Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത 'ഉള്ളി'ക്കാര്യം

മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആകെ ഉല്‍പ്പാദനത്തിന്‍റെ അറുപത്
ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ എല്ലാ സംസ്ഥാനത്തും നിലവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇവയില്‍ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവടങ്ങളില്‍ ബിജെപി ആണ് ഭരിക്കുന്നത്. 

onion price is always an important factor in indian politics
Author
New Delhi, First Published Dec 4, 2018, 3:15 PM IST

മധ്യപ്രദേശിലെ തെരഞ്ഞടുപ്പ് പ്രചാരണ രംഗത്ത് ഏറ്റവും സജീവമായി നിന്നത് രാഷ്ട്രീയ നേതാക്കളായിരുന്നില്ല. തെരഞ്ഞെടുപ്പ് ഗോദയിലെ താരവും ചര്‍ച്ച വിഷയവും 'ഉള്ളി'യായിരുന്നു. കിലോയ്ക്ക് 50 പൈസ!. അതാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് ഉള്ളി വിറ്റാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന വില. 

സംസ്ഥാനത്ത് അരങ്ങേറിയ തെരഞ്ഞടുപ്പ് പ്രചരണ പരിപാടിയില്‍ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഉള്ളിയുടെ വിലയിടിവ് വേണ്ട രീതിയില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചിരുന്നില്ല. പക്ഷേ, ജനങ്ങള്‍ക്കിടയിലെ പ്രധാന രാഷ്ട്രീയ വിഷയം സംസ്ഥാനത്തെ ഉള്ളിയുടെ വിലയിടിവും കര്‍ഷകരുടെ കണ്ണീരുമായിരുന്നു. ഡിസംബര്‍ 11 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മധ്യപ്രദേശിന്‍റെ മണ്ണില്‍ വിളഞ്ഞ ഉള്ളി ആരെയൊക്കെ കരയിപ്പിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

onion price is always an important factor in indian politics

ഉള്ളി വ്യാപകമായി കൃഷി ചെയ്യുന്ന നാസിക്കിലെ കര്‍ഷകന്‍ ഉള്ളി വിറ്റ സംഭവം കുറച്ച് ദിവസമായി ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ഉള്ളി വിറ്റ് ലഭിച്ച തുക നാസിക്കിലെ കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു നല്‍കിയത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിയായ സഞ്ജയ് സേത് 750 കിലോ ഉള്ളിയാണ് കൃഷി ചെയ്തത്. നിപദ് മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ ഉള്ളി വില്‍ക്കാന്‍ എത്തിയപ്പോള്‍ കിലോയ്ക്ക് 1.40 രൂപ മാത്രമാണ് അദ്ദേഹത്തിന് വിലയായി ലഭിച്ചത്. 750 കിലോ ഉള്ളിക്ക് വിലയായി ലഭിച്ചത് വെറും 1064 രൂപ മാത്രം!. 

വില്‍പ്പനയില്‍ വന്‍ നഷ്ടം നേരിട്ടതോടെ പ്രതിഷേധമായി സഞ്‍ജയ് സേത് കിട്ടിയ പണം മുഴുവന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു നല്‍കി. രാജ്യത്തെ ഉള്ളിക്കര്‍ഷകരുടെ നിസ്സഹായ അവസ്ഥ വെളിവാക്കുന്നതായിരുന്നു ഈ സംഭവം. 

onion price is always an important factor in indian politics

ഇന്ത്യയുടെ മൊത്തം കാര്‍ഷിക ഉല്‍പ്പാദനത്തിന്‍റെ ഒരു ശതമാനം മാത്രമാണ് ഉള്ളിയുടെ സ്ഥാനം. പക്ഷേ, ഇന്ത്യന്‍ അടുക്കളയില്‍ ഉള്ളിക്ക് വലിയ സ്വാധീനമുണ്ട്. കുറച്ച് കാലം മുന്‍പ് വരെ, ബംഗാളിന് എങ്ങനെയാണോ മത്സ്യം ദക്ഷിണേന്ത്യയ്ക്ക് എങ്ങനെയാണോ തേങ്ങ അതിന് സമാനമാണ് ഉത്തര, മധ്യ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ ള്ളളിക്കുളള പ്രധാന്യം. എന്നാല്‍, ഇന്ന് ഇന്ത്യയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉള്ളിയെ തങ്ങളുടെ തീന്‍ മേശയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ല. മാസം ശരാശരി ഒരു ഇന്ത്യക്കാരന്‍ 800 ഗ്രാം ഉള്ളി 'ഉള്ളിലാക്കുന്നു എന്നാണ്' കണക്കാക്കുന്നത്. 

