Asianet News MalayalamAsianet News Malayalam

സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

women marriage family debate Lakshmi Anu
Author
Thiruvananthapuram, First Published Aug 29, 2017, 11:39 PM IST

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

women marriage family debate Lakshmi Anu

'പിതാ രക്ഷതി കൗമാരേ 
ഭര്‍ത്താ രക്ഷതി യൗവനേ 
പുത്ര രക്ഷതി വാര്‍ദ്ധക്യേ 
നാ സ്ത്രീ സ്വാതന്ത്ര്യ അര്‍ഹതി'
2000 ത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതി വെച്ച ഈ മനു സ്മൃതി വരികള്‍ ഇന്നും കോട്ടം തട്ടാതെ നമ്മുടെ പാട്രിയാര്‍ക്കി സമൂഹം പാലിക്കുന്നുണ്ട്. സ്ത്രീക്ക് സംരക്ഷണം വേണം അതിനൊപ്പം തന്നെ വേറൊന്നു കൂടി വേണം എന്നുള്ളതാണ് നമ്മള്‍ മറക്കുന്നത് - സ്വാതന്ത്ര്യം! 

വെള്ളം, ഭക്ഷണം , പാര്‍പ്പിടം എന്നീ  മൂന്ന് പ്രാഥമിക ആവശ്യങ്ങള്‍ക്കൊപ്പം അത്ര തന്നെ പ്രധാനപ്പെട്ട മറ്റൊരാവശ്യമാണ് സ്വാതന്ത്ര്യം. അത് ആണായാലും പെണ്ണായാലും. പക്ഷേ , നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ പെണ്ണിനിത്  ജനനം മുതല്‍ക്കേ നിഷേധിക്കപ്പെട്ട ഒന്നാണ്. ചെറുപ്പം മുതലേ ഇല്ലാത്ത ഒന്നാണ്. അതുകൊണ്ടു തന്നെയാവണം പല സ്ത്രീകളും ആ അവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിച്ചു പോരുന്നത്. അവര്‍ക്കറിയില്ല യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നാല്‍ എന്താണെന്ന്. തീര്‍ച്ചയായും അത് വ്യക്തി സ്വാതന്ത്ര്യം തന്നെയാണ്. തുണിയില്ലാതെ നടക്കാനും ആഭിചാരം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയില്ല ഞാന്‍ പറഞ്ഞു വരുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും എഴുതാനും യാത്ര ചെയ്യാനും ഉള്ള സ്വാതന്ത്ര്യം. ഇഷ്ടപ്പെട്ട പങ്കാളിയെ തിരഞ്ഞെടുക്കാന്‍, സമൂഹത്തില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍, സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാന്‍, ഇഷ്ടമില്ലാത്തതിനോട് 'നോ' പറയാനുള്ള സ്വാതന്ത്ര്യം. ഇതൊക്കെയാണ് സ്ത്രീകള്‍ പോലും അറിയാതെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുള്ളത്. വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന ആ അല്‍പ സ്വാതന്ത്ര്യം വിവാഹത്തിന് ശേഷം ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയാണ് ഇന്ന് പല പെണ്‍കുട്ടികളെയും വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത. ആശ്ചര്യം എന്ന് പറയട്ടെ, ഇന്നത്തെ ആണ്‍കുട്ടികളും വിവാഹത്തെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. കാരണം , ഇന്നത്തെ സ്ത്രീകള്‍ കുറച്ചു കൂടെ സ്വാതന്ത്ര്യ ബോധം ഉള്ളവരാണ് എന്നത് തന്നെ. ഇതിനെ ചൊല്ലി വിവാഹത്തിന് ശേഷം ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍, ടെന്‍ഷന്‍ ഇതെല്ലാം അവര്‍ ഭയക്കുന്നുണ്ട്. അതുപോലെ തന്നെ ഉത്തരവാദിത്തങ്ങളെയും.  അതെ, സ്വാതന്ത്രയായ സ്ത്രീയെ പുരുഷന്‍ ഭയക്കുന്നു. കാരണം, അതവന്റെ ഈഗോയെ തച്ചുടക്കുന്നു.

വിവാഹിതയായ ഒരു സ്ത്രീ തുറന്ന് എഴുതിയാല്‍ സമൂഹം അവളെ എന്ത് വിളിക്കും?

പലപ്പോഴും സ്ത്രീകള്‍ തന്നെ ഇതിനെ നിഷേധിച്ചു സംസാരിക്കുന്നത് കേട്ടിട്ടുണ്ട് . വളരെ സന്തോഷത്തോടു കൂടി വീട്ടില്‍ ഒതുങ്ങി തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്തുകൊണ്ട്, സ്വന്തം ഇഷ്ടങ്ങള്‍ ത്യജിച്ചു കൊണ്ട് ഇതാണ് ഞങ്ങളുടെ സന്തോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്നു പലരും.  ഇവരുടെ ഉള്ളിന്റെ ഉള്ളില്‍ തിങ്ങി നില്‍ക്കുന്ന വികാരങ്ങള്‍ ഇവര്‍ ഒരിക്കലും പുറത്തു കാണിക്കുന്നില്ല. അല്ലെങ്കില്‍ കാണിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. അതുകൊണ്ടു തന്നെ ഇവര്‍ അതൊട്ടു സമ്മതിച്ചു തരാനും പോകുന്നില്ല. അവര്‍ അതിനോട് വല്ലാതെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 

ഇവരെ പോലുള്ള സ്ത്രീകള്‍ തന്നെയല്ലേ സ്വാതന്ത്ര്യ ബോധമുള്ള മറ്റൊരു സ്ത്രീക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. എനിക്കാവാമെങ്കില്‍ നിനക്കെന്തു കൊണ്ടായിക്കൂടാ? അപ്പോള്‍ അത് നിന്റെ അഹങ്കാരമല്ലേ? 

എങ്ങനെ വേണേലും ആയിക്കോട്ടെ , നമ്മള്‍ പെണ്ണുങ്ങളാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത . സ്വന്തം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവിടെ വെച്ചിട്ട്  പോരേണ്ടതാണ് നിന്റെ അല്‍പ സ്വാതന്ത്ര്യവും നിന്റെ ജീവിത രീതികളും. ഇനി മുതല്‍ ഈ വീട്ടിലെ രീതികള്‍, ചിട്ടകള്‍ , വ്യക്തികള്‍ എന്നിവക്കൊപ്പം നീയും മാറണം. അഥവാ അങ്ങനെ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിന്റെ കുടുംബ ജീവിതത്തിന്റെ പരാജയമാണ. കുടുംബത്തില്‍ സന്തോഷം ഉണ്ടാവണമെങ്കില്‍ നീ വിചാരിക്കണം.  നിങ്ങളുടെ മകന്റെ വാശികള്‍ക്കും കടും പിടുത്തങ്ങള്‍ക്കും ഒപ്പം മിണ്ടാതെ സഹിച്ചു പോവാന്‍ ഒരു പക്ഷേ നിങ്ങള്‍ റെഡി ആയിരിക്കും. അതുപോലെ സഹിക്കാന്‍ വേറൊരു വീട്ടില്‍ നിന്ന് വന്ന, സ്വന്തമായി അഭിപ്രായങ്ങളുള്ള ഒരു പെണ്ണിന് എത്ര നാള്‍ കഴിയും ? 

നിങ്ങള്‍ ആണുങ്ങള്‍ ആലോചിച്ചിട്ടുണ്ടോ നിങ്ങളുടെ വീട്ടുകാരെ വിട്ടു വേറൊരു വീട്ടില്‍ ചെന്ന് കേറി, നിങ്ങളുടെ പഴയ ജീവിത രീതികള്‍ എല്ലാം ഉപേക്ഷിച്ച വേറൊരാളായി ജീവിക്കേണ്ടി വരുന്നതിനെ കുറിച്ച് ? 

ഇവരെ പോലുള്ള സ്ത്രീകള്‍ തന്നെയല്ലേ സ്വാതന്ത്ര്യ ബോധമുള്ള മറ്റൊരു സ്ത്രീക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

ഇല്ല, നിങ്ങള്‍ക്കത് കഴിയില്ല. അത് സ്ത്രീകള്‍ക്ക് മാത്രമായി കിട്ടിയിരിക്കുന്ന ഒരു വരദാനമാണ്. മാറ്റങ്ങളെ പെട്ടെന്ന് അംഗീകരിക്കുക. അല്ലെങ്കില്‍ അംഗീകരിക്കുന്നത് പോലെ അഭിനയിക്കുക. സ്വന്തം വീട്ടില്‍  അച്ഛനമ്മമാരെ കാണാന്‍ പോകാന്‍ പലരോടും അനുവാദം ചോദിച്ചു കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്? ഇല്ല, നിങ്ങള്‍ക്കതറിയില്ല. ഇഷ്ടമുള്ളിടത്ത് പോവാനും നിങ്ങളുടെ സുഹൃത്തുക്കളുടെ കൂടെ ഒരു സായാഹ്നമോ ഒരു രാത്രിയോ ആസ്വദിക്കാനും നിങ്ങളെ ആരെങ്കിലും സ്ഥിരമായി വിലക്കിയിട്ടുണ്ടോ? നിങ്ങള്‍ക്ക് തോന്നുന്നത് എഴുതാനും അത് എവിടെ വേണമെങ്കിലും വിളിച്ചു പറയാനും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുണ്ടോ? 

വിവാഹിതയായ ഒരു സ്ത്രീ തുറന്ന് എഴുതിയാല്‍ സമൂഹം അവളെ എന്ത് വിളിക്കും? സോഷ്യല്‍ മീഡിയയില്‍ നിങ്ങളവരെ പൊങ്കാലയിട്ടു സ്വീകരിക്കില്ലേ? കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് പറയില്ലേ ? അതെ, അതുകൊണ്ടു തന്നെ അവള്‍ ഭയക്കുന്നു . അവള്‍ക്കിഷ്ടമുള്ളത് പറയാന്‍, എഴുതാന്‍, പങ്കു വെക്കാന്‍ അവള്‍ ഭയക്കുന്നു . നിങ്ങളെന്ന സമൂഹത്തെ. അത് ഇല്ലായിരുന്നെങ്കില്‍ ഇവിടെ എത്രയോ മാധവിക്കുട്ടിമാരുണ്ടായേനെ. അങ്ങനെയുള്ള ഒരുപാട് കൊച്ചു മാധവിക്കുട്ടിമാരെ എനിക്കറിയാം. 

ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിച്ചാല്‍, ആണ്‍ സുഹൃത്തുക്കളുടെ കൂടെ പുറത്തു പോയാല്‍, അപരിചിതരോട് ചിരിച്ചു സംസാരിച്ചാല്‍ , യാത്രകള്‍ ചെയ്താല്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു പെണ്ണ് ജീവിതം ഒരാണിനെ പോലെ തന്നെ ആസ്വദിച്ചാല്‍ അത് മഹാപാപം! അവള്‍ തന്റേടി. അഹങ്കാരി. കുടുംബത്തില്‍ പിറക്കാത്തവള്‍. സര്‍വോപരി വേശ്യ. അവള്‍ ചീത്ത പെണ്ണായതു കൊണ്ട് അവളെ എന്തും പറയാനും ചെയ്യാനും  ലൈസന്‍സ് തങ്ങള്‍ക്കുണ്ടെന്നും ചിലര്‍ വിശ്വസിക്കുന്നു. അതവളുമാര്‍ ചോദിച്ചു വാങ്ങിയതല്ലേ എന്നുള്ള ഭാവം .

