Asianet News MalayalamAsianet News Malayalam

അത്ഭുതപ്പെടുത്തുന്ന വന്‍ പദ്ധതിയുമായി സൗദി; ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങളൊരുങ്ങുന്നു

Saudi Crown Prince launches NEOM
Author
First Published Oct 25, 2017, 6:05 PM IST

ജിദ്ദ: അന്‍പതിനായിരം കോടിയിലധികം ഡോളറിന്റെ വന്‍ പദ്ധതി പ്രഖ്യാപിക്കുക വഴി എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍ വിപ്ലവത്തിനാണ് ഇന്നലെ തുടക്കം കുറച്ചത്. നിയോം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലോകത്ത് ഏറ്റവും പുരോഗമനപരവും സൗകര്യപ്രദവുമായ തൊഴില്‍-ജീവിത  സാഹചര്യങ്ങള്‍ ഒരുക്കുമെന്നാണ് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്നലെ പ്രഖ്യാപിച്ചത്.

26,500 ചതുരശ്ര കിലോമീറ്ററില്‍ ഒരുങ്ങുന്ന നിയോം പദ്ധതി പ്രദേശം ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തി വരെ പരന്നുകിടക്കും. വിദേശ നിക്ഷേപകര്‍ക്കും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് സൗദിയുടെ നീക്കം. ലോകത്ത് എവിടേക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്താനുള്ള യാത്ര സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. ഊര്‍ജം, ജലവിതരണം, ബയോടെക്നോളജി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. വിദേശ നിക്ഷേപകര്‍ക്കും ആഭ്യന്തര നിക്ഷേപകര്‍ക്കും വിപുലമായ അവസരങ്ങളാണ് ഈ പദ്ധതിയിലൂടെ തുറന്നു കിട്ടുന്നത്. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും, സര്‍ക്കാര്‍ സഹായത്തോടെയുള്ള നിക്ഷേപങ്ങള്‍ക്കും പദ്ധതി അവസരമൊരുക്കുമെന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പറഞ്ഞു. 

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം ലക്ഷക്കണക്കിന്‌ പേര്‍ക്ക് തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ ഉണ്ടാകും. എണ്ണയിതര വരുമാനമാര്‍ഗം കണ്ടെത്താനുള്ള സൗദിയുടെ ഏറ്റവും വലിയ പദ്ധതിയായിരിക്കും നിയോം. പദ്ധതിയുടെ ആദ്യഘട്ടം 2025-ഓടെ പൂര്‍ത്തിയാകും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിരവധി പദ്ധതികളാണ് വരുന്നത്. വിദേശ തൊഴിലാളികളുടെ ജീവിത ചെലവ് ഒരു ഭാഗത്ത് കൂടുമ്പോള്‍, മെഗാ പദ്ധതികളിലൂടെ ലക്ഷക്കണക്കിന്‌ പേര്‍ക്ക് തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും ഒരുങ്ങുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുക, വനിതാവത്കരണം ശക്തമാക്കുക തുടങ്ങിയവ വഴി സാമൂഹിക -സാംസ്കാരിക മേഖലയിലും വലിയ മാറ്റങ്ങളാണ് രാജ്യത്ത് വന്നു കൊണ്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios