Asianet News MalayalamAsianet News Malayalam

'കേരളാ ബാങ്ക് വന്നാൽ എന്ത് പ്രയോജനം'; സംശയങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളാ ബാങ്കിലൂടെ സംസ്ഥാനത്ത് കൂടുതല്‍ കാര്‍ഷിക വായ്പ നല്കാന്‍ കേരള ബാങ്കിലൂടെ കഴിയുമെന്നും കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

minister kadakampally surendran Facebook post clarifies about Kerala bank function
Author
Thiruvananthapuram, First Published Oct 10, 2019, 6:16 PM IST

തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുകയാണ്. വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. എന്നാല്‍ കേരളാ ബാങ്ക് രൂപീകരണത്തെ എതിര്‍ത്തും കേരളാ ബാങ്കുകൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യവുമായി പ്രതിപക്ഷവും വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തു വന്നിരുന്നു. കേരളാ ബാങ്കുകൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി എന്താണ് കേരളാ ബാങ്കിന്‍റെ പ്രവര്‍ത്തനമെന്ന് വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ കാര്‍ഷിക വായ്പ നല്കാന്‍ കേരള ബാങ്കിലൂടെ കഴിയുമെന്നും കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അക്കമിട്ട് മന്ത്രി മറുപടി നല്‍കുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങളെന്ന് ചോദിച്ച് വിളിച്ചവരുടെ സംശയങ്ങൾക്ക് പൊതുവെ മറുപടി നൽകുകയാണ്.

1. വായ്പകളുടെ പലിശനിരക്ക് കുറയുമോ ?

കൂടുതല്‍ കാര്‍ഷിക വായ്പ നല്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍ നിന്നും കൂടുതല്‍ പുനര്‍ വായ്പ ലഭിക്കും. നബാര്‍ഡില്‍ നിന്നും ലഭിക്കുന്ന പുനര്‍ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാല്‍ കര്‍ഷകര്‍ക്ക് നിലവിലെ 7 ശതമാനം എന്ന പലിശ നിരക്കില്‍ നിന്നും കുറച്ചു നല്കാനാകും. കാര്‍ഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കും.

2. പ്രവാസി നിക്ഷേപം കേരള ബാങ്കില്‍ സ്വീകരിക്കാനാകുമോ ?

പ്രവാസി മലയാളികള്‍ ഓരോ വര്‍ഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത് 1.5 ലക്ഷം കോടിയോളം രൂപയാണ്. എന്നാല്‍ NRI നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാന്‍ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടില്‍ വിനിയോഗിക്കാന്‍ കഴിയുന്നതിലൂടെ വികസനമേഖലകളില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും.

Read More: കേരള ബാങ്കിന് ആര്‍ബിഐയുടെ അംഗീകാരം: കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനമാരംഭിക്കും 

3. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ ?

സംസ്ഥാന വ്യാപകമായി ഓണ്‍ ലൈന്‍ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാന്‍ നിലവിലെ സ്ഥിതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ നിഷ്പ്രയാസം ഏര്‍പ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന "ബ്രാന്‍ഡ് മൂല്യം" ആര്‍ജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും.

4. കേരള ബാങ്കില്‍ ഹിഡന്‍ ഫീസുകളുണ്ടാകുമോ ?

സ്വകാര്യ, ന്യൂജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കളെ വിവിധ രീതികളില്‍ പിഴിയുകയാണ്. സേവന ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ കഴിഞ്ഞ 5 ഏതാനും വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കോടി രൂപയാണ് അവര്‍ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴി‍ഞ്ഞ 1 വര്‍ഷം അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ 1772 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും കൈവശമാക്കിയതെന്ന വാര്‍ത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താന്‍ കേരള ബാങ്ക് വഴി സാധിക്കും.

5. പ്രാഥമിക സംഘങ്ങള്‍ക്ക് എന്താണ് കേരള ബാങ്ക് കൊണ്ടുള്ള പ്രയോജനം ?

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നല്‍കുന്ന സാങ്കേതിക മികവുള്ള സേവനങ്ങള്‍ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാന്‍ സാധിക്കും.

6. പ്രതിപക്ഷം എന്തുകൊണ്ട് എതിര്‍ക്കുന്നു

കേരള ബാങ്ക് രൂപീകരണം എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയക്കുക വരെ ചെയ്യുന്ന സ്ഥിതിയുണ്ടായി. വ്യാജ ആരോപണ കത്തുകളും, കേസുകളുമെല്ലാം നിശ്ചയദാര്‍ഢ്യത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ അതിജീവിച്ചു. ജില്ലാ ബാങ്ക് ഭരണം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണം. 14 ജില്ലാ ബാങ്കുകളില്‍ 13 എണ്ണത്തിലും ഇടതുഭരണം ഉറപ്പായിരുന്നിട്ടും കേവലം രാഷ്ട്രീയ നേട്ടത്തിന് അപ്പുറം നാടിന് വേണ്ടി നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞതു കൊണ്ടാണ് കേരള ബാങ്ക് എന്ന സ്വപ്നത്തിലേക്ക് കടന്നത്.

7. കേരള ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചോ ?

ലയന നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി കേരള ബാങ്ക് പരമാവധി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കും. തീയതി തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയില്‍ നിവര്‍ന്നുനില്‍ക്കുക കൂടി ചെയ്യും. ജനങ്ങളെ ചൂഷണം ചെയ്യാത്ത, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാര്‍ത്ഥ്യമാകുക.

Follow Us:
Download App:
  • android
  • ios