Asianet News MalayalamAsianet News Malayalam

കിട്ടാകടം: റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

Bad debts: SC flays RBI and centre
Author
New Delhi, First Published Apr 26, 2016, 11:49 AM IST

ദില്ലി: ബാങ്കുകൾ ഭീമമായ തുകയുടെ കിട്ടാക്കടം എഴുതിത്തള്ളിയതിനെതിരെ ആർബിഐയ്ക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. വൻതുകയുടെ കിട്ടാക്കടം തിരിച്ചുപിടിയ്ക്കാനുള്ള സംവിധാനത്തിന് കാര്യമായ തകരാറുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതല്ലെങ്കിൽ ഇത്ര വലിയ തുകയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളേണ്ടി വരുമായിരുന്നില്ല. നിലവിലെ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വൻവായ്പകൾ തിരിച്ചുപിടിയ്ക്കാനുള്ള നിയമത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും, റിസർവ് ബാങ്കിനോടും, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോടും ആവശ്യപ്പെട്ടു. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചില കമ്പനികൾക്ക് മാത്രം നൽകിയ വായ്പകൾ എഴുതിത്തള്ളിയതിനെതിരെ നൽകിയ പൊതുതാത്പര്യഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.

നേരത്തേ കേസ് പരിഗണിച്ചപ്പോൾ ചെറുവായ്പയെടുത്ത കർഷകർ കടം തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ പലരും വിദേശത്തേയ്ക്ക് ഒളിച്ചോടുന്നതെങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. കേസ് ഇനി ജൂലൈ 19 ന്  പരിഗണിയ്ക്കും. അതേസമയം, ദില്ലിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖ വഴി ആറായിരം കോടി രൂപയുടെ കള്ളപ്പണം കടത്തിയ കേസിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹോങ് കോങിലേയ്ക്ക് 6172 കോടി രൂപ കയറ്റുമതിപ്പണത്തിന്‍റെ പേരിൽ അയച്ചുവെന്നായിരുന്നു കേസ്.

Follow Us:
Download App:
  • android
  • ios