magazine
By ഉഷ മേനോന്‍ | 03:45 PM July 12, 2018
ബലാല്‍സംഗം തടയാന്‍ ശിക്ഷകള്‍ക്ക് കഴിയുമോ?

Highlights

  • ഒരു നോട്ടവും ഒരു തുറിച്ചു നോട്ടവും തമ്മില്‍ ഒരു പുരുഷനും ഒരു ഭ്രാന്തനും തമ്മിലുള്ള അകലമുണ്ട്.
  • ഉഷ മേനോന്‍ എഴുതുന്നു

ഒരാളെ തൂക്കി കൊന്നത് കൊണ്ടൊന്നും ഇതിനു പരിഹാരമാകുന്നില്ല. മറിച്ചു ഇതിനു എന്താണ് പരിഹാരം എന്നൊന്ന് ചിന്തിക്കൂ. ഓരോ തവണയും നമ്മള്‍ ഇങ്ങിനെ മുറവിളി കൂട്ടുന്നു. എന്നിട്ടും വീണ്ടും ഇത് തന്നെ സംഭവിച്ചു  കൊണ്ടിരിക്കുന്നു. 

ലൈംഗിക വേഴ്ച എന്തുകൊണ്ട് ബലാത്കാരമാകുന്നു? ബലാത്കാരത്തിലൂടെ അതെങ്ങിനെ ആസ്വാദ്യമാകും? 

സ്ത്രീക്കൊരിക്കലും അത് ആസ്വാദ്യമാകുന്നില്ല. അവള്‍ അതിനു തയ്യാറാകണമെങ്കില്‍ ഒരുപാടു ഘടകങ്ങള്‍ അനുകൂലമായി വരേണ്ടതുണ്ട്. അവള്‍ക്കു പങ്കാളിയോട് പ്രണയം തോന്നണം. താല്‍പര്യം ഉണ്ടാകണം. സ്വകാര്യതയും വിശ്വാസ്യതയും മുഴച്ചുനില്‍ക്കണം.

അതൊരു വളരെ സങ്കീര്‍ണ്ണവും സ്വാഭാവികതയോട് കൂടി സംഭവിക്കുന്നതുമായ പ്രക്രിയയാണ്. നിമിഷങ്ങള്‍ കൊണ്ടു വേണമെങ്കില്‍ അതു സംഭവിക്കാം. പക്ഷേ അതൊരു ചെറിയ ശതമാനം മാത്രം വരുന്ന യാഥാര്‍ത്ഥ്യമാണ്. 99% ഇഷ്ടപ്പെടലുകളും അനുരാഗങ്ങളും സംഭവിക്കുന്നത് അതിനനിവാര്യമായ സമയമെടുത്തു കൊണ്ടു തന്നെയാണ്.

അതല്ലാതെ ഓടുന്ന വണ്ടിയും മനുഷ്യര്‍ യഥേഷ്ടം സഞ്ചരിക്കുന്ന നിരത്തുകളൊന്നും അവളെ അതിനുപ്രാപ്തയാക്കുന്നില്ല.അങ്ങിനെയാരെങ്കിലും ചിന്തിച്ചു പോകുന്നുണ്ടെങ്കില്‍ അതൊരു മനോവൈകൃതമാണ്. 

ഒരു നോട്ടവും ഒരു തുറിച്ചു നോട്ടവും തമ്മില്‍ ഒരു പുരുഷനും ഒരു ഭ്രാന്തനും തമ്മിലുള്ള അകലമുണ്ട്. അത്തരം ഭ്രാന്തുകളെ, മനോ വൈകൃതങ്ങളെ സാമൂഹികമായും ധാര്‍മ്മിക വിദ്യാഭ്യാസം വഴിയും ചികിത്സിക്കുകയാണ് വേണ്ടത്. തെരുവില്‍ പേപ്പട്ടിയുണ്ട്, വീട്ടിലിരുന്നു കൊള്ളണം എന്നല്ല പഠിപ്പിക്കേണ്ടത്. മറിച്ചു പേപ്പട്ടികളെ തുരത്തുകയാണ് വേണ്ടത്.

ലൈംഗിക വിദ്യാഭ്യാസം എന്ന വാക്കിനോടുള്ള അപകര്‍ഷതാബോധം ഒഴിവാക്കി, ഇമോഷണല്‍ & റൊമാന്റിക് എജുക്കേഷന്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് അത്യാവശ്യമായിരിക്കുന്നു. വളര്‍ച്ചയുടെ ഘട്ടത്തിലും കലാലയത്തിലും ആ അവബോധം ആണ്‍കുട്ടികള്‍ക്ക് തുടര്‍ച്ചയായി നല്‍കിക്കൊണ്ടേയിരിക്കണം.

ഒരു പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയുള്ള മാനസികമോ, ശാരീരികമോ ആയ ഏതൊരു ശ്രമവും ബലാത്കാരമാണെന്ന് ബോധമനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ ഓരോ ആണ്‍കുട്ടിയിലും രൂപപ്പെട്ടു വരണം.അതുപോലെ എത്തിക്കല്‍ & പേഴ്‌സനാലിറ്റി എജുക്കേഷന്‍ പെണ്‍കുട്ടികള്‍ക്കും നല്‍കേണ്ടിയിരിക്കുന്നു. ഒരാണ്‍കുട്ടി കൈവെച്ചാല്‍ തകരുന്നതല്ല, 'ഇരയെന്ന' അവളുടെ വ്യക്തിത്വമെന്ന് സമൂഹ മനസ്സാക്ഷി അന്ഗീകരി ക്കേണ്ടിയിരിക്കുന്നു.

ഒരു നോട്ടവും ഒരു തുറിച്ചു നോട്ടവും തമ്മില്‍ ഒരു പുരുഷനും ഒരു ഭ്രാന്തനും തമ്മിലുള്ള അകലമുണ്ട്.

രണ്ടുപേര്‍ കൂടി ചേര്‍ന്ന് മനസ്സും ശരീരവും പങ്കു വെക്കുന്ന സുഖം അറിയാഞ്ഞിട്ടാണോ അവര്‍ ഇതിനു മുതിരുന്നത്? അതല്ല എന്തെങ്കിലും മനോ വൈകൃതമാണെങ്കില്‍ അത് ചികിത്സിച്ചു മാറ്റിയേ മതിയാകൂ .

ഇതുപോലുള്ളവര്‍ ഏതു നിമിഷവും എവിടെയും പ്രത്യക്ഷപ്പെടാം എന്നാണോ ഞങ്ങള്‍ പെണ്‍മക്കളോട് പറഞ്ഞു കൊടുക്കേണ്ടത്. നിയമം പോലുമവരെയാണ് സംരക്ഷിക്കുന്നത് എന്നോ? അതോ ബലാത്കാരം നടത്തുമ്പോള്‍ ആര്‍ക്കും മാച്ചുകളയാനാകാത്ത തെളിവുകള്‍ നിങ്ങള്‍ സൃഷ്ടിച്ചേ മതിയാകൂ എന്നോ? 

ഒരാളെ തൂക്കി കൊന്നത് കൊണ്ടൊന്നും ഇതിനു പരിഹാരമാകുന്നില്ല. മറിച്ചു ഇതിനു എന്താണ് പരിഹാരം എന്നൊന്ന് ചിന്തിക്കൂ. ഓരോ തവണയും നമ്മള്‍ ഇങ്ങിനെ മുറവിളി കൂട്ടുന്നു. എന്നിട്ടും വീണ്ടും ഇത് തന്നെ സംഭവിച്ചു  കൊണ്ടിരിക്കുന്നു. 

ശാശ്വതായി ഇതിനൊരു പരിഹാരം എന്താണ്? നമ്മള്‍ കേവലം ഭോഗവസ്തുക്കളായി മാറിക്കൊണ്ടിരിക്കണോ? അവര്‍ എന്തുകൊണ്ടിതു ചെയ്യുന്നു? ആവിധത്തിലെ മാനസികാവസ്ഥ ഉള്ളവരെ  തെറ്റ് ചെയ്യുന്നതിന് മുന്‍പേ ഏകോപിപ്പിക്കാന്‍ എന്തെങ്കിലും ഒരു സംവിധാനം കൊണ്ട് വരാന്‍ കഴിയുമോ?

അവര്‍ക്കു കൗണ്‍സിലിങ് ചികിത്സ മാനസികമായ പിന്തുണ ഇതെല്ലാം നല്‍കി നല്ല പൗരന്മാരായി മാറ്റാന്‍ കഴിയുമോ? ഒരാളെ തൂക്കി കൊന്നാല്‍ തല വെട്ടിയാല്‍ അയാളെ ഇല്ലാതാകുന്നുള്ളൂ. ശിക്ഷ ഈ  തെറ്റ് ചെയ്യാതിരിക്കാന്‍ മറ്റുള്ളവര്‍ക്കൊരു  പ്രചോദനവും അല്ല. നമ്മള്‍ രോഷം തീര്‍ക്കുന്നു എന്ന് മാത്രം. 

ലോകത്തു നിന്ന് ബലാത്സംഗം ഇല്ലാതാകുന്നില്ല. അതിനെയാണ് നമ്മള്‍ തുടച്ചു നീക്കേണ്ടത്. അല്ലാതെ വ്യക്തികളെ അല്ല. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും വൈകൃതമാണ്. സാധാരണ ഒരു മനുഷ്യന് ഇത് സാധ്യമാണോ? ശിക്ഷയെ പറ്റിയുള്ള ഭയം ഈ ശരീര തൃഷ്ണക്ക് തടസ്സമാകുമോ?

അത് തെറ്റി ധാരണയും നമ്മുടെ രോഷം തീര്‍ക്കലും മാത്രമായി പരിണമിക്കുന്നില്ലേ ?

(In collaboration with FTGT Pen Revolution)

Show Full Article


Recommended


bottom right ad