Asianet News MalayalamAsianet News Malayalam

ഇന്‍റര്‍നാഷണല്‍ മോഡലല്ല... ഇത് ഒല്ലൂരിലെ ചന്ദ്രേട്ടന്‍!

ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് താടിവച്ച അഡാറ് ലുക്കുള്ള ഈ ഫ്രീക്കൻ മോഡലിനെക്കുറിച്ചാണ്. ചന്ദ്രേട്ടൻ മോഡലായ കഥ പറയുകയാണ് ഫോട്ടോ​ഗ്രാഫർ‌ സം​ഗീത് രാജ്. ഇതുപോലൊരു മേക്ക് ഓവർ പ്രതിക്ഷിച്ചതേയില്ലെന്ന് സം​ഗീത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.

viral photoshoot of chandrettan
Author
Thrissur, First Published Nov 26, 2018, 11:56 PM IST

മകന്റെ സുഹൃത്തുക്കൾ ഫോട്ടോഷൂട്ടിനായി വീട്ടിൽ വന്നപ്പോൾ അവർക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്ത് കൊടുത്ത് ഒരിടത്ത് മാറി നിന്നതായിരുന്നു ചന്ദ്രേട്ടൻ. കൂട്ടത്തിലൊരാളായ കിരണിന്‍റെ ശ്രദ്ധ വെറുതെയൊന്ന് ചന്ദ്രേട്ടനിലേക്കെത്തി.  ഫോട്ടോ​ഗ്രാഫറായ സം​ഗീത് രാജ് അത് ശരിവച്ചു. അത്രയേ ഉണ്ടായുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് താടിവച്ച അഡാറ് ലുക്കുള്ള ഈ ഫ്രീക്കൻ മോഡലിനെക്കുറിച്ചാണ്. ചന്ദ്രേട്ടൻ മോഡലായ കഥ പറയുകയാണ് ഫോട്ടോ​ഗ്രാഫർ‌ സം​ഗീത് രാജ്. ഇതുപോലൊരു മേക്ക് ഓവർ ചന്ദ്രേട്ടനില്‍ നിന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് സം​ഗീത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.

viral photoshoot of chandrettan

സം​ഗീത് മാത്രമല്ല, കൂടെയുള്ള മറ്റ് മൂന്നുപേരും സന്തോഷത്തിലാണ്. അല്യൂറിം​ഗ് പിക്സൽസ് എന്ന ഫോട്ടോ​ഗ്രഫി സ്ഥാപനത്തിന് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്താൻ ഈ സുഹൃത്തുക്കൾ തീരുമാനിക്കുന്നത്. എന്തോ പല കാരണങ്ങൾ കൊണ്ട് അത് നീണ്ടുപോയി. പിന്നീട് ഒരു തീയതി തീരുമാനിച്ച് ഒത്തുകൂടുകയായിരുന്നു. സുഹൃത്തായ രാ​ഗേഷിനെയാണ് ഇവർ മോഡലാക്കിയത്. ഷൂട്ട് ചെയ്യുന്നതിന് തെരഞ്ഞെടുത്ത സ്ഥലം സുഹൃത്തായ സുചീന്ദ്രന്റെ വീടും. സുചീന്ദ്രന്റെ അച്ഛൻ ചന്ദ്രൻ എല്ലാവർക്കും ചന്ദ്രേട്ടനാണ്. വർഷങ്ങളായി ഇദ്ദേഹം പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യന്നു.

viral photoshoot of chandrettan

''വീടിനകത്ത് സെറ്റിട്ടായിരുന്നു ഷൂട്ട്. ഞങ്ങൾക്ക് വേണ്ടതെല്ലാം എടുത്ത് തന്ന് ഞങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു ചന്ദ്രേട്ടൻ. വളരെ സാധാരണക്കാരനും ശാന്തനുമായ ഒരു വ്യക്തി. രാ​ഗേഷിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് കൂടെയുണ്ടായിരുന്ന കിരൺ പറയുന്നത്, ചന്ദ്രേട്ടന്റെ ലുക്കിൽ ഒരു ക്യാരക്റ്ററുണ്ട്, അദ്ദേഹത്തെ വച്ച് ഒരു ഫോട്ടോ ഷൂട്ട് എടുത്താലോ എന്ന്. ഷൂട്ടിന്റെ കൺസപ്റ്റ് ചെയ്യുന്നത് കിരണായിരുന്നു. സുചീന്ദ്രനോട് പറഞ്ഞപ്പോൾ അവന് പ്രശ്നമില്ല. ചന്ദ്രേട്ടനോട് പറഞ്ഞപ്പോൾ ഞങ്ങൾക്കൊപ്പം കൂടാം എന്ന മനോഭാവം ആയിരുന്നു ചന്ദ്രേട്ടനും.'' സം​ഗീത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദീകരിച്ചു.

viral photoshoot of chandrettan

''ഞങ്ങളുടെ കൺസപ്റ്റ് അദ്ദേഹത്തിന് മനസ്സിലാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ ചന്ദ്രേട്ടൻ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. കാവി മുണ്ടും ഷർട്ടും മാറ്റി കോസ്റ്റ്യൂം ഇട്ട് ഫോട്ടോയെടുത്തപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ പറഞ്ഞ അതേ ലുക്കിൽ, സ്റ്റൈലിൽ‌ ഒക്കെ നിന്നു തന്നു. ചെറുപ്പക്കാർ ഉപയോ​ഗിക്കുന്ന കോസ്റ്റ്യൂംസ് ആണത്. ആ പരിമിതിയെയും അത്ഭുതകരമായി തന്നെ അദ്ദേഹം മറികടന്നു.'' സം​ഗീതിന്റെ വാക്കുകളിൽ നിന്ന് അത്ഭുതവും സന്തോഷവും വിട്ടുമാറുന്നില്ല. ആറ് മാസം മുമ്പ് നടന്ന സംഭവങ്ങളാണിതൊക്കെ എന്നും സം​ഗീത് കൂട്ടിച്ചേർക്കുന്നു. 

viral photoshoot of chandrettan

ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ചന്ദ്രേട്ടൻ ഇത്തരത്തിൽ  ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇത്രയും കിടിലൻ ഫോട്ടോസ് തങ്ങളുടെ സുഹൃദ് വലയത്തിൽ മാത്രം ഒതുങ്ങിപ്പോകരുതെന്ന് ആ​ഗ്രഹമുണ്ടായിരുന്നു എന്ന് സം​ഗീത് രാജ് പറയുന്നു. അതുകൊണ്ടാണ് ഫേസ്ബുക്കിലെ ഒരു ഫോട്ടോ​ഗ്രാഫി പേജിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറിൽ തന്നെ സംഭവം തകർത്തു എന്ന് മനസ്സിലായി. പക്ഷേ ഇത്രയും ശ്രദ്ധ കിട്ടുമെന്നോ വൈറലാകുമെന്നോ കരുതിയില്ലെന്ന് സം​ഗീതിന്റെ വാക്കുകൾ. ശരിക്കുള്ള ചന്ദ്രേട്ടന്റെ ഫോട്ടോയും മോഡലായപ്പോഴുള്ള ഫോട്ടോയും ഒന്നിച്ചാണ് സം​ഗീത് പേജിൽ പോസ്റ്റ് ചെയ്തത്. 

എന്നാൽ ഇതൊന്നും ചന്ദ്രേട്ടനെ സംബന്ധിച്ച് വലിയൊരു കാര്യമേയല്ല. ഫോട്ടോയെക്കുറിച്ച് എല്ലാവരും നല്ലത് പറഞ്ഞു എന്നറിഞ്ഞപ്പോൾ 'ആണോ?' എന്ന ഒറ്റച്ചോദ്യം മാത്രേ ചോദിച്ചുള്ളൂ. എന്തായാലും സോഷ്യൽ മീഡിയയിൽ ചന്ദ്രേട്ടൻ തന്നെയാണ് താരം. ചിലപ്പോൾ ചന്ദ്രേട്ടൻ നാളെയൊരു മോഡലായെന്നും വരാം. 

Follow Us:
Download App:
  • android
  • ios