Asianet News MalayalamAsianet News Malayalam

ജികെഎസ്‌യു സംസ്ഥാനത്തെ വ്യാപാരത്തിന് ഉത്തേജകമാകണം: തോമസ് ഐസക്ക്

ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന്റെ (ജികെഎസ്‌യു) വിജയം സര്‍ക്കാര്‍ ഉറ്റു നോക്കുന്നുവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ്ഐസക്ക്. മഴക്കെടുതിയില്‍  തണുത്തു പോയ കേരളത്തിലെ ഉപഭോക്തൃരംഗത്തിന് ഉത്തേജനം പകരുക എന്ന ദൗത്യമാണ് ജികെഎസ്‌യു മേള നിർവഹിക്കുന്നത്. 

great kerala shopping utsav will boost consumer sector in kerala says thomas issac
Author
Kochi, First Published Nov 15, 2018, 2:35 PM IST

കൊച്ചി: ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന്റെ (ജികെഎസ്‌യു) വിജയം സര്‍ക്കാര്‍ ഉറ്റു നോക്കുന്നുവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ്ഐസക്ക്. മഴക്കെടുതിയില്‍  തണുത്തു പോയ കേരളത്തിലെ ഉപഭോക്തൃരംഗത്തിന് ഉത്തേജനം പകരുക എന്ന ദൗത്യമാണ് ജികെഎസ്‌യു മേള നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന് എല്ലാവിധ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

മഴക്കെടുതി ഓണ സീസണിലെ വില്‍പനയെ കാര്യമായി ബാധിച്ചിരുന്നു. മഴ കഴിഞ്ഞിട്ടും വാണിജ്യമേഖല സ്തംഭിച്ചു നിൽക്കുന്നതാണു കണ്ടത്. പ്രളയം നേരിട്ടു ബാധിച്ച കടകൾ തന്നെ ആകെ കടകളുടെ 10% വരും. പക്ഷേ പ്രളയത്തിൽ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും (കൺസ്യൂമർ ഡ്യൂറബിൾസ്) നശിച്ചവർ പകരം വാങ്ങുന്നതാണു പിന്നീടുള്ള മാസങ്ങളിൽ കണ്ടത്. അങ്ങനെ നികുതിയിൽ വർധനയുണ്ടായി. പക്ഷേ അതു പോര. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കാകെ ഉത്തേജകമാവുന്ന തരത്തിൽ വിൽപ്പന നടക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

സർക്കാർ നടത്തിയ ജികെഎസ്എഫ് എന്തുകൊണ്ടു നിർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പത്തു വർഷത്തോളം ജികെഎസ്എഫ് നടത്തിയിരുന്നു. കേരളത്തിന് ഓണത്തിനു ശേഷം രണ്ടാം ഷോപ്പിംഗ് സീസൺ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. വിദേശ മലയാളികൾ കേരളം സന്ദർശിക്കുന്ന നവംബർ–ഡിസംബർ മാസം ഷോപ്പിംഗ് ഗ്രാഫ് കുത്തനെ ഉയരാറുണ്ട്. മാത്രമല്ല ടൂറിസ്റ്റുകളുടെ വരവു പരമാവധിയാകുന്നതും ശബരിമല തീർഥാടനവും ഇതേ കാലത്താണ്. മലയാളികൾ മാത്രം സാധനങ്ങൾ വാങ്ങിയാൽ പോര, തീർഥാടകരും മുംബൈ പോലെ മെട്രോ നഗരങ്ങളിൽ നിന്നു വരുന്ന ടൂറിസ്റ്റുകളും കേരളത്തിൽ ഷോപ്പിംഗ് നടത്തണം എന്നൊരു ലക്ഷ്യം ജികെഎസ്എഫിന് ഉണ്ടായിരുന്നു. പക്ഷേ ടൂറിസ്റ്റുകൾ ഇവിടെ ഷോപ്പിംഗ് നടത്തുന്നില്ല. മലയാളികളുടെ ഉപഭോഗം മാത്രമാണു കൂടിയത്. ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കാതെ വന്നപ്പോൾ നിർത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

പെട്രോളിയവും മദ്യവും കഴിഞ്ഞാൽ ഏറ്റവും നികുതി വരുമാനം ഉണ്ടാവേണ്ട മേഖലയാണ് ഉപഭോക്തൃ രംഗമെന്നും തോമസ് ഐസക്ക് പറഞ്ഞു. കേരളം ഇന്ത്യയിലെ തന്നെ ഒന്നാമത് ഉപഭോക്തൃ സംസ്ഥാനമാണ്. വിദേശമലയാളികൾ അയയ്ക്കുന്ന പണം ഈ ഉപഭോഗത്തിൽ പ്രതിഫലിക്കുന്നുണ്ട്. അങ്ങനെ ലഭിക്കുന്ന നികുതി (ജിഎസ്ടി) സംസ്ഥാനത്തിന്റെ വികസനത്തിനു തന്നെയാണു വിനിയോഗിക്കുന്നത്. നികുതി വരുമാനം കുറഞ്ഞാൽ റവന്യൂ കമ്മിയും ധനകമ്മിയും ബജറ്റിൽ വിഭാവനം ചെയ്തതിനേക്കാൾ വർധിക്കുമെന്നും തോമസ് ഐസക്ക് വിലയിരുത്തി.

വിദേശ പണം വരവു തന്നെയാണു സംസ്ഥാനത്തിന്റെ ഉപഭോഗത്തിനു പിന്നിലുള്ളതെന്ന് അദ്ദേഹം വിശദമാക്കി. ഡോളർ, യൂറോ, ദിർഹം,ദിനാർ തുടങ്ങിയവയുടെ മൂല്യ വർധന കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിലും വർധന വരുത്തിയിട്ടുണ്ട്. അതു വിപണിയിലെത്തും. അതിനാൽ ഗവൺമെന്റിന് ശുഭാപ്തി വിശ്വാസമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios