Asianet News MalayalamAsianet News Malayalam

നവകേരള നിര്‍മ്മാണം; സംസ്ഥാന സര്‍ക്കാരിന്‍റെ ക്രൗഡ് ഫണ്ടിംഗിനോട് തണുപ്പന്‍ പ്രതികരണം

പ്രളയമേഖലകളിലെ പുനര്‍നിര്‍മാണത്തിനായി ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം കെപിഎംജിയാണ് മുന്നോട്ടുവച്ചത്. പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമാകാന്‍ താല്‍പര്യമുളള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സഹായ വാഗ്ദാനം നല്‍കാന്‍ പ്രത്യേക വെബ് പോര്‍ട്ടലും തുടങ്ങി. കഴിഞ്ഞ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വെബ് പോര്‍ട്ടലില്‍ വിവിധ മേഖലകളുടെ വിശദാംശങ്ങളും നല്‍കി.

rebulid kerala; state government's crowd funding
Author
Thiruvananthapuram, First Published Oct 25, 2018, 8:53 PM IST

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്ക് തണുപ്പന്‍ പ്രതികരണം. പോര്‍ട്ടല്‍ തുടങ്ങി പത്തു ദിവസം പിന്നിടുമ്പോൾ ലക്ഷങ്ങൾ പ്രതീക്ഷിച്ച പദ്ധതികൾക്ക് കിട്ടിയത് പത്ത് രൂപ മുതൽ നൂറു രൂപ വരെ. വീടുകള്‍ തകര്‍ന്ന് 24 ലക്ഷം രൂപ നഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കാനായത് 10 രൂപ മാത്രമാണ്. 

പ്രളയമേഖലകളിലെ പുനര്‍നിര്‍മാണത്തിനായി ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം കെപിഎംജിയാണ് മുന്നോട്ടുവച്ചത്. പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമാകാന്‍ താല്‍പര്യമുളള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സഹായ വാഗ്ദാനം നല്‍കാന്‍ പ്രത്യേക വെബ് പോര്‍ട്ടലും തുടങ്ങി. കഴിഞ്ഞ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വെബ് പോര്‍ട്ടലില്‍ വിവിധ മേഖലകളുടെ വിശദാംശങ്ങളും നല്‍കിയിരുന്നു. 

ഏറ്റവുമധികം വീടുകള്‍ തകര്‍ന്ന ചാലക്കുടി മുന്‍സിപ്പാലിറ്റി. വെബ് പോര്‍ട്ടലില്‍ നല്‍കിയ കണക്കനുസരിച്ച് പുനര്‍നിര്‍മാണത്തിന് വേണ്ടത് ആറ് കോടി 18 ലക്ഷം രൂപ. എന്നാല്‍, പത്ത് ദിവസമായിട്ടും ഒരു രൂപ പോലും സഹായവാഗ്ദാനം കിട്ടിയിട്ടില്ല. പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്ത്. പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് വേണ്ടത് ഒരു കോടി 86 ലക്ഷം രൂപ. ഇതുവരെ എവിടെ നിന്നും സഹായ വാഗ്ദാനമില്ല.

വെളളപ്പൊക്കത്തില്‍ ഒരാഴ്ച ഒറ്റപ്പെട്ട ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പഞ്ചായത്തിലും സ്ഥിതി സമാനമാണ്. വീടുകളുടെ പുനര്‍നിര്‍മാണം, സ്കൂളുകളുടെ നിര്‍മാണം, വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കുളള സഹായം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വെബ് പോര്‍ട്ടലിലുളളത്. പത്തനംതിട്ട നിരണം സെന്‍റ് തോമസ് വെസ്റ്റ് സ്കൂളിന്‍റെ പുനര്‍നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ വേണ്ടി വരുമെന്ന് പോര്‍ട്ടലില്‍ കണക്ക് നല്‍കിയപ്പോള്‍  വാഗ്ദാനമായി കിട്ടിയത് 100 രൂപയാണ്.

അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപ നഷ്ടമുണ്ടായ കോയിപ്പുറം ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിന് ലഭിച്ച 17000 രൂപയുടെ വാഗ്ദാനമാണ് പട്ടികയില്‍ എടുത്തുപറയാനുളളത്. എന്നാല്‍, ഇതിനോടകം സര്‍ക്കാരുമായി സഹകരിക്കാമെന്ന് ധാരണയിലെത്തിയ സംഘടനകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പക്ഷേ ഇത്തരത്തില്‍ എത്ര സംഘടനകള്‍ ഉണ്ടെന്ന് കണക്ക് ലഭ്യമായിട്ടില്ല. അതേസമയം,  വെബ് പോര്‍ട്ടല്‍  സംബന്ധിച്ച് ഇതുവരെ കാര്യമായ പ്രചാരണം നടത്താനായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios