Asianet News MalayalamAsianet News Malayalam

ബ്രെക്‌സിറ്റ് ഇന്ന്: ബ്രിട്ടന്റെ തീരുമാനത്തിനായി ലോകം കാത്തിരിക്കുന്നു

brexit today
Author
First Published Jun 23, 2016, 1:41 AM IST

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമോ എന്നറിയാനുള്ള ഹിതപരിശോധന ഇന്ന്. അവസാന ഘട്ടത്തില്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തും അനുകൂലിച്ചും പ്രചാരണം ശക്തമാണ്. ഹിതപരിശോധനാഫലം ആഗോളതലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ആകാംക്ഷയിലാണു ലോകം.

28 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നാണ് ബ്രിട്ടീഷ് ജനതയ്ക്ക് മുന്നിലുള്ള ചോദ്യം. ബ്രെക്‌സിറ്റ് പോള്‍ എന്നറിയപ്പെടുന്ന ഹിതപരിശോധന ഇന്ത്യന്‍ സമയം രാവിലെ 11.30നു തുടങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് അവസാനിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം അറിയാം. 4 കോടി 65 ലക്ഷം പേര്‍ വോട്ടു ചെയ്യും.

അവസാന നിമിഷവും  യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും വാശിയേറിയ പ്രചാരണം നടക്കുകയാണ്. ബിബിസി നടത്തിയ തത്സമയ സംവാദത്തില്‍  ഇരുപക്ഷത്തേയും നേതാക്കള്‍ ചൂടേറിയ വാഗ്‌വാദത്തിലേര്‍പ്പെട്ടു. കഴിഞ്ഞയാഴ്ച വരെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന പക്ഷക്കാര്‍ക്കായിരുന്നു അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം. എന്നാല്‍ എതിര്‍പക്ഷത്തെ അനുകൂലിച്ച എംപി ജോ കോക്‌സ് വെടിയേറ്റുമരിച്ചതോടെ കാര്യങ്ങള്‍ അവര്‍ക്കനുകൂലമായി. ഒടുവില്‍ പുറത്തുവന്ന സര്‍വേകളില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്കാണ് നേരിയ മുന്‍തൂക്കം.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നതിനാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വോട്ട് ചെയ്യണമെന്നാണു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആവശ്യപ്പെടുന്നത്. അങ്ങനെ വന്നാല്‍ യൂണിയനില്‍ ബ്രിട്ടണു പ്രത്യേക പദവി നല്‍കുന്ന കരാര്‍ നിലവില്‍ വരുമെന്നാണു കാമറൂണ്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ യൂണിയനില്‍ തുടരുന്നതു രാജ്യത്തേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്കുണ്ടാക്കുന്നുവെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തുന്ന ഒരാരോപണം . വ്യവസായങ്ങള്‍ക്കുമേലുള്ള കര്‍ശന നിയമങ്ങളും അംഗത്വ ഫീസായി കോടികള്‍ നല്‍കേണ്ടിവരുന്നതുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിക്കും. യൂറോയുടെയും  പൗണ്ടിന്റെയും മൂല്യമിടിയും. അവിടുത്തെ ഇന്ത്യന്‍ ബിസിനസുകാര്‍ക്കും തിരിച്ചടിയാകും. ഇന്ത്യന്‍ ഐടി മേഖലയിലും മാന്ദ്യമുണ്ടാകും. അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ബ്രിട്ടന്റെ തീരുമാനമറിയാന്‍ കാത്തിരിക്കുകയാണു ലോകം.

Follow Us:
Download App:
  • android
  • ios