ഉളളിയെന്ന ലിറ്റ്മസ് പേപ്പര്‍

സാധാരണക്കാരന്‍ തന്‍റെ പ്രദേശത്ത് വിലക്കയറ്റമുണ്ടാകുന്നു എന്ന് തിരിച്ചറിയുന്നത് ഉള്ളിയുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴാണ്. ഉള്ളിവില അകാരണമായി വിപണിയില്‍ ഉയരുമ്പോള്‍ മലയാളികള്‍ അടക്കമുളളവര്‍ വിലക്കയറ്റത്തെപ്പറ്റി പരാതി പറയാന്‍ തുടങ്ങും. ഇതിനാല്‍ തന്നെ രാജ്യത്തെ വിലക്കയറ്റത്തിന്‍റെ ലിറ്റ്മസ് ടെസ്റ്റായി ഉള്ളി വിലയെ കണക്കാക്കാം. സാധാരണ ഒരു ഇന്ത്യന്‍ കുടുംബം മാസം കുറഞ്ഞത് ഏകദേശം 200 രൂപയ്ക്ക് മുകളില്‍ ഉള്ളിക്ക് വേണ്ടി ചിലവഴിക്കാറുണ്ട് എന്നാണ് കണക്ക്. 

onion price is always an important factor in indian politics

ഉള്ളിവിലയില്‍ വന്‍ വര്‍ദ്ധനയുണ്ടായാലും വലിയ ഇടിവുണ്ടായാലും രാഷ്ട്രീയമായി അത് ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഉള്ളിവില സാധാരണക്കാരന് താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ അത് കുടുംബ ബജറ്റ് ഉയര്‍ത്തുകയും അത് ജനങ്ങള്‍ക്ക് ഭരണപക്ഷത്തോട് എതിര്‍പ്പ് വളരാന്‍ ഇടയാക്കുകയും ചെയ്യും. ഉള്ളിവില വലിയ തോതില്‍ ഇടിഞ്ഞാല്‍ കര്‍ഷകരുടെ ജീവിതത്തെ അത് പ്രതിസന്ധിയിലാക്കും. കര്‍ഷകര്‍ക്കുണ്ടാകുന്ന ഈ പ്രതിസന്ധി അവരെ സമരത്തിലേക്ക് തള്ളിവിടും. കര്‍ഷകര്‍ എടുത്തിട്ടുളള വായ്പകളുടെ തിരിച്ചടവിനെയും ഇത് ദോഷകരമായി ബാധിക്കും. 

ഉള്ളി വിളയും സംസ്ഥാനങ്ങള്‍

മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആകെ ഉല്‍പ്പാദനത്തിന്‍റെ അറുപത് ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ എല്ലാ സംസ്ഥാനത്തും നിലവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇവയില്‍ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവടങ്ങളില്‍ ബിജെപി ആണ് ഭരിക്കുന്നത്. അതിനാല്‍ തന്നെ ഉള്ളി വില്‍പ്പന വില നാസിക്കില്‍ കിലോയ്ക്ക് 1.40 രൂപയിലേക്ക് ഇടിഞ്ഞത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്. 2019 ല്‍ പാര്‍ലമെന്‍റ് തെരഞ്ഞടുപ്പില്‍ ഉള്ളിയുടെ വില പ്രധാന ഘടകമാകുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി. 

2014 ജൂലൈയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളിയെ ആവശ്യ സാധന നിയമത്തിന്‍റെ പരിധിയിലേക്ക് കൊണ്ടുവന്നത്. ഉള്ളി വിലയെ ഇതിലൂടെ സര്‍ക്കാരിന് എളുപ്പത്തില്‍ നിയന്ത്രിക്കാനും വിലക്കയറ്റവും തടയാനും ആകും. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഉള്ളി ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. കാലവസ്ഥ അനുകൂലമാകുന്ന അവസരങ്ങളില്‍ രാജ്യത്ത് ആവശ്യകതയെക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനം നടക്കാറുണ്ട്. ആകെ ഉല്‍പ്പാദനത്തിന്‍റെ 10 ശതമാനം ഉള്ളി വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്യാറുണ്ട്. 

onion price is always an important factor in indian politics

രാഷ്ട്രിയത്തില്‍ താരമായി ഉള്ളി

1980 പൊതു തെരഞ്ഞടുപ്പിലാണ് ഉള്ളി രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വേദിയായത്. ചരണ്‍ സിംഗ് സര്‍ക്കാരിനെതിരെ ഇന്ദിര ഗാന്ധി ഉള്ളിയുടെ വിലക്കയറ്റം വലിയ ചര്‍ച്ച വിഷയമാക്കി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വലിയതോതില്‍ സ്വാധീനിച്ചു. ഇന്ദിരയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അന്ന് ലോക്സഭയുടെ 67 ശതമാനം സീറ്റുകള്‍ പിടിച്ചെടുത്തു. ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഉള്ളി വില ആയുധമാക്കിയിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന അദ്ദേഹത്തിന് പ്രതികരണത്തിലൂടെ ഉള്ളി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും പ്രാധാന്യമുണ്ടെന്ന് വീണ്ടും തെളിയിച്ചു. 

ഇപ്പോള്‍ സ്ഥിതി വിലക്കയറ്റമല്ല മറിച്ച് വിലയിടിവാണ്. പ്രതിസന്ധിയിലായത് രാജ്യത്തെ ഉള്ളി കര്‍ഷകരും. കര്‍ഷക മാര്‍ച്ചുകള്‍ അടിക്കടി രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രധാനകാരണങ്ങളിലെന്ന് ഇത്തരത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സംഭവിക്കുന്ന വിലയിടിവാണ്. മറ്റൊരു പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങവേ നമ്മുടെ ഉള്ളി വിളയുന്ന പാടങ്ങള്‍ കണ്ണീര്‍പ്പാടങ്ങളായിക്കൊണ്ടിരിക്കുകയാണ്.      

Follow Us:
Download App:
  • android
  • ios