Asianet News MalayalamAsianet News Malayalam

എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി

RBI hikes ATM cash withdrawal limit Just before the Union Budget2017
Author
First Published Jan 30, 2017, 12:09 PM IST

നോട്ട് നിരോധനത്തിന് ശേഷം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഭാഗികമായി പിന്‍വലിച്ചു. സേവിങ്സ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി ഒറ്റത്തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 10,000ല്‍ നിന്ന് 24,000 ആക്കി ഉയര്‍ത്തി. എന്നാല്‍ ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും. പുതിയ ഉത്തരവ് ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും

കറണ്ട് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം പിന്‍വലിക്കാന്‍ ഇനി പരിധികളുണ്ടാകില്ല. കറണ്ട് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയ്ക്കും ഇളവുകള്‍ ബാധകമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് വേണമെങ്കില്‍ പരിധി വെയ്ക്കാമെന്നും റിസര്‍വ് ബാങ്ക് ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന സേവിങ്സ് അക്കൗണ്ടില്‍ പ്രതിവാര പിന്‍വലിക്കല്‍ പരിധി പഴയത് പോലെ തന്നെ തുടരുമെങ്കിലും ഒറ്റ തവണയായി 24,000 രൂപ ബുധനാഴ്ച മുതല്‍ പിന്‍വലിക്കാന്‍ കഴിയുമെന്ന നേട്ടമുണ്ട്. പൊതുബജറ്റ് മറ്റെന്നാള്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ന് പണം പിന്‍വലിക്കലില്‍ കൂടുതല്‍ ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ട് പിന്‍വലിക്കല്‍ സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം കുറയ്ക്കാനുള്ള കൂടുതല്‍ നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പണം പിന്‍വലിക്കാന്‍ കൂടുതല്‍ ഇളവ് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കറണ്ട് അക്കൗണ്ടുകളില്‍ നിന്ന് പരിധികളില്ലാത്ത പണം പിന്‍വലിക്കലിന് അനുമതി നല്‍കിയതെന്നാണ് സൂചന. അതേസമയം നോട്ടുനിരോധനത്തിന് ശേഷം ബാങ്കിങ് രംഗം ഏറെക്കുറെ സാധാരണം നിലയിലെത്തിയെന്നും ഫെബ്രുവരി അവസാനത്തോടെ ബാങ്കിങ് ഇടപാടുകള്‍ പഴയ നിലയിലാവുമെന്നും ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു. എ.ടി.എം പിന്‍വലിക്കലിനുള്ള നിയന്ത്രണവും അതോടെ അവസാനിച്ചേക്കും.

Follow Us:
Download App:
  • android
  • ios