Asianet News MalayalamAsianet News Malayalam

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ...

'പുരാണങ്ങളും ഇതിഹാസങ്ങളും ഒരു കാലഘട്ടത്തിലെ ഒരാള്‍ എഴുതിയതല്ല മറിച്ചു പല തലമുറകള്‍ ആയി കൈമറിഞ്ഞു വരികയും കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതും ആണ്. ഇത് ചെയ്തവര്‍ അവര്‍ക്കു പരിചയമുള്ള സ്ഥലങ്ങളും കഥാപാത്രങ്ങളും ഇതില്‍ ഉപയോഗിച്ചു. അത് കൊണ്ട് തന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും ചില കഥാപാത്രങ്ങളും ശരിക്കും ഉണ്ടായിരുന്നവര്‍ ആണ്.

when a muslim reads vedas
Author
Thiruvananthapuram, First Published Mar 28, 2017, 6:14 AM IST

when a muslim reads vedas

'ബാപ്പ, ഈ മതിലുകളില്‍ എഴുതിയിരിക്കുന്നത് എന്താണ് ?' നിതിന്‍ ചോദിച്ചു.

ഞങ്ങള്‍ ന്യൂ ജേഴ്‌സിയില്‍ പ്രശസ്തമായ ബ്രിഡ്ജ് വാട്ടര്‍ വെങ്കിടേശ്വര അമ്പലത്തില്‍ ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന്, മലയാളികളെല്ലാം വീടുകളില്‍ നിന്ന് സദ്യ ഉണ്ടാക്കി കൊണ്ട് വന്നു അമ്പലത്തില്‍ ഒത്തു കൂടി കഴിക്കും. ഉച്ച കഴിഞ്ഞ് മലയാളം ക്ലാസ് കുട്ടികളും മറ്റുള്ളവരും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാവും. അതെല്ലാം കഴിഞ്ഞു അമ്പലത്തില്‍ കയറുന്നതു പതിവാണ്. അങ്ങിനെ ഒരു ദിവസം ആണ് നിതിന്‍ ഇത് ചോദിച്ചത്. പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഇടതു വശത്തു മതിലില്‍ ഭഗവത് ഗീതയിലെ സൂക്തങ്ങള്‍ എഴുതിയിരിക്കുന്നു.

'ഇതെല്ലാം ഹിന്ദു വിശുദ്ധഗ്രന്ഥമായ ഭഗവദ് ഗീതയില്‍ നിന്നുള്ള സൂക്തങ്ങള്‍ ആണ്' ഞാന്‍ ഒരു ഒഴുക്കന്‍ മറുപടി പറഞ്ഞു ഒതുക്കാന്‍ നോക്കി. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന, ഇതുവരെ ഒരു മതത്തിന്റെ കെട്ടുപാടുകളിലും പെടാത്ത കുട്ടിയാണ്. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാവില്ല എന്ന് കരുതി. പക്ഷെ തെറ്റി.

'അത് സഹോദരങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുന്ന കഥ പറയുന്ന പുസ്തകത്തില്‍ നിന്നുള്ളതല്ലേ?'

'അതെ, മഹാഭാരതം എന്ന പുരാണത്തിലെ ഒരു അധ്യായം ആണ് ഭഗവദ് ഗീത. പക്ഷെ സഹോദരങ്ങള്‍ തമ്മിലുള്ള യുദ്ധം മാത്രമുള്ള ഒരു കഥയായി ഇതിനെ കാണുന്നത് തെറ്റാണ്. ചില ഇന്ത്യന്‍ ഹിന്ദു തത്വശാസ്ത്രങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടി കഥയായി എഴുതിയതാണ്. കൂടുതല്‍ മനസ്സിലാകണമെങ്കില്‍ ചില ഇന്ത്യന്‍ തത്വശാസ്ത്ര ചരിത്രം അറിയണം. നിനക്ക് ചിലപ്പോ ബോറടിക്കും'

