Asianet News MalayalamAsianet News Malayalam

കേരളാ പോലീസ് എന്തിന് ക്യാമറകളെ പേടിക്കുന്നു ?

ലോക്കപ്പിലടക്കം പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ വിവിധ സന്ദർഭങ്ങളിലായി കോടതി വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. നാട്ടിൽ മുഴുവൻ സി.സി. ടി.വി ക്യാമറ സ്ഥാപിക്കാൻ വിരട്ടുന്ന കേരള പോലീസ് സ്വന്തം ഇടി മുറികളിൽ അത് പറ്റില്ലെന്ന് പറയുതെങ്ങനെ.

Why Kerala police fears camera
Author
First Published Apr 24, 2018, 12:07 PM IST

2011 മേയ് ആദ്യം പാകിസ്ഥാനിലെ അബോട്ടാബാദിൽ ഒസാമ ബിൻ ലാദൻ താമസിച്ചിരുന്ന ഒളിത്താവളത്തിലേക്ക് അമേരിക്കൻ നാവിക കമൻഡോകൾ മിന്നലാക്രമണം നടത്തുമ്പോൾ അങ്ങ്  പരസഹസ്രം മൈലുകൾക്കപ്പുറം പ്രസിഡന്റ് ഒബാമയും, അമേരിക്കയിലെ ഉന്നത സൈനിക-രഹസ്യാന്വേഷണ നേതൃത്വവും വൈറ്റ് ഹൗസിലിരുന്നു ഇതെല്ലാം തത്സമയം കാണുകയായിരുന്നു. Why Kerala police fears camera

അതൊക്കെ എങ്ങനെ സാധിച്ചു. അന്ന് മിന്നലാക്രമണം നടത്തിയ നാവികരുടെ ശരീരത്തിൽ പിടിപ്പിച്ചിരുന്ന ബോഡി ക്യാമറയും, റഡാറിനെ പോലും കബളിപ്പിച്ച് അവരെ അവിടെയെത്തിച്ച  സ്റ്റെൽത്ത് ഹെലികോപ്ടറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയുമൊക്കെയുമാണ് അത് പക‍ർത്തി, ആധുനിക സംവിധാനങ്ങളിലൂടെ തത്സമയം വൈറ്റ് ഹൗസിലെത്തിച്ചത്. ഇതെല്ലാം ഒസാമ ബിൻ ലാദനു വേണ്ടി പ്രതേകം തയ്യാറാക്കിയതല്ല. അമേരിക്കയിലെ സുരക്ഷാ ഏജൻസികൾ നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങളാണ്. ഏതു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുമ്പോഴും വ്യവസ്ഥകൾ പാലിച്ചിരിക്കണം. മാത്രമല്ല അത് ബോധ്യമാകുകയും വേണം. മാത്രമല്ല  അത് നാളെ കോടതിയിൽ എത്തുമ്പോൾ കാര്യങ്ങൾ നിയമാനുസൃതമാണോ ചെയ്തതെന്ന് തീർപ്പാക്കാനും ഇത് സഹായിക്കും.Why Kerala police fears camera

വരാപ്പുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചത് നമ്മുടെ പോലീസ് ഈ വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ടാണ്. സേറ്റ് സ്പോൺസേഡ് കൊലപാതകം എന്ന് തന്നെ വിളിക്കാവുന്ന സുരക്ഷാ ഏജൻസികളുടെ കിരാത വാഴ്ചയിലെ അവസാനത്തെ അദ്ധ്യായമാണിത്. തിരുവനന്തപുരം നഗരത്തിൽ വാഹനം ഓടിക്കുന്നതിൽ ഞാൻ പുലർത്തുന്ന അച്ചടക്കം നാട്ടിൻപുറത്ത് കാണിക്കണമെന്നില്ല. കാരണം നഗരത്തിൽ നിരത്തുകളിലെ നിരീക്ഷണ ക്യാമറകൾ ഞാൻ നടത്തുന്ന നിയമലംഘനം ഒപ്പിയെടുക്കാൻ സാധ്യതുണ്ടെന്ന ബോധ്യത്താലാണിത്.

നിയമം പാലിക്കുന്ന എനിക്ക് ആത്മവശ്വാസം തരുന്ന ഘടകം കൂടിയാണിത്. ഒരപകടം പറ്റിയാൽ കാര്യങ്ങൾ “മുകളിലൊരുവൻ” കാണുന്നണ്ടല്ലോ എന്നതിനാലാണിത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനെത്തിയ ടൈഗർ ഫോഴ്സ് എന്ന വിളിപ്പരുള്ള കാക്കിയഴിച്ച് വച്ച് കാവിയണിഞ്ഞ(മഫ്ടിയിൽ കാവി മുണ്ടും, ബനിയനുമാണിട്ടിരുന്നതത്രേ) കാപാലിക സംഘം ശരീരത്തിൽ ബോഡി ക്യാമറ ധരിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നുവോ? ഒരിക്കലുമില്ല. ഇപ്പോൾ അറസ്റ്റിലായ ആ പോലീസുകാരുടെ ബന്ധുക്കൾ ആരോപിക്കുന്നത് അറസ്റ്റ് ചെയ്തവർ ആക്രമമൊന്നും കാട്ടിയില്ലെന്നും, അവരെ ബലിയാടാക്കുകയാണെന്നുമാണ്. അതാണ് വാസ്തവമെങ്കിൽ അതും ബോഡി ക്യാമറ വെളിപ്പെടുത്തുമായിരുന്നല്ലോ.

ട്രാഫിക് ലംഘനം നടത്തുന്ന നമ്മളെ നിരീക്ഷിക്കാൻ പൊലീസ് ക്യാമറയാവാമെങ്കിൽ എന്ത് കൊണ്ട് പൊലീസ് സ്വയം തങ്ങളെ നിരീക്ഷിക്കുന്നില്ല.

നിരായുധനായ ശ്രീജിത്തിനെ അടിച്ചൊടിക്കാൻ പോലീസിലെ പുലിക്കുട്ടികൾ (കണ്ട അക്രമികൾക്കെല്ലാം അന്തസ്സും ആഭിജാത്യവുമുള്ള മൃഗത്തിന്റെ പേരിട്ട് അപമാനിക്കരുത്)  ധൈര്യപ്പെടുമായിരുന്നോ ?.  ഇനി വാദത്തിന് വേണ്ടി ശ്രീജിത്താണ് പൊലീസുകാരെ ആദ്യം ആക്രമിച്ചതെങ്കിൽ അത് ഈ ക്യാമറകൾ പകർത്തുമായിരുന്നില്ലേ. ടെലിവിഷൻ ക്യാമറയുടെ ബലത്തിലാണല്ലോ വിവിധ സംഘടനകൾ നടത്തുന്ന അക്രമ സമരങ്ങൾ പൊലിസീന് തുണയാകുന്നത്.

മാധ്യമങ്ങളുടെ തത്സമയ സംപ്രേഷണമടക്കം നീരീക്ഷിച്ചാണ് നല്ല മേധാവികൾ ഗ്രൗണ്ട് ഫോഴ്സിന് നിർദ്ദേശം നൽകുന്നത്. പല വിദേശ രാജ്യങ്ങളിലും സമരക്കാരുടെ “കലിപ്പ്” തീരാൻ കുറച്ചൊക്കെ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയും, കുറെ പൊതുമുതൽ നശിപ്പിക്കാൻ അനുവദിച്ചുമൊക്കെ പോലീസ് കാര്യങ്ങൾ മാനേജ് ചെയ്യാറുണ്ട്. ക്യാമറ എന്ന ഫോഴ്സ് മൾട്ടിപ്ലയറാണ് പൊലീസിനും പൊതുജനത്തിനുമൊക്കെ ആയുധം. രണ്ട് കൂട്ടർക്കും ഇത് നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 90 ശതമാനം വരെ പോലീസിനെതിരെയുള്ള പരാതികൾ ബോഡി ക്യാമറകൾ  ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞു എന്നും അമേരിക്കയിൽ നിന്നുള്ള പഠനങ്ങൾ പറയുന്നു.

അമേരിക്കയിലും യൂറോപ്പിലും പൊലീസ് നമ്മെ അറസ്റ്റ് ചെയ്യുന്ന പക്ഷം നാം ചെറുത്ത് നിന്നാൽ അവർ നേരിടും. കീഴ്‌പ്പെടുത്തി നിലത്തിട്ട് ഉരുട്ടിയെന്നും വരാം. പൊലീസ് നമ്മെ പിന്തുടർന്നാൽ വാഹനം നിര്‍ത്തി നാം അനങ്ങാതെയിരിക്കണം. അവർ നമ്മുടെ അടുത്ത് വന്ന് സ‌ർ, നിങ്ങൾ നിയമലംഘനം നടത്തിയിരിക്കുന്നു. വിരോധമില്ലെങ്കിൽ അറസ്റ്റ് ചെയ്യട്ടേ, അല്ലെങ്കിൽ പിഴയടിക്കട്ടെ എന്നൊക്കെ മാന്യമായി ചോദിച്ചിട്ടേ നടപടി തുടങ്ങൂ. സഹകരിച്ചില്ലെങ്കിൽ മാത്രമേ അവർ നമ്മെ കീഴ്പ്പെടുത്തുകയും വെടിവയ്ക്കുകയുമൊക്കെ ചെയ്യൂ.

