Asianet News MalayalamAsianet News Malayalam

ആ പ്രഖ്യാപനത്തിന് മൂന്ന് വയസ്സ്: മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ മാറിയത് ഇങ്ങനെയൊക്കെ

നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത സാമ്പത്തികവിദഗ്ധരില്‍ പ്രമുഖനായ അഭിജിത് ബാനര്‍ജിക്കായിരുന്നു ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍. 

third year of demonetisation, a detailed analysis
Author
Thiruvananthapuram, First Published Nov 8, 2019, 4:04 PM IST

ഒറ്റ രാത്രിയില്‍ കയ്യിലിരിക്കുന്ന പണത്തിന് വിലയില്ലാതാവുക! ഇതാണ് 2016 നവംബര്‍ എട്ടിന് സംഭവിച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ അസാധുവാക്കപ്പെട്ടു. കയ്യിലുള്ള പണം എന്തു ചെയ്യണമെന്ന് അറിയാതെ രാജ്യത്തെ ജനം നെട്ടോട്ടമോടി. എടിഎമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു.

തിക്കിലും തിരക്കിലും 105 പേര്‍ കൊല്ലപ്പെട്ടു. ഏകദേശം 50,000 എടിഎമ്മുകള്‍ രണ്ടുമാസത്തോളം പ്രവര്‍ത്തിച്ചില്ല. 85 ശതമാനത്തോളം ഇടപാടുകളും കറന്‍സി ഉപയോഗിച്ച് നടന്നിരുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തകര്‍ത്തെറിഞ്ഞ നോട്ടു നിരോധനത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല.

നോട്ടുനിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് മൂന്നു കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കണക്കുകള്‍ പറയുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് സ്ഥിരതയില്‍ നിന്നും നെഗറ്റീവായി വെട്ടിക്കുറച്ച് മൂഡിസ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയെ സര്‍ക്കാര്‍ നേരിടുന്ന രീതികള്‍ ഫലപ്രദമല്ലെന്നും മൂഡിസ് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക അരക്ഷിതാവസ്ഥ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും മാറിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധന്മാര്‍ പറയുന്നു.

രാജ്യം ഇന്ന് നേരിടുന്ന വളര്‍ച്ചാ മാന്ദ്യം പോലും ഇതേത്തുടര്‍ന്നുണ്ടായതാണ്. നോട്ട് നിരോധനത്തിന് തൊട്ട് പിന്നാലെ ജിഎസ്ടി കൂടി നടപ്പാക്കിയതോടെ വ്യവസായ- ഉപഭോക്തൃമേഖലകളും തകര്‍ച്ചയിലായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ചെലവുചുരുക്കലിന്റെ ഭാഗമായി വലിയ കമ്പനികള്‍ ആളുകളെ കൂട്ടമായി പിരിച്ചുവിടുന്നതും തുടരുന്നു.

രതിന്‍ റോയി പറയുന്നത്

കള്ളപ്പണവും അഴിമതിയും തീവ്രവാദവും ഇല്ലാതാക്കാനുള്ള മാര്‍ഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനത്തെ അവതരിപ്പിച്ചത്. ഡിജിറ്റൈസേഷന്‍ വഴി കറന്‍സി ഉപയോഗം കുറയ്ക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കള്ളപ്പണവും കറന്‍സി ഉപയോഗവും കുറയുന്നതിന് പകരം കൂടുകയാണുണ്ടായത്. നോട്ട് നിരോധനത്തോടെ ബാങ്ക് നിക്ഷേപങ്ങള്‍ കൂടിയെങ്കിലും പിന്നീട് കുറയുകയാണുണ്ടായത്. വിപണിയിലേക്ക് പണം എത്താത്തതും സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ ദേശീയ അക്കൗണ്ട്‌സ് സ്റ്റാറ്റിസ്റ്റിക്‌സില്‍ പറയുന്നു.

സാമ്പത്തിക വളര്‍ച്ച ഒരു നിശ്ചിത ഘട്ടത്തില്‍ എത്തുമ്പോള്‍ മുരടിപ്പ് നേരിടുന്ന സാമ്പത്തികാവസ്ഥയിലാണ് ഇന്ത്യയുള്ളത്. കരുതുന്നതിലും ആഴത്തിലുള്ളതാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞത് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അംഗം രതിന്‍ റോയി ആണ്.

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിച്ച് അഭിജിത് ബാനര്‍ജി നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത സാമ്പത്തികവിദഗ്ധരില്‍ പ്രമുഖനായിരുന്നു. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് ഘടനയ്ക്ക് ഏല്‍പ്പിച്ച ആഘാതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ തീവ്രമാകുമെന്നും തൊഴിലെടുത്ത് ജീവിക്കുന്ന 85 ശതമാനം വരുന്ന ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന് നോട്ട് നിരോധനം കനത്തശിക്ഷ ആയെന്നും കള്ളപ്പണം ഭാവിയില്‍ തടയാനാകുമെന്ന കാര്യത്തില്‍ ഉറപ്പ് പറാനാവില്ലെന്നും ഹാര്‍വേഡ് സര്‍വകലാശാലയില്‍ അവതരിപ്പിച്ച പഠനപ്രബന്ധത്തില്‍ പറയുന്നു. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്കു പിന്നില്‍ നോട്ട് നിരോധനമാണെന്ന് ലോകബാങ്കും വിലയിരുത്തി. എന്നാല്‍, കള്ളപ്പണം തടയാന്‍ ഒന്നാം മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വന്‍വിജയമാണെന്നാണ് ബിജെപി ഇപ്പോഴും അവകാശപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios