Asianet News MalayalamAsianet News Malayalam

രാജ്യത്ത് പറക്കുന്നത് 500-ഓളം വിമാനങ്ങള്‍; എത്താനുള്ളത് 800 എണ്ണം

aviation industry of india marks good growth
Author
First Published Jan 24, 2018, 9:40 PM IST

ദില്ലി: അഭ്യന്തരസര്‍വ്വീസിനായി രാജ്യത്തെ വിവിധ എയര്‍ലൈന്‍ കമ്പനികളുടെ കൈവശമുള്ളത് അഞ്ഞൂറോളം വിമാനങ്ങള്‍. എല്ലാ വിമാനക്കമ്പനികളും കൂടി പുതുതായി ഓര്‍ഡര്‍ കൊടുത്തത് എണ്ണൂറ് വിമാനങ്ങള്‍ക്ക്.... ഡിജിസിഎ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വ്യോമയാനരംഗത്തിന്റെ കരുത്ത് വെളിപ്പെടുന്ന ഈ വിവരങ്ങളുള്ളത്. 

2017-ലെ കണക്കനുസരിച്ച് ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 39.6 ശതമാനവും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൈവശമാണ്. ജെറ്റ് എയര്‍വേഴ്‌സ് 17.8 ശതമാനവും എയര്‍ഇന്ത്യയ്ക്ക് 13.3 ശതമാനവുമാണ് വിപണി വിഹിതം. സ്‌പൈസ് ജെറ്റ് 13.2 ശതമാനവും ഗോഎയര്‍ 8.5 ശതമാനവും വിസ്താര എയര്‍ലൈന്‍സ്, എയര്‍ഏഷ്യ എന്നിവയ്ക്ക് യഥാക്രമം 3.5 ശതമാനവും 3.7 ശതമാനവും വിപണിവിഹിതമുണ്ട്. 

2011-ല്‍ 27 ശതമാനം വിപണിവിഹിതവുമായി ജെറ്റ് എയര്‍വേഴ്‌സായിരുന്നു രാജ്യത്ത് ഒന്നാം നമ്പര്‍ എയര്‍ലൈന്‍ കമ്പനി. ആറ് വര്‍ഷമിപ്പുറം അവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് നാല്‍പ്പത് ശതമാനത്തോളം വിപണിവിഹിതവുമായി വ്യോമയാന മേഖലയില്‍ വ്യക്തമായ മേധാവിത്വം നേടുകയും ചെയ്തു കഴിഞ്ഞു. 

വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, പാരമൗണ്ട് എയര്‍വേഴ്‌സ്, എയര്‍ കോസ്റ്റ എന്നീ കമ്പനികള്‍ ഈ ആറ് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു കഴിഞ്ഞു. പൊതുമേഖലാ രംഗത്തെ ഒരേഒരു സ്ഥാപനമായ എയര്‍ഇന്ത്യയാവട്ടെ ഈവര്‍ഷത്തോടെ സ്വകാര്യവത്കരിക്കപ്പെടുകയാണ്. അതേസമയം വിസ്താര, എയര്‍ഏഷ്യ, ട്രുജെറ്റ് എന്നീ പുതിയ സംരഭങ്ങള്‍ വ്യോമയാനമേഖലയില്‍ ഇതിനോടകം വേരുപിടിച്ചു കഴിഞ്ഞു. മലയാളിയായ ജി.ആര്‍.ഗോപിനാഥിന്റെ എയര്‍ ഡെക്കാനും ഈ വര്‍ഷം ലോബജറ്റ് ടിക്കറ്റുകളുമായി തിരിച്ചെത്തുന്നുണ്ട്. 

ജലവിമാനങ്ങള്‍ക്കായി പ്രത്യേക നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതോടെ ആ രംഗത്തും ഈ വര്‍ഷം കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കാം നൂറ് ജലവിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്ന് മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ്‌ഘോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

അടുത്ത ഏഴ് വര്‍ഷം കൊണ്ട് ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാനമാര്‍ക്കറ്റായി മാറുമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ അയാട്ട പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആഗോളവ്യോമയാന വിപണിയില്‍ ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തുമായിരിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 

Follow Us:
Download App:
  • android
  • ios