Asianet News MalayalamAsianet News Malayalam

കര്‍ഷകരെ നിങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പോളിസി തയ്യാറാക്കുന്നു

  • ഏകദേശം 3000 കോടിയുടെ വാര്‍ഷിക കാര്‍ഷിക കയറ്റുമതി 2022 ഓടെ 6000 കോടിയിലെത്തിക്കുകയാണ് പുതിയ നയമാറ്റത്തിലൂടെ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം
  • 1964 ലെ കൃഷി ഉല്‍പ്പദന വിപണന കമ്മിറ്റി (എ.പി.എം.സി.) നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യും
agricultutral policy planned by central government

ദില്ലി: കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാന ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക പോളിസി തയ്യാറാക്കുന്നു. 1964 ലെ കൃഷി ഉല്‍പ്പദന വിപണന കമ്മിറ്റി (എ.പി.എം.സി.) നിയമങ്ങള്‍ ഇതിനായി ഭേദഗതി ചെയ്യും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിലവിലുളള തടസ്സങ്ങളെല്ലാം ഇതിലൂടെ നീക്കും. ഇതിനോടൊപ്പം ഫാം ഉല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേക നയവും തയ്യാറാവും.

നിലവില്‍ ഏകദേശം 3000 കോടിയുടെ വാര്‍ഷിക കാര്‍ഷിക കയറ്റുമതി 2022 ഓടെ 6000 കോടിയിലെത്തിക്കുകയാണ് പുതിയ നയമാറ്റത്തിലൂടെ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം. 2012-13 ല്‍ 3600 കോടിയായിരുന്നു കയറ്റുമതിയിലൂടെയുളള രാജ്യത്തിന്‍റെ നേട്ടമെങ്കില്‍ 2016-17 ല്‍ അത് 3100 കോടിയായി കുറഞ്ഞു. കയറ്റുമതിയില്‍ വാര്‍ഷികമായി ഉണ്ടാവുന്ന ഈ കുറവിനെ ജാഗ്രതയോടെയാണ് കാര്‍ഷിക മന്ത്രാലയം നിരീക്ഷിച്ചു പോരുന്നത്. കടല്‍ വിഭവങ്ങളില്‍ നിന്ന് 580 കോടിയും മാംസ വിഭവങ്ങളില്‍ നിന്ന് 400 കോടിയും അരിയില്‍ നിന്ന് 600 കോടിയുമാണ് രാജ്യത്തിന് ലഭിച്ചു പോരുന്നത്. ഇവ മൂന്നും കൂടി ആകെയുളള കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതിയുടെ 52 ശതമാനം വരും.

മിനിമം എക്സ്പോര്‍ട്ട് പ്രൈസ്, എക്സ്പോര്‍ട്ട് ഡ്യൂട്ടി, സംസ്കരിച്ച കാര്‍ഷിക വസ്തുക്കള്‍ക്കും ഓര്‍ഗാനിക്ക് ഉല്‍പ്പന്നങ്ങള്‍ക്കുമുളള പ്രത്യേക നികുതികള്‍ എന്നിവ പുതിയ പോളിസി പ്രകാരം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇതിലൂടെ കയറ്റുമതിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യയ്ക്കാവും. രാജ്യത്തെ കാര്‍ഷിക രംഗത്തിന്‍റെ തളര്‍ച്ചയും കര്‍ഷകരുടെ  വരുമാനത്തിലെ ഇടിവും ഈ നയ പരിഷ്കരണത്തിലൂടെ മറികടക്കാനായേക്കും.

കാര്‍ഷിക കയറ്റുമതിയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും വെയര്‍ ഹൗസുകളുടെ കുറവും പരിഹരിക്കാന്‍ പോളിസിയില്‍ നിര്‍ദേശമുണ്ടായില്ലെങ്കില്‍ നയം ഫലത്തില്‍ പരാജയമാകാന്‍ സാധ്യതയുണ്ട്. ഷിപ്പിങ് നികുതികളില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങള്‍, വിദേശ രാജ്യങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ഇറക്കുമതി നയം എന്നിവയാണ് പുതിയ നയമാറ്റവുമായി മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുളള മറ്റ് വെല്ലുവിളികള്‍. 

Follow Us:
Download App:
  • android
  • ios