Asianet News MalayalamAsianet News Malayalam

അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

Women marriage family debate Nisha Sainu
Author
Thiruvananthapuram, First Published Sep 4, 2017, 1:49 PM IST

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

Women marriage family debate Nisha Sainu

'വിവാഹം സ്വര്‍ഗത്തില്‍ വച്ച് തീരുമാനിക്കുന്നു, ഭൂമിയില്‍ സാക്ഷാത്കരിക്കുന്നു' എന്ന പഴയ ചൊല്ലിന് ഇപ്പോള്‍ ഒരു എഡിറ്റിംഗ് വേണ്ടി വന്നത് പോലെ ആണ് കാര്യങ്ങള്‍. വിവാഹം സ്വര്‍ഗത്തില്‍ വച്ച് തീരുമാനിക്കുന്നു, ഭൂമിയില്‍ സാക്ഷാത്കരിക്കുന്നു, നരകത്തില്‍ അവസാനിക്കുന്നു!'

വിവാഹ ശേഷം ഒരു 50% സ്ത്രീകളും നരക ജീവിതം തന്നെ ആണ് നയിക്കുന്നത്. 

സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സ്വന്തം വീടും വിട്ട് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും നെഞ്ചിലേറ്റി ആണ് ഓരോ പെണ്‍കുട്ടിയും പുതിയ ജീവിതത്തിലേക്ക് വലത് കാല്‍ വച്ച് കടന്ന് ചെല്ലുന്നത്. അവളെ സംബന്ധിച്ച് തികച്ചും അപരിചിതമായ ചുറ്റുപാട് ആണ് ഭര്‍തൃഗൃഹം.അവിടെ ഒന്ന് അഡ്ജസ്റ്റഡ് ആകാന്‍ ഉള്ള സമയം പോലും മിക്ക വീടുകളിലും ഒരു പെണ്ണിന് ശരിക്കും ലഭിക്കാറില്ല എന്നതാണ് വാസ്തവം. അതിനു മുന്‍പ് തന്നെ അവള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും കുറ്റവും കുറവും കണ്ടു പിടിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന പ്രവണത പല കുടുംബങ്ങളിലും ഇന്നും ഉണ്ട്.

ഒരു ചെടി ഒരു സ്ഥലത്തു നിന്ന് നമ്മള്‍ പറിച്ചു നട്ടാല്‍ പോലും അതിനു ഒന്ന് വേരുറപ്പിച്ചു വളര്‍ന്നു വരാന്‍ കുറച്ചു സമയം നമ്മള്‍ കൊടുക്കാറില്ലേ?

ഇന്നലെ വരെ സ്വന്തം ഇഷ്ടത്തിന് സ്വാതന്ത്ര്യത്തോടെ ചെയ്തു വന്ന കാര്യങ്ങളില്‍ മറ്റൊരാളുടെ കൈകടത്തല്‍. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അത് സ്‌നേഹത്തിന്റെ കൂടുതല്‍ കൊണ്ടാണ് എന്നോര്‍ത്തു സന്തോഷത്തോടെ അംഗീകരിക്കും എല്ലാവരും. പക്ഷേ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിലോ ഇഷ്ടമുള്ള രീതിയില്‍ മുടി വെട്ടുന്നതിലോ സുഹൃത്തുക്കളോട് സംസാരിക്കുന്നതിലോ എന്തിനേറെ രാവിലെ ഇഷ്ടത്തോടെ ഒരല്‍പ സമയം കൂടുതല്‍ ഉറങ്ങുന്നതിലോ പോലും 'നോ' കേള്‍ക്കേണ്ടി വരുമ്പോള്‍ ഓരോ സ്ത്രീക്കും ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കുടുംബ ജീവിതത്തിന്റെ താളം തെറ്റലിന് തുടക്കം കുറിക്കുന്നു.

സ്ത്രീകളോട് സമ്മതം ചോദിച്ചിട്ടാണോ ഓരോ പുരുഷനും വസ്ത്രം വാങ്ങുന്നതും മുടി വെട്ടുന്നതും സുഹൃത്തുക്കളോട് മിണ്ടുന്നതും മറ്റും? വിവാഹ ശേഷം പുരുഷനും സ്ത്രീക്കും എന്തിനാണ് രണ്ടു നിയമം? ആണിന് വിവാഹ ശേഷം കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുകയും പെണ്ണിന് അടിമത്തവും. അത് നീതി അല്ല. 

സ്ത്രീകളോട് സമ്മതം ചോദിച്ചിട്ടാണോ ഓരോ പുരുഷനും വസ്ത്രം വാങ്ങുന്നതും മുടി വെട്ടുന്നതും?

സ്ത്രീകള്‍ വീട്ടുപണികള്‍ മാത്രം ചെയ്യുകയും പുരുഷന്‍ പണിക്കു പോയി വീട്ടാവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തിരുന്ന പഴയ കാലഘട്ടത്തിലെ അതേ കുടുംബ നീയമങ്ങള്‍ തന്നെ ഇന്നത്തെ തലമുറയിലും നടപ്പാക്കാന്‍ നോക്കരുത്. ആണും പെണ്ണും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്ന ഇന്നത്തെ തലമുറയിലെ ആണും പെണ്ണും തുല്യരാണ്. വീട്ടു ജോലികളില്‍ ഇരുവരും പരസ്പരം താങ്ങായി നില്‍ക്കണം. കായികബലം സ്ത്രീകളെ അപേക്ഷിച്ചു പുരുഷനാണ് കൂടുതല്‍ എന്നിരിക്കെ ഓഫീസ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീ തന്നെ വീട്ടിലെ മുഴുവന്‍ പണികളും ചെയ്യണം എന്ന് ശഠിക്കുന്നത് എന്തിനാണ്?

കുടുംബജീവിതത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീക്കും അഭിപ്രായ സ്വാതന്ത്ര്യം കിട്ടുന്നില്ല. 'അത് നീ അറിയേണ്ടതല്ല' എന്ന് പറഞ്ഞ് ഒരു കുടുംബ കാര്യത്തിലും പെണ്ണിനെ മാറ്റി നിര്‍ത്താതെ ഇരിക്കുക. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വില ഉണ്ട് എന്നുള്ള ഒരു ചെറിയ തോന്നല്‍ ഓരോ പെണ്ണിനും നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.. 

കുടുംബത്തില്‍ പാലിക്കേണ്ട അതിരുകള്‍ സ്ത്രീക്കും പുരുഷനും തുല്യം ആയിരിക്കണം. ഒരു കാര്യം ഒരാള്‍ ചെയ്യുമ്പോള്‍ ശരിയും മറ്റേയാള്‍ ചെയ്യുമ്പോള്‍ തെറ്റും ആവരുത്. അങ്ങനെ ചെയ്യരുത്.  ഇങ്ങനെ ചെയ്യരുത് എന്ന് ഭാര്യക്ക് നിര്‍ദ്ദേശം കൊടുക്കുന്ന കാര്യങ്ങള്‍ ഭര്‍ത്താവും ചെയ്യാതെ ഇരിക്കുക. 

ഈയിടെ കണ്ട 'രാമന്റെ ഏദന്‍ തോട്ടം' എന്ന സിനിമയിലെ എല്‍വിസ് എന്ന ഭര്‍ത്താവാണ് ഇപ്പോള്‍ ഉള്ള ഒട്ടു മിക്ക ഭര്‍ത്തക്കന്‍മാരും. അപ്പോള്‍ ഭാര്യമാര്‍ രാമനെ പോലുള്ള മനസ്സറിയുന്ന സുഹൃത്തുക്കളെ തേടി പോകുന്നതില്‍ അത്ഭുതം ഇല്ല. പെണ്ണുങ്ങളെ വഷളാക്കാന്‍ ഉള്ള സിനിമ എന്നാണ് പല പുരുഷ കേസരികളും ആ സിനിമയെക്കുറിച്ച് പറഞ്ഞത്. പക്ഷേ പെണ്ണിന്റെ മനസ്സറിഞ്ഞ സിനിമ എന്ന് ആ സിനിമയെ വിശേഷിപ്പിക്കാന്‍ ആണ് എനിക്കിഷ്ടം. നായകന്‍ ഭാര്യയെ പറ്റിച്ചു വേറെ പെണ്ണിന്റെ പിറകെ പോയാല്‍ അത് ഹീറോയിസം.നായിക ഒരു പുരുഷ സുഹൃത്തിനെ കണ്ടെത്തിയാല്‍ അത് അവിഹിതം. എന്ത് വിരോധാഭാസം. ഇത് ആ സിനിമയിലെ മാത്രമല്ല. ഇന്നത്തെ സമൂഹത്തിന്റെ തന്നെ കാഴ്ച്ചപ്പാടാണ്.

സ്വന്തം വ്യക്തിത്വത്തിന് വില നല്‍കാത്ത ഇണയോടൊപ്പം ഉള്ള കുടുംബ ജീവിതത്തെക്കാള്‍ നല്ലത് വിവാഹം കഴിക്കാതെ ഒറ്റക്കുള്ള ജീവിതം തന്നെയാണ്. വിവാഹ ശേഷം ഒരു സ്ത്രീക്ക്‌മേല്‍ വെക്കുന്ന അരുതുകള്‍ ഒരു പുരുഷനുമേല്‍ ആയിരുന്നു എങ്കില്‍ അവന്‍ സ്ത്രീ സഹിക്കുന്നത്ര സഹിച്ചു നില്‍ക്കുമായിരുന്നോ?  തന്റെ ശാരീരികവും മാനസികവും ആയ വേദനകള്‍ക്കും വിഷമങ്ങള്‍ക്കും ഇടയില്‍ സ്ത്രീകള്‍ നോക്കുന്ന പോലെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ പുരുഷന്‍ നോക്കി നടത്തുമോ? 

ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്നും ലൈംഗിക സംതൃപ്തിയോ പണമോ സൗകര്യങ്ങളോ മാത്രമല്ല ആഗ്രഹിക്കുന്നത്.

ഒറ്റക്ക് സ്വന്തം ഇഷ്ടങ്ങള്‍ക്ക് കൂട്ടായി പൂര്‍ണ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ക്കു സാധിക്കും. വിവാഹമോ കുടുംബമോ മാത്രമായി ഒതുങ്ങി ജീവിക്കേണ്ട കാര്യം ഇല്ല. തങ്ങളുടെ കഴിവുകള്‍ക്കനുസരിച്ചു ജോലി ചെയ്ത് സമ്പാദിച്ച് സന്തോഷമായി ജീവിക്കാന്‍ ഇന്നത്തെ ലോകത്തില്‍ ഒരു പെണ്ണിന് ഈസിയായി സാധിക്കും. 

ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്നും ലൈംഗിക സംതൃപ്തിയോ പണമോ സൗകര്യങ്ങളോ മാത്രമല്ല ആഗ്രഹിക്കുന്നത്. തനിക്കു വേണ്ടി ഒരല്പം സമയം. തന്റെ ചെറിയ ചെറിയ കഴിവുകള്‍ക്ക് പ്രോത്സാഹനം. ചെയ്തു കൊടുക്കുന്ന ഓരോ കാര്യങ്ങള്‍ക്കും ഇടക്കെങ്കിലും ഒരു നല്ല വാക്ക്. താനും ഭര്‍ത്താവിന്റെ ജീവിതത്തിന്റെ ഭാഗമാണ് എന്ന ഒരു തോന്നല്‍.ഇത്രയൊക്കെ മതി ഒരു പെണ്ണിന് സന്തോഷിക്കാന്‍.

വിവാഹിത ആണ് എന്നത് കൊണ്ട് മാത്രം ഒരു സ്ത്രീയും സാമൂഹിക ചൂഷണങ്ങളില്‍ നിന്നും മുക്ത ആവുന്നില്ല. അവിവാഹിതരായ സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ചു പീഡിപ്പിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നും ഇല്ല. 

അപ്പോള്‍ ഇത്രയേ ഉള്ളു, സ്ത്രീയെ മനസ്സിലാക്കുന്ന, ഭാര്യ ഭാര്യ മാത്രമല്ല പല റോളുകള്‍ ജീവിച്ചു തീര്‍ക്കേണ്ട ഒരു വ്യക്തി ആണ് എന്ന പരിഗണന നല്‍കുന്ന ഒരു പുരുഷനാണ് ഭര്‍ത്താവ് എങ്കില്‍ കുടുംബം സ്ത്രീക്ക് ഒരിക്കലും ഒരു ബാധ്യത ആവില്ല. അല്ലാത്ത പക്ഷം അവള്‍ ആ കെട്ടുപാടില്‍ അകപ്പെടാതെ ജീവിക്കുന്നതാവും ഉത്തമം. അതായത് വിവാഹം വിവാഹമേ വേണ്ടന്ന് വെക്കുന്നത് തന്നെ ആണ് നല്ലത്.

ഒരു സ്ത്രീയുടെ ജീവിത ലക്ഷ്യം ഒരിക്കലും വിവാഹം എന്നത് മാത്രം ആകരുത്. അവള്‍ക്ക് സമൂഹത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട്. വരും കാലം അവളുടെ പേര് ഓര്‍മിക്കും വിധം, ചരിത്രത്തില്‍ രേഖപ്പെടുത്തും വിധം. 

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!
 

Follow Us:
Download App:
  • android
  • ios