Asianet News MalayalamAsianet News Malayalam

ചൈനീസ് സമ്മര്‍ദ്ദം നേരിടാന്‍ ഒമാന്‍ തീരത്തേക്ക് ഇന്ത്യന്‍ നാവികസേന

india oman ties in defense
Author
First Published Feb 14, 2018, 4:19 PM IST


ദില്ലി: ഒമാനിലെ ഡ്യൂകും തുറമുഖം ഉപയോഗിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പു വച്ചതോടെ അറബ്യേന്‍ കടലില്‍ ഇന്ത്യയുടെ സ്വാധീനം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. നിലവില്‍ ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളും ഒമാന്‍ പ്രതിരോധസേനകളുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കാനുമായി സലാലയില്‍ എത്തുന്നതും പതിവാണ്. 

എന്നാല്‍ സലാലയില്‍ നിന്നും വ്യത്യസ്തമായി  സാമ്പത്തിക-പ്രതിരോധ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒമാന്‍ കൃതിമമായി നിര്‍മ്മിച്ചെടുത്ത ദ്വീപാണ് ഡ്യൂകും. ഇങ്ങനെയൊരു തുറമുഖത്തില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് പ്രവേശനം അനുവദിച്ചത് വഴി നിര്‍ണായകമായ പ്രതിരോധസഹകരണത്തിനാണ് ഇന്ത്യയും ഒമാനും തുടക്കമിട്ടിരിക്കുന്നതെന്നാണ് പ്രതിരോധവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

വിദേശകാര്യമന്ത്രി സുഷമസ്വരാജ് അവരുടെ ആദ്യവിദേശസന്ദര്‍ശത്തിനെത്തിയ രാജ്യമായിരുന്നു ഒമാനെങ്കിലും പ്രധാനമന്ത്രി മോദി ഇവിടെയെത്താന്‍ നാല് വര്‍ഷത്തോളം വേണ്ടി വന്നിരുന്നു. ഒമാന്‍ സുല്‍ത്താന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് ഇരുരാഷ്ട്രത്തലവന്‍മാരും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇത്രയും വൈകാന്‍ കാരണമെന്ന് വിദേശകാര്യവൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതെന്തായാലും വൈകിയെത്തിയ മോദിയുമായി അതിനിര്‍ണായക പ്രതിരോധ കരാറുകളാണ് ഒമാന്‍ സുല്‍ത്താന്‍ ഒപ്പുവച്ചിരിക്കുന്നത്. പാകിസ്താനിലെ ഗ്വദ്ദര്‍ തുറമുഖത്ത് ചൈന നിലയുറപ്പിച്ച സാഹചര്യത്തില്‍ അപ്പുറം ഇറാനിലും, ഇപ്പുറം ഒമാനിലും സൈന്യത്തെ വിന്യസിച്ച് ചൈനീസ് സമ്മര്‍ദ്ദത്തെ നേരിടുകയാവും ഇനി ഇന്ത്യന്‍ തന്ത്രം. 

വരുന്ന മാര്‍ച്ചില്‍ പേര്‍ഷ്യന്‍ കടലില്‍ വച്ച് ഇന്ത്യ-യുഎഇ നാവികസേനകള്‍ സംയുക്ത പരിശീലനം നടത്തുന്നുണ്ട്. ഇതാദ്യമായാണ് ഇരുരാജ്യങ്ങളും പ്രതിരോധരംഗത്ത് ഈ രീതിയില്‍ സഹകരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍ എന്ന ദ്വീപുരാഷ്ട്രവുമായി നിര്‍ണായകമായ പ്രതിരോധസഹകരണ കരാറില്‍ ഇന്ത്യ ഒപ്പു വച്ചിരുന്നു. സീഷെല്‍ ദ്വീപില്‍ ഇന്ത്യയ്ക്ക് സൈനിക കേന്ദ്രം നിര്‍മ്മിക്കാനുള്ള ഈ കരാര്‍ സീഷെല്ലിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധങ്ങളെ മറികടന്നാണ് ഇരുരാജ്യങ്ങളും യഥാര്‍ത്ഥ്യമാക്കിയത്. നിലവില്‍ മൗറീഷ്യസിലെ അഗലേഗ ദ്വീപുമായും ഇത്തരമൊരു സൈനിക കരാര്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. 

ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ ജിബൂട്ടി രാഷ്ട്രപതി രാംനാഥ് സിംഗ് സന്ദര്‍ശിച്ചതോടെ ആ രാജ്യവുമായുള്ള ഇന്ത്യയുടെ പ്രതിരോധസഹകരണം കൂടുതല്‍ ശക്തമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കിടക്കുന്ന മാലിദ്വീപ് ചൈനയുമായി കൂടുതല്‍ അടുക്കുകയും ഇന്ത്യയോട് പിന്തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജിബൂട്ടി, സീഷെയ്ല്‍ എന്നീ രാഷ്ട്രങ്ങളില്‍ ഇന്ത്യ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് മേഖലയില്‍ ചൈനയുമായുള്ള ശീതയുദ്ധത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും. 

Follow Us:
Download App:
  • android
  • ios