മാന്യൻമാരായതു കൊണ്ടൊന്നുമല്ല അവിടത്തെ പൊലീസ് ഇതൊക്കെ ചെയ്യുന്നത്. അവരുടെ ശരീരത്തിലും, വാഹനത്തിലുമൊക്കെ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല  നടപടിക്ക് വിധേയരാകുന്നവ‌ർ ആവശ്യപ്പെട്ടാലുടൻ ആ ക്യാമറ റെക്കോ‍ഡിങ്ങ് പൊലീസ് നൽകുകയും വേണം. അതുംകൊണ്ട് കോടതിയെ സമീപിച്ചാൽ അത് പരിശോധിച്ച് അവിടത്തെ കോടതി പൊലീസ് അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നടപടിയുമെടുക്കും.

ഇന്ത്യാ സർക്കാറിന്റെ ഔദേഗിക കണക്ക്(അനുബന്ധം) പ്രകാരം 2016ല്‍ മാത്രമുണ്ടായ കസ്റ്റഡി മരണങ്ങള്‍ അറുപതാണ്(യഥാർത്ഥ കണക്ക് ഇതിലും എത്രയോ ഇരട്ടിയായിരിക്കും). 41 എണ്ണത്തിൽ ജൂഡിഷ്യൽ അന്വേഷണം നടക്കുന്നു. എന്നാൽ ആകെ 19 പെലീസുകാർക്കതിരെ മാത്രമേ കേസ് പോലും എടുത്തിട്ടുള്ളു. ചാർജ് ഷീറ്റ് നൽകിയതാകട്ടെ 10 പേർക്ക് മാത്രം. ആരെയും ശിക്ഷിച്ചിട്ടുമില്ല. ആർകെങ്കിലും ശിക്ഷ  കിട്ടമെുന്ന് തന്നെ പ്രതീക്ഷ കുറവാണ്. സാമാന്യമായി പറ‌ഞ്ഞാൽ ഒരു പോലീസ് കസ്റ്റഡി മരണത്തിൽ ശരാശരി അഞ്ച് പൊലീസുകാരെങ്കിലും പ്രതിയാകേണ്ടതാണ്. അതായത്, 60 X 5=300 പോലീസുകാർ പ്രതിയാകേണ്ടിടത്ത് പത്തിലൊന്ന് പേർ പോലും പ്രതിയായിട്ടില്ല. ഒപ്പം ചേർത്ത കേരളത്തിലെ പ്രമാദമായ ചില പോലീസ് കസ്റ്റഡി  കൊലകൾ കാണുക.

ഉദയകുമാർ ഉരുട്ടിക്കൊല
2005 സെപ്റ്റംബർ 27ന് , തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ ഉദയകുമാർ കൊല്ലപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകൾ.

പാറശ്ശാല ശ്രീജിവ് കസ്റ്റഡി മരണം
2014 മേയ് 19ന് പാറശ്ശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിൽ എടുത്തു, സെല്ലിൽ കിടന്ന ശ്രീജിവ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി പിറ്റേന്നു പൊലീസ് വീട്ടുകാരെ അറിയിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 21ന് മരിച്ചു. ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ 782 ദിവസമായി നടത്തിയ നിരാഹാര സമരത്തിനൊടുവിൽ കേരള സർക്കാരിന്റെ ആവശ്യപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു.

വിനായകന്റെ ആത്മഹത്യ
തൃശൂര്‍ ഏങ്ങണ്ടിയൂരിൽ 2017 ജൂലൈ 18ന് പൊലീസ് മർദ്ദനത്തെത്തുടർന്ന് ദലിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്തു. 2013-14 കാലയളവിൽ 140, 2014-15ൽ 130, 2015-16ൽ 153, 2016 ഒക്ടോബറിനകം 88 പേർ പൊലീസ് മർദ്ദനത്തെത്തുടർന്ന് മരിച്ചെന്ന് കേരള മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയെ അറിയിച്ചു. ഈ കാലയളവിൽ കസ്റ്റഡി മരണങ്ങൾ 16 എന്നും റിപ്പോർട്ടിൽ പറയുന്നു. നാളിത്രയായിട്ടും മേൽപറഞ്ഞ കേസുകളിനെന്നും കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ  നടപടികൾ എങ്ങുമെത്തിയിട്ടില്ല.

Why Kerala police fears cameraപോലീസ് മൂന്നാം മുറ പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി 1996ൽ തന്നെ വളരെ വിശദമായി വിധി ന്യായത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലാകാമെന്നും പക്ഷേ അതിന് ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും ജസ്റ്റിസുമാരായ കുൽദീപ് സിങ്ങും, എ.എസ് ആനന്ദും വിശദമാക്കിയിട്ടുണ്ട്.

ലോക്കപ്പിലടക്കം പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ വിവിധ സന്ദർഭങ്ങളിലായി കോടതി വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. നാട്ടിൽ മുഴുവൻ സി.സി. ടി.വി ക്യാമറ സ്ഥാപിക്കാൻ വിരട്ടുന്ന കേരള പോലീസ് സ്വന്തം ഇടി മുറികളിൽ അത് പറ്റില്ലെന്ന് പറയുതെങ്ങനെ.

ഇപ്പോൾ ശ്രീജിത്തിന്റെ കൊലക്ക് ശേഷം  പോലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റ പോലീസ് സ്റ്റേഷനിലെ നാലുപാടും ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതൊക്കെ എന്ന് നടപ്പാക്കുമെന്ന് ഒരു പിടിയുമില്ല. ഇനി ക്യാമറ സ്ഥാപിച്ചാൽ തന്നെ മനുഷ്യാവകാശ കമ്മീഷൻ പോലുള്ള ഏജൻസിയിലേക്ക് അത് തത്സമയം എത്തിച്ച് റെക്കോഡ് ചെയ്യിപ്പിക്കണം. അല്ലെങ്കിൽ അതിലൊക്കെ മറിമായും നടത്തും നമ്മുടെ പോലീസ്.   

കേസ്വനേഷിക്കാൻ കെൽപ്പൂള്ള കാര്യപ്രാപ്തിയുള്ളവരെ പോലീസ് സ്റ്റേഷനിൽ നിയമിക്കണം. ക്രമസമാധാനവും, കേസന്വേഷണവും പ്രധാന സ്റ്റേഷനുകളിലെങ്കിലും  വിഭജിക്കണം. അമിതജോലി ഭാരത്താലും രാഷ്ടീയ ഇപെടലിന് വിധേയമായും, അഴിമതിക്ക് വിധേയമായി നിയമ വ്യവസ്ഥയോടുള്ള പുഛവമുള്ള കോൺസ്റ്റാബിലറിയെ നിയന്ത്രിച്ചില്ലെങ്കില്‍ വല്ലാത്ത അപകടമാകും. പോലീസ് സ്റ്റേഷനുകളിൽ ഈ അവസ്ഥയിൽ ചെന്നുപ്പെട്ടിട്ടുള്ളവർക്കെ അത് മനസ്സിലാകൂ.

1989ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ശ്രീജിത്തിനെ പോലെ ആളു മാറി കാപാലികനായ(അതെ) ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെയും വലിച്ചിഴിച്ച് സ്റ്റേഷനിലാക്കിയിട്ടുണ്ട്. പൊലീസിനെ ചെറുക്കാതിരുന്നതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. എന്നെ ഇടിക്കാൻ തയ്യാറെടുത്ത എസ്.ഐക്ക് പെട്ടെന്ന് മറ്റെരാവശ്യത്തിന് പുറത്തു പോകേണ്ടി വന്നു. എസ്.ഐ മടങ്ങി വരുമ്പോഴേക്കും, യാദൃശ്ചികമായി അവിടെ എത്തിപ്പെട്ട ക്യാമ്പിലെ രണ്ട് ചെറുപ്പക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങൽ മനസ്സിലാക്കിയതുകൊണ്ടും അവരുടെ കൃപകൊണ്ടും മാത്രം രക്ഷപ്പെട്ടവനാണ് ഞാൻ. കേസ് എപ്പോൾ വേണമെങ്കിലും ശക്തമാക്കുമെന്ന ഭീഷണിയിൽ ഭയന്ന് വിവശനായ ഞാൻ അന്ന് പലതിനും ചിന്തിച്ചതാണ്. നല്ല സുഹൃത്തുക്കളുടെ പിന്തുണയിൽ മാത്രം ജീവിതം തിരിച്ചുപിടിച്ചവനാണ് ഞാൻ. അതിനാൽ തന്നെ ശ്രീജിത്തിന്റെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും

Follow Us:
Download App:
  • android
  • ios