Asianet News MalayalamAsianet News Malayalam

മാറ്റിവെക്കരുത് ആനന്ദങ്ങള്‍!

  • ആ നല്ല നേരങ്ങള്‍ അന്യമാക്കണോ?
  • ഉഷ മേനോന്‍ മേലേപറമ്പൂട്ടില്‍  എഴുതുന്നു
Usha Menon on  sexual life

ജീവിതത്തിലെ ഈ ഒരു കാര്യത്തിന്റെ ആസ്വാദ്യത അന്യമാക്കേണ്ടതില്ല. അതിനൊരു ടൈം ടേബിളും വേണ്ട. ഭാര്യയും ഭര്‍ത്താവും ആഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായി വന്നുചേരുന്ന ആനന്ദാതിരേകങ്ങളാകണം സെക്‌സ്​. രണ്ടുപേരും ചേര്‍ന്ന് മനസ്സുവെക്കണമെന്നു മാത്രം.

Usha Menon on  sexual life

മോളുറങ്ങിയില്ലേ ഇതുവരെയും. അല്ലെങ്കില്‍, മോനുറങ്ങിയില്ലേ ഇനിയും....

ഈ ചോദ്യങ്ങളെല്ലാം സാധാരണ കിടപ്പറയില്‍ കാത്തിരിക്കുന്ന കണവനില്‍ നിന്ന് മക്കളെ ഉറക്കുന്ന അമ്മമാര്‍ കേള്‍ക്കാറുള്ള പല്ലവികളാണ്.

കഴിഞ്ഞ ദിവസം ഇന്‍ബോക്‌സില്‍ വന്നൊരു സൗഹൃദം സംസാരത്തിനിടയില്‍ പറഞ്ഞു, സെക്‌സ് എന്നത് ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശനിയോ ഞായറോ മാത്രമായി അരങ്ങേറുന്ന ഒന്നാണെന്ന് .

സ്വാഭാവികമായും തോന്നുമ്പോള്‍ ഏര്‍പ്പെടേണ്ട സെക്‌സിനു എങ്ങിനെയാണ് ഇങ്ങനെയൊരു ടൈം ടേബിള്‍ അറേഞ്ച് ചെയ്യാനാകുന്നത് ?

രണ്ടുപേരും ജോലിക്കാരാകുമ്പോള്‍ വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളുമൊക്കെ കഴിഞ്ഞാല്‍ പിന്നൊന്നിനും സമയം കാണാറില്ലെന്നായിരുന്നു മറുപടി .

ശരിക്കും ജോലിക്കുപോകുന്നവരുടെ ആസ്വാദ്യകരമായ നല്ല മുഹൂര്‍ത്തങ്ങള്‍ ജോലി കവര്‍ന്നെടുക്കുന്നുണ്ടോ ?

ആസ്വാദ്യകരമായ നല്ല മുഹൂര്‍ത്തങ്ങള്‍ ജോലി കവര്‍ന്നെടുക്കുന്നുണ്ടോ ?

സ്ത്രീയെ ആണോ ഇത് കൂടുതല്‍ ബാധിക്കുന്നത്? കാരണം അവളല്ലേ പുരുഷനേക്കാള്‍ കൂടുതല്‍ ജോലി ചെയ്തു തളരുന്നത്. ഓഫിസ് ജോലിയിലും വീട്ടുജോലിയിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമ്പോള്‍ അവളുടെ ശരീരം അതിനു സജ്ജമാകാതെ വന്നേക്കാം .

നല്ലൊരു മൂഡ് നശിപ്പിച്ചു എന്നൊരു പഴി കേള്‍ക്കുന്ന സ്ത്രീകളും ഉണ്ട്.

ഓഫീസ്‌ജോലി കഴിഞ്ഞു വന്നാല്‍ കമ്പ്യൂട്ടറോ മൊബൈലോ ടിവിയോ ഒക്കെയായി കൂടുന്ന ഭര്‍ത്താക്കന്മാരുള്ള വീട്ടില്‍ അവളുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ .

കുട്ടികളുടെ പഠിപ്പും വീട്ടുകാര്യവും അത്യാവശ്യം സഹായവുമായി കൂടെ കൂടുന്ന ഭര്‍ത്താക്കന്മാരേയും കണ്ടിട്ടുണ്ട്. ജോലിഭാരങ്ങള്‍ പങ്കിടുന്നതോടെ ഈ സ്‌ട്രെസ്  ലഘൂകരിക്കാനാകും .

എന്റെ ക്ളാസ്‌മേറ്റ് പറയുമായിരുന്നു, ജോലിയെല്ലാം തീര്‍ത്തു അടുക്കള ക്‌ളീന്‍ ചെയ്തു കിടക്കാന്‍ ധൃതി ആയി വരുമ്പോഴേക്കും ഒരാള്‍ ഒരുറക്കം കഴിഞ്ഞു ഫ്രഷ് ആയി ഇരിക്കുന്നുണ്ടാവുമെന്ന്. 

പുരുഷനാണ് അവളെ അതിനു പ്രാപ്തയാക്കി എടുക്കേണ്ടത്.

സെക്‌സ് ആസ്വാദ്യകരമാക്കാനുള്ള അന്തരീക്ഷം വീട്ടില്‍ ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ശരീരഘടന വെച്ച് പുരുഷന് പെട്ടെന്നുതന്നെ സെക്‌സിലേക്കു എത്തിച്ചേരാനാകും. പക്ഷെ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതിനു പ്രാപ്തയാകണമെങ്കില്‍ കുറെയേറെ ഘടകങ്ങള്‍ അനുകൂലമായി വരേണ്ടതുണ്ട് .

മനസ്സുകൊണ്ടാണവള്‍ ആദ്യം ഒരുങ്ങേണ്ടത്. സമ്മര്‍ദ്ദങ്ങളും ഭാരങ്ങളും ഒന്നും അലട്ടാതെ സ്വതന്ത്രമായൊരു മൂഡിലേ അവള്‍ക്കതിനു തയ്യാറാവാനാകൂ. പുരുഷനാണ് അവളെ അതിനു പ്രാപ്തയാക്കി എടുക്കേണ്ടത്. പുരുഷനെ അതിനുള്ള മൂഡിലേക്കു എത്തിക്കുക എന്നത് അനുവര്‍ത്തിക്കേണ്ടത് സ്ത്രീയും.

പ്രണയസല്ലാപങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും തലോടലുകളും ആലിംഗനങ്ങളും ഒക്കെ നിറഞ്ഞു നില്‍ക്കേണ്ട ആ അന്തരീക്ഷത്തില്‍ അടുക്കളക്കാര്യങ്ങളോ ബന്ധുക്കളുടെ വിശേഷങ്ങളോ എന്തിനു കുട്ടികളുടെ വിശേഷങ്ങള്‍പോലും അനാവശ്യമാണ് .

കിടപ്പറയിലെ അന്തരീക്ഷം ഇഷ്ടമുള്ള സുഗന്ധങ്ങള്‍ ആകര്‍ഷകമായ നിറങ്ങള്‍ സംഗീതം ഒക്കെകൊണ്ട് മധുരിതമാക്കാം .

രണ്ടുപേര്‍ ഒന്നാകുന്ന നിമിഷങ്ങളില്‍ ആ രണ്ടുപേരും അവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും സുഖങ്ങളും അല്ലാതെ വേറൊന്നും കടന്നുവരേണ്ടതില്ല

എന്റെ ഭര്‍ത്താവിന്റെ ഒരു കൂട്ടുകാരന്‍ പറയുമായിരുന്നു: പകലുമുഴുവന്‍ മക്കളുടെകൂടെയിരുന്നു അവരെ പഠിപ്പിച്ചു അവര്‍ക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കികൊടുക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ രാത്രി കിടപ്പറയിലെത്തി അവളെ കാത്തിരിക്കുന്ന ഭര്‍ത്താവിനോട് പറയുമായിരുന്നത്രെ, നാളത്തെ പരീക്ഷക്ക് മോന്‍ എന്തെഴുതുമോ എന്തോ ? ഒക്കെ പഠിപ്പിച്ചിട്ടുണ്ട് . എന്നാലും വല്ലാത്ത ടെന്‍ഷന്‍ എന്ന് .

അതോടെ അയാളുടെ മൂഡ് മാറും. തിരിഞ്ഞു കിടക്കും

ആ രണ്ട് മക്കളും ഇന്ന് ഡോക്ടര്‍മാരാണ്. പക്ഷെ അതിനായി, അവരുടെ ജീവിതത്തില്‍ നിന്ന് ചോര്‍ന്നുപോയതു ഓര്‍മകളില്‍ എന്നും നിറഞ്ഞുനിന്നു മധുരിതമാകേണ്ടിയിരുന്ന കുറെ നല്ല മുഹൂര്‍ത്തങ്ങളാണ്. 

ചുരുക്കി പറഞ്ഞാല്‍ ജീവിതത്തിലെ ഈ ഒരു കാര്യത്തിന്റെ ആസ്വാദ്യത അന്യമാക്കേണ്ടതില്ല. അതിനൊരു ടൈം ടേബിളും വേണ്ട. ഭാര്യയും ഭര്‍ത്താവും ആഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായി വന്നുചേരുന്ന ആനന്ദാതിരേകങ്ങളാകണം സെക്‌സ്. രണ്ടുപേരും ചേര്‍ന്ന് മനസ്സുവെക്കണമെന്നു മാത്രം.

(In collaboration with FTGT Pen Revolution)

Follow Us:
Download App:
  • android
  • ios