Asianet News MalayalamAsianet News Malayalam

'കൊച്ചമ്മ' വിളിയ്ക്ക് പിന്നില്‍ മലയാളി പുരുഷന്റെ പെണ്‍പേടി!

Yacob thomas on Kochamma
Author
Thiruvananthapuram, First Published Jan 6, 2018, 7:01 PM IST

പുല്ലിംഗത്തിന്റെ ഈ നിലവിളിക്ക് ആയുസ്സ് അധികമില്ലെന്നാണ് കാലം പറയുന്നത്. അധീശപുരുഷത്വത്തെ ചെറുക്കുന്ന പലതരം പുരുഷന്മാര്‍ കേരളീയ സമൂഹത്തിന്റെ വിവിധകോണുകളില്‍ ശക്തിയാര്‍ജിക്കുന്നുണ്ട്. ഫെമിനിസ്റ്റ് കൊച്ചമ്മമാരെ ഭയമില്ലാത്ത പുരുഷന്മാര്‍, കീഴടക്കാനും അടിച്ചമര്‍ത്താനും സ്ത്രീകളെ വേണ്ടാത്തവര്‍. ലിംഗമാണ് ആണത്തമെന്നു കരുതുന്നവരെ പെങ്കോന്തന്മാരുടെ ചരിത്രം മറികടക്കട്ടെ. 

Yacob thomas on Kochamma

സാമാന്യനാമങ്ങളെല്ലാം ഓരോ ജാതിക്കാര്‍ക്കും ഓരോന്നായിരിക്കുകയും 'ഞാന്‍', 'അവന്‍' നീ എന്നീ പദങ്ങള്‍ സാര്‍വത്രികമായി പ്രയോഗിക്കുവാന്‍  ഒരിക്കലും സാധ്യല്ലാതിരിക്കുകയും സാര്‍വത്രികമായി പ്രയോഗിക്കാവുന്ന അഭിസംബോധനാപദങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന മലയാളഭാഷ ഒരു സാമൂഹ്യപരിണാമപ്രക്രിയയുടെ ഗര്‍ഭത്തില്‍  കേരളീയ ജാതിസമൂഹശിശുവിന്റെ അവയവങ്ങള്‍ രൂപംകൊള്ളുന്ന കൂട്ടത്തില്‍ രൂപംകൊണ്ട അതിന്റെ ജിഹ്വ മാത്രമാണ് എന്ന പി കെ ബാലകൃഷ്ണന്റെ മലയാള ഭാഷയുടെ രൂപപ്പെടലിനെക്കുറിച്ചുള്ള ചിന്ത  ജനാധിപത്യപരമായ ജീവിതരീതികളെ പ്രകടമാകാത്ത മലയളഭാഷ ജാതിവ്യവസ്ഥയുടെ  സൃഷ്ടിയാണെന്നുള്ളത് ചൂണ്ടിക്കാണിക്കുന്നു. 

കീഴാളര്‍ തങ്ങളുടെ അടിയായ്മയും പഴംമനസിനെയും  വ്യക്തമാക്കുന്ന വിധത്തില്‍ സംസാരിക്കുകയും മേലാളര്‍ തങ്ങളുടെ ആധിപത്യത്തിന്റെ ആക്രോശമായി മറ്റുള്ളതെല്ലാം അശുദ്ധമാണെന്നും അശ്ലീലമാണെന്നും പറയുവാന്‍ ഉയോഗിച്ചിരുന്ന മലയാളഭാഷ, സ്‌ത്രൈണപരമായതെല്ലാം കീഴടങ്ങേണ്ടതോ വിധേയമായിരിക്കുന്നതാണെന്നോ ഉറപ്പിച്ചിരുന്നു.

ശ്രീദേവി എന്ന പേരിന് ഭംഗികൂടിപ്പോയതിനാല്‍ ഇട്ടിച്ചിര എന്നു വിളിച്ചപോന്നിരുന്നു എന്ന വി ടി ഭട്ടതിരിപ്പിടിന്റെ ഓര്‍മകള്‍ നമ്പൂതിരിസമുദായത്തില്‍ സ്‌ത്രൈണതയെ  എങ്ങനെ അടയാളപ്പെടുത്തി എന്നത് വെളിവാക്കപ്പെടുന്നു. വ്യത്യസ്തമായ സാമൂഹികകാലഘട്ടങ്ങളിലെല്ലാം സ്ത്രീയുമായി ബന്ധപ്പെട്ടതെല്ലാം പലരൂപത്തില്‍  അബലത്തത്തിന്റെയും കീഴടങ്ങലിന്റെയും അടയാളങ്ങളാക്കിമാറ്റുന്ന, അല്ലെങ്കില്‍ വ്യക്തിത്വമില്ലാത്ത വിധത്തില്‍ അചേതനത്വം ആരോപിക്കുന്ന ഭാഷാബോധമാണ് നാം പുലര്‍ത്തിയത്. വര്‍ത്തമാനം പറച്ചിലുകളിലും പാണ്ഡിത്യമേഖലകളിലും ഭാഷ അടയാളപ്പെട്ടത് ഇത്തരത്തിലായിരുന്നുവെന്ന് ഏതുകാലത്തെ ഭാഷയുടെ പരിണാമങ്ങളെ പഠിച്ചാലും കാണാം. ജാതിപരമായ ആചാരഭാഷയൊക്കെ ആധുനികത ചോദ്യംചെയ്യുകയും കീഴാളരുടെ മുന്നേറ്റം സാധ്യമാവുകയും ചെയ്യുമ്പോഴും ജനാധിപത്യത്തിന്റെ വ്യാകരണം മലയാളത്തില്‍ ഇനിയും ശക്തമാകേണ്ടുന്ന ഒന്നാണെന്നു കാണാം. കീഴാളമായതിനെയും സ്‌ത്രൈണമായതിനെയും അടിച്ചമര്‍ത്താനും അശ്ലീലമാക്കാനും വെമ്പുന്ന പ്രയോഗങ്ങള്‍ ഇന്നും പൊതുബോധത്തില്‍ ഇടയ്ക്കിടെ പുറത്തുചാടുന്നതുകാണാം. 

'അച്ചിക്കുദാസ്യപ്രവൃത്തിചെയ്യുന്നവന്‍ കൊച്ചിക്കുപോയങ്ങുതൊപ്പിയിട്ടീടേണം' എന്ന കുഞ്ചന്‍നമ്പ്യാരുടെ വിഖ്യാതമായ വരികള്‍ ഒരു കാലത്തെ നായര്‍ പുരുഷ സ്ത്രീസങ്കല്പങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതിലൂടെ അച്ചിയുമായി ബന്ധപ്പെട്ടതെല്ലാം രണ്ടാംകിടയാണെന്നും അതിനു കീഴടങ്ങുന്ന പുരുഷന്‍ ശരിയായ പുരുഷനല്ലെന്നും പറഞ്ഞുറപ്പിക്കുന്നു. അധികാരം പുരുഷനിലേ ആകാവുവെന്നും അത് അച്ചിമാരിലേക്കു മാറ്റപ്പെടുമ്പോള്‍ പുരുഷന്‍ ദാസനാകുന്നുവെന്നും അതംഗീകരിക്കുന്ന പുരുഷന്‍ സമൂഹത്തില്‍നിന്നു പുറത്തുപോകണമെന്നും പറഞ്ഞുറപ്പിക്കുന്ന കവിത അച്ചിക്കു ദാസനാകാത്ത പുരുഷനെ കേന്ദ്രസ്ഥാനത്തു വയ്ക്കുകയാണ്. ഇത്തരത്തില്‍ പെണ്ണിനെ അബലയാക്കുന്ന പ്രത്യയശാസ്ത്രപ്രയോഗങ്ങളാല്‍ സമ്പന്നമാണ് മലയാളസാഹിത്യവും കലകളും.

പെണ്ണിനെ അബലയാക്കുന്ന പ്രത്യയശാസ്ത്രപ്രയോഗങ്ങളാല്‍ സമ്പന്നമാണ് മലയാളസാഹിത്യവും കലകളും.

1.
മൂന്നക്ഷരത്തിലൊതുങ്ങുന്ന, എന്നാല്‍ കേരളസമൂഹത്തില്‍ ലിംഗപരമായ അധികാരബന്ധങ്ങളെ സൂക്ഷ്മമായി പ്രശ്‌നവല്കരിക്കുന്ന പദമാണ് കൊച്ചമ്മ എന്നത്. പ്രകടമായി നോക്കിയാല്‍ കേവലമൊരു സ്ത്രീവിളിപ്പേരോ പരിഹാസ്യദ്യോതകമായ വാക്കോ ഒക്കെയായി തോന്നാവുന്ന കൊച്ചമ്മയ്ക്ക് രണ്ടുനൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുള്ളതായും തോന്നുന്നു. പ്രധാനമായും അഞ്ചുരൂപത്തിലാണ് ഈ പദം വ്യവഹരിച്ചിരുന്നതെന്നുകാണാം. 

ക) ബന്ധസൂചകമെന്നനിലയില്‍. അമ്മയുടെ അനുജത്തി, ചിറ്റമ്മ, കുഞ്ഞമ്മ.

(ഖ) രാജഭരണകാലത്ത് തിരുവതാംകൂറിലെ രാജാക്കന്മാര്‍ ഉയര്‍ന്നജാതി സ്ത്രീകള്‍ക്ക് നല്കിയിരുന്ന ഒരു പദവി എന്നനിലയില്‍. പുരുഷന്മാര്‍ക്ക് തമ്പി, ചെമ്പകരാമന്‍ എന്നീ പദവികള്‍ക്കൊപ്പം. 

(ഗ). മേല്‍സ്ത്രീകളെ   വിളിച്ചിരുന്ന പേര് 

(ഘ). സമ്പന്നവീടുകളിലെ വീട്ടുജോലിക്കാര്‍ വീട്ടമ്മമാരെ വിളിച്ചിരുന്ന സംബോധനാപദം. വീട്ടുജോലിക്കാര്‍ മാത്രമല്ല സമ്പന്നവീടുകളിലെ സ്ത്രീകളെ പോതുവില്‍ വിളിച്ചിരുന്ന പേര്. 

(ങ) കേരളത്തിലെ സുറിയാനി പുരോഹിതരുടെ ഭാര്യമാര്‍ക്ക് നല്കിയിരുന്ന ബസ്‌കിയാമ്മ എന്ന പേരിനൊപ്പം നാട്ടുഭാഷയില്‍ വിളിച്ചിരുന്നത് കൊച്ചമ്മ എന്നാണ്. 

ഇങ്ങനെ വ്യത്യസ്തമായ മാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ പേര് ബന്ധനാമം കവിഞ്ഞാല്‍ എല്ലാംതന്നെ മധ്യവര്‍ഗസ്ത്രീയുടെ സമൂഹത്തിലെ പദവിയെ അടയാളപ്പെടുത്തുന്നു എന്നു കാണാം. രാജാവ് നല്കിയിരുന്ന സ്ഥാനവും മതലാളിമാരുടെ സ്ത്രീകള്‍ക്കു കിട്ടിയിരുന്ന വിളിപ്പേരും ഇതാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിലെ നിലവിലെ സ്ത്രീയവസ്ഥകളില്‍നിന്ന് ഉന്നതലത്തിലുള്ള സ്ത്രീയെ ആണ് കൊച്ചമ്മ കുറിക്കുന്നത്. കൊച്ച് അഥവാ ചെറുത് എന്ന സൂചനയുണ്ടെങ്കിലും അതിനു വിരുദ്ധമായ അര്‍ഥത്തിലാണ് ആ വിളിപ്പേര് പ്രവര്‍ത്തിച്ചത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. 

അമ്മ എന്ന പദം കേരളത്തിലെ സ്ത്രീകളുടെ സവിശേഷമായ ഒരു പദവിയെ കുറിക്കുന്നതാണല്ലോ. മാതൃത്വവുമായി ബന്ധപ്പെട്ട ആ പദം സ്ത്രീയെ പ്രത്യേകമായൊരു പദവിയില്‍ കാണുന്നത് സൂചിപ്പിക്കുന്നു. ഇതൊടൊപ്പം തിരുവതാംകൂറിലെ രാജാക്കന്മാര്‍ തങ്ങളുടെ ഭാര്യ (?)ക്കും ലൈംഗികപങ്കാളികള്‍ക്കും നല്‍കിയിരുന്ന സ്ഥാനമായും അമ്മ (ച്ചി) വരുന്നത് കാണാം. അമ്മവീടുകള്‍ ഇതിന്റെ അടയാളങ്ങളാണ്. ഈ അമ്മയെ കൊച്ച് എന്നതുമായി ബന്ധിപ്പിക്കുന്ന കൊച്ചമ്മ പ്രത്യേകമായൊരു സ്ഥാനത്തെ വെളിപ്പെടുത്തുന്നു. ബന്ധസൂചനയില്‍ ഈ സവിശേഷത ഇല്ലതന്നെ. മറിച്ച് ചെറിയ ആളെന്ന പദവിയാണത്. വലിയമ്മയും മറ്റുമുള്ളിടത്ത് കൊച്ചമ്മ പിന്നിലാവും വരിക.

വീട്ടിലെ വേലക്കാരാണ് കൊച്ചമ്മവിളിയുടെ പിന്നിലുള്ള പ്രധാന ആളുകള്‍

2.        
ചരിത്രത്തില്‍ പലഘട്ടത്തിലും ഈ പേര് കേരളത്തില്‍ പലരൂപത്തില്‍ വന്നിട്ടുള്ളതായിക്കാണാം. നവോത്ഥാനഘട്ടത്തില്‍ കേരളത്തില്‍ ലിംഗബന്ധങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നടന്നപ്പോഴാണ് കൊച്ചമ്മയ്ക്ക് ചില പരിവര്‍ത്തനങ്ങള്‍ സംഭവിച്ചത്. ഫ്യൂഡല്‍കാലത്തുനിന്ന് കേരളം നാണയ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിച്ച ഇക്കാലത്ത് മരുമക്കത്തായം തകരുകയും മക്കത്തായം വരികയും അണുകുടുംബങ്ങള്‍ സാധ്യമാവുകയും ചെയ്തു. നാണയസമ്പദ്‌വ്യവസ്ഥയിലേക്ക് വന്ന കേരളത്തില്‍ മുതലാളിത്ത പ്രവണതകള്‍ പ്രത്യക്ഷപ്പെടുകയും ആധുനിക ഉദ്യോഗസ്ഥ ഭരണ സംവിധാനം രൂപപ്പെടുകയും പുരുഷന്മാരെല്ലാം ഉദ്യോഗസ്ഥന്മാരോ ഗുമസ്ഥന്മാരോ ആവുകയും അതിലൂടെ ശമ്പളം നേടി കുടുംബം നിലനിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. 

സ്ത്രീകള്‍ക്ക് പറ്റിയ ഇടം വീടാണെന്നും സ്ത്രീ ഗൃഹചക്രവര്‍ത്തിനിയും വീടിന്റെ വിളക്കാണെന്നും വ്യവഹരിച്ച് വീടിനെ പരിപാലിക്കുന്നതില്‍ പ്രകൃതിദത്തമായി ശേഷിയുള്ളവളാണ് പെണ്ണെന്നു നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം പ്രഖ്യാപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്മാരുടെയും മുതലാളിമാരുടെയും വീടിന്റെ അകത്തിരിക്കേണ്ടിവന്ന സ്ത്രീകള്‍ക്ക് പൊതുവില്‍ കിട്ടുന്നു കൊച്ചമ്മയെന്ന വിളിപ്പേര്. ഇവിടെ അവളുടെ സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന ഭര്‍ത്താവിന്റെ ഉയര്‍ന്ന വര്‍ഗപവിയോട് ചേര്‍ന്നു നില്ക്കുന്ന പദവിയെയാണ് കുറിക്കുന്നത്. ഇവിടെ പുരുഷനെ പൊതുവില്‍ വിളിച്ചിരുന്നത് മുതലാളി എന്നാണ് (അപൂര്‍വമായി യജമാനന്‍ എന്നും). ഉദ്യോഗസ്ഥനാണെങ്കില്‍ സാര്‍ എന്നും. നാട്ടിന്‍പുറത്തും നഗരത്തിലും സാമ്പത്തികമായി അല്‍പം ഉയര്‍ന്നവരുടെ വീട്ടിലെ സ്ത്രീകളെയെല്ലാം കൊച്ചമ്മ എന്ന വിശേഷണം മൂടുന്നു.  സാമ്പത്തികമായി വളര്‍ന്ന, അല്‍പം കാശുള്ള ആളെന്ന സൂചനയാണിവിടെ പ്രധാനമായും. എന്നാലതില്‍ പിന്നീട് ലൈംഗികമായ സൂചനകളും വന്നുചേരുന്നുണ്ട്.

വീട്ടിലെ വേലക്കാരാണ് കൊച്ചമ്മവിളിയുടെ പിന്നിലുള്ള പ്രധാന ആളുകള്‍. ഇത്തരത്തിലൊരു കൊച്ചമ്മാരുടെ കഥ കേശവദേവ് എഴുതിയിട്ടുണ്ട് മലക്കറിക്കാരി എന്ന പേരില്‍. തിരുവനന്തപുരത്തെ വലിയ ഉദ്യോഗസ്ഥന്മാര്‍ താമസിക്കുന്ന വീടുകളില്‍ പച്ചക്കറി വിലിക്കുന്ന നാരായണി എന്ന സ്ത്രീയുടെ കഥയാണ്. താന്‍ സാധനം വില്‍ക്കാന്‍ പോകുന്ന വീടുകളിലെ സ്ത്രീകളെയെല്ലാം കൊച്ചമ്മ എന്നാണ് അവള്‍ വിളിക്കുന്നത്. 'വിലയെല്ലാം പിന്നെ പറയാം കൊച്ചമ്മാ. ഇതങ്ങോട്ടു എടുത്തുവെക്കാന്‍ പറയണം'- ഇതാണവളുടെ സംഭാഷണരീതി.  കഥയിലെ എല്ലാം സംഭാഷണത്തിലും ഒരു കൊച്ചമ്മ വിളികാണും. 'കിട്ടാന്‍ വലിയ പാടാ കൊച്ചമ്മാ'. ....''അല്ലെങ്കിലൊരു കാര്യം ചെയ്യാം കൊച്ചമ്മാ'...എന്നിങ്ങനെ. 

ഇവിടെ കൊച്ചമ്മ വിളി വിളിക്കുന്ന ആളിന്റെ സാമൂഹ്യപദവിയുടെ താഴ്ന്ന നിലയും വിളിക്കപ്പെടുന്ന സ്ത്രീകളുടെ ഉയര്‍ന്ന നിലയും വ്യക്തമാക്കുന്നു. കേരളത്തിലെ വീടുകളിലെ വേലക്കാരും മറ്റും ഇന്നും കീഴാളരാണല്ലോ.  പുരുഷനെ മുതലാളി എന്നോ സാര്‍ എന്നോ വിളിക്കുമ്പോഴുള്ള അതേ മേല് കീഴ് വ്യത്യാസം ഇവിടെയും സംഭവിക്കുന്നു. സ്ത്രീകളും പുരുഷന്മാരും കൊച്ചമ്മ എന്നാണ് വിളിക്കുക. മുതലാളിമാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നൊക്കെ പോലെ  കൊച്ചമ്മമാര്‍ എന്നൊക്കെയുള്ള വ്യവഹാരങ്ങള്‍ ഇതിലൂടെ രൂപപ്പെടുന്നു. 

നവോത്ഥാനം നാണയസമ്പദ്‌വ്യവസ്ഥയും ആധുനിക വിദ്യാഭ്യാസവും  അതിന്റെ ഉദ്യോഗസ്ഥ സംസ്‌കാരവും സൃഷ്ടിച്ചപ്പോള്‍ പരിഷ്‌കാരം ജനിച്ചു. ഫ്യൂഡല്‍പാരമ്പര്യങ്ങളില്‍ നിന്നു ഭിന്നമായ ജീവിതരീതികളെ സ്ത്രീ പുരുഷന്മാര്‍ ആവിഷ്‌കരിച്ചപ്പോഴാണ് പഴമക്കാര്‍ പരിഷ്‌കാരം എന്നു പറഞ്ഞതിനെ പുച്ഛിച്ചതും വിമര്‍ശിച്ചതും. പുതിയ രീതിയുള്ള വേഷവിധാനങ്ങളും പെരുമാറ്റരീതികളും ഇംഗ്ലീഷ് ജീവിതാഭിരുചികളുമാണതിന്റെ കാതല്‍.  പൊതുവില്‍ എല്ലാത്തരം പരിഷ്‌കാരങ്ങളും വിമര്‍ശിക്കപ്പെട്ടെങ്കിലും സ്ത്രീകളുടെ ഇടയിലെ പരിഷ്‌കാരങ്ങളാണ് ഏറെ ചെറുക്കപ്പെട്ടത്. ഇംഗ്ലീഷ് വിദ്യാഭ്യാസമൊക്കെ പ്രചാരത്തിലായപ്പോള്‍ പാരമ്പര്യം അതിനെ അംഗീകരിച്ചതുതന്നെ പുതിയ വിദ്യാഭ്യാസം നേടിയ പുരുഷന്മാര്‍ക്ക് ഭാര്യമാരായി ഈ സ്ത്രീകളെ മാറ്റാം എന്ന ചിന്തയിലായിരുന്നു. പുതിയ രീതിയില്‍ വീടുപരിപാലിക്കുവാനും കുട്ടികളെ നോക്കുവാനും സഹായം എന്ന മട്ടില്‍. എന്നാല്‍ ഈ പരിഷ്‌കാരം സ്തീകള്‍ക്കിടയില്‍ ചലനങ്ങളുണ്ടാക്കുകയും ചെറിയൊരു പങ്ക് സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ഉദ്യോഗത്തിനൊക്കെ പോവുകയും ചെയ്തു.  സ്‌കൂള്‍ അധ്യാപകരായും സെക്രട്ടറിമാരായും പലരും കടന്നുകൂടി. പുരുഷന്മാരുടെ മേഖലയില്‍ വന്ന ഇവര്‍ക്ക് ആദ്യമൊക്കെ പുരുഷന്മാരുടെ വിളിപ്പേരുതന്നെയാണ് ലഭിച്ചത്. അധ്യാപകരായ സ്ത്രീകളെയും ആദ്യകാലത്ത് സാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീടാണ് ടീച്ചറും മിസും വരുന്നത്. ഇവിടെയാണ് പുതിയ കൊച്ചമ്മ വിളി കടന്നുവന്നത്. പോലീസിലൊക്കെ പ്രവേശിച്ച സ്ത്രീകളെ ഇന്‍സ്‌പെക്ടര്‍ കൊച്ചമ്മയെന്നാണ് വിളിച്ചിരുന്നത്. 

നവോത്ഥാനകാല എഴുത്തുകാരനായ ഇ വി കൃഷ്ണപിള്ള ഇത്തരമൊരു പെണ്‍പോലീസും പ്രതിയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ എഴുതുന്നു: 'പൊന്ന് ഇന്‍സ്‌പെക്ടര്‍ കൊച്ചമ്മ, വേണമെങ്കില്‍ ഇരുമ്പുകമ്പി ചുട്ടുപഴുപ്പിച്ചു കണ്ണില്‍ കുത്തിയിറക്കിക്കൊള്ളണം. ആ മുഖംകൊണ്ട് ചുംബനം തരല്ലേ..'

സ്ത്രീകളൊക്കെ പോലീസുപോലെയുള്ള തൊഴില്‍ മേഖലകളിലേക്ക് കടന്നുവന്നതിനെ അപഹസിക്കുന്ന പ്രസ്തുതലേഖനത്തിലെ ഈ ഭാഗം ചില സൂചനകള്‍ നല്‍കുന്നുണ്ട്. അത് മുതലാളിയുടെ ഭാര്യയായ കൊച്ചമ്മയുടെ മറ്റൊരു തലമാണ്. ഉദ്യോഗസ്ഥത്വംകൊണ്ടും സാമ്പത്തിക ശേഷികൊണ്ടും ഉയര്‍ന്നതലത്തില്‍ നില്‍ക്കുന്ന സ്ത്രീ എന്നതാണ് ഇവിടെ കാണുന്നത്. ഉദ്യോഗസ്ഥതലത്തിലെ ഉയര്‍ന്നവരെയാണ് സ്ത്രീ പുരുഷ ഭേദമെന്യേ ബഹുമാനാര്‍ഥം മാഡമൊക്കെ വരുന്നതിനുമുന്നേ കൊച്ചമ്മ എന്നു വിളിച്ചിരുന്നത്. ഇവിടെയും വിളിക്കുന്ന ആളിന്റെയും വിളിക്കപ്പെടുന്ന വ്യക്തിയുടെയും സാമൂഹിക പദവി വ്യത്യാസം വളരെക്കൂടുതലാണ്. സുപ്രണ്ടുകൊച്ചമ്മ എന്ന പറച്ചിലും പലയിടത്തും നിലനിന്നിരുന്നു. ചുരുക്കത്തില്‍ സ്ത്രീയുടെ (ചെറിയതായ)അധികാരത്തെ അടയാളപ്പെടുത്തുന്ന വിളിപ്പേരായിട്ട് കൊച്ചമ്മ നവോത്ഥാനകാലത്ത് മാറുന്നുണ്ട് എന്നു സാരം. 

സ്ത്രീയുടെ  അധികാരത്തില്‍ ലൈംഗികാധികാരവും ഉണ്ടെന്നുള്ള ഭീതി വ്യവഹരിക്കപ്പെട്ടിരുന്നു.

3. 
ഇത്തരത്തില്‍ പാശ്ചാത്യപരിഷ്‌കാരം സ്ത്രീകളെ മാറ്റിയെടുത്തപ്പോള്‍, വീടിനുള്ളിലും സമൂഹത്തിലും ലിംഗപരമായ അധികാരബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ കടന്നുവന്നപ്പോള്‍ മിക്ക മേല്‍ജാതിബുദ്ധിജീവികളും അതിനെ അസ്വസ്ഥതയോടെയാണ് കണ്ടത്. അങ്ങനെയാണ് പെണ്ണ് പെണ്ണിന്റെ സ്ഥാനത്തിരിക്കണമെന്നും സ്ത്രീക്ക് പുരുഷനില്‍നിന്നു ഭിന്നമായ സ്‌ത്രൈണതയുണ്ടെന്നും വാദങ്ങള്‍ അക്കാലത്ത് ഉച്ചത്തില്‍ ഉയര്‍ത്തിയത്. ഉയര്‍ന്ന വീടുകളിലെ ഭാര്യമാര്‍ കൊച്ചമ്മമാരായി വീടും ഭര്‍ത്താവിനെയും പാശ്ചാത്യമായ സ്ത്രീവാദത്തിന്റെ അടിസ്ഥാനത്തില്‍ ഭരിക്കുകയാണെന്ന ചിന്ത ഇക്കാലത്ത് പ്രബലപ്പെടുന്നതുകാണാം. കൊച്ചമ്മ എന്ന പദം ഇവിടെ മറ്റൊരര്‍ഥത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. 

ഭര്‍ത്താവിനെ ഭരിച്ച് ഭര്‍ത്താവിനെ ഭാര്യയാക്കുന്ന ഭീകരരൂപിണികളായ സ്ത്രീകളെന്ന മട്ടിലാണ് ഈ കൊച്ചമ്മമാര്‍ ഇക്കാലത്തെ സാഹിത്യവ്യവഹാരങ്ങളില്‍ കടന്നുവരുന്നത്. ഈ വി കൃഷ്ണപിള്ള 1937ല്‍ എഴുതിയ കള്ളപ്രമാണം എന്ന പ്രഹസനത്തില്‍ മദ്രാസിലെ ജോലിയൊക്കെ മതിയാക്കി ശേഷജീവിതം നാട്ടില്‍ കഴിക്കുവാന്‍ വന്ന ദാമോദരന്‍ നായരുടെ ഭാര്യ സരോജിനിയമ്മ വേലക്കാരായ പപ്പുശാര്‍ക്കും കൂട്ടര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍, പപ്പുശാര്‍ പറയുന്നു, മദിരാശിയില്‍ ആയാലും ഏതു ഭൂലോകത്തായാലും കൊച്ചമ്മമാര്‍ എല്ലാം ഇവിടുള്ള കൊച്ചമ്മമാര്‍ തന്നെ. കണ്ടില്യോ ഘേസരു ചക്രവര്‍ത്തിയെപ്പോലെ അങ്ങുന്നിന്റെ തലയ്ക്കുമീതെ എടുക്കുന്ന അധികാരങ്ങള്... 

വീടിന്റെ തലവനെന്നു പറയുന്ന ഭര്‍ത്താവിനെ കടന്ന് ഭാര്യ അധികാരം നല്കുന്നതിലെ അസ്വസ്ഥതയാണ് ഇവിടെ പുറത്തചാടുന്നത്. കൈസര്‍ ചക്രവര്‍ത്തിയെപ്പോലെ എന്ന പരാമര്‍ശം ശ്രദ്ധേയം. അവിടെയാണ് കൊച്ചമ്മമാര്‍ സൃഷ്ടിക്കപ്പെടുന്നത്. കൊച്ചമ്മ എന്ന വിളിക്ക് സവിശേഷമായ ചില അധികാരങ്ങളെ സൂചിപ്പിക്കുന്നു എന്നതാണ് ഇതര്‍ഥമാക്കുന്നത്. പുരുഷനെപ്പോലെ അധികാരം പ്രകടിപ്പിക്കുന്നവള്‍ അഥവാ പുരുഷനെ ഭരിക്കുന്നവള്‍ എന്നതാണ് ഇവിടെ കൊച്ചമ്മയിലൂടെ വിവക്ഷിക്കപ്പെടുന്നത്. സ്ത്രീയുടെ കീഴില്‍ ഗുമസ്തന്മാരായി പ്രവര്‍ത്തിക്കുവാന്‍ പല പുരുഷന്മാരും ഇഷ്ടപ്പെട്ടിരുന്നില്ലെന്നതിന്റെ ചില ഉദാഹരണങ്ങള്‍ കെ കല്യാണിക്കുട്ടിയമ്മ (മിസിസ് കുട്ടന്‍ നായര്‍) തന്റെ ആതളമ്കഥയില്‍ പറയുന്നുണ്ട്. അവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ഇരുന്നപ്പോള്‍ പ്യൂണായ ഒരാള്‍ തന്റെ അധികാരത്തെ ഇഷ്ടമില്ലാഞ്ഞ് ഓഫീസില്‍ ചില അക്രമങ്ങള്‍ കാണിച്ചതായും അയാളെ സസ്‌പെന്‍ഡ് ചെയ്തതായും അവര്‍ പറയുന്നു. സ്ത്രീയുടെ  അധികാരത്തില്‍ ലൈംഗികാധികാരവും ഉണ്ടെന്നുള്ള ഭീതി വ്യവഹരിക്കപ്പെട്ടിരുന്നു.

