Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ പഠിക്കുന്നില്ല...!: നോബേല്‍ സമ്മാനം നേടിയ ദമ്പതികള്‍ പറഞ്ഞു തരും പരിഹാരം

ഇതിന് ഉദാഹരണമാണ് ദില്ലിയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ചൂനൗത്തി പദ്ധതി. 'എന്തുകൊണ്ട് കുട്ടികള്‍ പഠിക്കുന്നില്ല' എന്ന ഇക്കണോമിക്സ് ദമ്പതികളുടെ പഠന നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഈ പദ്ധതി നടപ്പാക്കിയത്. കുട്ടികളെ രണ്ട് ഗ്രൂപ്പായി തിരിച്ച് പഠന മികവിന് അനുസരിച്ച് പരിശീലനം ഉറപ്പാക്കുന്ന രീതിയാണിത്. കണക്ക് ഉള്‍പ്പടെയുളള വിഷയങ്ങള്‍ കളികളിലൂടെ മനസ്സിലാക്കി കൊടുക്കുകയും പിന്നോക്കം നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും ദില്ലി സര്‍ക്കാരിന്‍റെ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. 
 

2019 economics Nobel prize winners opinion on education on poverty
Author
Thiruvananthapuram, First Published Oct 15, 2019, 1:52 PM IST

സാമ്പത്തിക നോബേല്‍ സമ്മാനം പ്രഖ്യാപിച്ച ശേഷം ഗൂഗിളില്‍ അനേകം ആളുകള്‍ സേര്‍ച്ച് ചെയ്ത ഒരു വാക്കാണ് 'പുവര്‍ ഇക്കണോമിക്സ്'. വികസന സാമ്പത്തിക ശാസ്ത്ര രംഗത്ത് വലിയ ചലനങ്ങള്‍ക്ക് കാരണമായ പുസ്തകമാണിത്. 2019 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡുഫ്ലോയും തങ്ങളുടെ കണ്ടെത്തലുകളെ ലളിതമായി വിശദീകരിക്കുന്ന രചന.

ഡുഫ്ലോ തനിക്ക് ആറ് വയസ്സുളളപ്പോള്‍ ഒരു കോമിക് ബുക്കില്‍ നിന്നും വായിച്ചറിഞ്ഞ കൊല്‍ക്കത്ത നഗരത്തെയും, പിന്നീട് 24 -ാം വയസ്സില്‍ അതേ നഗരത്തിലൂടെ ടാക്സി കാറില്‍ നടത്തിയ യാത്രയെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് 'പുവര്‍ ഇക്കണോമിക്സ്, എ റാഡിക്കല്‍ റീത്തിങ്കിങ് ഓഫ് ദ വേ ടു ഫൈറ്റ് ഗ്ലോബല്‍ പോവര്‍ട്ടി' എന്ന പുസ്തകം തുടങ്ങുന്നത്.

ശരിക്കും ഒരു യാത്ര തന്നെയാണ് ഈ പുസ്തകം. ലോകത്തെ വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന ഇല്ലായ്മയെക്കുറിച്ചും, അത് അവരുടെ ജീവിതത്തെയും തലമുറകളെയും എങ്ങനെ ബാധിക്കുമെന്നും, അവയ്ക്ക് ലളിതമായി എങ്ങനെ പരിഹാരം കണ്ടെത്താമെന്നും പുവർ ഇക്കണോമിക്സ് വിശദീകരിക്കുന്നു. പ്രധാനമായും ഇന്ത്യ, മൊറോക്കോ, കെനിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രാമ മേഖലകളിൽ എട്ട് വർഷം നീണ്ടുനിന്ന, അഭിജിത്തും ഡുഫ്ലോയും നടത്തിയ പഠനങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം.

ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഏഴ് വയസ്സുകാരി റുക്കിയയുടെ പട്ടിണിയും ഇന്ത്യയിലെ കലോറി കുറഞ്ഞ ഭക്ഷണരീതി മൂലം കുട്ടികള്‍ അനുഭവിക്കുന്ന വളര്‍ച്ചാമുരടിപ്പും പുവർ ഇക്കണോമിക്സ് ചർച്ച ചെയ്യുന്നു. ഭക്ഷണത്തിലെ പോഷകാഹാര കുറവ്, ശുചിത്വമില്ലായ്മ, വിദ്യാഭ്യാസ സമ്പ്രാദയത്തിലെ പിഴവുകള്‍ തുടങ്ങിയവ നല്ല മനുഷ്യവിഭവങ്ങളുടെ നിര്‍മ്മിതിക്ക് തടസ്സം സൃഷ്ടിക്കുന്നതായും ഇവ ചെലവ് കുറഞ്ഞ രീതിയില്‍ പരിഹരിക്കപ്പെടാവുന്നതാണെന്നും ഉദാഹരണ സഹിതം അവര്‍ പറയുന്നു. പൊതുനയ രൂപീകരണത്തിനും നടത്തിപ്പിനും ഗുണപരമായ അനേകം മാതൃകകളാണ് പുവർ ഇക്കണോമികസ് മുന്നോട്ടുവയ്ക്കുന്നത്.

2019 economics Nobel prize winners opinion on education on poverty

എന്തുകൊണ്ട് കുട്ടികള്‍ പഠിക്കുന്നില്ല...

ഒരു കൂട്ടത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പദ്ധതികളെക്കാള്‍ ഓരോ കുട്ടിയുടെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിഹാരം കണ്ടെത്തുന്ന പരീക്ഷണാത്മക രീതിയാണ് അഭിജിത്തും ഡുഫ്ലോയും സ്വീകരിച്ചത്.

പഠിക്കാനായി പാഠ പുസ്തകങ്ങള്‍ നല്‍കുന്നതോ, സൗജന്യ ഭക്ഷണ നല്‍കുന്നതോ മാത്രമല്ല, മറിച്ച് ഓരോ കുട്ടിയെയും അടുത്തറിഞ്ഞ്, പഠന വൈകല്യമുളള കുട്ടികള്‍ക്ക് പ്രത്യേക ട്യൂഷന്‍ നല്‍കുകയാണ് മികച്ച വിജയം ഉറപ്പാക്കാന്‍ വേണ്ടുന്നതെന്ന് അവര്‍ തെളിയിച്ചു. ഈ പ്രത്യേക ട്യൂഷന്‍ രീതിയുടെ ഗുണഫലങ്ങള്‍ ഇന്ന് ഇന്ത്യയിലെ 50 ലക്ഷത്തിലേറെ കുട്ടികളിലേക്ക് എത്തുന്നുണ്ട്.

ഇതിന് ഉദാഹരണമാണ് ദില്ലി സര്‍ക്കാര്‍ നടപ്പാക്കിയ ചൂനൗത്തി പദ്ധതി. 'എന്തുകൊണ്ട് കുട്ടികള്‍ പഠിക്കുന്നില്ല' എന്ന ഇക്കണോമിക്സ് ദമ്പതികളുടെ പഠന നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഈ പദ്ധതി നടപ്പാക്കിയത്. കുട്ടികളെ രണ്ട് ഗ്രൂപ്പായി തിരിച്ച് പഠന മികവിന് അനുസരിച്ച് പരിശീലനം ഉറപ്പാക്കുന്ന രീതിയാണിത്. കണക്ക് ഉള്‍പ്പടെയുളള വിഷയങ്ങള്‍ കളികളിലൂടെ മനസ്സിലാക്കി കൊടുക്കുകയും, പഠനത്തിൽ പിന്നോക്കം നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും ദില്ലി സര്‍ക്കാരിന്‍റെ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

മസാച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അദ്ധ്യാപകരായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്ലോയും ഇന്ത്യന്‍ വംശജനായ ശാസ്ത്രവിദഗ്ധന്‍ സെന്തില്‍ മുല്ലൈനാഥനും ചേര്‍ന്ന് 2003 ല്‍ തുടങ്ങിയ ജെ- പാല്‍ എന്ന അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് മുഖേനയാണ് ഇപ്പോഴത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. 

2019 economics Nobel prize winners opinion on education on poverty

ക്രീമര്‍ തുടങ്ങിയത് കെനിയയില്‍ നിന്ന്

സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്കാരം ലഭിച്ച മൂന്നാമനായ മൈക്കില്‍ ക്രീമാറുടെ പോരാട്ടവും ഇതേ ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണ്. അഭിജിത്തും ഡുഫ്ലോയും ശ്രദ്ധകേന്ദ്രീതകരിച്ചത് ഇന്ത്യയിലാണെങ്കില്‍ ക്രീമറുടെ പഠനങ്ങള്‍ നടന്നത് പടിഞ്ഞാറന്‍ കെനിയയിലായിരുന്നു. മൂന്ന് ശാസ്ത്ര പ്രതിഭകളും പോരാടുന്നത് ആ മഹാ വിപത്തിനെതിരെയാണ് ദാരിദ്ര്യമെന്ന മഹാ വിപത്തിനെതിരെ.

ആഗോള തലത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സാമ്പത്തിക ശാസ്ത്ര രീതിയില്‍ മികച്ച മാതൃകകള്‍ മൂവരും സമൂഹത്തിന് സംഭാവന ചെയ്തതായി നോബേല്‍ കമ്മിറ്റി വിലയിരുത്തി. ദാരിദ്ര്യം എന്ന ലോകം നേരിടുന്ന ഗുരുതര പ്രശ്നത്തിന്‍റെ കാരണങ്ങളെ പലതായി വിഭജിച്ച് അതിനുളള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ മൂവരും വിജയിച്ചതായി കമ്മിറ്റി കണ്ടെത്തി. കുട്ടികളുടെ ആരോഗ്യ മികച്ചതാക്കാനുളള പഠനങ്ങള്‍ ഏറ്റവും ഗുണപ്രദമായതെന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്

എല്ലാ വര്‍ഷവും 50 ലക്ഷത്തോളം കുട്ടികള്‍ അഞ്ച് വയസ്സിന് മുന്‍പ് മരണപ്പെടുന്നു. ഈ ഉയര്‍ന്ന ശിശുമരണ നിരക്ക് താരതമ്യേന ചെലവ് കുറഞ്ഞ ചികിത്സാ രീതികള്‍ കൊണ്ട് പരിഹരിക്കപ്പെടാവുന്നതാണെന്ന് രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഗവേഷണ പരമ്പരയിലൂടെ മൂവരും തെളിയിച്ചു.

Follow Us:
Download App:
  • android
  • ios