന്റെയാണ്. മൂപ്പര്‍ക്ക് ഇന്ത്യയിലുടനീളം ചരക്ക് കയറ്റിയിറക്കുന്ന ഏര്‍പ്പാടാണ്. അദ്ദേഹത്തിനൊപ്പം ഒരു സഹായിയായി  കറങ്ങിത്തിരിഞ്ഞ വഴികളെത്ര. കോഴിക്കോട് നിന്നും ചരക്കുമായി മംഗലാപുരം, നാസിക്  കല്യാണ്‍ വഴി ഡെല്‍ഹി രാജസ്ഥാന്‍, ഹരിയാന പഞ്ചാബ് വഴി മണാലിയിലേക്ക്.  ജീവിതത്തിന്റെ തീക്ഷ്ണതയറിഞ്ഞ് അതിജീവനത്തിന്റെയും വെട്ടിപിടിക്കലുകളുടെയും ലോകം കണ്ട് അതിശയിച്ച്, റോഡരികിലുറങ്ങി കിട്ടുന്നത് വെച്ചുണ്ടാക്കി തിന്ന്, ഗ്രാമീണ ജീവിതങ്ങളുടെ ഇല്ലായ്മകളിലും സന്തോഷങ്ങളിലും ഭാഗഭാക്കായി സങ്കടപ്പെട്ടും ആഹ്ലാദിച്ചും ഒരു യാത്ര. 

മണാലിയില്‍ നിന്നും ആര്‍മിക്കാരുടെ പെര്‍മിഷന്‍ കിട്ടാനുള്ളത് കൊണ്ട് ഇഷ്ടം പോലെ സമയം ഉണ്ട്. അത് മുതലാക്കി കസയിലേക്കുള്ള ഏതേലും വാഹനത്തില്‍ കയറിപ്പറ്റാനുള്ള ഉന്തും തള്ളും. മഞ്ഞ് പെയ്യുന്ന കസയിലെ രാവുകള്‍. നാക്കൊയിലേക്കും ചന്ദ്രതാലിലേക്കുമുള്ള കാല്‍നട യാത്രകള്‍. ആവി പറക്കുന്ന ആട്ടിന്‍ കറിയും ചോറും മതി വരുവോളം തിന്ന് മലമുകളില്‍ ചന്ദ്രനുദിക്കുന്നതും നോക്കിയിരിക്കുമ്പോള്‍ കേള്‍ക്കുന്ന പാട്ടിന്റെ ഈണത്തില്‍ നീ. എനിക്കപ്പോ നിന്നെ കാണണമെന്ന് തോന്നും. 

അന്നേരമാണു കുന്നിറങ്ങണമെന്ന് തീരുമാനമാകുക. മണാലിയില്‍ നിന്നും ആര്‍മിക്കാര്‍ക്കുള്ള സാധനങ്ങളുമായി ലെ ലഡാക്ക് വഴി കാര്‍ഗില്‍ ദ്രാസ് പിന്നിട്ട് കശ്മീരിലേക്കുള്ള ഓട്ടം. സോജില പാസ്സ് പിന്നിട്ട് വരുമ്പോഴാവും ബല്‍താലില്‍ അമര്‍നാഥ് യാത്രക്കുള്ള ഒരുക്കങ്ങള്‍. കൊതിപ്പിച്ച് വച്ചിട്ട് ഒരു ചങ്ങായി ഇരുന്ന് ചിരിക്കുന്നുണ്ടല്ലൊ മേഘങ്ങള്‍ക്കിടയില്‍-രാജന്‍ കാക്കനാടന്‍!

മരിച്ച് പോയവര്‍ക്കെന്താ, ഇത് വല്ലതും അറിയണോ? വല്ലവരുടെം കൈയ്യും കാലും പിടിച്ച് ഒരു ടെന്റിനുള്ളിലെ ഇത്തിരി സ്ഥലം ഒപ്പിക്കാന്‍ നമ്മള്‍ പെടുന്ന പാട്. പക്ഷെ ആ കഷ്ടപ്പാടെല്ലാം മുകളിലേക്കുള്ള വഴിയിലൂടെ അന്തം വിട്ട് നടക്കുമ്പോള്‍ അലിഞ്ഞില്ലാണ്ടാകുന്ന അല്‍ഭുതം. സഞ്ചിയിലെ പഴങ്ങള്‍ തിന്ന്, ആവി പറക്കുന്ന ചായ ഊതിക്കുടിച്ച് തണുപ്പിനെ അകറ്റി, പഞ്ചതരണി കടന്ന് ഗുഹാ ദര്‍ശനം. ശംഭോ മഹാദേവ!

തിരിച് ബല്‍താലില്‍; കാത്തിരുന്നു മുഷിഞ്ഞവരെ മലകയറ്റത്തിനിടയിലെ ചെറുതും വലുതുമായ അല്‍ഭുതങ്ങള്‍ പറഞ്ഞ് രസിപ്പിച്ച് മുഷിച്ചിലകറ്റി ജമ്മു വഴി ഡെല്‍ഹിക്ക്.  ഡെല്‍ഹിയില്‍ നിന്നും മംഗലാപുരത്തേക്കുള്ള ചരക്ക് കയറ്റുന്നതിടെയുള്ള ഗ്യാപ്പില്‍ ദരിയാഗഞ്ചിലേക്കുള്ള മുങ്ങല്‍. പഴയ പുസ്തകക്കടയില്‍ കയറിയിറങ്ങി മറിച്ച് നോക്കി പുസ്തകങ്ങള്‍ വാങ്ങി ജുമാ മസ്ജിദ് കയറി വരുമ്പോഴേക്കും വണ്ടി റെഡി. 

മംഗലാപുരത്ത് നിന്നും തിരിച്ച് കോഴിക്കോട്ടേക്കുള്ള യാത്രയിലാകും ഉറച്ച പല തീരുമാനങ്ങളും എടുക്കുക. ഇനിയിങ്ങനെ കറങ്ങി നടന്നാല്‍ പോരാന്നും ജീവിതത്തെ കുറച്ചുകൂടെ സീരിയസായി കാണണമെന്നും ഒക്കെ. എല്ലാം മനസ്സിലുറപ്പിച്ച് തന്നെയാ കോഴിക്കോട്ടങ്ങാടിയില്‍ വണ്ടിയിറങ്ങുക. പറഞ്ഞിട്ടെന്താ അപ്പഴേക്കും മൂപ്പര്‍ക്ക് അടുത്ത ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടാകും. ബാംഗ്ലൂരുള്ള ഒരാള്‍ക്ക് കല്‍ക്കത്തയില്‍ നിന്നും കുറച്ച് ചരക്ക് ഇറക്കാനുണ്ടത്രെ. ഈ പടച്ചോന്റെ ഓരോ കളി!

ജീവിതമെന്ന വലിയൊരു യാത്രയില്‍ അടയാളപ്പെടുത്തി വെച്ച സ്ഥല നാമങ്ങള്‍. പോകാനാകുമോ എന്നൊന്നും ഉറപ്പില്ലാത്ത ദേശങ്ങള്‍. എന്നിരിക്കിലും ജീവിതത്തിനും മരണത്തിനും ഇടയില്‍ സ്വപ്നങ്ങള്‍  കൊണ്ടൊരു തായം കളി.

 

(കോഴിക്കോട് കേന്ദ്രമായി TraWell India Holidays എന്ന സ്ഥാപനം നടത്തുന്ന യാസ്മിന്‍ എന്‍.കെ. ഓണ്‍ലൈന്‍ എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയാണ്. പെണ്‍ യാത്രകള്‍ക്ക് മാത്രമായി Flying Butterflies എന്ന പാക്കേജ് നടത്തുന്നു) 

Follow Us:
Download App:
  • android
  • ios