Asianet News MalayalamAsianet News Malayalam

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ മാറ്റം വരുന്നു

രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന പകുതിയോളം ഇരുചക്ര വാഹനങ്ങളും കാറുകളും ഇന്‍ഷുറന്‍സില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

IRDA asks companies to issue long term third party insurance

ദില്ലി: സ്വകാര്യ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരുന്നു. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ദീര്‍ഘകാലത്തേക്കുള്ള പോളിസികള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റി രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന പകുതിയോളം ഇരുചക്ര വാഹനങ്ങളും കാറുകളും ഇന്‍ഷുറന്‍സില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുമുള്ള പോളിസികള്‍ തയ്യാറാക്കാനാണ് കമ്പനികളോടെ ഐ.ആർ.ഡി.എ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ വാഹനം എടുക്കുമ്പോള്‍ തന്നെ ദീര്‍ഘകാല പോളിസികള്‍ നിര്‍ബന്ധമായി നല്‍കാനും ആലോചനയുണ്ട്.  വാഹന ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. എല്ലാ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുന്നതിനൊപ്പം കൂടുതല്‍ വാഹനങ്ങള്‍ കൂടുതല്‍ കാലത്തേക്ക് ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നതോടെ നിരക്കുകള്‍ കുറയുകയും ചെയ്യും.

രാജ്യത്തെ നിരത്തുകളിലെ ഭൂരിപക്ഷം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സംരക്ഷണമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതി കണ്ടെത്തിയിരുന്നു. റോഡ് ഉപയോഗിക്കുന്നവരുടെയെല്ലാം സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണിതെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികളെടുക്കാന്‍ ഐ.ആർ.ഡി.എയെ ചുമതലപ്പെടുത്തുകയായിരുന്നു. വാഹനം രജിസ്റ്റർ ചെയ്യുമ്പോള്‍ തന്നെ ദീര്‍ഘകാലത്തേക്കുള്ള ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായി നല്‍കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്ലാതെ വാഹനം ഓടിക്കുന്നത് 1000 രൂപ പിഴയോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. 

Follow Us:
Download App:
  • android
  • ios