Asianet News MalayalamAsianet News Malayalam

ജനങ്ങളുടെ നടുവൊടിച്ച് ജി.എസ്.ടി; നികുതി കുറഞ്ഞു, വിലകൂടി

One month of GST Doing business more complicated than ever
Author
First Published Sep 2, 2017, 10:31 AM IST

കൊച്ചി: ജിഎസ്ടി നിലവിൽ വന്ന് ഒരു മാസം പിന്നിട്ടപ്പോൾ മിക്ക നിത്യോപയോഗ സാധനങ്ങളുടേയും വിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. വില കുറയുമെന്ന് പറഞ്ഞ് സർക്കാർ പ്രസിദ്ധീകരിച്ച നൂറിന പട്ടികയിലെ മിക്ക ഉൽപ്പന്നങ്ങൾക്കും വില കൂടുകയാണ് ഉണ്ടായത്.

പലചരക്ക് കടയിൽനിന്ന് നിന്നുതന്നെ തുടങ്ങാം. വിലക്കയറ്റത്തിന്‍റെ വഴിയറിയാൻ ശർക്കരയുടെ വില പരിശോധിച്ചാൽ മതി. മുമ്പ് ശർക്കരക്ക് 7.6 ശതമാനം നികുതിയുണ്ടായിരുന്നു. ഇപ്പോൾ നികുതി പൂജ്യം.  നികുതി ഒഴിവായപ്പോൾ ശർക്കരവില നാല് രൂപയെങ്കിലും കുറയേണ്ടിടത്ത് പത്ത് രൂപ കൂടി. കൃഷിനാശം, ലോറി സമരം, വ്യാപാര തർക്കം, അങ്ങനെ വിപണിയെ സ്വാധീനിക്കുന്ന കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എന്തുണ്ടായി ഒരു കാര്യം മാത്രം ജിഎസ്ടി വന്നു.

8.9 ശതമാനം നികുതിയുണ്ടായിരുന്ന പഞ്ചസാരക്ക് ജിഎസ്ടി പ്രകാരം ഇപ്പോൾ നികുതി 5 ശതമാനമായി. വില 2 രൂപയെങ്കിലും കുറയേണ്ടതാണ്. കൃത്രിമ വിലക്കയറ്റം ഉണ്ടാക്കിയത് നിർമ്മാതാക്കളും വൻകിട വിതരണക്കാരും. ധനമന്ത്രിയുടെ പട്ടികയിലെ വില കുറയേണ്ട മിക്ക ഉൽപ്പന്നങ്ങളുടേയും കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെ.

ജി.എസ്.ടി മൂലം വിലകൂടിയ ചില മേഖലകള്‍ നോക്കാം

1. ഹോട്ടൽ ഭക്ഷണത്തിൻറെ അധികവില ഇനിയും നിയന്ത്രിക്കാനായിട്ടില്ല, പഴയ നികുതികൾ കുറയ്ക്കാതെ ഹോട്ടലുകൾ ജിഎസ്ടി ചുമത്തുന്നു, എസി ഇല്ലാത്ത ഭക്ഷണശാലകളും 18 ശതമാനം നികുതി ഈടാക്കുന്നു, പാഴ്സലിനും 18 ശതമാനം തുടങ്ങിയ പരാതികൾ. 
 
2.കോഴിവിലയിലെ കൊള്ള ഇപ്പോഴും തുടരുന്നു, കുത്തക കമ്പനികളുടെ ചൂഷണവും ഇടത്തട്ടുകാരുടെ അമിതലാഭവും. കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ സബ്സിഡി നിരക്കിൽ നൽകാനുള്ള പദ്ധതി ഒന്നുമായില്ല.

3.വില കുറയുമെന്ന് കാട്ടി  അങ്ങ് പ്രസിദ്ധീകരിച്ച 100 ഇന പട്ടികയിലെ മിക്ക ഉൽപ്പന്നങ്ങളുടേയും വില കുറഞ്ഞില്ല.

4.ആക്രി വ്യാപാരത്തിന് ജിഎസ്‌ടി. തൊഴിൽ ഇല്ലാതായ ആക്രി ശേഖരിക്കുന്ന തൊഴിലാളികളുടെ പ്രശ്നം, മാലിന്യനീക്കം നിലക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ.

4.ജിഎസ്‌ടി വന്നതിന് ശേഷം അടഞ്ഞുകിടക്കുന്ന പെരുമ്പാവൂരിലെ നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികൾ. നിശ്ചലമായ യന്ത്രങ്ങൾ, പണിയില്ലാതായ തൊഴിലാളികൾ, പ്രതിസന്ധിയിലായ തൊഴിലാളികൾ.

5. ഹോളോബ്രിക്സ്, ഉണക്കമീൻ തുടങ്ങിയ വ്യവസായങ്ങൾ.
 
6.ഉപ്പേരി, ഉണ്ണിയപ്പം മുതലായ പാക്കറ്റിലടച്ച ഭക്ഷണസാധനകൾ ഉണ്ടാക്കുന്ന ഗാർഹിക, ചെറുകിട യൂണിറ്റുകൾ വൻ പ്രതിസന്ധിയിൽ.
 
7.ഹൗസ് ബോട്ട് മേഖലയിൽ 28 ശതമാനം ജിഎസ്‌ടി 5 ശതമാനം സർവീസ് ടാക്സടക്കം ചുമത്തുമ്പോൾ മേഖലക്ക് വൻ തിരിച്ചടിയായി

ടെലിവിഷനും റഫ്രിജറേറ്ററിനും എസിക്കുമെല്ലാം നികുതി കുറഞ്ഞു, പക്ഷേ  കമ്പനികൾ വില വില കൂട്ടി. ഹാർഡ് വെയർ ഉത്പന്നങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒന്നര ശതമാനം വില കുറയുമെന്ന് പ്രതീക്ഷിച്ച മാർബിളിനുണ്ടായത് 12 ശതമാനം വിലക്കയറ്റം. നികുതി കുറഞ്ഞിട്ടും നിർമ്മാണ സാമഗ്രികളിൽ മിക്കതിനും വില കൂടി. അടിസ്ഥാന വിലക്കുമേലുള്ള പഴയ നികുതികൾ കുറച്ചിട്ടല്ല മിക്കവരും ജിഎസ്ടി കണക്കുകൂട്ടുന്നത്.

നികുതി കുറഞ്ഞിട്ടും വിലകുറയാത്തതിന് മറ്റൊരു കാരണം ഇതാണ് ജിഎസ്ടിയെക്കുറിച്ചുള്ള അവ്യക്തതയും ആശയക്കുഴപ്പവും മുതലെടുത്ത് കരിഞ്ചന്തയും കൊള്ളയും തുടരുന്നു.

Follow Us:
Download App:
  • android
  • ios