Asianet News MalayalamAsianet News Malayalam

ജി.എസ്.ടി പ്രവാസികളെ എങ്ങനെ ബാധിക്കും?

GST impact on NRIs
Author
First Published Jul 7, 2017, 6:58 PM IST

സ്വര്‍ണ്ണവിലയില്‍ എന്ത് സംഭവിക്കും?
പ്രത്യക്ഷത്തില്‍ നേരിട്ട് ബാധിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലെങ്കിലും നാട്ടിലെ വിലയിലെ ഓരോ കയറ്റിറക്കങ്ങളും സ്വഭാവികമായും പ്രവാസിയുടെ പഴ്സിലും പ്രതിഫലിക്കും. സ്വര്‍ണ്ണത്തിന് മൂന്ന് ശതമാനം ജി.എസ്.ടി നാട്ടിലുണ്ടാക്കുന്ന വര്‍ദ്ധനവ് ഗള്‍ഫ് സ്വര്‍ണ്ണത്തിന് വീണ്ടും പ്രിയം കൂട്ടുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണം നാട്ടില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ലാഭകരമാണ് ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് വാങ്ങുന്നത്. നാട്ടില്‍ സ്വര്‍ണ്ണത്തിന് നേരത്തെ ഒരു ശതമാനം എക്സൈസ് തീരുവയും 1.2 ശതമാനം ശരാശരി വാറ്റുമാണ് ഈടാക്കിയിരുന്നത്.

GST impact on NRIs

പുതിയ സംവിധാനത്തില്‍ എക്സൈസ് തീരുവയും വാറ്റും ഒഴിവാക്കി പകരം മൂന്ന് ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി. പണിക്കൂലിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഇതിന് പുറമെയുണ്ട്. കേരളത്തില്‍ ജി.എസ്.ടി വന്ന ശേഷം പണിക്കൂലി അടക്കമുള്ള വര്‍ദ്ധനവ് 1.60 ശതമാനത്തോളമാണ്. 10 ശതമാനം കസ്റ്റംസ് തീരുവയുടെ വ്യത്യാസം കൂടി ചേരുന്നതോടെ ഗള്‍ഫിലെയും നാട്ടിലെയും സ്വര്‍ണ്ണവിലകള്‍ തമ്മില്‍ 13 ശതമാനത്തിന്റെ വ്യത്യാസം വരും. അതായത് ഒരു പവന് ഗള്‍ഫില്‍ 2500 രൂപയിലേറെ കുറവുണ്ടാകും.

നാട്ടിലേക്ക് പണമയയ്ക്കാന്‍ ചിലവേറുമോ?
സേവന നികുതിലുള്ള വര്‍ദ്ധനവ് നാട്ടിലേക്ക് പണമയക്കാനുള്ള ചിലവ് കൂട്ടുമോ എന്ന ആശങ്ക പ്രവാസികള്‍ക്കുണ്ട്. ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ വിദേശത്തെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങള്‍, നാട്ടിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ക്ക് നല്‍കുന്ന സേവന നികുതി 15ല്‍ നിന്ന് 18 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ അധിക ഭാരം, പണമിടപാട് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ഉപഭോക്താക്കളില്‍ തന്നെ എത്താന്‍ സാധ്യതയുണ്ട്. നാട്ടിലെ പണമിടപാട് സ്ഥാപനങ്ങള്‍ ഈ നികുതി വര്‍ദ്ധനവ് സ്വയം ഏറ്റെടുക്കുകയാണെങ്കില്‍ നാട്ടിലേക്ക് പണമയക്കാനുള്ള ചിലവ് കൂടില്ല. അതല്ല മൂന്ന് ശതമാനം നികുതി വരുത്തുന്ന അധിക ബാധ്യത ഗള്‍ഫിലെ പണമിടപാട് സ്ഥാപനങ്ങള്‍ തന്നെ വഹിക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ പണമയക്കുന്നവരില്‍ നിന്നാവും ഈ പണം കൂടി ഈടാക്കുക.

GST impact on NRIs

നിലവില്‍ 20 ദിര്‍ഹമാണ് റെമിറ്റന്‍സ് ചാര്‍ജ്ജായി ഈടാക്കുന്നതെങ്കില്‍ അതില്‍ ഒരു  ദിര്‍ഹം വര്‍ദ്ധനവ് വരെയാണ് പരമാവധി ഉണ്ടാകാന്‍ സാധ്യതയെന്ന് ധനകാര്യ വിദഗ്ദര്‍ പറയുന്നു.

10 ശതമാനമായിരുന്ന സേവന നികുതി മൂന്ന് തവണയായി വര്‍ദ്ധിപ്പിച്ചാണ് ഇപ്പോള്‍ 18ല്‍ എത്തി നില്‍ക്കുന്നത്. ധനവിനിമയ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റ ഫലമായി നേരത്തെയുള്ള വര്‍ദ്ധനവ് ഉപഭോക്താക്കളില്‍ എത്തിയിരുന്നില്ല. എന്നാല്‍ പണമയക്കാനുള്ള നിരക്കില്‍ ഉടനെയൊന്നും വര്‍ദ്ദനവുണ്ടാകില്ല  എന്നുതന്നെയാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.

കെട്ടിട നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്
നാട്ടിലെ നിര്‍മ്മാണ മേഖലയിലെ ചിലവ് കുറയുന്നത് വഴി റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലെ വില കുറയുന്നത് പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്തല്‍. നിര്‍മ്മാണ കമ്പനികള്‍ക്ക് ലഭിക്കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, വിലയില്‍ വ്യത്യാസം വരുത്തും. അതിനനുസരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വില കുറയും. ഏകദേശം ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഇങ്ങനെ വില കുറയുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രവാസികള്‍ക്ക് ഈ രംഗത്ത് നിക്ഷേപം നടത്താനുള്ള അവസരം നല്‍കും.

GST impact on NRIs

ഇതിന് പുറമേ ഭവന വായ്പ, ഇന്ത്യയില്‍ ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍. അതും കൂടി ഉപയോഗപ്പെടുത്തിയാല്‍ പ്രവാസികള്‍ക്ക് മികച്ച നിക്ഷേപം നടത്താനാവും.

നാട്ടിലേക്ക് സാധനങ്ങള്‍ അയയ്ക്കാന്‍
ഗള്‍ഫില്‍ നിന്നുള്ള കാര്‍ഗോ സംവിധാനത്തെ ചരക്ക് സേവന നികുതി ഇപ്പോള്‍ താറുമാറാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 20,000 രൂപ വരെയുള്ള സാധനങ്ങള്‍ നിലവില്‍ നികുതിയില്ലാതെ കാര്‍ഗോ വഴി നാട്ടിലേക്ക് അയക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ജി.എസ്.ടി വന്നതോടെ ഇത് റദ്ദാക്കി. ഇനി മുതല്‍ കസ്റ്റംസ് തീരുവയും ചരക്ക് സേവന നികുതിയും സെസും അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ, 28 ശതമാനം സംയോജിത ചരക്ക് സേവന നികുതി, മൂന്ന് ശതമാനം സെസ് എന്നിവയാണ് അടയ്ക്കേണ്ടത്. എല്ലാം കൂടി കണക്കാക്കുമ്പോള്‍ 41 ശതമാനത്തോളം വരുമിത്. അങ്ങനെയാവുമ്പോള്‍ 20,000 രൂപയുടെ സാധനങ്ങള്‍ കാര്‍ഗോ വഴി അയ്ക്കാന്‍ 8200 രൂപ നികുതി അടയ്ക്കണമെന്നാവും. ഈ നിര്‍ദ്ദേശം കാര്‍ഗോ സംവിധാനത്തെ തകര്‍ക്കുന്നതാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

GST impact on NRIs

ജൂലൈ ഒന്നു മുതല്‍ പുതിയ നികുതി പുതിയ നിര്‍ദ്ദേശം വന്നതോടെ നാല് ദിവസമായി ഗള്‍ഫ് മേഖലയിലെ കാര്‍ഗോ സ്ഥാപനങ്ങള്‍ അവിടെ നിന്ന് പാര്‍സലുകള്‍ ഏറ്റെടുക്കാതെയായി. ഗള്‍ഫില്‍ നിന്ന് ഇതിനോടകം കയറ്റി അയച്ച നൂറുകണക്കിന് ടണ്‍ പാര്‍സലുകള്‍ ഇപ്പോള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍ നാട്ടിലെത്തിയ സാധനങ്ങള്‍ പഴയ നിരക്കില്‍ തന്നെ വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കാര്‍ഗോ കമ്പനികളുടെ ആവശ്യം.

5000 രൂപയുടെ സാധനങ്ങള്‍ നികുതിയില്ലാതെ നാട്ടിലേക്ക് അയക്കാന്‍ പ്രവാസികള്‍ക്ക് 1993ലാണ് ആദ്യം ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 1998ല്‍ ഈ പരിധി 10,000 രൂപയായും കഴിഞ്ഞ വര്‍ഷം 20,000 രൂപയായും ഉയര്‍ത്തി. ഈ സൗകര്യമാണ് ജൂണ്‍ 30ന് അര്‍ദ്ധരാത്രി റദ്ദാക്കപ്പെട്ടത്. നിലവില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഗള്‍ഫ് രാജ്യങ്ങളിലെ കാര്‍ഗോ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 90 ശതമാനവും മലയാളികളാണ്. പുതുതായി നടപ്പാക്കിയ ചരക്ക് സേവന നികുതി പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ഇവരുടെ ഭാവിയും പ്രതിസന്ധിയിലാക്കുകയാണ്. പുതിയ സംവിധാനത്തിലേക്ക് മാറാന്‍ സാവകാശം വേണ്ടിവരുമെങ്കിലും അതിനുള്ള സഹായവും സമയവും നല്‍കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പിലാണ് ഗള്‍ഫിലെ പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios