Asianet News MalayalamAsianet News Malayalam

അമേരിക്ക ഉറച്ച് തന്നെ, ഇറാന്‍ എണ്ണ ഇനി ഇല്ല: പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും; വ്യവസായിക മേഖലയില്‍ ആശങ്ക കനക്കുന്നു

ഇതോടെ നവംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി. ബാരലിന് 73.82 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ഇന്ത്യയും യുഎസും തമ്മില്‍ അടുത്ത് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നറിയുന്നു. 

us sanction against Iran, petrol, diesel price may goes up, Indian industries are in fear of trade deficit
Author
New Delhi, First Published Apr 24, 2019, 4:26 PM IST

ദില്ലി: ഇറാനെ പൂര്‍ണമായി ഉപരോധിക്കാനുളള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. മെയ് രണ്ട് മുതല്‍ ഇറാന്‍ എണ്ണ കയറ്റുമതി മൊത്തമായി ഉപരോധിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് നല്‍കിയിരുന്ന എണ്ണ വ്യാപാരത്തിനുളള ഇളവുകള്‍ മെയ് ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഇളവ് നീട്ടി നല്‍കണമെന്ന ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പോലും യുഎസ് തയ്യാറായില്ല. 

ഇതോടെ നവംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി. ബാരലിന് 73.82 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ഇന്ത്യയും യുഎസും തമ്മില്‍ അടുത്ത് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നറിയുന്നു. ഇറാന്‍ എണ്ണയുടെ അഭാവം ലോക വിപണിയില്‍ എണ്ണവില ഉയര്‍ത്തുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാനിടയാക്കും. 

എണ്ണവിലയില്‍ 10 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായാല്‍ വിദേശ വ്യാപാര കമ്മിയില്‍ 0.40 ശതമാനത്തിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായേക്കുമെന്നാണ് കെയര്‍ റേറ്റിംങ്സിന്‍റെ കണ്ടെത്തല്‍. ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധന ഉണ്ടായാല്‍, സര്‍ക്കാര്‍ നികുതി കുറച്ച് വില നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളും വര്‍ധിക്കും. 

രാജ്യത്തെ ഇന്ധന വിലയിലും വ്യാപാര കമ്മിയിലും വര്‍ധനയുണ്ടാകുമെന്ന തോന്നല്‍ രാജ്യത്തെ വ്യാവസായിക മേഖലയിലാകെ ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറാനില്‍ നിന്ന് 2.4 കോടി ടണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് രാജ്യത്തിനാവശ്യമായ എണ്ണയുടെ 10 ശതമാനം വരും.   

സൗദി, യുഎഇ, അമേരിക്ക തുടങ്ങിയവ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരില്ലെന്നുമാണ് യുഎസിന്‍റെ നിലപാട്. ഇറാന്‍ എണ്ണയ്ക്ക് പകരമായി മറ്റ് രാജ്യങ്ങളില്‍ നിന്നുളള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുകയോ പുതിയ വിപണി കണ്ടെത്തുകയോ ചെയ്യുന്നതിനുളള ശ്രമങ്ങള്‍ നടന്ന് വരുകയാണെന്നാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനായി സൗദി, കുവൈറ്റ്, യുഎഇ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios