Asianet News MalayalamAsianet News Malayalam

ബജറ്റ് 2019: കെഎസ്ആർടിസി ബസ്സുകൾ ഇലക്ട്രിക് ആക്കും, 2022-ഓടെ പത്ത് ലക്ഷം വാഹനങ്ങൾ

ഗതാഗതമേഖലയിൽ വൻനവീകരണം ലക്ഷ്യമിട്ട് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആർടിസി ബസ്സുകൾ ഇലക്ട്രിക് ബസ്സുകളാകും.

ksrtc to be electrified completely in budget 2019
Author
Thiruvananthapuram, First Published Jan 31, 2019, 10:21 AM IST

തിരുവനന്തപുരം: അടുത്ത മൂന്ന് വർഷം കൊണ്ട് കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2022-ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും. പരിസ്ഥിതിമലിനീകരണം കുറയ്ക്കുന്നതും ഇന്ധനലാഭവും ലക്ഷ്യമിട്ടാണിത്. ഗതാഗതമേഖലയിലും സമഗ്രനവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് 1367 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കേരളം ഇലക്ട്രിക് വാഹനങ്ങളിലേക്ക്

പടിപടിയായി കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് മാറും. ഇത് കെഎസ്ആർടിസിക്ക് ലാഭമേ ഉണ്ടാക്കൂ എന്ന് ശബരിമല സ‍ർവീസ് തെളിയിച്ചതാണ്. ആദ്യപടിയായി തിരുവനന്തപുരം ഡിപ്പോയിലെ മുഴുവൻ സ‍ർവീസുകളും ഇലക്ട്രിക് ബസ്സുകളിലേക്ക് മാറ്റും. അങ്ങനെ മുഴുവൻ ബസ്സുകളും ഇലക്ട്രിക് ആക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി തിരുവനന്തപുരം മാറും. 

ഇലക്ട്രിക് ബസ് നിർമിക്കുന്നതിന് സ്വിസ് കമ്പനിയുമായി ചർച്ച നടത്തി വരുന്നു. ഇതിന്‍റെ അനുബന്ധവ്യവസായങ്ങൾ വളർത്തിയെടുക്കും.

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ഇളവ്. ഇ-മൊബിലിറ്റി പ്രൊമോഷൻ ഫണ്ടിന് അംഗീകാരം. 12 കോടി രൂപ വകയിരുത്തി. ഈ വർഷം പതിനായിരം ഇലക്ട്രിക് ഓട്ടോകൾക്ക് ഈ ഫണ്ടിൽ നിന്ന് ഇളവ് നൽകും. ചാർജ് ചെയ്ത ഇലക്ട്രിക് ബാറ്ററികൾ മാറ്റിയെടുക്കുന്നതിനുള്ള സ്ഥാപനങ്ങൾ നഗരങ്ങളിൽ സ്ഥാപിക്കും. ഇതുവഴി ഉടമസ്ഥർക്ക് ചെലവ് കുറയ്ക്കും. 

നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ. പടിപടിയായി ഇനി നഗരങ്ങളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ അനുവദിക്കൂ. 

'പുതിയ കാലം, പുതിയ നിർമാണം'

അടുത്ത രണ്ട് വർഷം കൊണ്ട് ആറായിരം കിലോമീറ്റർ റോഡുകൾ നിർമിക്കും. റോഡുകളുടെ ഗുണനിലവാരത്തിലും കുതിച്ചുചാട്ടമുണ്ടാകും. പുനർനിർമാണത്തിന്‍റെ ഭാഗമായുള്ള റോഡുകൾ പുതിയ ഡിസൈനിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാകും നിർമിക്കുക. ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ ചട്ടങ്ങൾ പാലിച്ചാകും റോഡ് നിർമാണം. 

ഇതുവരെ 11,000 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതികൾക്ക് കിഫ്ബിയുടെ അനുമതി കിട്ടിയിട്ടുണ്ട്. 'റീബിൽഡ് കേരള'യിൽ നിന്നും പൊതുമരാമത്ത് വകുപ്പിൽ നിന്ന് പണം നൽകും.

Follow Us:
Download App:
  • android
  • ios