'കുഴപ്പം ഇല്ല, ഞാന്‍ കേള്‍ക്കാം. ബാപ്പ പറഞ്ഞോളൂ, ഇവിടെ എന്തായാലും വേറെ ഒന്നും ചെയ്യാനില്ല'

അയ്യായിരം വര്‍ഷത്തെ ഇന്ത്യന്‍ തത്വശാസ്ത്ര ചരിത്രം ഹിന്ദു മതത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു കൊടുക്കുക ദുഷ്‌കരമായ കാര്യം ആണ്. എന്നാലും ഒരു കൈ നോക്കാം എന്ന് ഞാന്‍ തീരുമാനിച്ചു.

'ആദ്യമായി അറിയേണ്ടത് വേദങ്ങളെ കുറിച്ചാണ്.

ശ്രുതി

'ആദ്യമായി അറിയേണ്ടത് വേദങ്ങളെ കുറിച്ചാണ്. ഇന്ത്യയില്‍ ഉണ്ടായിരുന്ന ജനത അവരുടെ അനുഭവങ്ങളെ ക്രോഡീകരിച്ചു തുടങ്ങിയത് വേദങ്ങളിലൂടെ ആണ്. ഇന്ത്യയില്‍ നമുക്ക് അറിവുള്ളതില്‍ ഏറ്റവും പഴക്കം ഉള്ള ഗ്രന്ഥങ്ങള്‍ ആണവ'

'പക്ഷെ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുത്തു ഉണ്ടായിരുന്നോ?'

'ഇല്ല. അത് കൊണ്ടാണ് അതിനെ ശ്രുതി എന്ന് വിളിച്ചത്. ശ്രുതി എന്നാല്‍ കേട്ടത് എന്നര്‍ത്ഥം. പുരാതന ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ എല്ലാം ശ്രുതി ആയി തുടങ്ങുകയും പിന്നീട് വൈദിക സംസ്‌കൃതത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെട്ടതാണ്'

'വേദങ്ങളില്‍ എന്താണ് ഉണ്ടായിരുന്നത്?'

'പ്രധാനമായും പ്രകൃതിയും ആയി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ ദൈവങ്ങള്‍ ആയി ആരാധിക്കുന്ന ചില ശ്ലോകങ്ങളും മറ്റും ആണ് തുടക്കത്തില്‍ വേദങ്ങളില്‍ ഉണ്ടായിരുന്നത്. ഉദാഹരണത്തിന് ആദ്യ വേദം എന്ന് കരുതപ്പെടുന്ന, ഇന്ന് പാകിസ്ഥാനില്‍ ഉള്ള മുള്‍ട്ടാനില്‍ വച്ച് എഴുതപ്പെട്ട ഋഗ് വേദത്തില്‍ മഴയുടെയും ഇടിമിന്നലിന്റെയും ദൈവമായ ഇന്ദ്രനെ അവതരിപ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്തി മഴയെ നിയന്ത്രിക്കാം എന്ന് ഒരു പക്ഷെ അന്നത്തെ ആളുകള്‍ കരുതിയിരിക്കണം. പുരാതന റോമക്കാര്‍ക്ക് ആയിരക്കണക്കിന് ദൈവങ്ങള്‍ ഉണ്ടായിരുന്നു. അത് പോലെ തന്നെ ഹിന്ദുക്കള്‍ക്ക് പ്രകൃതിയും ആയി ബന്ധപ്പെട്ട എല്ലാം ദൈവങ്ങള്‍ ആയിരുന്നു. വായു, സൂര്യന്‍, സമുദ്രം എല്ലാം ദൈവങ്ങള്‍ ആയിരുന്നു. നമ്മള്‍ ഈജിപ്തില്‍ പോയപ്പോള്‍ കൊടുങ്കാറ്റിന്റെ ദേവനായ സെത്തിനെ പറ്റി കേട്ടത് ഓര്‍ക്കുന്നുണ്ടോ?'

'ഓര്‍ക്കുന്നുണ്ട്, പക്ഷെ ഇന്ത്യന്‍ സംസ്‌കാരം ഈജിപ്തിന്റെ അത്ര പഴയതാണോ?'

'അതെ, സിന്ധു നദീതട സംസ്‌കാരവും, ഈജിപ്തും മെസോപ്പൊട്ടാമിയയും ക്രിസ്തുവിനു ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് നില നിലന്നിരുന്നതാണ്. പക്ഷെ ഒരു പ്രധാന വ്യത്യാസം, ഈജിപ്തുകാര്‍ അവരുടെ ചരിത്രം ഹൈറോഗ്ലിഫിക്‌സ് എന്ന ഭാഷ ഉപയോഗിച്ച് എഴുതി വയ്ക്കാന്‍ അന്നേ തുടങ്ങിയിരുന്നു. അതിനും 1200 വര്‍ഷങ്ങള്ക്കു ശേഷം 1800 ബി സിയില്‍ മാത്രം ആണ് നമ്മള്‍ വേദിക് സംസ്‌കൃതത്തില്‍ എഴുതാന്‍ തുടങ്ങിയത്. വേദിക് സംസ്‌കൃതം മറ്റു ഭാഷകളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഇന്നും അവസ്ത തുടങ്ങിയ സോരാഷ്ട്രിയന്‍ ഭാഷകള്‍ നോക്കിയാല്‍ സംസ്‌കൃതവും ആയി സാമ്യം കാണാം. അവസ്തയും സംസ്‌കൃതവും ഒരേ റൂട്ടില്‍ നിന്ന് വന്നതാണ് എന്ന് കരുതുന്നു. ഇന്നുള്ള ഇറാന്‍ ആണ് ഈ ഭാഷകളുടെയും സോരാഷ്ട്രിയന്‍ മതത്തിന്റെയും ഉത്ഭവ പ്രദേശം ആയി പറയുന്നത്. സോരാഷ്ട്രിയക്കാര്‍ക്കും ഒരു ഗീത ഉണ്ട്. അതിലെ പല സൂക്തങ്ങളും കേള്‍ക്കുമ്പോള്‍ സംസ്‌കൃതം പോലെ നമുക്ക് തോന്നും.'

വേദങ്ങളും ഗീത വാക്യങ്ങളും തമ്മിലെന്താണ് ബന്ധം? 

തത്വശാസ്ത്രവും, ആചാരങ്ങളും

'ശരി, പക്ഷെ വേദങ്ങളും ഈ മതിലുകളില്‍ എഴുതിയിരിക്കുന്ന ഗീത വാക്യങ്ങളും തമ്മിലെന്താണ് ബന്ധം? 

'ഞാന്‍ ആദ്യം പറഞ്ഞ പോലെ, കുറച്ചു ക്ഷമിച്ചാല്‍ നിക്കത് എളുപ്പം മനസിലാക്കാം. എല്ലാ മതങ്ങള്‍ക്കും രണ്ടു ഭാഗങ്ങള്‍ ഉണ്ട്. തത്വശാസ്ത്രവും, ആചാരങ്ങളും. ഉദാഹരണത്തിന് ഇവിടെ കുറെ ആളുകള്‍ എല്ലാ വിഗ്രഹങ്ങള്‍ക്കു ചുറ്റും വലം വയ്ക്കുകയും ചിലര്‍ വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ കമ്പിടുകയും മറ്റും ചെയ്യുന്നതാണ് ആചാരം. ഈ മതിലുകളില്‍ എഴുതി വച്ചിരിക്കുന്നതാണ് മതത്തിന്റെ തത്വശാസ്ത്രപരമായ ഭാഗം. പക്ഷെ ഈ ആചാരങ്ങള്‍ ചെയ്യുന്ന ഭൂരിഭാഗം പേര്‍ക്കും എന്തിനു വേണ്ടിയാണു അവര്‍ ഇത് ചെയ്യുന്നത് എന്നറിയില്ല. മാത്രം അല്ല അവരൊന്നും ഈ മതിലില്‍ എഴുതി വച്ചിരിക്കുന്നത് വായിക്കുകയും ഇല്ല, ഇതെല്ലം നമ്മുടെ ചരിത്രത്തിന്റെ ഭാഗം ആണെങ്കില്‍ കൂടി. അവര്‍ക്കു ആചാരങ്ങളില്‍ മാത്രം ആണ് ശ്രദ്ധ'.

'എനിക്ക് മുഴുവന്‍ മനസിലായില്ല. എങ്ങിനെ ആണ് ഇതെല്ലം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്'

'വേദങ്ങള്‍ എഴുതി കുറെ നാളുകള്‍ക്കു ശേഷം സംഹിതകള്‍, ബ്രാഹ്മണങ്ങള്‍, ആര്യണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിങ്ങനെ വേദങ്ങളെ മുന്‍നിര്‍ത്തിയുള്ള കുറെ സാഹിത്യം വന്നു. ഇതില്‍ ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സ്മൃതികള്‍ എന്നിവ ആചാരപരമായ കാര്യങ്ങളെ കുറിച്ച് പ്രതിപാദിച്ചപ്പോള്‍, ഉപനിഷത്തുകള്‍, വേദങ്ങളില്‍ പറഞ്ഞതും പുതിയതുമായ തത്വശാസ്ത്രങ്ങളെ കൂടുതല്‍ വിശദമായി അവതരിപ്പിച്ചു. വേദങ്ങളുടെ തുടര്‍ച്ചയായ വരുന്നു എന്ന അര്‍ഥത്തില്‍ വേദാന്തം എന്നാണ് ഉപനിഷത്തുക്കള്‍ അറിയപ്പെടുന്നത്. നൂറ്റി എട്ടു ഉപനിഷത്തുക്കള്‍ ആണ് ഇവയില്‍ പ്രധാനം.

'തത്വശാസ്ത്രപരമായ എന്ത് ചോദ്യങ്ങള്‍ ആണ് ഇവയിലുള്ളത്?'

'ആധുനിക ശാസ്ത്രം പ്രധാനമായും ഗ്രീക്ക് തത്വശാസ്ത്രത്തില്‍ നിന്ന് വികസിച്ചു വന്നതാണ്. മുമ്പുണ്ടായിരുന്ന മനുഷ്യരുടെ മനസ്സില്‍ തോന്നിയ ചോദ്യങ്ങളില്‍ നിന്നാണ് ഇവയുടെ തുടക്കം. മൂന്നു തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ ആണ് ഉപനിഷത്തുക്കള്‍ മുന്‍പോട്ടു വയ്ക്കുന്നത്. ഏതൊക്കെ തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ ആണ് ആദിമ മനുഷ്യന്‍ ചോദിച്ചു തുടങ്ങിയത് എന്ന് നിനക്ക് ഊഹിക്കാമോ?'

'മിക്കവാറും പ്രകൃതിയില്‍ നടക്കുന്ന കാര്യമാണ് എങ്ങിനെ നടക്കുന്നു എന്നെല്ലാം ആയിരിക്കും... അന്നുള്ളവര്‍ക്കു അത് വലിയ അത്ഭുതം ആയിരുന്നല്ലോ?'

'അതെ, പക്ഷെ കാലം ചെല്ലുന്തോറും അവര്‍ കൂടുതല്‍ ഗഹനമായ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ഉപനിഷത്തുക്കള്‍ ചര്‍ച്ച ചെയ്യുന്ന മൂന്നു കാര്യങ്ങള്‍ ബ്രഹ്മന്‍-  എല്ലാം ഉള്‍കൊള്ളുന്ന ഒരു യാഥാര്‍ഥ്യം (the ultimate metaphysical realtiy), ആത്മന്‍ -ആത്മാവ് , പ്രകൃതി എന്നിവയാണ്.'.

'കൊള്ളാം, മനുഷ്യന്റെ ജിജ്ഞാസ അന്നും ഉണ്ടായിരുന്നു അല്ലെ ..'

'അതെ, ഇന്നത്തെ ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്ന തരത്തില്‍ ആണ് ഉപനിഷത് രചിച്ച മുനിമാര്‍ ചിന്തിച്ചത്. അവര്‍ വളരെ അധികം ചോദ്യങ്ങള്‍ ചോദിക്കുകയും അതിനു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നുള്ള ആധുനിക ശാസ്ത്രത്തിന്റെ തുടക്കക്കാരായ ഗ്രീക്കിലെ തത്വചിന്തകര്‍ വരുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇതെന്ന് ഓര്‍ക്കണം. ഗ്രീക്ക് തത്വ ചിന്തകര്‍ ഒരു വസ്തു എന്ത് കൊണ്ട് നിര്‍മിച്ചിരിക്കുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു വസ്തു വളരെ ചെറിയ കഷ്ണങ്ങള്‍ ആയി മുറിച്ചു കൊണ്ടേ ഇരുന്നാല്‍ എന്ത് സംഭവിക്കും. ആ ചോദ്യം ആണ് തന്മാത്രയിലേക്കും ആറ്റത്തിന്റെ കണ്ടു പിടുത്തത്തിലേക്കും നയിച്ചത്. ഇന്ത്യയിലെ മുനിമാര്‍ മനുഷ്യന്റെ മനസ് ആത്മാവ് തുടങ്ങിയവ ഏതു കൊണ്ട് നിര്‍മിച്ചിരിക്കുന്നു, ജീവന്‍ എന്നാല്‍ എന്താണ്, മരണശേഷം ജീവന് എന്ത് സംഭവിക്കുന്നു എന്നെല്ലാം ഉള്ള ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ നോക്കി.  ശരീരം മരിച്ചാല്‍ മനസ് / ആത്മാവ് എന്നിവ കൂടി മരിക്കുമോ?'

'എന്നിട്ട് നചികേതസിനു എന്ത് ഉത്തരമാണ് ലഭിച്ചത്?'

കഠോപനിഷത്ത്

'അത് കടുപ്പമായ ചോദ്യം അല്ലേ, എന്നിട്ടു എന്ത് ഉത്തരം ആണ് അവര്‍ കണ്ടു പിടിച്ചത്?'

'ഈ വിഷയം കൈകാര്യം ചെയ്യുന്നത് കഠോപനിഷത്തിലാണ്. പലപ്പോഴും ഉപനിഷത്തുക്കള്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഒരു കഥയുടെ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. കഠോപനിഷത്ത് നചികേതസും യമരാജാവും തമ്മിലുള്ള ഒരു വാദ പ്രതിവാദത്തിന്റെ രൂപത്തിലാണ് ഈ വിഷയം അവതരിപ്പിക്കുന്നത് മരണത്തിന്റെ രാജാവായ യമനാണല്ലോ മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് പറയാന്‍ ഏറ്റവും യോഗ്യന്‍'.

'എന്നിട്ട് നചികേതസിനു എന്ത് ഉത്തരമാണ് ലഭിച്ചത്?'

'ആ ഉത്തരം ആണ് ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന്. ചുരുക്കി പറഞ്ഞാല്‍, ശരീരം മരിക്കുന്നു, പക്ഷെ ആത്മാവ് മരിക്കുന്നില്ല എന്ന ഉത്തരമാണ് യമരാജന്‍ നല്‍കുന്നത്. ഒരാള്‍ ഒരു വസ്ത്രം മാറുന്നത് പോലെ ആത്മാവ് ശരീരങ്ങള്‍ മാറുന്നു എന്ന് ഈ ഉപനിഷത് പറയുന്നു.

'എല്ലാ ഹിന്ദുക്കളും ഇങ്ങിനെ ഉള്ള തത്വശാസ്ത്രങ്ങള്‍ പഠിക്കണോ?'

'വേണമെന്നും വേണ്ട എന്നും പറയാം. സാധാരക്കാര്‍ക്ക് ഉപനിഷത്തില്‍ പറയുന്ന തത്വശാസ്ത്രങ്ങള്‍ മനസിലാക്കുവാന്‍ ആണ് ഋഷിമാര്‍ പുരാണങ്ങളും ഇതിഹാസങ്ങളും എഴുതിയത്.'

'കഠോപനിഷത്ത് എങ്ങിനെ ആണ് ഒരു കഥയായി അവതരിപ്പിക്കുക?'

when a muslim reads vedas

'ഗുരുക്കന്മാരെയും സഹോദരങ്ങളെയും കൊല്ലാന്‍ കഴിയാതെ ഒരു രഥത്തില്‍ ആയുധം കീഴെ വച്ചിരിക്കുന്ന അര്‍ജുനന്റെയും അര്‍ജുനനെ ഉപദേശിക്കുന്ന കൃഷ്ണന്റെയും ചിത്രം നീ കണ്ടട്ടിട്ടില്ലേ?'

'അത് വളരെ പ്രശസ്തമായ പെയിന്റിംഗ് അല്ലേ? അഞ്ചു കുതിരകളെ പൂട്ടിയ രഥത്തില്‍ കൃഷ്ണന്‍ ഇരുന്നു അര്‍ജുനന് ഉപദേശം കൊടുക്കുന്ന ചിത്രം'

'അതെ, ഇനി കഠോപനിഷത്തിലെ ചില വരികള്‍ നോക്കൂ: 
'ആത്മാവാണ് രഥത്തില്‍ യാത്ര ചെയ്യുന്നത്,
ശരീരമാണ് രഥം 
ബുദ്ധി ആണ് രഥത്തിന്റെ സാരഥി
മനസാണ് കടിഞ്ഞാണ്‍ 
പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ' 

(കഠോപനിഷത് 1.3.31.3.4)

'എന്ന് വച്ചാല്‍ മഹാഭാരതയുദ്ധം ഒരിക്കലും നടന്നതല്ല എന്നാണോ?

ആത്മാവും, ശരീരവും, പഞ്ചേന്ദ്രിയങ്ങളും

ഈ ചിത്രത്തില്‍ കാണുന്ന ഓരോന്നിനെയും കുറിച്ചുള്ള വിവരണം ആണിത്. അവിടെ അര്‍ജുനനും, കൃഷ്ണനും എല്ലാം ആളുകള്‍ അല്ല, മറിച്ചു ആത്മാവും, ശരീരവും, പഞ്ചേന്ദ്രിയങ്ങളും മറ്റുമാണ്. ചുരുക്കിപ്പറഞ്ഞാല്‍, മഹാഭാരത യുദ്ധം പുറത്തു നടക്കുന്ന ഒന്നല്ല മറിച്ചു നമ്മുടെ എല്ലാം ഉള്ളില്‍ നടക്കുന്ന കാര്യം ആണ്. മഹാഭാരതം എന്ന ഇതിഹാസവും ഗീത എന്ന അധ്യായവും കഠോപനിഷത്തിലെ ചില കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് എളുപ്പം മനസിലാക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണ്. അര്‍ജുനന്‍ തന്റെ സഹോദരങ്ങളെ കൊല്ലാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ കൃഷ്ണന്‍ പറയുന്നത് ഇതേ തത്വശാസ്ത്രം ആണ്. ആത്മാവ് മരിക്കുന്നില്ല, നീ കൊല്ലുന്നത് അവരുടെ ശരീരത്തെ മാത്രം ആണ്. അത് കൊണ്ട് ദുഃഖിക്കേണ്ട കാര്യമില്ല'.

'എന്ന് വച്ചാല്‍ മഹാഭാരതയുദ്ധം ഒരിക്കലും നടന്നതല്ല എന്നാണോ? രാമായണത്തിലും മഹാഭാരതത്തിലും പറഞ്ഞിരിക്കുന്ന പല സ്ഥലങ്ങളും ഇന്ത്യയില്‍ ഉള്ള സ്ഥലങ്ങള്‍ അല്ലെ?'

'പുരാണങ്ങളും ഇതിഹാസങ്ങളും ഒരു കാലഘട്ടത്തിലെ ഒരാള്‍ എഴുതിയതല്ല മറിച്ചു പല തലമുറകള്‍ ആയി കൈമറിഞ്ഞു വരികയും കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതും ആണ്. ഇത് ചെയ്തവര്‍ അവര്‍ക്കു പരിചയമുള്ള സ്ഥലങ്ങളും കഥാപാത്രങ്ങളും ഇതില്‍ ഉപയോഗിച്ചു. അത് കൊണ്ട് തന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും ചില കഥാപാത്രങ്ങളും ശരിക്കും ഉണ്ടായിരുന്നവര്‍ ആണ്. ഉദാഹരണത്തിന് തമിഴ് നാട്ടില്‍ ഉണ്ടായിരുന്ന പാണ്ഡ്യ രാജാക്കന്മാര്‍ കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്തു എന്ന് മഹാഭാരതം പറയുന്നു. പാണ്ഡ്യ രാജാക്കന്മാര്‍ തമിഴ് നാട്ടില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നവര്‍ ആണ്. അതുകൊണ്ടു തന്നെ യഥാര്‍ഥ്യത്തിലുള്ളത് ഏതാണ് കഥ ഏതാണ് എന്ന് ഇതിഹാസങ്ങളില്‍ നിന്ന് കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.'

'കഠോപനിഷത് പോലെ എത്ര ഉപനിഷത്തുക്കള്‍ ഉണ്ട്?'

'108 ആണ് പ്രധാനമായുള്ളത്. പലതും പല വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്. ഉദാഹരണത്തിന് മാണ്ഡുക്യ ഉപനിഷത്ത് മനസ്സിനെ കുറിച്ചാണ്. നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, സ്വപ്നം കാണുമ്പോള്‍ എല്ലാം നമ്മുടെ മനസ്സിനു എന്ത് സംഭവിക്കുന്നു? എന്താണ് യാഥാര്‍ത്ഥ്യം? ഒരു സ്വപ്‌നം കണ്ടു നാം പേടിക്കുന്നത് എന്ത് കൊണ്ടാണ്? '

ഇതില്‍ എവിടെ ആണ് ശാസ്ത്രം?'

ശാസ്ത്രം

'പക്ഷേ ആത്മാവ് മരിക്കുന്നില്ല എന്നെല്ലാം പറയുന്നത് ഊഹം അല്ലെ, ഇതില്‍ എവിടെ ആണ് ശാസ്ത്രം?'

'വളരെ നല്ല പോയിന്റ്. മറ്റു പല നാടുകളില്‍ സംഭവിച്ച പോലെ ഇന്ത്യയിലും ഒരു മതം ആയി മാറിയതില്‍ പിന്നെ ഇങ്ങിനെ ഉള്ള സ്വതന്ത്ര ചിന്തകള്‍ വെറും ആചാരങ്ങള്‍ ആയി മാറുകയും മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ വളര്‍ച്ച മുരടിച്ചു കിടക്കുകയും ചെയ്തു. ആധുനിക ശാസ്ത്രം ഹൈപോതെസിസ്, തിയറി, ലാ എന്നിങ്ങനെ സയന്റിഫിക് തിയറി ഡെവലപ്പ് ചെയ്ത കാര്യം നിനക്കറിയാമല്ലോ. ഉപനിഷത്തുക്കള്‍ പ്രധാനമായും ഹൈപോതെസിസ് എന്ന സ്‌റ്റെപ്പില്‍ നിന്ന് പോയി. പലരും ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തുകയും ആചാരങ്ങള്‍ എന്തിനു വേണ്ടി ചെയ്യുന്നു എന്നറിയാതെ പിന്തുടരുകയും ചെയ്തു. ഉദാഹരണത്തിന് ഇപ്പോഴുള്ളവര്‍ വിഗ്രഹത്തിനു ചുറ്റും വലത്തോട്ട് വലം വയ്ക്കണോ, ഇടത്തോട്ട് വലം വയ്ക്കണോ എന്നെല്ലാം ആണ് കൂടുതല്‍ ചര്‍ച്ച ചെയ്യന്നത്. എന്ന് വച്ച് ഇന്ത്യക്കാര്‍ ആധുനിക ശാസ്ത്രത്തിനു ഒരു സംഭാവനയും ചെയ്തില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. ജ്യോതിശാസ്ത്രം (കപട ശാസ്ത്രം ആയ ജ്യോതിഷം അല്ല), കാല്‍കുലസ്, പൂജ്യം, അറബിക് അക്കങ്ങള്‍ എന്ന് തെറ്റായി വിളിക്കപ്പെടുന്ന ഇന്ത്യന്‍ അക്കങ്ങള്‍ എല്ലാം ഇന്ത്യക്കാരുടെ സംഭാവന ആണ്, പക്ഷെ ഇതെല്ലം ഉപനിഷദ് കാലഘട്ടത്തിനു ശേഷം ആണ്. എനിക്കുറപ്പാണ് ഉപനിഷദ് കാലഘട്ടത്തിലെ ഋഷിമാര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും ലബോറട്ടറിയില്‍ ഇപ്പോള്‍ പല ആധുനിക വിഷയങ്ങളെ പറ്റിയും ഗവേഷണം നടത്തുകയായിരുന്നിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ ആണ് പുതിയ ഋഷിമാര്‍, ശാസ്ത്രം ആണ് പുതിയ വേദവും ഉപനിഷത്തും...'.

'ഇതെല്ലാം ബാപ്പ എങ്ങിനെ പഠിച്ചു? ബാപ്പ മുസ്ലിമല്ലേ?'

'ചരിത്രത്തിനു മതമില്ലല്ലോ. ഡിങ്ക ശരണം!'

തിരിച്ചു വീട്ടില്‍ പോകുവാന്‍ സമയം ആയി. ഇന്ത്യന്‍ തത്വശാസ്ത്രം ഒരു കടലായി കിടക്കുകയാണ്, സാംഖ്യം,ന്യായം,യോഗം,ദ്വൈതം, അദ്വൈതം, നാസ്തിക ചാര്‍വാക ദര്‍ശനം... ഇതിനെ കുറിച്ചെല്ലാം വേറെ ഒരിക്കലാവാം.

അവലംബം:
1. സോരാഷ്ട്രിയന്‍ ഗീത:

2. 'Know that the Atman is the rider in the chariot,
and the body is the chariot,
Know that the Buddhi (intelligence, abiltiy to reason) is the charioteer,
and Manas (mind) is the reins.
The senses are called the horses,
the objects of the senses are their paths,
Formed out of the union of the Atman, the senses and the mind,
him they call the 'enjoyer'.

Katha Upanishad, 1.3.31.3.4'

3:108 ഉപനിഷത്തുകള്‍ (അര്‍ത്ഥസഹിതം)

 

 

നസീര്‍ ഹുസൈന്‍ എഴുതിയ മറ്റ് കുറിപ്പുകള്‍


ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?

ആരെങ്കിലും നമ്മുടെ ആണ്‍കുട്ടികള്‍ക്കു ഇക്കാര്യം പറഞ്ഞു കൊടുത്തെങ്കില്‍...

അതിര്‍ത്തി, ഹാ എത്ര വലിയ തമാശ!

'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു  മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'

കണ്ണാടി ന്യൂറോണുകള്‍ നമ്മളോട് ചെയ്യുന്നത്

Follow Us:
Download App:
  • android
  • ios