Asianet News MalayalamAsianet News Malayalam

പാചക വാതക സബ്‍സിഡി ചോരുന്നു; ഉപഭോക്താക്കള്‍ ആശങ്കയില്‍

gas subsidy leaks to other accounts
Author
First Published Nov 21, 2017, 1:00 PM IST

കൊച്ചി: പാടക വാതകത്തിന് നല്‍കുന്ന സബ്‍സിഡി തുക ബാങ്കുകളും മൊബൈല്‍ കമ്പനികളും തട്ടിയെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പരക്കുന്നതോടെ ഉപഭോക്താക്കള്‍ ആശങ്കയില്‍. ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെ ഇത് കൃത്യമായി ചെയ്ത പലര്‍ക്കും 'പണി' കിട്ടിയത് മറ്റുള്ളവരെ ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. 49 കോടിയോളം രൂപയുടെ പാചക വാതക സബ്‍സിഡി എയര്‍ടെല്ലിന്‍റെ പേയ്‍മെന്റ് ബാങ്കിലെത്തിയെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നു.

നേരത്തെ പാചക വാതക സബ്‍സിഡി വിതരണം ബാങ്ക് അക്കൗണ്ട് വഴി ആക്കിയപ്പോള്‍ എല്ലാവരും പാചക വാതക കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരുന്നു. ഇതിന് ശേഷം കുറച്ചുനാള്‍ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഏറെക്കുറെ എല്ലാവര്‍ക്കും സബ്‍സിഡി തുക അക്കൗണ്ടുകളില്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ‍ബ്‍സിഡി ഒന്നും വാങ്ങാത്തവര്‍ ആണെങ്കിലും എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമെത്തി. ഒന്നിലധികം ബാങ്ക് അക്കൗണ്ടുള്ളവര്‍ തങ്ങളുടെ എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ അവസാനം ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്കാവും സബ്‍സിഡി തുക പോവുന്നത്. സ്ഥിരമായി ഉപയോഗിക്കുകയും സബ്സിഡി ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അക്കൗണ്ടില്‍ സബ്‍സിഡി ലഭിക്കാതെ വരും. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടിലേക്ക് പണം വരുന്നത് ശ്രദ്ധയില്‍ പെടില്ല. ഇത്തരം അക്കൗണ്ടുകളില്‍ ചിലപ്പോള്‍ ഏറെ നാളായി മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനാല്‍ വരുന്ന പണം അപ്പോള്‍ തന്നെ ബാങ്ക് പിഴയായി ഈടാക്കും.

ഇതിനേക്കാള്‍ വലിയ പണിയാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചപ്പോള്‍ ചിലര്‍ക്ക് കിട്ടിയത്. നിലവില്‍ എയര്‍ടെല്‍ മൊബൈല്‍ കമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ പേയ്മെന്റ് ബാങ്ക് ലൈസന്‍സുണ്ട്. ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുമ്പോള്‍ ഉപഭോക്താവിനോട് പറയാതെ തന്നെ പേയ്മെന്റ് ബാങ്കില്‍ കൂടി അക്കൗണ്ട് തുറക്കും. ഇതിനുള്ള അനുമതി കൂടി ഉപഭോക്താവിനോട് പറയാതെ വാങ്ങുകയും ചെയ്യും. മൊബൈല്‍ നമ്പര്‍ തന്നെയാണ് ഇത്തരം പേയ്മെന്റ് ബാങ്കുകള്‍ അക്കൗണ്ട് നമ്പറായും ഉപയോഗിക്കുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പോലെ ഏകദേശം എല്ലാ സൗകര്യങ്ങളും പേയ്‍മെന്റ് ബാങ്കിലും ലഭ്യമാവും. അവസാനം ആധാര്‍ ബന്ധിപ്പിച്ചത് ഈ അക്കൗണ്ടിലായതിനാല്‍ സബ്‍സിഡി പണം അങ്ങോട്ട് പോകും. ഇതും ഉപഭോക്താവ് അറിയില്ല. എന്നാല്‍ ജിയോയുടെ ജിയോ മണി, വോഡഫോണിന്റെ എം പേസ എന്നിവയൊക്കെ വെറും ഇ-വാലറ്റുകള്‍ മാത്രമാണ്. ഇതിലേക്ക് സബ്സിഡി പണം പോകില്ല.

ഗ്യാസ് കമ്പനിക്ക് ഉപഭോക്താവ് നല്‍കിയ അക്കൗണ്ടിന് പകരം ആധാര്‍ ബന്ധിപ്പിച്ചതിന്റെ പേരില്‍ മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റുന്നതാണ് ഉപഭോക്താവിന് പാരാവുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios