Asianet News MalayalamAsianet News Malayalam

ആധാര്‍ ഇല്ലെങ്കില്‍ ഈ 10 കാര്യങ്ങള്‍ നടക്കില്ല

aadhaar mandatory for these 10 serivces
Author
First Published Sep 9, 2017, 2:40 PM IST

പല സേവനങ്ങള്‍ക്കും സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ്. എന്നാല്‍ സ്വകാര്യതാ പ്രശ്‌നമുയര്‍ത്തി ആധാര്‍ നിരോധിക്കണമെന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. സുപ്രീംകോടതി ഭരണഘടനബെഞ്ച് പരിഗണിക്കുന്ന കേസില്‍ വാദം പൂര്‍ത്തിയായി വിധി പുറത്തുവരാന്‍ ഇനിയുമേറെ നാളുകളെടുക്കും. അതുകൊണ്ടുതന്നെ നിത്യജീവിതത്തില്‍ ആധാര്‍ നിര്‍ബന്ധിതമാക്കിയ സേവനങ്ങള്‍ അതേപടി തുടരുകയും ചെയ്യും. ഇവിടെയിതാ, ആധാര്‍ നിര്‍ബന്ധമായും വേണ്ട 10 സേവനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം...

ആധാര്‍, പാന്‍കാര്‍ഡുമായി യോജിപ്പിച്ചവര്‍ക്ക് മാത്രമെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ. അല്ലാത്തപക്ഷം ആദായനികുതി റിട്ടേണ്‍ നടപടിക്രമങ്ങള്‍ നികുതി വകുപ്പ് തടഞ്ഞുവെക്കും. ആധാര്‍-പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

2, ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍....

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാറുണ്ടെങ്കില്‍ അനായാസം ബാങ്ക് അക്കൗണ്ട് തുടങ്ങാണ്. അഡ്രസ് പ്രൂഫ്, ഐഡി പ്രൂഫ് എന്നിവയ്‌ക്ക് ആധാര്‍ മാത്രം മതി. അതുപോലെ നിലവിലുള്ള അക്കൗണ്ട് ആധാറുമായി യോജിപ്പിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 ആണ്.

3, 50000ന് മുകളിലുള്ള ബാങ്ക് ഇടപാട്...

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി യോജിപ്പിച്ചില്ലെങ്കില്‍ അമ്പതിനായിരം രൂപയ്‌ക്ക് മുകളിലുള്ള ഇടപാട് സാധ്യമാകില്ല. 2017 ജൂണ്‍ ഒന്നിന് കേന്ദ്രധനകാര്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്.

4, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം...

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാണ്. മ്യൂച്ചല്‍ ഫണ്ട് അക്കൗണ്ടുമായി ആധാര്‍ യോജിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബര്‍ 31 ആണ്.

5, ഡിജിറ്റല്‍ ലോക്കര്‍...

സര്‍ക്കാര്‍ അവതരിപ്പിച്ച ഓണ്‍ലൈന്‍ ലോക്കര്‍ സംവിധാനമായ ഡിജിറ്റല്‍ ലോക്കര്‍ ഉപയോഗത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ സേവനം ഉപയോഗിക്കാനാകൂ.

6, വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്...

സര്‍ക്കാരില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി യോജിപ്പിച്ചിരിക്കണം.

7, പി എഫ് അക്കൗണ്ട്...

ഓണ്‍ലൈന്‍ വഴി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍, ഇപിഎഫ് അക്കൗണ്ടുമായി യോജിപ്പിച്ചിരിക്കണം.

8, പി എഫ് പ്രതിമാസ പെന്‍ഷന്‍...

പി എഫില്‍നിന്ന് ലഭ്യമാകുന്ന പ്രതിമാസ പെന്‍ഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

9, മൊബൈല്‍ നമ്പരിന് വേണ്ടിയുള്ള ഇ-കെവൈസി...

മൊബൈല്‍ കണക്ഷന്‍ എടുത്തതിന് ശേഷം നമ്പര്‍ വേരിഫൈ ചെയ്യുന്ന ഇ-കെവൈസി നടപടികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ ടെലികോം മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

10, പാചകവാതക സബ്സിഡി...

പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ കണക്ഷനുള്ള അപേക്ഷയ്‌ക്ക് ഒപ്പം നല്‍കണം.

Follow Us:
Download App:
  • android
  • ios