ഇപ്പോള്‍ നിങ്ങളില്‍ ചിലര്‍ പറയുമായിരിക്കും, ഞാനെന്റെ ഭാര്യയെ പൊന്നു പോലെയാണ് നോക്കുന്നത് എന്ന്. ആയിരിക്കാം, അതിലവള്‍ സന്തോഷിക്കുന്നുമുണ്ടാവാം. ഒരു കഥ കേട്ടിട്ടില്ലേ, സ്വര്‍ണ കൂട്ടിലെ തത്തയുടെ കഥ. എത്ര തന്നെ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചാലും എത്ര തന്നെ തേനും പാലും ഒഴുക്കിയാലും തത്തക്കുള്ളില്‍ സങ്കടമാണ്. കാരണം പാരതന്ത്ര്യം. നമ്മളൊരാളെ സ്‌നേഹിക്കുമ്പോള്‍  അയാളെ സ്വതന്ത്രരാക്കുക, അതാണ് അയാളോടുള്ള ഏറ്റവും വലിയ സ്‌നേഹപ്രകടനം. ഞാന്‍ ഉറപ്പ് പറയുന്നു, അയാള്‍ പെണ്ണായാലും ആണായാലും നിങ്ങളെ ചത്താലും വിട്ടു പോവില്ല. എത്രയൊക്കെ ദൂരെ പോയാലും തിരിച്ചു വരും. അവിടെ സ്‌നേഹം ഒരിക്കലും അഭിനയമല്ല. യാഥാര്‍ഥ്യമാണ. അതുകൊണ്ട്  തന്നെയാണ് ഇന്നത്തെ യുവത്വം വിവാഹത്തിന് മേല്‍ ലിവിങ് ടുഗെതര്‍ തിരഞ്ഞെടുക്കുന്നതും. അവിടെ ബന്ധനങ്ങള്‍ കുറവാണ്, വ്യക്തി സ്വാതന്ത്ര്യം കൂടുതലും .

ഈയിടെ ഒരു പ്രശസ്ത എഴുത്തുകാരിയുടെ ഫേസ്ബുക് പോസ്റ്റില്‍ കണ്ട കമെന്റുകള്‍ വായിച്ചപ്പോള്‍ കഷ്ടം തോന്നി. അവര്‍ എഴുത്തില്‍ നിന്നും ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. അതിനുള്ള കാരണവും അവര്‍ പറഞ്ഞിരുന്നു. കുടുംബത്തിന്റെ കാര്യങ്ങളിലും ജോലിയിലും കൂടുതല്‍ സമയം വേണമെന്ന അവസ്ഥയായതു കൊണ്ട് അവര്‍ കുറച്ചു നാള്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവ് ആയിരിക്കില്ല എന്ന്. കുടുംബത്തിന്റെ കൂടെയുള്ള സന്തോഷകരമായ ഒരു ചിത്രം ഇടക്ക് പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന ഒന്ന് രണ്ടു കമന്റുകള്‍ ഇങ്ങനെ ആയിരുന്നു. 'ഇതുപോലെ വീട്ടുകാര്യങ്ങള്‍ നോക്കി ഇരുന്നാ പോരെ നിങ്ങള്‍ക്ക്'എന്ന്. ആ ഫോട്ടോയില്‍ അവര്‍ക്കുള്ളതിനേക്കാള്‍ സന്തോഷമാണ് ഇത് പോലുള്ളവര്‍ക്ക്. 

സ്വാതന്ത്ര്യം കൊടുക്കാഞ്ഞിട്ട് അവളിങ്ങനെ, അപ്പോള്‍ സ്വാതന്ത്ര്യം കൊടുത്താലത്തെ അവസ്ഥയോ എന്ന് ചോദിക്കുന്നവരോട് ഒരു കാര്യം പറയട്ടെ ? ഒരിക്കല്‍ സ്‌നേഹത്തോടൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടെ ചേര്‍ത്തു കൊടുത്തു നോക്കു. അപ്പോളറിയാം വ്യത്യാസം. അത് നിങ്ങള്‍ അനുഭവിച്ചു തന്നെ അറിയണ. പെണ്ണിനെ മനസ്സിലാക്കാന്‍ ഒരിക്കലുമാവില്ല എന്ന് പറയുന്ന നിങ്ങള്‍ തന്നെ അന്ന് അഭിമാനത്തോടെ പറയും ഞാനെന്റെ പെണ്ണിനെ മനസ്സ് തൊട്ടറിഞ്ഞു, അവള്‍ എന്റേത് മാത്രമാണെന്ന്!

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!
 

Follow Us:
Download App:
  • android
  • ios