ഇത്തരത്തില്‍ അക്കാലത്തു കൊച്ചമ്മ സംസ്‌കാരത്തെ കളിയാക്കുന്നതിന് നിരവധി നാടകങ്ങളും കവിതകളുമൊക്കെ  എഴുത്തുകാര്‍ എഴുതിയിരുന്നു. അതിലൂടെ അധികാരം കാണിക്കാത്ത ഭര്‍ത്താവിനെ അനുസരിക്കുന്നവളാണ് നല്ല ഭാര്യ/ സ്ത്രീയെന്ന ആശയം ആവര്‍ത്തിച്ചിരുന്നു. പരിഷ്‌കാരവും പാരമ്പര്യവും തമ്മില്‍ നടന്ന സംഘട്ടനത്തിലെ കാതലായ ഭാഗം ഇതാണെന്നും കാണാം. 

ഇവിടെയാണ് സ്ത്രീയുടെ അധികാരത്തെ കളിയാക്കുന്ന, അവളുടെ അധികാരമെല്ലാം നിഷ്പ്രയോജനമാണെന്ന ആശയങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. സി വി രാമന്‍പിള്ളയുടെ കുറപ്പില്ലാക്കളരി, ഈ വിയുടെ പെണ്ണരശുനാട്  പോലുള്ള പ്രഹസനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് പെണ്ണിന്‍െഞ അധികാരം അധികാരമല്ലെന്നും അവളുടെ മേഖല അടുക്കളയാണെന്നും പറയാനാണ്. പാശ്ചാത്യ ആശയങ്ങളും പേറി ഭര്‍ത്താവിനെയോ മറ്റോ ഭരിച്ചുകളയാമെന്ന ചിന്ത സ്ത്രീയുടെ സ്‌ത്രൈണതയെ നശിപ്പിക്കുന്നതാണെന്നും അതിനാല്‍ കൊച്ചമ്മസംസ്‌കാരം അപകടമാണെന്നും ഈവക സാഹിത്യങ്ങള്‍ പഠിപ്പിച്ചു. നവോത്ഥാനകാലത്ത് ഇത്തരം ആശയങ്ങളുടെ ഒരധോലോകംതന്നെ ഉണ്ടായിരുന്നതായും കാണാം. അങ്ങനെ പെണ്ണെന്നാല്‍ അധികാരരഹിതയാണെന്നു പറയാനാണ് സാമൂഹിക വ്യവഹാരങ്ങളെല്ലാം ശ്രമിച്ചത്. മണ്‍ചിറ ചിറയല്ലെന്നും പെണ്‍പട പടയല്ലെന്നും ഐ സി എസ് ആയാലും പെണ്ണ് ആണിനു കീഴെയെന്നും ആണിരിക്കും കുടുംബത്ത് പെണ്ണുകാര്യം നോക്കിയാല്‍ പെരയിരിക്കും തൂണുതാഴെയെന്നും പഴഞ്ചൊല്ലുകളിലൂടെ പറഞ്ഞത് ആണിന്റെ അധികാരമാണ് ശരിയെന്നുള്ള ആണത്തമാണ്. ഇതൊക്കെ പറഞ്ഞും കേട്ടും ആവര്‍ത്തിച്ചുമാണ് കേരളീയത രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീയുടെ രാഷ്ട്രീയാധികാരമൊക്കെ വലിയ ചോദ്യങ്ങളായി നില്‍ക്കുന്നത് ഇവിടെയാണ്.

കേരളീയ പുരുഷന്റെ പ്രതിസന്ധിയില്‍നിന്നുള്ള നിലവിളിയാണ് ഇത്തരം പരിഹാസങ്ങള്‍. 

4. 
ഇത്തരത്തിലുള്ള കൊച്ചമ്മപ്രയോഗമാണ്   ഗോഡ്ഫാദര്‍ (1991) എന്ന സിനിമയിലെ മന്ത്രിക്കൊച്ചമ്മ എന്ന പ്രയോഗത്തില്‍ കാണുന്നത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയാകാന്‍ പോകുന്ന ആനപ്പാറയിലെ അച്ചാമ്മയുടെ കൊച്ചുമകളായ മാലുവിനെ കളിയാക്കുന്ന പാട്ടിലെ വരികള്‍ കൊച്ചമ്മ എന്ന ചരിത്രത്തിലെ വ്യവഹാരത്തെ കൂട്ടിയിണക്കുന്നുണ്ട്. 

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ 
ആര്‍പ്പോ ഇര്‍ റോ
കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ
കല്യാണം കൂടാന്‍ കഴിയാത്തവരേ കഥയറിയാത്തവരെ
ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ
ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം  

ആഭ്യന്തരമന്ത്രിയുടെ ഭാര്യയാകുമ്പോള്‍, മന്ത്രിപദവികളില്‍ മികച്ചതാണ് ആഭ്യന്തരം കിട്ടുന്ന പദവിശ്രഷ്ഠത എന്ന സമീപനമാണ് ഇവിടുത്തെ കൊച്ചമ്മവിളിയില്‍ കാണുന്നത്. ഇന്‍സ്‌പെക്ട്ര് കൊച്ചമ്മ പോലെ അധികാരമുള്ള സ്ഥാനങ്ങളെ കൊച്ചമ്മകൊണ്ട് അടയാളപ്പെടുത്താന്‍ വേഗം കഴിയുന്നു എന്നത് ശ്രദ്ധിക്കണം. (ചില) അധികാരങ്ങള്‍ ലഭ്യമാകുന്ന (മേല്‍ത്തട്ടിലെ) പെണ്ണവസ്ഥയാണ് കൊച്ചമ്മയുടെ സംസ്‌കാരിക പൊരുള്‍. അതിനാല്‍ ആ അധികാരത്തില്‍ നിന്നവളെ മാറ്റിനിര്‍ത്തുവാനുപയോഗിക്കപ്പെടുന്ന രീതിയും കൊച്ചമ്മയെ പരിഹാസപാത്രമാക്കുകയെന്നതാണ്. 

ഈ ചരിത്രപരമായ വിവക്ഷകളിലേക്കാണ് ഫെമിനിസ്റ്റ്‌കൊച്ചമ്മയെന്ന പരിഹാസം ചേര്‍ന്നുവരുന്നത്. നവോത്ഥാനത്തില്‍ പുരുഷനെ അസ്വസ്ഥമാക്കിയ ഭര്‍ത്താവിനെ ഭരിച്ച കൊച്ചമ്മമാരെക്കുറിച്ചുള്ള ഭീതികള്‍ ഇന്നും സമൂഹത്തില്‍ സൂക്ഷ്മരൂപത്തില്‍ കിടക്കുന്നുണ്ട്.  പെണ്‍കോന്തന്‍ എന്നൊക്കെയുള്ള വിളികള്‍ ഇന്നും ഇതെല്ലാം പറയുന്നുണ്ട്. ആ ഭീതിയിലാണ് അധികാരമുള്ള സ്ത്രീയെക്കുറിച്ചുള്ള (കീഴാളസ്ത്രീ അധികാരത്തിലേക്കു വരുമ്പോള്‍ പരിഹാസവും ചീത്തവിളിയും എല്ലാ അതിരും ലംഘിക്കപ്പെടും) ഭീതികള്‍ പുരുഷന്‍ ചരിത്രപരമായി പ്രകടിപ്പിക്കുന്നത്. 

നവോത്ഥാനകാലത്ത് ഏറെ ചെറുക്കപ്പെട്ട പാശ്ചാത്യസ്ത്രീവാദപരമായ ആശയങ്ങളോടുള്ള അന്ധമായ എതിര്‍പ്പ് കേരളീയ പുരുഷന്റെ അബോധത്തിലിന്നും പ്രകടമാണ്. ഇവിടെയാണ് ഫെമിനിസ്റ്റ് എന്ന വിളിയുടെ രാഷ്ട്രീയം വ്യക്തമാകുന്നത്. പുരുഷാധിപത്യത്തെ നിഷേധിക്കുന്ന ഫെമിനിസ്റ്റും പുരുഷനെ ഭരിച്ച കൊച്ചമ്മയും കേരളീയ അധീശപുരുഷന്റെ ശത്രുവാണ്. സ്ത്രീയെ അടിച്ചമര്‍ത്തിമാത്രമേ ജീവിക്കുകയുള്ളു എന്നുറപ്പിച്ച കേരളീയ പുരുഷന്റെ പ്രതിസന്ധിയില്‍നിന്നുള്ള നിലവിളിയാണ് ഇത്തരം പരിഹാസങ്ങള്‍. 

പുല്ലിംഗത്തിന്റെ ഈ നിലവിളിക്ക് ആയുസ്സ് അധികമില്ലെന്നാണ് കാലം പറയുന്നത്. അധീശപുരുഷത്വത്തെ ചെറുക്കുന്ന പലതരം പുരുഷന്മാര്‍ കേരളീയ സമൂഹത്തിന്റെ വിവിധകോണുകളില്‍ ശക്തിയാര്‍ജിക്കുന്നുണ്ട്. ഫെമിനിസ്റ്റ് കൊച്ചമ്മമാരെ ഭയമില്ലാത്ത പുരുഷന്മാര്‍, കീഴടക്കാനും അടിച്ചമര്‍ത്താനും സ്ത്രീകളെ വേണ്ടാത്തവര്‍. ലിംഗമാണ് ആണത്തമെന്നു കരുതുന്നവരെ പെങ്കോന്തന്മാരുടെ ചരിത്രം മറികടക്കട്ടെ. 

സഹായകഗ്രന്ഥങ്ങള്‍: 
ഇ വി കൃഷ്ണപിള്ള: ഇ  വിയുടെ തിരഞ്ഞെടുത്ത കൃതികള്‍, ഡി സി ബുക്‌സ്
ഇ വി കൃഷ്ണപിള്ള: കളളപ്രമാണം 
ഗിരീഷ് പി എം: അധികാരവും ഭാഷയും
കേശവദേവ് :കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍
പി കെ ബാലകൃഷ്ണന്‍: ജാതിവ്യവസ്ഥിതിയും കേരളചരിത്രവും 

 

Follow Us:
Download App:
  • android
  • ios