Asianet News MalayalamAsianet News Malayalam

നോട്ട് നിരോധനം പരാജയം? കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

RBI reveals details of currencies returned after demonetisation
Author
First Published Aug 30, 2017, 6:29 PM IST

കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തോടെ അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ഇന്നു പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് പുറത്തു വിടുന്നത്.

15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതിനു ശേഷം 15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ച് ബാങ്കിലേക്ക് എത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. അതായത് തിരിച്ചു ബാങ്കുകളിലേക്ക് വരാത്തത്ത് 16,000 കോടി രൂപ മാത്രം.
അസാധുവാക്കിയ 1000 രൂപ നോട്ടുകള്‍  ഏറെക്കുറെ പൂര്‍ണ്ണമായും തിരിച്ചെത്തിയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതോടൊപ്പം കള്ളനോട്ട് കാര്യമായി പിടിക്കാനായിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 7,62,072 എണ്ണം കള്ളനോട്ടുകളാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളില്‍ എത്തിയത്. എന്നാല്‍ എത്ര രൂപയുടെ കള്ളനോട്ടാണ് കണ്ടെത്താനായത് എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തേയും കള്ള നോട്ടുകളേയും  നേരിടാനെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ നടപടി മൂലം കള്ളപ്പണവും കള്ളനോട്ടും പ്രതീക്ഷിച്ച പോലെ കണ്ടെത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ 2000, 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രം 8000 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. വെറും 16000 കോടി രൂപയുടെ കള്ളപ്പണം പിടിക്കാനാണ് നോട്ട് അസാധുവാക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പരിഹസിച്ചു

Follow Us:
Download App:
  • android
  • ios